121

Powered By Blogger

Sunday, 14 February 2021

വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശ്രദ്ധാപൂർവമായ സമീപനവുമായി ആർബിഐ

ഫെബ്രുവരി ഒന്നാം തിയതിയിലെ ബജറ്റ് അവതരണം കഴിഞ്ഞതോടെ, നോർത്ത് ബ്ളോക്കിൽ നിന്ന് മിന്റ് സ്ട്രീറ്റിലേക്ക് ഏവരുടേയും ശ്രദ്ധ തിരിഞ്ഞു. പണനയ കമ്മറ്റിയോഗത്തിലെ പ്രഖ്യാപനങ്ങൾ മിക്കവാറും പ്രതീക്ഷിച്ചതായിരുന്നു. പലിശ നിരക്ക് 4 ശതമാനത്തിൽ നിലനിർത്തി ഉദാര നിലപാട് തുടരാനാണ് തീരുമാനിച്ചത്. സാമ്പത്തികസ്ഥിതി വളർച്ചാലക്ഷ്യത്തിലെത്തുംവരെ ഉദാരനയങ്ങൾ തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഉറപ്പുനൽകുകയും ചെയ്തു. മാർച്ചുമുതൽ ആരംഭിച്ച് രണ്ടുഘട്ടങ്ങളായി പണം നീക്കിയിരിപ്പ് അനുപാതം (സിആർആർ) പുനഃസ്ഥാപിക്കാനുള്ള തീരുമാനമായിരുന്നു പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. കൂടുതൽ പണം ലഭ്യമാക്കുന്നതിനുതകുന്ന നടപടികൾ ഗവർണർ പിന്തുണച്ചെങ്കിലും സിആർആർ വർധനപണ നയം സാധാരണ നിലയിലേക്കു തിരിച്ചുകൊണ്ടു വരുന്നതിന്റെ ആദ്യചുവടായിവേണം കാണാൻ. എൻബിഎഫ്സികൾക്കുള്ള പിന്തുണയായി ബാങ്കുകളിൽനിന്ന് എൻ ബിഎഫ്സികൾക്കു പണം ലഭ്യമാക്കുന്നതിന് പണനയ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട, സമ്മർദ്ദം നേരിടുന്ന മേഖലകൾക്ക് എൻബിഎഫ്സികളുടെ സഹായം ലഭ്യമാക്കുന്നതിനാണിത്. ഇടത്തരം,ചെറുകിട,സൂക്ഷ്മ വ്യവസായങ്ങൾക്കുള്ള വായ്പ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ഇടത്തരം,ചെറുകിട, സൂക്ഷ്മ വ്യവസായ സംരംഭകർക്കുനൽകിയ വായ്പകളിൽ ഇളവുനൽകാൻ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. സി ആർ ആർ കണക്കാക്കുമ്പോൾ അവരുടെ മൊത്തം ആവശ്യവും സമയബാധ്യതയും കണക്കിലെടുത്തായിരിക്കുംഇത്. 2022 സാമ്പത്തിക വർഷത്തേക്കുള്ള യഥാർത്ഥ വളർച്ചാനിരക്ക് 10.5 ശതമാനമായിരിക്കുമെന്ന് പണനയ കമ്മിറ്റി വിലയിരുത്തുന്നു. ബജറ്റിനെ അനുമോദിച്ച ഗവർണർ ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് സാമ്പത്തിക മേഖലയിൽ വലിയകുതിപ്പുണ്ടാക്കാൻ സാധിക്കുമെന്നകാര്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമായും നിക്ഷേപങ്ങളിലും അഭ്യന്തരരംഗത്തെ ഡിമാന്റും തൊഴിലും വരുമാനവും വീണ്ടെടുക്കുന്നതിനും ബജറ്റ് സഹായകമാവുമെന്നു കരുതുന്നു. 2022 സാമ്പത്തികവർഷം വിപണിയിൽനിന്ന് സർക്കാർ 12 ലക്ഷംകോടി വായ്പയെടുക്കുന്ന പശ്ചാത്തലത്തിൽ ഉണ്ടാകാവുന്ന ക്രമമായ യീൽഡ് കേർവ് പൊതുജനനന്മയ്ക്ക് ഉതകുമെന്നും ഗവർണർ കരുതുന്നു. എന്നാൽ തുറന്ന വിപണി പ്രവർത്തനങ്ങൾക്ക് (ഒഎംഒ ) സമയക്രമം അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായില്ല. ഗവർണർ പ്രഖ്യാപിച്ച വായ്പാപദ്ധതിക്ക് സഹായം എന്നനിലയിൽ ചില്ലറ നിക്ഷേപകർക്ക് റിസർവ് ബാങ്കിൽ ഗിൽറ്റ് അക്കൗണ്ട് തുറക്കാൻ അനുമതിയും നൽകിയിട്ടുണ്ട്. ഇതോടെ സർക്കാർ ഓഹരികളുടെ വിപണിയിൽ ചില്ലറ നിക്ഷേപകർക്ക് ഓൺലൈൻ പ്രവേശം സാധ്യമാകും. വിലക്കയറ്റനിരക്ക് താങ്ങാവുന്ന നിലയിലേക്കു വന്നത് ആശ്വാസകരമാണെങ്കിലും, വിലക്കയറ്റത്തിന്റെ കാര്യത്തിൽ ശ്രദ്ധാപൂർവമായ സമീപനമാണ് പണനയ കമ്മിറ്റി കൈക്കൊണ്ടിട്ടുള്ളത്. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിലെ വിലക്കയറ്റനിരക്ക് 5.2 ശതമാനത്തിൽ നിന്ന് 4.6 ശതമാനത്തിലേക്കും 5.2 ൽനിന്ന് 5 ശതമാനത്തിലേക്കും വർധിപ്പിച്ചിട്ടുണ്ട്. വിലകളിലെ സമ്മർദ്ദവും വർധിക്കുന്ന പെട്രോളിയം വിലകളും വിലക്കയറ്റ നിരക്ക് വർധിക്കാനിടയാക്കിയേക്കാമെന്ന് പണനയ കമ്മിറ്റി മുന്നറിയിപ്പു നൽകുന്നു. വിലകളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാറുകൾ ഉറച്ചനടപടി കൈക്കൊള്ളണമെന്ന് ആർബിഐ ഗവർണർ ആവശ്യപ്പെട്ടു. പലിശനിരക്ക് ഇനിയും കുറയ്ക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും പ്രഖ്യാപനം നടത്തുന്നതിനുമുമ്പ് റിസർവ് ബാങ്ക് വിലക്കയറ്റ സ്ഥിതി ജാഗ്രതയോടെ നിരീക്ഷിക്കുമെന്നകാര്യത്തിൽ സംശയമില്ല. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/3jQkf1x
via IFTTT

കെവൈസി പൊരുത്തക്കേട്: 40 ലക്ഷത്തോളം അംഗങ്ങൾക്ക് ഇപിഎഫ് പലിശ ലഭിച്ചില്ല

40 ലക്ഷത്തോളം ഇപിഎഫ് വരിക്കാരുടെ അക്കൗണ്ടിൽ ഇതുവരെ 2019-20 സാമ്പത്തികവർഷത്തെ പലിശ വരവുവെച്ചിട്ടില്ല. ജീവനക്കാരുടെ കെവൈസിയിലെ പൊരുത്തക്കേടാണ് ഇതിനുകാരണമായി ഇപിഎഫ്ഒ അധികൃതർ പറയുന്നത്. ഫീൽഡ് ഓഫീസുകൾവഴി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച് ക്രമീകരണങ്ങൾ നടത്തിവരികയാണെന്ന് ഇപിഎഫ്ഒ അധികൃതർ വ്യക്തമാക്കി. കോവിഡ് വ്യാപനംമൂലം ഓഹരി വിപണി കനത്ത തിരിച്ചടിനേരിട്ടതിനാൽ വരിക്കാർക്ക് പലിശ നൽകുന്നത് ഡിസംബറിലേയ്ക്ക് നീട്ടിയിരുന്നു. പിന്നീട് വിപണിമികച്ചനേട്ടത്തിലായതിനെതുടർന്ന് ഓഹരി നിക്ഷേപത്തിലെ ഒരുഭാഗം പിൻവലിച്ച് നേരത്തെ നിശ്ചയിച്ച 8.5ശതമാനംപലിശതന്നെ നൽകാനും ഇപിഎഫ്ഒ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 2019-20 സാമ്പത്തിക വർഷത്തെ പലിശ ഏറെവൈകി ഡിസംബർ അവസാന ആഴ്ചയോടെയാണ് വരിക്കാരുടെ അക്കൗണ്ടിൽ വരവുവെയ്ക്കാൻ തുടങ്ങിയത്. മൊത്തംവരിക്കാരിൽ എട്ടുമുതൽ പത്തുശതമാനംവരെ അംഗങ്ങൾക്കാണ് ഇതുവരെ പലിശ വരവുവെയ്ക്കാത്തത്. നിവിൽ ഇപിഎഫ്ഒയിൽ സജീവവരിക്കാരായി അഞ്ചുകോടിയോളംപേരാണുള്ളത്. KYC holds up EPF interest for 4 mn

from money rss https://bit.ly/3baK3l4
via IFTTT

ഓഹരി വിപണി കുതിച്ചു: ഇതാദ്യമായി സെൻസെക്‌സ് 52,000 കടന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ മികച്ചമുന്നേറ്റം. സെൻസെക്സ് 451 പോയന്റ് നേട്ടത്തിൽ 52,005ലും നിഫ്റ്റി 122 പോയന്റ് ഉയർന്ന് 15,285ലിലുമെത്തി. ബിഎസ്ഇയിലെ 1086 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 367 ഓഹരികൾ നഷ്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തരസൂചികകളിലും പ്രതിഫലിച്ചത്. ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഒൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 1.7ശതമാനത്തിലേറെ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനത്തോളം ഉയർന്നു. Sensex hits 52,000-mark for the first time

from money rss https://bit.ly/3qneyea
via IFTTT

ഇ-കൊമേഴ്‌സ് ആപ്പുകളിലൂടെ ക്യൂആർ കോഡുവഴി തട്ടിപ്പുസംഘങ്ങൾ പണംതട്ടുന്നു

കൊച്ചി:പഴയതും പുതിയതുമായ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ആപ്പുകളിൽ പരസ്യം നൽകുന്നവരെ നോട്ടമിട്ട് ക്യൂ ആർ കോഡ് വെച്ച് പണം തട്ടുന്ന സംഘങ്ങൾ. പരസ്യം നൽകുന്ന സാധനങ്ങൾ വാങ്ങാൻ താത്പര്യം അറിയിച്ചാകും ഇവരുടെ വിളിയെത്തുക. വടക്കേ ഇന്ത്യൻ സംഘമാണ് പ്രവർത്തനത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. പൊതുവേ ആപ്പിൽ വില്പന നടക്കുന്ന സാധനങ്ങൾക്ക് പകരം, വിരളമായി ലഭിക്കാവുന്ന സാധനങ്ങൾ വാങ്ങാൻ താത്പര്യം അറിയിച്ചാണ് ഇവർ ബന്ധപ്പെടുക. സാധനങ്ങൾ നേരിൽ കാണാതെ തന്നെ ഇവ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കും. ഹിന്ദി സംസാരിക്കുന്ന ഇവർ നിലവിൽ കേരളത്തിലുണ്ടെന്നോ, അല്ലായെങ്കിൽ അടുത്തുതന്നെ കേരളത്തിലേക്ക് വരുമെന്നോ അറിയിക്കും. ശേഷം വിലപേശൽ തുടങ്ങും. വിലപേശൽ പൂർത്തിയാക്കിക്കഴിഞ്ഞ് പണം അക്കൗണ്ടിലേക്ക് ഇടാമെന്നറിയിക്കും. ഇതോടെയാണ് തട്ടിപ്പിനായുള്ള വല വിരിക്കുന്നത്. രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ വഴി പണം അയച്ചു നൽകാൻ ഗൂഗിൾ പേ വഴി സാധിക്കും. എന്നാൽ ഇത്തരത്തിൽ അയയ്ക്കുമ്പോൾ ഇടപാട് പരാജയപ്പെടുന്നുവെന്ന് ഇവർ അറിയിക്കും. പകരം ക്യൂ ആർ കോഡ് വഴി എളുപ്പത്തിൽ പണം അയച്ചു നൽകാനാകുമെന്ന് പറയും. ക്യൂ ആർ കോഡ് വഴി പണം അയയ്ക്കാനറിയാത്തവർക്ക് നിർദേശങ്ങൾ അടങ്ങുന്ന ഒരു ക്ലാസും ഇവർ നൽകും. പണം സ്വീകരിക്കുന്നയാളുടെ ക്യൂ ആർ കോഡ് വാങ്ങാതെ ഇവർ നൽകുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ പറയും. ഇതോടെ തട്ടിപ്പിലേക്ക് വീഴുകയും ചെയ്യും. ക്യൂ ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ പണം അങ്ങോട്ട് അയയ്ക്കുന്നതിനുള്ള പ്രോസസിങ് കാണിക്കും. ഈ സമയം കരാർ ഉറപ്പിച്ചിരിക്കുന്ന തുക ടൈപ്പ് ചെയ്യുന്നതോടെ പണം നമ്മുടെ അക്കൗണ്ടിൽനിന്ന് നഷ്ടമാകും. പണം വീഴുന്നതോടെ ഈ മൊബൈൽ നമ്പർ സ്വിച്ച് ഓഫ് ചെയ്ത് അടുത്ത ഇരയെ തേടി സംഘം പോകും. മുമ്പ് ഇതുവഴി സേനയിലെ ഉദ്യോഗസ്ഥരുടെ വാഹനം വിൽക്കാനുണ്ടെന്ന പേരിൽ തട്ടിപ്പ് നടത്തിയിരുന്നു. ഇതിൽ ഓരോ പ്രോസസിങ് ഫീസുകൾ പറഞ്ഞായിരുന്നു പണം തട്ടിയിരുന്നത്. ഇത് നടക്കാതെയായപ്പോഴാണ് ക്യൂ ആർ കോഡ് തട്ടിപ്പുമായി എത്തിയിരിക്കുന്നത്. അന്വേഷണം നടക്കുന്നു ക്യൂ ആർ കോഡ് സ്കാനിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ലഭിക്കുന്നുണ്ട്. സൈബർ പോലീസിന്റെ നേതൃത്വത്തിൽ ഇതിന്റെ അന്വേഷണം നടന്നുവരികയാണ്. ഇത്തരം മെസേജുകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. - കെ. കാർത്തിക് (എറണാകുളം റൂറൽ എസ്.പി.)

from money rss https://bit.ly/3deJKbC
via IFTTT

വായ്പ എടുക്കുമ്പോൾ സംരംഭകർ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

സംരംഭം തുടങ്ങാൻ പല രീതിയിലും പണം സംഘടിപ്പിക്കാം. സ്വന്തം സമ്പാദ്യം, പങ്കാളികളുടെ ഷെയർ, പൊതുജനങ്ങളിൽനിന്നുള്ള ഷെയർ, സ്നേഹിതരുടെയും കുടുംബാംഗങ്ങളുടെയും സമ്പാദ്യം... ഇവയ്ക്കു പുറമെ ബാങ്ക് വായ്പയാണ് പ്രധാനമായും സംരംഭകർ ആശ്രയിച്ചു വരുന്നത്. ബാങ്ക് വായ്പകൾ ബാധ്യത ആകാതിരിക്കാൻ ഏതാനും കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നത് നല്ലതാണ്. സംരംഭം തുടങ്ങി ആദ്യ വർഷങ്ങളിലാണ് പല സംരംഭങ്ങളും പൂട്ടിപ്പോകേണ്ടി വരുന്നത് എന്ന യാഥാർത്ഥ്യം മുന്നിലുണ്ട്. അത് ഒഴിവാക്കാൻ ലഘു സംരംഭകർ വായ്പ എടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. 1. വായ്പ അത്യാവശ്യത്തിനു മാത്രം എടുക്കുക ആവശ്യത്തിന് എടുക്കുക എന്നുള്ളതല്ല, അത്യാവശ്യത്തിന് മാത്രം എടുക്കുക എന്നുള്ളതാണ്. വായ്പയ്ക്ക് കൊടുക്കേണ്ടി വരുന്ന പലിശ, എടുക്കുന്നതിനു വേണ്ടിവരുന്ന മറ്റ് ചെലവുകൾ, കൊളാറ്ററൽ (ഈട്) എന്നിവ പരിഗണിക്കുമ്പോൾ സ്വന്തം സമ്പാദ്യം/കുടുംബ സമ്പാദ്യം പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നതാണ് ഉത്തമം. 2. ഇ.എം.ഐ. നല്ലതാണ് മിക്കവാറും സംരംഭ വായ്പകൾ ഇപ്പോൾ ഇ.എം.ഐ. (പ്രതിമാസ തുല്യ തവണ) സമ്പ്രദായത്തിലാണ് നൽകിവരുന്നത്. ഇത് സംരംഭകർക്ക് ഏറെ ഗുണകരമാണ്. ആദ്യ വർഷങ്ങളിൽ സ്ഥാപനത്തിന്റെ വിറ്റുവരവ് തീരെ കുറവായിരിക്കും എന്നതിനാൽ ഡിമിനിഷിങ് ഇന്ററസ്റ്റ് എന്ന രീതിയിൽ വായ്പ എടുത്താൽ തിരിച്ചടവ് പ്രശ്നമാകും. തുടക്കം മുതലേ എൻ.പി.എ.യിലേക്ക് (കിട്ടാക്കടം) അക്കൗണ്ട് മാറാനും സാധ്യതയുണ്ട്. മാത്രമല്ല, പ്രതിമാസം അടയ്ക്കേണ്ടിവരുന്ന തുക എത്രയെന്ന് മുൻകൂട്ടി കൃത്യമായി അറിയാൻ കഴിയുക വഴി നന്നായി പ്ലാൻ ചെയ്യാൻ കഴിയും. 3. കൊളാറ്ററൽ ഫ്രീ ആക്കുന്നത് നല്ലതാണോ? 10 ലക്ഷം രൂപ വരെയുള്ള സംരംഭ വായ്പകൾ കൊളാറ്ററൽ വാങ്ങാതെ മാത്രമേ നൽകാവൂ എന്നാണ് ബാങ്കുകൾക്ക് നൽകിയിട്ടുള്ള നിർദേശം. എന്നാൽ രണ്ടു കോടി രൂപ വരെ ഇങ്ങനെ വായ്പ അനുവദിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. ഇങ്ങനെ വായ്പ എടുക്കുമ്പോൾ സംരംഭകർ ഫീസ് നൽകേണ്ടിവരുന്നു. വായ്പയുടെ ഒരു ശതമാനം തുക ഫീസ് നൽകണം. കൂടാതെ വർഷാവർഷം പുതുക്കൽ ഫീസും നൽകണം. 10 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 0.75 ശതമാനവും അതിനു മുകളിൽ 0.85 ശതമാനവുമാണ് ഈ രീതിയിൽ പുതുക്കൽ ഫീസ് നൽകേണ്ടത്. ഓരോ വർഷവും ബാക്കി നിൽക്കുന്ന തുകയ്ക്ക് നൽകുകയും വേണം. ഇത് അധിക ബാധ്യതയാണ്. ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റ് ഫണ്ടിന്റെ സേവനം ഉപയോഗിക്കുന്നതിനാണ് ഇങ്ങനെ നൽകേണ്ടിവരുന്നത്. ആയത് തന്റെ സംരംഭത്തിന് ഗുണകരമാണോ എന്ന് ചിന്തിച്ചു മാത്രമേ ഗാരന്റി നൽകാതെ വായ്പ എടുക്കാവൂ. 4. സബ്സിഡി വായ്പകൾക്ക് മുൻഗണന നൽകണം വായ്പയ്ക്കു വേണ്ടിയുള്ള പരക്കംപാച്ചിലിൽ സർക്കാർ സബ്സിഡിക്ക് വേണ്ടത്ര പരിഗണന പലപ്പോഴും നൽകാറില്ല. അജ്ഞതയും ഒരു കാരണമാകാറുണ്ട്. തുടക്കത്തിലേ ലഭിക്കുന്ന സബ്സിഡിയും പിന്നീട് ലഭിക്കാവുന്ന സബ്സിഡികളുമുണ്ട്. തുടക്കത്തിൽ ആറു മാസത്തെ വായ്പ തിരിച്ചടവ് സബ്സിഡി മൂലം നടക്കുമെങ്കിൽ അത് സംരംഭകർക്ക് ആശ്വാസമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. 5. പലിശ തട്ടിച്ച് നോക്കണം ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ എങ്ങനെ വായ്പ സംഘടിപ്പിക്കാം എന്ന ചിന്തയോടെ വേണം ബാങ്കുകളെ സമീപിക്കാൻ. പലിശ നിരക്കുകൾ പല സ്ഥാപനങ്ങളിലും വ്യത്യാസമുണ്ട്. 10 ലക്ഷം രൂപ വരെ വായ്പയ്ക്ക് ദേശസാത്കൃത ബാങ്കുകൾ ഈടാക്കിവരുന്നത് ഏകദേശം 9.5 ശതമാനം പലിശയാണ്. ഷെഡ്യൂൾഡ് ബാങ്കുകളുടേത് 11 ശതമാനം വരെ വരുന്നുണ്ട്. കുറഞ്ഞ പലിശയ്ക്ക് കെ.എഫ്.സി., വിവിധ ക്ഷേമ കോർപറേഷനുകൾ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകിവരുന്നുണ്ട്. കൃത്യമായി താരതമ്യ പഠനം വായ്പ എടുക്കും മുൻപ് നടത്തണം. 6. ആറു മാസത്തിനുള്ളിൽ തുടങ്ങണം വായ്പ എടുക്കുന്ന സമയവും സംരംഭം ആരംഭിക്കുന്ന സമയവും ഒരു കാരണവശാലും ആറു മാസത്തിൽ അധികരിക്കാതെ ശ്രദ്ധിക്കണം. 50 ലക്ഷം രൂപ വരെയുള്ള പദ്ധതികളുടെ കാര്യത്തിൽ ഇക്കാര്യം കൃത്യമായും പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. കൃത്യമായ നിർവഹണ കലണ്ടർ മുൻകൂട്ടി തയ്യാറാക്കി വേണം വായ്പ കൈപ്പറ്റാൻ. പുതുസംരംഭകർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. 7. കെട്ടിട നിർമാണത്തിന് വായ്പ പരമാവധി ഒഴിവാക്കണം കെട്ടിട നിർമാണത്തിന് വായ്പ കൈപ്പറ്റി നിർമാണം കുറേ നീണ്ടുപോയാൽ തുടക്കത്തിലേ പണി പാളും. സ്വന്തം നിലയിൽ കെട്ടിടം നിർമിക്കുകയും തദ്ദേശ സ്ഥാപനത്തിന്റെ നമ്പർ സമ്പാദിക്കുകയും ചെയ്തതിനുശേഷം മെഷിനറി/പ്രവർത്തന മൂലധനം എന്നിവയ്ക്ക് പരമാവധി വായ്പ സ്വീകരിക്കുന്നതാണ് ഉത്തമം. 8. ആവശ്യത്തിനു തന്നെ ഉപയോഗിക്കണം കൃത്യമായ ആവശ്യം പറഞ്ഞ് വേണം വായ്പയ്ക്ക് അപേക്ഷിക്കാൻ. കെട്ടിടം, മെഷിനറി, ഉപകരണങ്ങൾ, പ്രവർത്തന മൂലധനം അങ്ങനെയുള്ള ഏതാവശ്യത്തിനും വായ്പ ലഭിക്കും. ഏത് ആവശ്യത്തിനാണോ വായ്പ അനുവദിച്ചത് പ്രസ്തുത ആവശ്യത്തിനു തന്നെ അത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വ്യക്തിപരമായ ബാധ്യതകൾ തീർക്കാൻ സംരംഭക വായ്പകൾ ഉപയോഗിക്കരുത്. 9. അക്കൗണ്ടുള്ള ബാങ്കിനെ ആദ്യം സമീപിക്കണം വായ്പ ആവശ്യങ്ങൾക്ക് ആരെയാണ് കാണേണ്ടത്? സംരംഭകർക്ക് അക്കൗണ്ടുള്ള ബാങ്കിനെയാണ് ഇതിനായി ആദ്യം സമീപിക്കേണ്ടത്. സർവീസ് ഏരിയാ ബാങ്കുകൾക്ക് ഇപ്പോൾ പ്രസക്തി ഇല്ലതന്നെ. ഒന്നിൽ കൂടുതൽ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെങ്കിൽ പ്രമാണങ്ങളും മറ്റും ഏത് ബാങ്കിലാണോ ഉള്ളത് പ്രസ്തുത ബാങ്കിനെയാണ് വായ്പയ്ക്കായി സമീപിക്കേണ്ടത്. ഏതെങ്കിലും ഒരു ബാങ്കുമായി നിരന്തരമായ ബന്ധം ഉണ്ടാക്കിയെടുക്കുന്നത് കൂടുതൽ ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കും. 10. കൃത്യമായി തിരിച്ചടയ്ക്കണം വായ്പ എടുക്കുന്നത് ഇഷ്ടമാണ്; തിരിച്ചടയ്ക്കുന്നത് തീരെ ഇഷ്ടമല്ല. ഈ സമീപനം മാറ്റേണ്ടതുണ്ട്. എടുത്ത വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ ശ്രദ്ധിക്കണം. മൂന്നു മാസം തിരിച്ചടവ് മുടങ്ങിയാൽ പോലും കണക്ക് എൻ.പി.എ. (കിട്ടാക്കടം) ആയി മാറുന്നു. അത് സിബിൽ സ്കോർ താഴാൻ കാരണമാകും. അങ്ങനെയുള്ള അവസ്ഥയിൽ ധനകാര്യ സ്ഥാപനത്തിൽനിന്ന് പിന്നീട് വായ്പ ലഭിക്കുകയില്ല. തിരിച്ചടവിനുള്ള തുക കുറവാണെങ്കിലും അതത് മാസം ബാങ്കുമായി ബന്ധപ്പെട്ട് ഉള്ള തുക അടയ്ക്കാൻ ശ്രമിച്ചാൽ സംരംഭകരുടെ സ്കോർ ഉയരും. കരുതലോടെ ബാങ്ക് വായ്പ എടുത്ത്, പ്രസ്തുത ആവശ്യത്തിനു തന്നെ സമയബന്ധിതമായി ഉപയോഗിച്ച് ധനകാര്യ സ്ഥാപനവുമായി നല്ല ബന്ധം ഉണ്ടാക്കിയെടുത്ത് കൃത്യമായി തിരിച്ചടച്ച് മുന്നോട്ടു പോകാനാണ് സംരംഭകർ ശ്രദ്ധിക്കേണ്ടത്. 10 Things Entrepreneurs Should Consider When Borrowing

from money rss https://bit.ly/3ah63M2
via IFTTT