121

Powered By Blogger

Sunday, 9 June 2019

സെന്‍സെക്‌സില്‍ 301 പോയന്റ് മുന്നേറ്റം

മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം. സെൻസെക്സ് 301 പോയന്റ് ഉയർന്ന് 39916ലും നിഫ്റ്റി 81 പോയന്റ് നേട്ടത്തിൽ 11951ലുമാണ് രാവിലെ 10ന് വ്യാപാരം നടന്നത്. ബിഎസ്ഇയിലെ 1041 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 7171 ഓഹരികൾ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്കുകൾ, ഇൻഫ്ര, ഐടി, എഫ്എംസിജി, വാഹനം, ലോഹം, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, പവർഗ്രിഡ്, ടിസിഎസ്, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഒസി, കൊട്ടക് മഹീന്ദ്ര, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോ്ട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

from money rss http://bit.ly/2wLYeJC
via IFTTT

ആര്‍ക്കും വേണ്ടാതെ സര്‍ക്കാരിന്റെ പ്രത്യേക വായ്പാ പദ്ധതി

കൊച്ചി:സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന തികച്ചും കൗതുകമേറിയൊരു വായ്പയാണ് കൊതുകുവല വാങ്ങാനുള്ള വായ്പ. രണ്ടു സാമ്പത്തിക വർഷമായി ആരും ഇത് വാങ്ങിയിട്ടില്ല. 200 രൂപയാണ് സർക്കാർ ജീവനക്കാർക്ക് കൊതുകുവല വാങ്ങാനായി വായ്പയായി ലഭിക്കുക. 200 രൂപ മാസതവണകളിലായി ശമ്പളത്തിൽനിന്ന് പിടിക്കും. 2016-17 സാമ്പത്തിക വർഷത്തിലാണ് അവസാനമായി ഫണ്ട് അനുവദിച്ചത്. അന്ന് 103 പേർ അപേക്ഷിച്ചു. 20,600 രൂപ ഇതിനായി സർക്കാർ അനുവദിച്ചു. ഇതിൽ 11 പേർ വായ്പ കൈപ്പറ്റിയില്ല. ഇതോടെ 18400 രൂപ സർക്കാരിന് ഈയിനത്തിൽ ചെലവായി. പതിറ്റാണ്ടുകൾക്കുമുമ്പാണ് സാംക്രമികരോഗങ്ങളിൽനിന്ന് സർക്കാർ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി വായ്പ അനുവദിക്കാൻ തീരുമാനിച്ചത്. 27800 രൂപയ്ക്ക് താഴെ അടിസ്ഥാന ശമ്പളമുള്ള സർക്കാർ ജീവനക്കാർക്കാണ് കൊതുകുവല വായ്പ അനുവദിക്കുക. കാലം ഏറെ കഴിഞ്ഞിട്ടും 200 രൂപ വായ്പ അനുവദിക്കുന്നതെന്നാണ് ഏറെ വിചിത്രം. കൊതുകുവല ഉപയോഗിക്കുന്നവർ അപൂർവമായി മാറിയ വിവരം സർക്കാർമാത്രം തിരിച്ചറിഞ്ഞിട്ടില്ല. വായ്പാസംവിധാനം കാലഹരണപ്പെട്ടതാണെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടാത്തതിനാൽതന്നെ സംവിധാനം തുടർന്നുക്കൊണ്ടുമിരിക്കുന്നു. ഓരോ വർഷവും വായ്പകൾ നൽകാൻവേണ്ട അപേക്ഷകൾ ലഭ്യമാക്കാൻ വകുപ്പുമേധാവികൾക്ക് നിർദേശം നൽകി ധനകാര്യവകുപ്പ് ഉത്തരവിറക്കുന്നത് ഇപ്പോഴും തുടരുകയാണ്. Content Highlights:Nobody Taking Loan for Mosquito Nets

from money rss http://bit.ly/2IyfF5P
via IFTTT

എന്തിനാണ് സമ്പാദിക്കുന്നത്; ആവശ്യംവരുമ്പോള്‍ വായ്പയെടുക്കാലോ

ബെംഗളുരു നഗരത്തിൽവച്ച് സോജൻ എന്ന യുവാവിന്റെ ബിസിനസ് കഥ കേട്ടിരുന്നപ്പോൾ, സമാനമായ രീതിയിൽ അനുഭവമുള്ള പലരും മനസ്സിലേക്ക് കടന്നുവന്നു. സോജൻ നല്ല ചുറുചുറുക്കും ആരോഗ്യവുമുള്ള കഠിനാദ്ധ്വാനിയായ ചെറുപ്പക്കാരനാണ്. സ്വന്തമായി ബിസിനസ് ചെയ്യണമെന്നുള്ള ആഗ്രഹത്താൽ 22-ാമത്തെ വയസ്സിൽ ബിസിനസ് തുടങ്ങി. വലിയ വേഗത്തിൽത്തന്നെ ബിസിനസ് വളർന്നു. ധാരാളം പണം കൈവശം എത്തിച്ചേർന്നു. തുടർന്ന് സ്വപ്നംകണ്ടിരുന്ന കൊട്ടാരതുല്യമായ വീടുപണിയാൻ ആരംഭിച്ചു. നാട്ടിൽ എല്ലാവർക്കുമുള്ളതിനേക്കാൾ കുറച്ചുകൂടി വലിയ വീട് തനിക്കുണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചു അൽപ്പം ഗർവോടെതന്നെയാണ് പണിതത്. കൈവശം ഉണ്ടായിരുന്ന സമ്പാദ്യവും ബാങ്ക്ലോണും എടുത്താണ് പണി തുടങ്ങിയത്. 20 ലക്ഷത്തിന്റെ രണ്ട് ചിട്ടികൾ സോജനുണ്ടായിരുന്നു. ചിട്ടികിട്ടുമ്പോൾ തിരിച്ചുനൽകാമല്ലോ എന്ന് ചിന്തിച്ച് വ്യക്തിഗത വായ്പകളും പല വ്യക്തികളിൽ നിന്നും സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തുമാണ് പണി പൂർത്തിയാക്കാനായത്. രൂപഭംഗികൊണ്ട് ശ്രദ്ധേയമായ വീട് ടി.വി. ചാനലുകൾ അവരുടെ വിവിധ പ്രോഗ്രാമുകളിൽ പ്രദർശിപ്പിച്ചപ്പോൾ അഭിമാനം തോന്നി. പക്ഷേ, അപ്രതീക്ഷിതമായി കടന്നുവന്ന രോഗംമൂലം ആറുമാസത്തേക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാനാവാതെ സോജന് കഴിയേണ്ടിവന്നു. വരുമാനം പെട്ടെന്ന് നിലച്ചു. ബിസിനസ് ഓർഡറുകൾ കുറഞ്ഞു. തുടർന്ന് ചിട്ടിയടവ് മുടങ്ങി. ബാങ്ക്ലോണിന്റെ ഇ.എംഐ.യും കൃത്യമായി അടയ്ക്കാനാവാതായി. പിന്നീട് വീട് വിറ്റ് ബാങ്കിലെ കടം വീട്ടി. അടച്ചതുകയെങ്കിലും തിരിച്ചുകൊടുക്കാനുള്ള സൗമനസ്യം ചിട്ടിയുടമസ്ഥൻ കാട്ടി. അതിനാൽ, മറ്റ് ചില വായ്പകളും തിരിച്ചടച്ചു. വീണ്ടും ബിസിനസ് പച്ചപിടിപ്പിക്കാൻ വാടകവീട്ടിലിരുന്ന് സോജൻ പദ്ധതികൾ നെയ്യുന്നു. 'പണം സമ്പാദിച്ച് സൂക്ഷിച്ചുവച്ചിട്ടാണോ അതോ വായ്പ എടുത്താണോ വീടുപോലുള്ള വസ്തുക്കൾ വാങ്ങേണ്ടത്...?' -പലരും എന്നോട് ചോദിക്കാറുള്ള ചോദ്യമാണ്. പണത്തിന്റെ മൂല്യത്തിലുണ്ടാവുന്ന കുറവുമൂലം വായ്പയെടുത്ത് വീടുപണിയുന്നതിൽ അപാകമൊന്നുമില്ല. 'ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം എന്നും ലഭിച്ചുകൊണ്ടേയിരിക്കും' എന്ന ധാരണയിലാണ് പലരും വായ്പയെടുക്കുന്നതും ചിട്ടി ചേരുന്നതും. ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് ഈ ക്ലിപ്തതയിൽ കാര്യമുണ്ടാവാം. എന്നാൽ, ബിസിനസ് മേഖലയിലുള്ളവരുടെ കാര്യം വ്യത്യസ്തമാണ്. 'സാമ്പത്തികശാസ്ത്രത്തിൽ പണസംബന്ധമായ സിദ്ധാന്തത്തിന്റെ പുനർപ്രസ്താവന' എന്ന പേരിൽ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ മിൽട്ടൻ ഫ്രിഡ്മാൻ സാമ്പത്തികാവശ്യങ്ങൾക്ക് ഒരു പുനർവായന നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പണത്തിന് ഒരു വിനിമയ മാധ്യമം എന്നതിനേക്കാളുപരി ആസ്തി സൃഷ്ടിക്കുന്ന പങ്കാണുള്ളത്. ധനവും ആസ്തിയും സൃഷ്ടിക്കാനുള്ള ആഗ്രഹം ഒരാളുടെ താത്പര്യങ്ങളും അഭിരുചിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അത് ഒരു വ്യക്തിയുടെ ശരാശരി സ്ഥിരവരുമാനത്തിന്റെ ആകെത്തുകയുമായി താരതമ്യം ചെയ്താണ് കണക്കാക്കപ്പെടേണ്ടത്. അതുകൊണ്ടുതന്നെ സ്ഥിര വരുമാനവും വ്യതിയാന വരുമാനവുമുള്ളവർ വ്യത്യസ്ത സമീപനങ്ങൾ സ്വീകരിക്കേണ്ടത് അഭിലഷണീയമായിരിക്കും. ഇക്കാര്യത്തിൽ വളരെ പക്വമായ നിലപാടുകളുള്ളവരുമുണ്ട്. നല്ല ജോലിയും അത്യാവശ്യം സാമ്പത്തികശേഷിയുമുള്ള ഒരു കുടുബത്തിൽ സ്വീകരണമുറിയിലെ ഫർണിച്ചറിെന്റ അഭാവം ശ്രദ്ധയിൽപ്പെട്ടു. കാര്യം ആരാഞ്ഞപ്പോൾ അവർ പറഞ്ഞതോർക്കുന്നു: 'ഞങ്ങൾക്ക് ട്രാൻസ്ഫറുള്ള ജോലിയായതിനാൽ ഓരോ മൂന്നുവർഷവും കെട്ടിെപ്പറുക്കി നടക്കുമ്പോൾ ഫർണിച്ചർ ഏറ്റവും ലളിതമായിരിക്കുന്നതാണ് നല്ലതെന്നു തോന്നി. അല്ലെങ്കിലും എന്തിനാണ്, ആരെ കാണിക്കാനാണ് വിലയേറിയത് വാങ്ങിക്കൂട്ടുന്നത് എന്നുംകൂടി അവർ കൂട്ടിച്ചേർത്തു. മനസ്സിനാണ്, മുറിക്കല്ല വലിപ്പമുണ്ടാവേണ്ടത്. ഇപ്രകാരം സംതൃപ്തമായ ജീവിതങ്ങളെയും തൊട്ടറിയാനാവുന്നു. യൂറോപ്പിലെ ചില വിദേശികളുടെ വീടുകൾ സന്ദർശിച്ചപ്പോഴും സമാനമായ അനുഭവമുണ്ടായി. ചെറിയ സ്വീകരണമുറി, അതിനോടു ചേർന്ന് വൃത്തിയുള്ളതും അത്യാവശ്യ സൗകര്യമുള്ളതുമായ അടുക്കള, തുടർന്ന് വിശാലമായ കിടപ്പുമുറി, അതിനോടു ചേർന്ന് നല്ല പുൽത്തകിടിയോടുകൂടിയ പൂന്തോട്ടം. അവർക്കുവേണ്ടിയാണ് ജീവിക്കുന്നതെന്നും മറ്റുള്ളവരെ കാണിക്കാനല്ല എന്നും വിളിച്ചോതുന്ന തരത്തിൽ വീടിന്റെ ലളിതമായ മുൻഭാഗവും ശ്രദ്ധിക്കപ്പെട്ടു. 'മലയാളികൾ പൊതുവെ സമ്പാദിക്കാൻ വിമുഖരും വായ്പയെടുക്കാൻ ഉത്സാഹമുള്ളവരുമാണ്' എന്നാണ് പറയാറുള്ളത്. വീട് മലയാളിക്ക് എന്നും സ്വകാര്യ അഹങ്കാരവുമാണ്. അതുകൊണ്ടുതന്നെ വലിയ വായ്പകൾ എടുത്ത് മുന്തിയ വീടുകൾ പണിയുന്നു. പിന്നീട് ലോൺ അടച്ചുതീർക്കാനായി മാത്രം ജീവിക്കുന്നു.'നിങ്ങളുടെ ജോലിയെ സ്നേഹിക്കാൻ ഒരു ഭവനവായ്പ എടുത്താൽ മതി' എന്ന ചിന്തയ്ക്ക് ഏറെ പ്രസക്തിയുള്ളതുപോലുള്ള ജീവിതങ്ങൾ ചുറ്റുപാടും ഏറുകയാണ്. സ്ഥിരവരുമാനമുള്ളവർ ചെയ്യുന്നതുപോലെ വ്യതിയാന വരുമാനമുള്ളവർ ഭവനവായ്പയ്ക്ക് മുതിരുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവുന്നു. ബിസിനസിൽ വലിയ ഉയർച്ചകൾക്കും താഴ്ചകൾക്കും സാധ്യതയുള്ളതിനാൽ 'എമർജൻസി ഫണ്ട്' കരുതേണ്ടത് പ്രധാനപ്പെട്ടതാവുന്നു. ഗാർഹിക കടവും പൊതു കടവും തമ്മിൽ വ്യത്യാസമുണ്ട്. സ്വകാര്യവ്യക്തികളുടെ പണമിടപാടുകൾ പൊതു സംവിധാനത്തിന്റേതുമായി താരതമ്യം ചെയ്യാനാവുകയില്ല. കടത്തിന്റെ സ്രോതസ്സും പലിശയും തിരിച്ചടവുകളുടെ പ്രത്യേകതകളും കാലാവധിയും ഇവയെല്ലാം തമ്മിൽ, രണ്ടു വിഭാഗവും തമ്മിൽ വ്യത്യാസപ്പെട്ടാണിരിക്കുന്നത്. കുട്ടിക്കാലത്ത് കടംവാങ്ങാൻ പഠിപ്പിച്ചത് കണക്ക് ടീച്ചറാണ്. ചെറിയ സംഖ്യയിൽനിന്ന് വലിയ സംഖ്യ കുറയ്ക്കേണ്ടിവരുമ്പോൾ തൊട്ടടുത്ത സംഖ്യയിൽനിന്ന് കടം വാങ്ങാൻ പഠിപ്പിച്ചു. പക്ഷേ, അപ്പോഴും ആ കണക്കിൽ ശിഷ്ടസംഖ്യ മിച്ചം വരുമായിരുന്നു. മിച്ചം വരാത്ത കണക്കിലേക്ക് എടുത്തുചാടുമ്പോഴാണ് സാമ്പത്തിക താളപ്പിഴകൾ സംഭവിക്കുന്നത്. അഹങ്കാരവും പ്രദർശന മനോഭാവവും നമ്മുടെ ചെലവുകളെ സ്വാധീനിക്കാതിരുന്നാൽ 'വീടുകൾ' വസിക്കാൻ തക്കവിധം 'ഭവന'മായി മാറും.

from money rss http://bit.ly/2I5vdyU
via IFTTT