121

Powered By Blogger

Sunday, 29 September 2019

ഗാന്ധിജിയുടെ 'ബിസിനസ് താല്‍പര്യങ്ങള്‍'

ഗാന്ധിജിയെ ഏതെങ്കിലുംതരത്തിൽ ബിസിനസിനോട് ബന്ധപ്പെടുത്തുന്നതിൽ കടുത്ത എതിർപ്പുള്ളവർ ധാരാളമുണ്ടാകും. ബിസിനസ് എന്നാൽ അമിത ലാഭക്കൊതി മാത്രമാണെന്ന് കരുതുന്നവരുമുണ്ടാകും. എന്നാൽ, സ്വകാര്യ ബിസിനസിനോടും ബിസിനസുകാരോടും അലർജിയുള്ള ആളായിരുന്നില്ല ഗാന്ധിജി എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ജി.ഡി. ബിർള. 'കസ്റ്റമറാണ് ഒരു വ്യാപാരസ്ഥാപനത്തിലെ ഏറ്റവും പ്രധാന സന്ദർശകൻ' എന്നു തുടങ്ങുന്ന പ്രസിദ്ധമായ ഗാന്ധിവചനം ഇന്നും പല വ്യാപാരസ്ഥാപനങ്ങളിലും ഫ്രെയിംചെയ്തു വെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? ഒരു ബനിയ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പരമ്പരാഗതമായി വ്യാപാരം ചെയ്യുന്നവരാണ് ബനിയകൾ. 'പാക്കേജിങ്' എന്നാൽ പൊതിഞ്ഞുകെട്ടൽ മാത്രമല്ല എന്ന് അക്കാലത്തുതന്നെ കാണിച്ചുതന്ന ആളും ഗാന്ധിജി തന്നെ. ഗാന്ധിജിയുടെ കാലത്ത് ഉടുക്കാൻ തുണിയില്ലാത്തവരായിരുന്നു ഭൂരിപക്ഷം ഇന്ത്യക്കാരും. അവർക്കിടയിൽ ഒരാളായിത്തീർന്ന്, അവരെ നയിക്കാനാണ് അദ്ദേഹം ആദ്യംതന്നെ മേൽവസ്ത്രം ഉപേക്ഷിച്ചത് (ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോൾ കോട്ടും സ്യൂട്ടുമിട്ട ഒരു വക്കീലായിരുന്നു ഗാന്ധിജി എന്നു മറക്കേണ്ട). അങ്ങനെ പാക്കേജിങ്ങിലെ അസാധാരണവും പ്രധാനവുമായ പാഠമാണ് മേൽവസ്ത്രം ഉപേക്ഷിച്ചതിലൂടെ ഗാന്ധിജി പഠിപ്പിച്ചത്. നമ്മൾ പ്രചോദിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് നമ്മളോട്, നമ്മുടെ ആശയങ്ങളോട്, ഉത്പന്നങ്ങളോട് അകൽച്ച തോന്നരുത്. നമ്മിലൊരാളാണ് നമ്മുടെ നേതാവ് എന്നു തോന്നിപ്പിക്കണം. ഇവിടെ മേൽവസ്ത്രം പോലുമില്ലാത്ത ദരിദ്രനാരായണന്മാർക്ക് അങ്ങനെ തോന്നിപ്പിക്കാനാണ് ഗാന്ധിജി മേൽവസ്ത്രമുപേക്ഷിച്ചത്. നമ്മളുമായി 'ഐഡന്റിഫൈ' ചെയ്യാൻ പറ്റുക എന്ന് ഇംഗ്ലീഷിൽ പറയുന്ന സംഗതിതന്നെ. ഏറ്റവും മികച്ച വ്യവസായ വിജയം വരിച്ച ഗൾഫ് മലയാളികളിൽ ഒരാളായ ഫൈസൽ കൊട്ടിക്കോളൻറെ ഷാർജ ഹംറിയ ഫ്രീസോണിലുണ്ടായിരുന്ന ഫൗണ്ട്റി സന്ദർശിച്ചത് ഓർക്കുന്നു. തൊഴിലാളികൾക്കായി രണ്ട് വലിയ ജിംനേഷ്യങ്ങൾ, യോഗ സെന്റർ, ലൈബ്രറി, കംപ്യൂട്ടറും ഇംഗ്ലീഷും പരിശീലിപ്പിക്കാനുള്ള സൗകര്യങ്ങൾ, കാന്റീൻ എന്നിവയുൾപ്പെടെ 24 മില്യൻ ദിർഹം (ഇന്നത്തെ കണക്കിൽ ഏതാണ്ട് 46 കോടി രൂപ) ചെലവിൽ 2,400 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അവിടെ സ്ഥാപിച്ച ലോകോത്തരമായ കമ്യൂണിറ്റി സെന്ററിൽ, വർഷത്തിൽ രണ്ടു തവണയെങ്കിലും തൊഴിലാളികൾക്കായി അറ്റൻബറോയുടെ 'ഗാന്ധി' സിനിമ പ്രദർശിപ്പിക്കുമെന്നു പറഞ്ഞു അവർ. 'ദേശസ്നേഹം ഉണർത്താനല്ല' എന്ന് ഉടൻ വന്നു വിശദീകരണം. ഗാന്ധിജിയെ ഒരു ദേശനേതാവ് എന്നതിനെക്കാളുപരിയായി, അവിടെ മാതൃകയാക്കപ്പെടുന്നത് ഒരു 'ലീഡർ' എന്ന നിലയിലാണ്. വ്യത്യസ്ത നാട്ടുരാജ്യങ്ങളിൽ വ്യത്യസ്ത ഭാഷകൾ സംസാരിച്ചു കഴിഞ്ഞിരുന്ന കോടിക്കണക്കിനു വരുന്ന ജനങ്ങളെ വിജയകരമായി നയിച്ച, ലോകം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച മാനേജ്മെന്റ് വിദഗ്ദ്ധരിലൊരാൾ എന്ന നിലയിൽ (തീർച്ചയായും, ഇന്ത്യക്കാർ മാത്രമല്ല ആ ഗൾഫ് കമ്പനിയിൽ ജോലി ചെയ്തിരുന്നത് എന്നുമോർക്കണം). എന്നാൽ, ബിസിനസുകാർ അവരുടെ ലാഭവും തൊഴിലാളികൾ അവർക്കുള്ള തൊഴിലും വേതനവും പരിസ്ഥിതി സംരക്ഷണക്കാർ പരിസ്ഥിതിയും മാത്രം നോക്കുന്നതിനപ്പുറം 'പർപ്പസ് ബ്രാൻഡിങ്' എന്ന പേരിൽ ഉയർന്നുവന്നിരിക്കുന്ന പുതിയ സംഗതിയാണ് ഗാന്ധിജിയുടെ 150-ാം ജന്മവാർഷികമാഘോഷിക്കുന്ന ഈ വേളയിൽ ഇവയെക്കാളൊക്കെ പ്രസക്തമായിരിക്കുന്നത്. കാരണം, 'പർപ്പസ് ബ്രാൻഡിങ്' എന്ന പേരിൽ ഇന്ന് ബ്രാൻഡ് വിചക്ഷണന്മാർ മുന്നോട്ടുവെയ്ക്കുന്ന സംഗതികൾ തന്നെയാണ് സമൂഹ ഉന്നമനം കൂടി കണക്കിലെടുത്തുകൊണ്ട് ഗാന്ധിജി പ്രാവർത്തികമാക്കിയത്. 'ഡൂയിങ് ഈസ് ബീയിങ്' എന്നതാണ് ഗാന്ധിസത്തിന്റെ സത്ത. അതുകൊണ്ടു തന്നെയാണ് 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്നു പറയാൻ അദ്ദേഹത്തിനു സാധിച്ചത്. 'തന്റെ കർമങ്ങളായിരുന്നു അദ്ദേഹത്തിന്റെ ബ്രാൻഡിങ്. പുതിയ ബിസിനസുകാരെ സമൂഹത്തിനു കൂടി ഉതകുന്ന ബിസിനസ് ചെയ്യിപ്പിക്കാൻ, സമൂഹത്തെക്കൂടി ഉൾപ്പെടുത്തുന്ന ബോട്ടംലൈൻ വിഭാവനം ചെയ്യാൻ പ്രേരിപ്പിക്കുന്ന പർപ്പസ് ബ്രാൻഡിങ്ങിന്റേതായ ഈ കാലത്ത് ഗാന്ധിജിയുടെ പ്രവർത്തനങ്ങളാണ് ഇതിനുള്ള ഏറ്റവും മികച്ച പാഠപുസ്തകം' - രാജ്യത്ത് ഇതാദ്യമായി കൊച്ചി ആസ്ഥാനമായി സെന്റർ ഫോർ എക്സലൻസ് ഇൻ പർപ്പസ് ബ്രാൻഡിങ്ങിന് തുടക്കമിട്ട ഓർഗാനിക് ബി.പി.എസ്. എന്ന ബ്രാൻഡിങ് ഏജൻസിയുടെ സ്ഥാപകനും ബ്രാൻഡ് മെന്ററുമായ ദിലീപ് നാരായണൻ പറയുന്നു. ഉദാഹരണത്തിന് നിങ്ങൾ സോപ്പുണ്ടാക്കുന്ന ബിസിനസിലാണെന്നു വിചാരിക്കുക. ഉത്പാദനരീതികളിലെ ടെക്നോളജിയൊക്കെ മുന്നേറിയ ഇക്കാലത്ത് രണ്ട് ബ്രാൻഡ് സോപ്പുകൾ തമ്മിൽ ഗുണനിലവാരത്തിൽ ഒരു വ്യത്യാസവുമില്ലാതായിക്കഴിഞ്ഞുവെന്നതാണ് സത്യം. അപ്പോൾ എന്തു പറഞ്ഞ് നിങ്ങൾ പരസ്യം ചെയ്യും? -ദിലീപ് നാരായണൻ ചോദിക്കുന്നു. പരസ്യങ്ങളുടെ ചരിത്രം നോക്കിയാൽ ആദ്യം ഉത്പന്നങ്ങളായിരുന്നു പരസ്യങ്ങളിലെ താരം എന്നു കാണാവുന്നതാണ്. പിന്നീടാണ് പരസ്യങ്ങളുടെ നടുവിലേയ്ക്ക് ഉപഭോക്താവ് കടന്നുവന്നത്. ഓർമയില്ലേ 'സർഫ്' പരസ്യങ്ങളിലെ ലളിതാജിയെ? സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയയും ശക്തമായ ഉപഭോക്തൃ നിയമങ്ങളും ചേർന്ന് ഉപഭോക്താവിനെ കൂടുതൽ ശക്തരും സംശയാലുക്കളും അന്വേഷണ കുതുകികളും ആക്കിയിരിക്കുന്ന ഇക്കാലത്ത് എന്തായിരിക്കും നിങ്ങളുടെ ബ്രാൻഡ് സന്ദേശം? അഥവാ സത്യസന്ധമായ ഒരു ബ്രാൻഡ് കഥ പറയാൻ സത്യസന്ധമായ ഒരുദ്ദേശ്യം (പർപ്പസ്) ഇല്ലാതെ സാധിക്കുമോ? ഇല്ലെന്നാണ് പുതിയ ബ്രാൻഡ് സന്ദേശങ്ങൾ തെളിയിക്കുന്നത്. ഉദാഹരണത്തിന് സർഫിന്റെ നിർമാതാക്കളായ യൂണിലിവറിന്റെ മറ്റൊരു ബ്രാൻഡായ 'ലൈഫ്ബോയി'യുടെ ലോകപ്രസിദ്ധമായിത്തീർന്ന 'ഹെൽപ്പ് എ ചൈൽഡ് റീച്ച് 5' എന്ന കാെമ്പയിൻ തന്നെയെടുക്കുക. ലോകമെമ്പാടുമായി വർഷംതോറും 60 ലക്ഷം കുട്ടികളാണ് 5 വയസ്സെത്തും മുമ്പ് മരിച്ചു പോകുന്നതെന്നാണ് കണക്ക്. ഇതിൽത്തന്നെ 44 ശതമാനം പേരും ജനിച്ച് ആദ്യത്തെ 28 ദിവസത്തിനുള്ളിൽത്തന്നെ മരിക്കുന്നു. ഇത് കണക്കിലെടുത്താണ് ശിശുമരണ നിരക്ക് ഏറെ ഉയർന്നുനിന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ലൈഫ്ബോയ് അവരുടെ പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നീട് ഈ പ്രചാരണം ഇന്ത്യയിലുമെത്തി. വയറിളക്കവും ന്യുമോണിയയുമാണ് ശിശുമരണങ്ങളിലെ പ്രധാന വില്ലന്മാർ. ഗർഭിണികളെയും പ്രസവിച്ചുകിടക്കുന്ന അമ്മമാരെയും സോപ്പുപയോഗിച്ച് കൈകഴുകുക എന്ന ശീലം പഠിപ്പിപ്പിച്ചുകൊണ്ടും ആ സന്ദേശം യഥാർത്ഥ ജീവിതങ്ങളിൽനിന്നു പകർത്തി പ്രചരിപ്പിച്ചും 'ലൈഫ്ബോയ്' ഈ രംഗത്തുണ്ടാക്കിയ കണ്ണുകൾ ഈറനാക്കുന്ന നേട്ടങ്ങളാണ് പർപ്പസ് ബ്രാൻഡിങ്ങിന്റെ ഏറ്റവും മികച്ച കേസ് സ്റ്റഡിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരെ തവണ വ്യവസ്ഥകളിലൂടെ ഫർണിച്ചർ വാങ്ങാൻ സഹായിച്ച ബ്രസീലിലെ കാസാസ് ബാഹിയ, ഇന്ത്യയിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ച ബാങ്ക് ഓഫ് മധുര, അരവിന്ദ് ഐ ഹോസ്പിറ്റൽ, ജയ്പുർ റാഗ്സ്, പ്രൊജക്ട് ശക്തി എന്നീ കേസ് സ്റ്റഡികളുമായി 2004-ൽ ആദ്യ പതിപ്പിറങ്ങിയ സി.കെ. പ്രഹ്ലാദിന്റെ 'ദി ഫോർച്യൂൺ അറ്റ് ദി ബോട്ടം ഓഫ് ദി പിരമിഡ്' എന്ന പുസ്തകമാണ് പർപ്പസ് ബ്രാൻഡിങ്ങിന്റെ വരവിനെ ആദ്യമായി വിളിച്ചറിയിച്ചത്. 2004-ൽനിന്ന് 2019-ലെത്തിയപ്പോൾ പർപ്പസ് ബ്രാൻഡിങ് കൂടുതൽ നിർണായകമായിരിക്കുന്നു. ബ്രാൻഡുകളുടെ മിഷനും വിഷനും പ്രധാനം തന്നെ. ഒരു ബ്രാൻഡ് എന്താണ് (What) എന്നാണ് മിഷൻ സൂചിപ്പിക്കുന്നത്. എവിടേയ്ക്കാണ് (Where) എന്നാണ് വിഷൻ സൂചിപ്പിക്കുന്നത്. എന്നാൽ അതിനപ്പുറം ഒരു ബ്രാൻഡ് എന്തിനാണ് (Why), എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന പരമ പ്രധാനമായ ചോദ്യമാണ് പർപ്പസ് ബ്രാൻഡിങ് മുന്നോട്ടുവെയ്ക്കുന്നത്. സോദ്ദേശ്യ ബ്രാൻഡിങ്ങിലൂടെ ജീവനക്കാരെ കൂടുതൽ പ്രതിബദ്ധരാക്കാം, ഉപഭോക്താക്കളെ കൂടുതൽ കൂറുള്ളവരാക്കാം, ലാഭം വർധിപ്പിക്കാം, അതിനെക്കാളെല്ലാം ഉപരിയായി സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ ലോകപ്രസിദ്ധമായ സ്റ്റെഞ്ചൽ റിപ്പോർട്ട് വഴികാട്ടിയാകുന്നു. പർപ്പസ് ഉള്ള ഒരു ബ്രാൻഡിന് അതുമായി മത്സരിക്കുന്ന മറ്റു പർപ്പസില്ലാത്ത ബ്രാൻഡുകളെക്കാൾ 400 ശതമാനം വരെ മികച്ച മത്സര മികവ് കാഴ്ചവെയ്ക്കാനാകുമെന്നും പർപ്പസ് ഉള്ള ബ്രാൻഡുകളോട് പുതുതലമുറ 90 ശതമാനം കൂടുതൽ കൂറ് പുലർത്തുന്നുവെന്നും പത്തിൽ ആറ് ചെറുപ്പക്കാരും പർപ്പസ് ഉള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് സ്റ്റെഞ്ചൽ റിപ്പോർട്ടിലെ കണ്ടെത്തലുകൾ. കൈകൾ കൊണ്ടാണ് മനുഷ്യൻ വ്യാവസായിക വിപ്ലവം യാഥാർത്ഥ്യമാക്കിയതെന്നാണ് പറയാറ്. അതുപോലെ സാങ്കേതികവിദ്യാ വിപ്ലവത്തെ കൊണ്ടുവന്നത് നമ്മുടെ മസ്തിഷ്കങ്ങളാണെന്നും പറയപ്പെടുന്നു. അങ്ങനെയാണെങ്കിൽ ഇപ്പോൾ ആവശ്യമായിരിക്കുന്ന മാനവികതാ വിപ്ലവം നടപ്പാക്കേണ്ടത് നമ്മുടെ ഹൃദയങ്ങൾ കൊണ്ടാണെന്നു പറയാം. വൻകിട ബിസിനസുകാർക്കു മാത്രമല്ല ചെറുകിട സ്ഥാപനങ്ങൾക്കും ഇങ്ങനെ പർപ്പസ് ബ്രാൻഡിന്റെ ത്രിമാന നേട്ടം കൊയ്യാം. പരിസ്ഥിതിയെക്കൂടി കണക്കിലെടുത്തു മാത്രമേ സുസ്ഥിര വികസനം (സസ്റ്റെയ്നബിൾ ഡെവലപ്മെന്റ്) സാധ്യമാകൂ എന്നായിരുന്നു ഇതുവരെ പറഞ്ഞുകേട്ടിരുന്നതെങ്കിൽ ഇനിമുതൽ ചുറ്റുമുള്ള സമൂഹത്തെക്കൂടി കണക്കിലെടുത്താൽ മാത്രമേ സുസ്ഥിര ലാഭവും ബിസിനസും സാധ്യമാകൂ എന്നാണ് തെളിഞ്ഞുവരുന്നതെന്നു ചുരുക്കം. അങ്ങനെ ഇക്കാലത്തെ മികച്ച ബ്രാൻഡുകൾ മനുഷ്യപ്പറ്റിനെ അവരുടെ ബിസിനസിന്റെ അടിസ്ഥാനശിലയായി പ്രതിഷ്ഠിക്കുന്നു. സമൂഹം മെച്ചപ്പെടുമ്പോൾ മാത്രമേ ആ സമൂഹത്തിലെ ബ്രാൻഡുകളും മെച്ചപ്പെടൂ എന്ന ലളിതമായ സത്യം ഹൃദയത്തിൽ ഏറ്റുവാങ്ങുന്നു. ഗാന്ധിജി എന്നാൽ ചർക്കയിൽ നൂൽ നൂൽക്കുന്ന ഒരു നിഷ്കാമകർമിയുടെ ചിത്രമായി മാത്രം ഓർക്കുന്നതിനു പകരം സമൂഹത്തിന് വലിയ നന്മകൾ ചെയ്ത, ലോകത്തിനെങ്ങും മാതൃകയായ ഒരു കർമധീരനായി വിലയിരുത്തുമ്പോഴാണ് പർപ്പസ് ബ്രാൻഡിങ്ങിന്റെ ഇക്കാലത്ത് അത് വലിയ പ്രചോദനമാകുന്നത്. rampaliyath@gmail.com

from money rss http://bit.ly/2ov3yQT
via IFTTT

ഉന്നതവിദ്യാഭ്യാസം നേടണോ; അതോ ജോലിചെയ്ത് വീട്ടുകാരെ സഹായിക്കണോ?

അനൂപ് ബി.ടെക്. അവസാനവർഷ വിദ്യാർഥിയാണ്... കാമ്പസ് പ്ലേസ്മെന്റിന്റെ സമയം അടുത്തുവരുന്നു... അതിനാലുള്ള ആശയക്കുഴപ്പവുമായാണ് എന്നെ സമീപിച്ചത്. 'തുടർന്നും പഠിക്കണമോ, അതോ കുറച്ചുകാലം ജോലിചെയ്ത്വീട്ടുകാരെ സഹായിച്ചിട്ട് പഠിച്ചാൽ മതിയോ...?' -മനസ്സിലുയരുന്ന ഈ ചോദ്യങ്ങളാണ് അയാളെ കുഴയ്ക്കുന്നത്. 'എന്താണ് കൂടുതൽ ഇഷ്ടമായി തോന്നുന്നത്...?' എന്ന എന്റെ ചോദ്യത്തിന് കിട്ടിയ മറുപടി, 'എനിക്ക് ഇനിയും പഠിക്കണം' എന്നതുതന്നെയായിരുന്നു. പക്ഷേ, 'വീട്ടുകാരെ ഇനിയും ബുദ്ധിമുട്ടിക്കാൻ പറ്റില്ല'. 'ഇപ്പോൾ അനൂപും കൂടി ജോലിയെടുത്ത് വീടുപുലർത്തേണ്ട അവസ്ഥയുണ്ടോ...?' എന്നായി ഞാൻ. 'അത്ര വലുതായിട്ടൊന്നുമില്ല...' -അവൻ മറുപടി പറഞ്ഞു. 'എന്നാൽപ്പിന്നെ തുടർവിദ്യാഭ്യാസം ഇടമുറിയാതെ മുന്നോട്ട് പൊയ്കൂടേ... കാരണം, അതിനുള്ള പണം ലഭിക്കാൻ നിരവധി മാർഗങ്ങളുണ്ടല്ലോ...? ഉന്നതവിദ്യാഭ്യാസം ഭാരിച്ചതായാണ് പലർക്കും അനുഭവപ്പെടാറുള്ളത്. ഇക്കാര്യത്തിൽ സ്വയംപഴിക്കുന്നവരും മാതാപിതാക്കളുടെ പിടിപ്പുകേടിനെ കുറ്റപ്പെടുത്തുന്നവരുമായ നിരവധി വിദ്യാർഥികളെ കണ്ടുമുട്ടാറുണ്ട്. എന്നാൽ, സ്കോളർ അഥവാ പ്രതിഭകളായവർക്ക് ഉന്നതവിദ്യാഭ്യാസ രംഗത്ത് പഠനസഹായത്തിനായി വ്യത്യസ്തവും നവീനവുമായ നിരവധി 'സ്കോളർഷിപ്പുകൾ' ഉണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ ലഭ്യതയ്ക്കായി നൽകുന്ന കൈത്താങ്ങാണ് സ്കോളർഷിപ്പുകൾ. സാമ്പത്തികമായും സാമൂഹികമായും നിലവാരം കുറഞ്ഞവരെ വിദ്യാഭ്യാസത്തിലൂടെ ഉന്നമനത്തിലെത്തിക്കാൻ സഹായിക്കുക എന്നതാണ് ലക്ഷ്യം. അക്കാദമിക്, കായികം, ന്യൂനപക്ഷം, വനിത, കലാപരം തുടങ്ങിയ വിവിധവും വ്യത്യസ്തവുമായ മേഖലകളിലായാണ് ഇവ ലഭ്യമാവുന്നത്. ഭാരതീയ വിദ്യാർഥികൾക്കുള്ളതിനു പുറമേ വിദേശവിദ്യാർഥികൾക്കായി ലഭ്യമാവുന്ന ധാരാളം ഭാരതീയ സ്കോളർഷിപ്പുകളും ഉണ്ട്. പ്രീ മെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ്, ഒറ്റ പെൺകുട്ടിക്കുള്ള സ്കോളർഷിപ്പ്, പിന്നാക്ക വിഭാഗങ്ങളിൽ പെടുന്നവർക്ക് മാത്രമായുള്ളവ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് മാത്രമായുള്ളത് എന്നിങ്ങനെയും വിഭാഗങ്ങൾ ലഭ്യമാണ്. ഈ അക്കാദമികവർഷവും അടുത്ത വർഷവുമായി ലഭ്യമാവുന്ന നിരവധി സ്കോളർഷിപ്പുകളിൽ ചിലതിനെ പരിചയപ്പെടാം: ഡി.ബി. ടി.ജെ.ആർ.എഫ്. സ്കോളർഷിപ്പ്: അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള മുഴുവൻ പഠനസഹായിയായി ഇത് വർത്തിക്കുന്നു. ഇതുവഴി പ്രതിമാസം 28,000 രൂപ വിദ്യാർഥികൾക്ക് ലഭിക്കുന്നു. സ്വർണജയന്തി ഗവേഷണ ഫെലോഷിപ്പ്: ശാസ്ത്ര-സാങ്കേതിക രംഗത്ത് ഉന്നതവിദ്യാഭ്യാസം തേടുന്ന ഭാരതത്തിലെ വിദ്യാർഥികളോടൊപ്പം വിദേശവിദ്യാർഥികൾക്കും ഈ സ്കോളർഷിപ്പ് ലഭ്യമാണ്. രാമൻ ചർപക് ഫെലോഷിപ്പ്: പ്രതിമാസം 1,500 യൂറോ ലഭ്യമാവുന്ന ഈ ഗവേഷണ സ്കോളർഷിപ്പ് വഴിയായി സാമ്പത്തിക സഹായത്തോടൊപ്പം മറ്റ് അക്കാദമിക സൗകര്യങ്ങളും നൽകുന്നു. പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ്: ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് വഴിയായി ഫീസും മറ്റ് ചെലവുകളും നേരിടാനാവുന്നു. ഇൻസ്പയർ സ്കോളർഷിപ്പ്: പേര് സൂചിപ്പിക്കുന്നതു പോലെതന്നെ തീർത്തും പ്രചോദനാന്മകമായ രീതിയിൽ ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും നടപ്പിലാക്കിവരുന്ന സ്കോളർഷിപ്പ് പദ്ധതിയാണിത്. കോൾ ഇന്ത്യ ലിമിറ്റഡ് സ്കോളർഷിപ്പ്: എൻജിനീയറിങ് ബിരുദ വിദ്യാഭ്യാസം തേടുന്ന എല്ലാ രാജ്യക്കാർക്കും സമീപിക്കാവുന്ന ഈ സ്കോളർഷിപ്പ് ഒരു പൂർണ പഠനസഹായ പദ്ധതിയാണ്. നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്: ഹൈസ്കൂൾ വിദ്യാർഥികൾക്കായി പ്രതിവർഷം 6,000 രൂപവച്ച് നൽകപ്പെടുന്ന ഈ പദ്ധതിയിൽ പഠനത്തിന്റെ ഭാഗിക ചെലവ് അംഗീകൃതവും തിരഞ്ഞെടുക്കപ്പെട്ടതുമായ വിദ്യാഭ്യാസസ്ഥാപനം വഴിയായി നൽകപ്പെടുന്നു. ആൽബർട്ട് ഐൻസ്റ്റൈൻ അന്താരാഷ്ട്ര സ്കോളർഷിപ്പ്: പ്രവേശന ടെസ്റ്റ് വഴിയായി തിരഞ്ഞെടുക്കപ്പെടുന്ന ശാസ്ത്ര-സാങ്കേതിക വിദ്യാർഥികൾക്ക് ഇത് ലഭ്യമാവുന്നു. ഐ.സി.എസ്.ആർ. ഡോക്ടറൽ ഫെലോഷിപ്പ്: രണ്ടുവർഷം നീണ്ടുനിൽക്കുന്ന ഈ ഫെലോഷിപ്പ് സാമൂഹ്യ-മാനവിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്ക് ലഭ്യമാവുന്നു. ഇവയോരോന്നിന്റെയും വ്യവസ്ഥകളും തുകയും മറ്റ് മാനദണ്ഡങ്ങളും ഇടക്കിടയ്ക്ക് മാറിക്കൊണ്ടിരിക്കുന്നതിനാൽ, അതത് സ്കോളർഷിപ്പിന്റെ വെബ്സൈറ്റുകൾ പരിശോധിച്ച് മാറ്റങ്ങൾ മനസ്സിലാക്കേണ്ടതാണ്. വിവിധ മന്ത്രാലയങ്ങൾ നൽകുന്ന േസ്കാളർഷിപ്പുകൾക്കായി പൊതു പോർട്ടലുകളും ഉണ്ട്. സാമൂഹികമാധ്യമങ്ങളിൽ ധാരാളം സമയം ചെലവഴിക്കുന്ന പുതുതലമുറ ഇത്തരം കാര്യങ്ങൾ അന്വേഷിക്കാനുംകൂടി ഇന്റർനെറ്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. കൂടാതെ, വിവിധ ബാങ്കുകളും ബഹുരാഷ്ട്ര കമ്പനികളും വിവിധ സന്നദ്ധസംഘടനകളും ക്ലബ്ബുകളും ഈ രംഗത്ത് സജീവസാന്നിദ്ധ്യമാണ്. അതുപോലെതന്നെ, തങ്ങളുടെ സി.എസ്.ആർ. ഫണ്ട് വിദ്യാഭ്യാസ സഹായത്തിനായി മാറ്റിവയ്ക്കുന്ന നിരവധി കമ്പനികൾ ഉണ്ട്. അന്വേഷിച്ച് കണ്ടെത്തേണ്ട ഉത്തരവാദിത്വം വിദ്യാർഥിക്കാണ്. ഇപ്പോഴേ പരിശ്രമം തുടങ്ങിയാൽ അടുത്ത അധ്യയനവർഷം ചെലവില്ലാതെ പഠിക്കാം. ഈ വർഷം മുടക്കിയ ഫീസും മറ്റു ചെലവുകളും 'റീ ഇമ്പേഴ്സ്മെന്റ്' രൂപത്തിൽ തിരിച്ചുപിടിക്കുകയും ചെയ്യാം. പലതും ഓൺലൈൻ വഴിയായാണ് അപേക്ഷിക്കേണ്ടത്. പണം വരുന്നത് വിദ്യാർഥിയുടെ അക്കൗണ്ടിലേക്കുമാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്കോളർഷിപ്പുകൾക്കായി പ്രത്യേകവിഭാഗവും ഓഫീസ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. നോട്ടീസ് ബോർഡുകളിൽ ഇവ യഥാസമയങ്ങളിൽ പതിപ്പിക്കാറുമുണ്ട്. സ്കോളർഷിപ്പ് സ്വന്തമാക്കുന്നത് അഭിമാനകരമായ വസ്തുതയാണ്. അത് ആത്മവിശ്വാസവും ഉത്തരവാദിത്വവും വർധിപ്പിക്കുന്നു. കാരണം, സമൂഹത്തിന്റെ പണമെടുത്താണ് പഠിക്കുന്നത്. ഇവ വിദ്യാർഥികളുടെ അവകാശമാണ്, ആനുകൂല്യമല്ല എന്നതും തിരിച്ചറിയേണ്ടതാണ്.

from money rss http://bit.ly/2mXVR57
via IFTTT

സെന്‍സെക്‌സില്‍ 118 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാരആഴ്ചയുടെ ആദ്യദിനനം ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 118 പോയന്റ് താഴ്ന്ന് 38704ലിലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തിൽ 11477ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 442 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 397 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, ലോഹം, ഫാർമ ഓഹരികൾ സമ്മർദത്തിലാണ്. സിപ്ല, യെസ് ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ.

from money rss http://bit.ly/2nHz4uD
via IFTTT