കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പ് ആയ ബൈജൂസ് 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നേടി. അതായത്, ഏതാണ്ട് 1,050 കോടി രൂപ. ഖത്തർ സർക്കാരിന്റെ ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ.) യുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ നിക്ഷേപ റൗണ്ട്. വിദ്യാഭ്യാസ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ നിക്ഷേപകരായ ഔൾ വെഞ്ചേഴ്സ് ഒരു ഇന്ത്യൻ കമ്പനിയിൽ ആദ്യമായി നിക്ഷേപിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ നിക്ഷേപ റൗണ്ടിനുണ്ട്. ഇത്തവണത്തെ നിക്ഷേപം അനുസരിച്ച് കമ്പനിയുടെ മൂല്യം 40,000 കോടി രൂപയ്ക്കടുത്തെത്തി എന്നാണ് സൂചന. കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു രവീന്ദ്രൻ. ബെംഗളൂരു ആസ്ഥാനമായാണ് ബൈജൂസിന്റെ പ്രവർത്തനം. ആഗോളതലത്തിൽ വിപണി വിപുലമാക്കാനും വിദ്യാർഥികൾക്ക് ആഗോളതലത്തിലുള്ള പഠന സൗകര്യങ്ങൾ ഒരുക്കാനുമുള്ള ബൈജൂസിന്റെ വമ്പൻ പദ്ധതികൾക്ക് ഈ നിക്ഷേപം പിന്തുണയേകും. തങ്ങളുടെ ബിസിനസിനുള്ള ശക്തമായ അടിത്തറയെ സാക്ഷ്യപ്പെടുത്തുന്നതാണ് ലോകത്തിലെ മുൻനിര നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ടിങ് എന്ന് ബൈജൂസ് ലേണിങ് ആപ്പിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ ബൈജു രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ചെറു പട്ടണങ്ങളിൽ നിന്നുപോലും 85 ശതമാനം നിരക്കിൽ വാർഷിക പുതുക്കൽ നടക്കുന്നത് ഡിജിറ്റൽ ലേണിങ്ങിന് വൻ തോതിൽ ലഭിക്കുന്ന സ്വീകാര്യതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രംഗത്ത് പുതുമകൾ സൃഷ്ടിക്കുന്നവർക്കിടയിൽ നിക്ഷേപം നടത്താനുള്ള തങ്ങളുടെ താത്പര്യമാണ് ഈ നിക്ഷേപം ചൂണ്ടിക്കാട്ടുന്നതെന്ന് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി സി.ഇ.ഒ. മൻസൂർ അൽ മഹമൂദും ചൂണ്ടിക്കാട്ടി. 26 കോടി സ്കൂൾ വിദ്യാർഥികളുമായി ഇന്ത്യൻ വിദ്യാഭ്യാസ മേഖല വൻ സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് ഔൾ വെഞ്ചേഴ്സ് മാനേജിങ് ഡയറക്ടർ അമിത് പട്ടേൽ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ബൈജൂസ് കമ്പനി 1,430 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. ഈ വർഷം അത് ഇരട്ടിയിലേറെയാകുമെന്നാണ് കണക്കാക്കുന്നത്. Content Highlights:Qatar Investment Authority Invest Rs 1500 Crore In Byjus App
from money rss http://bit.ly/2LLWQiY
via
IFTTT