കൊച്ചി: എൽ.ഐ.സി.യിൽ ജനങ്ങൾക്കുള്ള വിശ്വാസ്യതയാണ് വിപണി വിഹിതം ഉയരാൻ സഹായിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ മലയാളിയായ ടി.സി. സുശീൽ കുമാർ. ലൈഫ് ഇൻഷുറൻസ് വിപണിയിൽ എൽ.ഐ.സി.യുടെ വിഹിതം സമീപഭാവിയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ പശ്ചാത്തലത്തിൽ 'മാതൃഭൂമി'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരം രൂക്ഷമായ വിപണിയിൽ എൽ.ഐ.സി. വിഹിതം ഉയർത്തുന്നത് എങ്ങനെയാണ്? ഉപഭോക്താക്കൾക്ക് ഏറ്റവുമധികം പരിഗണന നൽകുന്നതാണ് എൽ.ഐ.സി.യുടെ വിജയം. ഒട്ടേറെ ഫീച്ചറുകളുമായി പുതിയ പോളിസികൾ അവതരിപ്പിച്ചതും വിപണി പിടിക്കാൻ സഹായിച്ചു. വളരെ മത്സരക്ഷമമായ വിലയിൽ ജീവൻ അമർ, ടെക് ടേം എന്നിങ്ങനെ രണ്ടു പുതിയ ടേം അഷുറൻസ് പോളിസികൾ അവതരിപ്പിച്ചു. ഗ്രൂപ്പ് ഇൻഷുറൻസ് പ്രീമിയത്തിലെ മുന്നേറ്റമാണ് മറ്റൊരു ഘടകം. എൽ.ഐ.സി. ടീം അംഗങ്ങളുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളും വിപണി മേധാവിത്വം ഉയർത്താൻ സഹായിക്കുന്നു. ഏജന്റുമാരുടെ എണ്ണം കൂടുന്നുണ്ടോ? :2019 നവംബറിലെ കണക്ക് അനുസരിച്ച് 8.20 ലക്ഷം ഏജന്റുമാരാണ് വിപണിയിൽ സജീവമായുള്ളത്. നടപ്പു സാമ്പത്തിക വർഷം മാത്രം ഒരു ലക്ഷം പുതിയ ഏജന്റുമാരെ റിക്രൂട്ട് ചെയ്തു. ഈ വർഷം മുതൽ പുതിയ ഏജന്റുമാർക്കായി 'ഇംപാക്ട് ട്രെയിനിങ്' എന്ന പേരിൽ പ്രത്യേക പരിശീലന പരിപാടി ഒരുക്കുന്നുണ്ട്. ഇതിനു പുറമെ, നിലവിലുള്ള ഏജന്റുമാർക്കും ഒരു ദിവസത്തെ തീവ്ര പരിശീലനം നൽകിവരുന്നു. ചെറുപ്പക്കാരുടെ ഇടയിൽ വിപണി വിഹിതം ഉയർത്താനാകുന്നുണ്ടോ? 'മില്ലേനിയൽസ്' (1980-നു ശേഷം ജനിച്ചവർ) വിഭാഗത്തിനിടയിൽ ഇൻഷുറൻസിന്റെ പ്രാധാന്യവും അവബോധവും സൃഷ്ടിച്ചാൽ വലിയ സാധ്യതയാണ് തുറന്നുവരിക. നടപ്പു സാമ്പത്തിക വർഷം ഒക്ടോബർ വരെയുള്ള കണക്കെടുത്താൽ ഏതാണ്ട് ഒരു കോടി പോളിസികൾ വിറ്റപ്പോൾ അതിൽ 22 ലക്ഷവും 18-25 വയസ്സിലുള്ളവർക്കാണ്. 25-30 വയസ്സിലുള്ളവർക്ക് 20 ലക്ഷം പോളിസികൾ വിറ്റു. അതായത്, രണ്ടും കൂടി മൊത്തം 42 ശതമാനം. 30-35 വയസ്സുള്ളവരെ കൂടി കണക്കിലെടുത്താൽ മറ്റൊരു 17 ലക്ഷം പോളിസികൾ കൂടി വരും. 2019 ഏപ്രിൽ മുതൽ ഒക്ടോബർ വരെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ മൊത്തം വിറ്റ പോളിസികളെക്കാൾ കൂടുതൽ വരും എൽ.ഐ.സി. ചെറുപ്പക്കാർക്ക് വിറ്റ ഓഹരികൾ. അതായത്, ചെറുപ്പക്കാർക്കും എൽ.ഐ.സി.യിലാണ് വിശ്വാസം എന്നത് വ്യക്തം. അവരെ ആകർഷിക്കാൻ എന്തൊക്കെയാണ് ചെയ്യുന്നത്? ടേം ഇൻഷുറൻസ്, ഹെൽത്ത്, സേവിങ്സ്, ആന്വിറ്റി എന്നിങ്ങനെ ചെറുപ്പക്കാരുടെ എല്ലാ ലക്ഷ്യങ്ങൾക്കും അനുയോജ്യമായ പ്ലാനുകൾ എൽ.ഐ.സി.ക്കുണ്ട്. ഓൺലൈനായി പ്രീമിയം അടയ്ക്കാനുള്ള സൗകര്യം, പോളിസി ലോൺ ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം, വിലാസം മാറ്റാനുള്ള സൗകര്യം എന്നിവയൊക്കെ അവരെ ആകർഷിക്കുന്നു. നാലു പോളിസികൾ ഓൺലൈനിലൂടെ വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഡിജിറ്റൽ ഇടപാടുകൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്കായി ചാറ്റ്ബോട്ട് സൗകര്യവും ലഭ്യമാണ്. സാമ്പത്തിക അന്തരീക്ഷം നല്ല നിലയിലല്ല. മിക്ക വ്യവസായങ്ങളും മോശം നിലയിലും. ഇതിനിടയിലും എൽ.ഐ.സി. ശക്തമായി മുന്നേറുന്നത് എങ്ങനെയാണ്? മാന്ദ്യവേളകളിൽ നിക്ഷേപകർ സുരക്ഷിത മാർഗങ്ങളാണ് സ്വീകരിക്കാറുള്ളത്. ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ കുറയുകയാണ്. മറ്റ് ആസ്തികളുടെ മൂല്യവും കാര്യമായി കൂടുന്നില്ല. ഈ സമയത്ത് എൽ.ഐ.സി. 'സ്വാഭാവിക ചോയ്സ്' ആകും.
from money rss http://bit.ly/2DZh1F5
via IFTTT
from money rss http://bit.ly/2DZh1F5
via IFTTT