കുവൈത്തിൽ പത്തുവർഷത്തിലേറെയായി ജോലി ചെയ്യുന്ന അലോഷ്യസ് അഞ്ചുവർഷത്തിലേറെയായി മ്യൂച്വൽ ഫണ്ടിൽ നേരിട്ട് നിക്ഷേപിച്ചുവരുന്നു. പോർട്ട്ഫോളിയോയിലുള്ള അഞ്ച് ഫണ്ടുകളിൽ എഎംസികളുടെ വെബ് സൈറ്റുവഴിയും കാംസിന്റെ മൊബൈൽ ആപ്പുവഴിയുമാണ് നിക്ഷേപം നടത്തുന്നത്. അതേസമയം, അദ്ദേഹത്തിന്റെ സുഹൃത്തായ വിനീഷാകട്ടെ ഫിൻടെക് സ്ഥാപനങ്ങളിലൊന്നായ കുവേര വഴിയാണ് ഡയറക്ട് പ്ലാനിൽ നിക്ഷേപംനടത്തുന്നത്. അതിന്റെഗുണം വിനീഷ് പറഞ്ഞെങ്കിലും അലോഷ്യസിന് അതിനോട് അത്രതന്നെ യോജിക്കാനായില്ല. ഇടനിലക്കാർവേണ്ടെന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെതീരുമാനം. അതിനിടെയാണ് സെബിയുടെ തീരുമാനം ഈയിടെ പുറത്തുവന്നത്. 2013ൽ ഡയറക്ട് പ്ലാൻ അവതരിപ്പിച്ചതിനുശേഷം നിക്ഷേപക ലോകത്ത് മറ്റൊരു വിപ്ലവകരമായ തീരുമാനംകൂടി നടപ്പാകാൻ പോകുകയാണ്. സെക്യൂറിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കായി പൊതുപ്ലാറ്റ്ഫോം ഒരുക്കാൻ മ്യൂച്വൽ ഫണ്ട് രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റു(ആർടിഎ)മാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. എല്ലാഫണ്ടിലും ഇടപാട് നടത്താനുള്ള പ്ലാറ്റ്ഫോമാണ് സെബി വിഭാവനംചെയ്യുന്നത്. പലയിടങ്ങളിലായി കിടക്കുന്ന നിക്ഷേപങ്ങളെ ഒരുകുടക്കീഴിൽകൊണ്ടുവരാൻ ഉദ്ദേശിച്ചാണ് സെബി ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവെച്ചത്. തീരുമാനത്തോടൊപ്പം അതിനെതിരെയുള്ള ചരടുവലികളും തുടങ്ങിയിട്ടുണ്ട്. നിക്ഷേപകരുടെ ഭാഗത്തുനിന്നു ചിന്തിക്കുന്ന ഒരു റെഗുലേറ്റർക്ക് നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലൊരു പ്ലാറ്റ്ഫോമിന്റെ ആവശ്യമുണ്ടെന്ന് ബോധ്യമായതാണ് ശ്രദ്ധേയം. നിക്ഷേപകർക്ക് നേരിട്ട് നിക്ഷേപിക്കാനും അതിലൂടെ വിതരണക്കാരുടെ കമ്മീഷൻ ഒഴിവാക്കി കൂടുതൽനേട്ടമുണ്ടാക്കാനും സഹായിക്കുന്നതിന് 2013ലാണ് സെബി മ്യൂച്വൽ ഫണ്ടുകളിൽ ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു പൊതുഇടത്തിന്റെ പ്രസക്തിയുമേറെയാണ്. സെബി ഉദ്ദേശിക്കുന്ന സമയത്തുതന്നെ(2021 ഡിസംബർ 31നകം) പ്ലാറ്റ്ഫോം പൂർണമായും പ്രവർത്തന സജ്ജമാകുമെന്ന് പ്രതീക്ഷിക്കാം. നിലവിലെ സാധ്യതകൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് നിലവിൽ നിരവധി സാധ്യതകളാണ് മുന്നിലുള്ളത്. വിതരണക്കാരാണ് ഒന്നാമത്തേത്. ഓൺലൈൻ വെബ്സൈറ്റുകളോ, ബാങ്കുകളുടെ ശാഖകളോ, സ്വതന്ത്രമായി പ്രവർത്തിക്കുന്ന വ്യക്തികളോ വിതരണക്കാരുടെ ഗണത്തിൽവരാം. ഫണ്ടുകളുടെ തരമനുസരിച്ച് വിതരണക്കാർ 0.5 മുതൽ ഒന്നരശതമാനംവരെയാണ് കമ്മീഷൻ നൽകുന്നത്. (അതായത് നിക്ഷേപത്തിൽനിന്ന് ഒരുശതമാനത്തിലേറെ വർഷംതോറും നഷ്ടപ്പെടുന്നുവെന്ന് ചുരുക്കം. ഇക്കാര്യത്തെക്കുറിച്ച് നേരത്തെ ഈ കോളത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്). അതല്ലെങ്കിൽ ഫിൻടെക് സ്ഥാനങ്ങളുടെ പ്ലാറ്റ്ഫോംവഴി നിക്ഷേപിക്കാം. അവയിൽ പലതും കമ്മീഷൻ ഒഴിവാക്കി ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കാൻ അവസരംനൽകുന്നുണ്ട്. അതുമല്ലങ്കിൽ മ്യൂച്വൽ ഫണ്ട് ഹൗസുകളുടെ സംയുക്തസംരംഭമായ മ്യൂച്വൽ ഫണ്ട് യൂട്ടിലിറ്റീസിന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കാം. ഫണ്ട് കമ്പനികളുടെ വെബ്സൈറ്റുവഴി നിക്ഷേപിക്കാനും അവസരമുണ്ട്. സെബിയുടെ നിർദേശംപരിശോധിക്കാം എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കുന്നതിനും നിക്ഷേപം പിൻവലിക്കുന്നതിനുംകഴിയുന്ന പൊതുഇടം സൃഷ്ടിക്കുകയാണ് സെബിയുടെ ലക്ഷ്യം. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകളെല്ലാം ഈപ്ലാറ്റ്ഫോമിലൂടെ നിർവഹിക്കാം. നിക്ഷേപവിവരങ്ങൾ ഉൾപ്പെട്ട സമഗ്രമായ അക്കൗണ്ട് സ്റ്റേറ്റുമെന്റുകൾ, ഹ്രസ്വ-ദീർഘകാല മൂലധനനേട്ട സ്റ്റേറ്റുമെന്റുകൾ എന്നിവ ആവശ്യപ്പെട്ടയുടനെ ഇ-മെയിൽവഴി ലഭിക്കാനുള്ള സാധ്യതയുമാണ് ഇതിലൂടെ ലഭിക്കുക. സേവനങ്ങൾക്ക് തുകയൊന്നും ഈടാക്കുകയുമില്ല. അതിന് പകരമായി ആർടിഎകൾക്ക് പ്ലാറ്റ്ഫോമിൽ പരസ്യംനൽകാനുള്ള അനുമതി നൽകും. ഇടനിലക്കാരുടെ ആവശ്യമുണ്ടോ? ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് മികച്ചസേവനം ലഭിച്ചാൽ നിക്ഷേപകന് എന്തുകൊണ്ടും ഗുണകരമാണ്. ഫിൻടെക് പ്ലാറ്റ്ഫോമുകൾ നൽകുന്നതുപോലെ നിക്ഷേപ സൗഹൃദമായ ഇടപാടിന് സൗകര്യമൊരുക്കാൻ കഴിയുമെങ്കിൽ ഈമേഖലയിൽ വിപ്ലവംതന്നെ നടപ്പാക്കാനാകും. സ്വയംനിക്ഷേപിക്കാൻ കഴിവുള്ളവർക്കും ഫീ ഓൺലി സേവനംതേടുന്നവർക്കും കൂടുതൽ ആദായംനേടാൻ പുതിയ പ്ലാറ്റ്ഫോം സഹായിക്കുമെന്നകാര്യത്തിൽ സംശയമില്ല. എംഎഫ് യൂട്ടിലിറ്റി ഫിൻടെക് സ്ഥാപനങ്ങളെ മാറ്റിനിർത്തിയാൽ എല്ലാ ഫണ്ടുകളിലും നിക്ഷേപംനടത്തുന്നതിന് നിലവിൽ എഫ് യു ഓൺലൈൻ എന്ന പ്ലാറ്റ്ഫോം നിലവിലുണ്ട്. എഎംസികളെല്ലാംചേർന്നാണ് ഈ പ്ലാറ്റ്ഫോമുണ്ടാക്കിയിട്ടുള്ളത്. എന്തുകൊണ്ട് ആ സൗകര്യം പ്രയോജനപ്പെടുത്തിക്കൂടായെന്ന് ഇതിനകം ചോദ്യമുയർന്നുകഴിഞ്ഞു. നിക്ഷേപ സൗഹൃമല്ല അതെന്നതാണ് ആദ്യമറുപടി. നിരവധി കടമ്പകൾ കടന്നുവേണം എംഎഫ് യു ഓൺലൈനിൽ അക്കൗണ്ട് തുടങ്ങാൻ. നിലവിലുള്ള നിക്ഷേപകർക്കല്ലാതെ പുതിയതായെത്തുന്നവർക്ക് അക്കൗണ്ട് തുറക്കാനുമാകില്ല. നിക്ഷേപ വിവരങ്ങളെല്ലാം ഒരിടത്ത് കാണാൻ കഴിയുമെങ്കിലും മൂലധനേട്ടം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പടെയുള്ളവ ലഭ്യവുമല്ല. എന്തുകൊണ്ട് ആർടിഎ പ്ലാറ്റ്ഫോം മ്യൂച്വൽ ഫണ്ടുകളുടെ എല്ലാ ഇടപാടുകളെല്ലാം കൈകാര്യംചെയ്യുന്ന രജിസ്ട്രാർമാരാണ് ആർടിഎകൾ. ഫണ്ടിൽ നിക്ഷേപിക്കുന്നതിന് ഓഫ്ലൈനായോ ഓൺലൈനായോ അപേക്ഷ നൽകിയാൽ അത് കൈകാര്യംചെയ്യുന്നത് ഈ ആർടിഎമാരാണ്. ഉദാഹരണത്തിന്, എസ്ബിഐ മ്യൂച്വൽ ഫണ്ടിന്റെ ഒരു ഫണ്ടിൽ നിക്ഷേപം നടത്താനായി ഫണ്ട് കമ്പനിയുടെ ഓഫീസിൽ അപേക്ഷയും ചെക്കും നൽകിയാൽ, അവർ അത് എത്തിക്കുന്നത് രജിസ്ട്രാർമാരുടെ ഓഫീസുകളിലാണ്. വിതരണക്കാരും ഏജന്റുമാരും ചെയ്യുന്നതും അതുതന്നെ. മ്യൂച്വൽ ഫണ്ട് കമ്പനികളുടെ ആർടിഎമാരായി നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്നത് രണ്ട് സ്ഥാപനങ്ങളാണ്. കാംസും കെഫിൻടെകും(കാർവി എന്നായിരുന്നു മുമ്പത്തെ പേര്). നിക്ഷേപ സൗഹൃദത്തിന്റെകാര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളോടൊന്നും കിടപിടക്കാൻ കഴിയാത്തതാണ് കാംസിന്റെ പ്ലാറ്റ്ഫോം. മൈ കാംസ് എന്ന വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പുവഴിയും നൽകിവരുന്ന സാമ്പത്തിക സാമ്പത്തികേതര ഇടപാടുകൾ ശ്രദ്ധിച്ചാൽ അത് ബോധ്യമാകും. നിലവിലെ സംവിധാനപ്രകാരം കാംസ് കൈകാര്യംചെയുന്ന എഎംസികളിലെ ഫണ്ടുകളുടെ നിക്ഷേപവിവരം സമഗ്രമായി നിക്ഷേപകന് ഒരിടത്ത് കാണാൻകഴിയും. ഓരോ ഫണ്ടുകമ്പനികളിലെയും ഫണ്ടുകളിലെ മൊത്തം നിക്ഷേപം, ഓരോ ഫണ്ടകളിലെയും നിക്ഷേപം, അവനൽകിയ ആദായം തുടങ്ങിയവ ഉദാഹരണംമാത്രം. മെയിൽ ബാക്ക് വഴി മൂലധന നേട്ട സ്റ്റേറ്റുമെന്റ് ഉൾപ്പടെയുള്ളവയും ലഭ്യമാണ്. ഇത്തരത്തിലുള്ള പ്ലാറ്റ്ഫോം ഒരുക്കാനാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് മ്യൂച്വൽ ഫണ്ട് നിക്ഷേപം സംബന്ധിച്ച സേവനങ്ങളെല്ലാം ഒരുകുടക്കീഴിൽ ലഭിക്കുമെന്ന് ചുരുക്കം. സ്വകാര്യ സ്ഥാപനങ്ങളുടെ സൗജന്യത്തിന് പുറെകപോകാതെ ഔദ്യോഗിക സംവിധാനംവരുന്നത് എന്തുകൊണ്ടും ഗുണകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഇടനിലക്കാർ എങ്ങനെ നേട്ടമുണ്ടാക്കുന്നു കമ്മീഷൻ ഒഴിവാക്കിയുള്ള ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിക്കാൻ അവസരമൊരുക്കുന്നു എന്നതാണ് (സ്റ്റാർട്ടപ്പുകളായി വന്ന് ഫണ്ട് നിക്ഷേപകരുടെ മനംകവർന്ന ഫിൻടെക് സ്ഥാപനങ്ങൾ) നിക്ഷേപകനെ ആകർഷിക്കാൻകാരണം. കമ്മീഷൻപറ്റാതെ ഏതുതരത്തിലാണ് ഈ സ്ഥാപനങ്ങൾ നേട്ടമുണ്ടാക്കുന്നത് എന്ന് ചിന്തിക്കേണ്ടതാണ്. നിക്ഷേപന് പരമാവധിനേട്ടുണ്ടാക്കിക്കൊടുക്കുന്നതോടൊപ്പം പ്രവർത്തനചെലവെങ്കിലുംനേടാൻ അവർക്കുംഅവകാശമില്ലേ. ക്രോസ് സെല്ലിങ് ആണ് ഇത്തരക്കാർക്ക് വരുമാനത്തിനുള്ള ഒരുമാർഗം. ഉദാഹരണത്തിന് ഡിജിറ്റൽ ഗോൾഡ് ഉൾപ്പടെയുള്ള മറ്റ് നിക്ഷേപ ഉപകരണങ്ങളുടെ വിപണനത്തിലൂടെ അവർ പണംകണ്ടെത്തുന്നു. അതിനായി വൻതോതിലുള്ള നിക്ഷേപക ഡാറ്റ അവർ പ്രയോജനപ്പെടുത്തുന്നു. ഭാവിയിൽ പുറത്തിറക്കുന്ന നിക്ഷേപ പദ്ധതികളുടെ വിപണനവും ലക്ഷ്യമിടുന്നു. നിക്ഷേപകരുടെ വൻഡാറ്റശേഖരമാണ് ഇത്തരം സ്ഥാപനങ്ങളുടെ ശക്തി. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നിതലൂടെ അവരുടെ കൈവശം നിക്ഷേപകരുടെ ഡാറ്റയുംഎത്തിച്ചേരുന്നു. പേര്, വിലാസം ഉൾപ്പെടുയള്ള കെവൈസി വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, നിക്ഷേപ ആസ്തിവിവരങ്ങൾ, നിക്ഷേപശേഷി, വരുമാനം എന്നിവ അതിസൂക്ഷ്മമായി വിലയിരുത്തി ഭാവിയിൽ പ്രയോജനപ്പെടുത്താൻ ഇതിലൂടെ കഴിയുമെന്നകാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. പുതിയ കാലത്ത് അമൂല്യമായി കണക്കാക്കപ്പെടുന്നഒന്നാണ് ഡാറ്റ. ഇതിനൊക്കെ പുറമെ, ഭാവിയിൽ നൽകാൻപോകുന്ന (നിശ്ചിത നിരക്ക് ഈടാക്കിയുള്ള) പ്രീമിയം സേവനങ്ങൾക്കൂടി ഇവർമുൻകൂട്ടികാണുന്നു. അറിയേണ്ട മറ്റുകാര്യങ്ങൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് ഓഹരി അധിഷ്ഠിത ഫണ്ടുകൾക്ക് കട്ട് ഓഫ് സമയം നിശ്ചയിച്ചിട്ടുള്ളത് ഉച്ചകഴിഞ്ഞ മൂന്നുമണിയാണ്. അപേക്ഷഫോമും ചെക്കും ഫണ്ട് കമ്പനിയുടെയോ ആർടിഎകളുടെയോ ഓഫീസിൽ എത്തിച്ചാൽ അന്നത്തെ എൻഎവിയിൽ യൂണിറ്റ് അലോട്ട് ചെയ്ത് ലഭിക്കുമായിരുന്നു. അതുപോലെതന്നെ ഓൺലൈനായി മൂന്നുമണിക്കുമുമ്പ് നിക്ഷേപംനടത്തിയാലുംമതി. ഈയിടെയാണ് ഈ വ്യവസ്ഥയ്ക്ക് മാറ്റംവരുത്തിയത്. ഫണ്ട് കമ്പനിയുടെ അക്കൗണ്ടിൽ എന്നാണ് പണമെത്തുന്നത് അന്നത്തെ എൻഎവിയാണ് യൂണിറ്റ് അലോട്ട് ചെയ്യാൻ ഇപ്പോൾ പരിഗണിക്കുന്നത്. മ്യൂച്വൽ ഫണ്ടുകളുടെ വെബ്സൈറ്റ്, എംഎഫ് യൂട്ടിലിറ്റീസിന്റെ എംഎഫ് യു ഓൺലൈൻ, ഫിൻടെക് ഇടനിലക്കാർ എന്നുവേണ്ട ആരുവഴി നിക്ഷേപം നടത്തിയാലും അന്നത്തെ എൻഎവിയിൽ യൂണിറ്റ് ലഭിക്കുമെന്ന് ഉറപ്പില്ല. എന്നാൽ പ്രമുഖ ആർടിഎയായ കാംസ് വഴിയാണ് നിക്ഷേപംനടത്തുന്നതെങ്കിൽ കട്ട്ഓഫ് സമയത്തിന്റെ പ്രയോജനംലഭിക്കും. നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം ഏറെപ്രസക്തമാണിത്. സെൻസെക്സ് 1000 പോയന്റിലേറെ ഇടിഞ്ഞെന്നുകരുതുക, ഫണ്ടുകളുടെ അന്നത്തെ എൻഎവിയിൽ സ്വാഭാവികമായും കുറവുണ്ടാകും. ഒറ്റത്തവണ നിക്ഷേപംനടത്തുന്നവർക്കും അധികതുക നിക്ഷേപിക്കുന്നവർക്കും കുറഞ്ഞ എൻഎവിയിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. എസ്ഐപിയായി നിക്ഷേപിക്കാൻ ഓട്ടോ ഡെബിറ്റ് സംവിധാനം നൽകണമെന്നും നിർബന്ധമില്ല. എല്ലാമാസവും നിശ്ചിത ദിവസം പ്ലാറ്റ്ഫോംവഴി നിക്ഷേപിച്ചാൽമതിയല്ലോ. വൻതുക നിക്ഷേപം നടത്തുന്നവർക്ക് ഇത് പ്രയോജനകരമാണ്. തിയതി മാറ്റി ഫ്ളക്സിബിൾ എസ്ഐപിയുടെ സാധ്യതയും പ്രയോജനപ്പെടുത്താൻ ഇതിലൂടെ കഴിയും. feedbacks to: antonycdavis@gmail.com കുറിപ്പ്: ഇടനിലക്കാരെ ഒഴിവാക്കി, നേരിട്ട് നിക്ഷേപിക്കാനുള്ള സാധ്യതയാണ് ഏഴുവർഷംമുമ്പ് സെബി നൽകിയത്. അതിന്റെ തുടർച്ചയായിവേണം പുതിയതീരുമാനത്തെ കാണാൻ. ഔദ്യോഗികമായല്ലാതെയുള്ള സൗജ്യങ്ങൾക്കുപുറകെ പോകുന്നവർക്ക് അതിനുപിന്നിൽ ഒളിഞ്ഞിരിക്കുന്നകാര്യങ്ങൾ പെട്ടെന്ന് മനസിലായെന്നുവരില്ല.There is no free luch on Wall Street-എന്ന പ്രശസ്തമായ ഉദ്ധരണി ഇവിടെ പ്രസക്തമാണ്. മിസ് സെല്ലിങ് എന്നദുർഭൂതത്തിന് അത്രതന്നെ നിക്ഷേപ സക്ഷരതയില്ലാത്ത സമൂഹത്തിൽ എളുപ്പത്തിൽ പടർന്നുകയറാൻ കഴിയും. നിക്ഷേപിക്കുന്ന ആസ്തികളെക്കുറിച്ച് പരമാവധി അറിവുനേടാൻ ശ്രമിക്കുകതന്നെയാണ് അതിനുള്ള പോംവഴി.
from money rss https://bit.ly/3jouri0
via IFTTT
from money rss https://bit.ly/3jouri0
via IFTTT