കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളെല്ലാം സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന അവസരത്തിലാണ് കോവിഡ് -19 അവിചാരിതമായി രാജ്യത്തേക്ക് കടന്നുവന്നത്. മാർച്ച് 25 ൽ ആരംഭിച്ച അടച്ചുപൂട്ടൽ ഇപ്പോഴും ഇളവുകളോടെ തുടരുകയാണ്. സാമ്പത്തികമായി മെല്ലെപോക്കിലായിരുന്ന കേന്ദ്ര-സംസ്ഥാന സമ്പദ്ഘടനകളെ ഇത് യഥാർത്ഥ സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും റേറ്റിംഗ് ഏജൻസികളുമെല്ലാം പ്രവചിക്കുന്നത് ലോക സമ്പദ് വ്യവസ്ഥയോടൊപ്പം ഇന്ത്യൻ സമ്പദ് ഘടനയും നടപ്പുവർഷം നിഷേധ വളർച്ചയെ കൈവരിക്കുകയുള്ളൂവെന്നാണ്. കോവിഡ് 19 ന്റെ ലോകവ്യാപനവും ഇന്ത്യയിലേക്കുള്ള രംഗപ്രവേശനവും ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെയായിരിക്കും. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന മലയാളികളിൽ നല്ലൊരുഭാഗം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. അതിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിന് പെട്ടെന്ന് കഴിയുമെന്ന് തോന്നുന്നില്ല. വിദേശ മലയാളികൾ ഒരുവർഷം കേരളത്തിലേക്ക് അയക്കുന്നത് ഏതാണ്ട് 1.05 ലക്ഷം കോടിരൂപയാണ്. സംസ്ഥാന സർക്കാരിന്റെ ഒരു വർഷത്തെ തനതു വരുമാനത്തേക്കാൾ വളരെകൂടുതലാണിത്. യഥാർത്ഥത്തിൽ കേരള സമ്പദ്ഘടന താങ്ങി നിർത്തുന്നത് വിദേശമലയാളികളുടെ സാമ്പത്തിക വിഹിതമാണ്. ഇതിൽ നല്ലൊരുഭാഗം നഷ്ടപ്പെടാൻ പോവുകയാണ്. തുടർച്ചയായി രണ്ടുപ്രളയകെടുതികളെ നേരിട്ട സംസ്ഥാനത്തിന് കോവിഡ് 19നെ തുടർന്നുണ്ടായ അടച്ചുപൂട്ടലുകൾ താങ്ങാവുന്നതിനുമപ്പുറമാണ്. ഒത്തുപോകാത്ത വരവുംചെലവും കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വരുമാനവും ചെലവുംതമ്മിൽ പൊരുത്തപ്പെടാത്തതാണ് കേരളം നേരിടുന്ന വെല്ലുവിളി. കേരളം ഭരിച്ചവരെല്ലാം ഈപ്രതിസന്ധിക്ക് തുല്യകാരണക്കാരാണ്. അവരുടെ കെടുകാര്യസ്ഥത സമ്പദ്ഘടയുടെ താളംതെറ്റിച്ചു. കോവിഡ് 19നു മുമ്പുതന്നെ കേരളത്തിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നു. ട്രഷറികൾ ഭാഗികമായേ പ്രവർത്തിച്ചിരുന്നുള്ളൂ. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ധനമന്ത്രി പാടുപെടുകയായിരുന്നു. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 1,44,211.83 കോടി രൂപയും മൊത്തം ചെലവ് 1,44,265.30 കോടിരൂപയുമാണ്. സംസ്ഥാനത്തിന്റെ തനതുവരുമാനം 82007.01 കോടിരൂപയും മൊത്തം റവന്യൂ വരുമാനം 114,635.90 കോടിരൂപയുമാണ്. സംസ്ഥാനത്തിന്റെ റവന്യൂ ചെലവാകട്ടെ 1,29,837.37 കോടി രൂപയും. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ റവന്യൂകമ്മി 15201.47 കോടിരൂപയും ധനക്കമ്മി 29295.39 കോടിരൂപയും പ്രാഥമിക കമ്മി 9445.39 കോടി രൂപയുമാണ്. ഈ കമ്മികൾ യഥാക്രമം സംസ്ഥാന ജി.ഡി.പി.യുടെ 1.55 ശതമാനവും 3 ശതമാനവും 0.97 ശതമാനവും വരും. ധനഉത്തരവാദിത്വ ബജറ്റ് മാനേജ്മെന്റ് നിയമം പാലിക്കാൻ സർക്കാരിന് കഴിയുമെന്ന് തോന്നുന്നില്ല. ശമ്പളവും കടബാധ്യതകളും സംസ്ഥാനത്തിന്റെ പ്രധാന റവന്യൂ ചെലവിനങ്ങൾ ശമ്പളം, പെൻഷൻ, പലിശ എന്നിവയാണ്. ഇതിൽ ശമ്പളത്തിനായി 32931.40 കോടിരൂപയും പെൻഷൻ നൽകുന്നതിനായി 20970.40 കോടിരൂപയും പലിശ നൽകുന്നതിനായി 19850 കോടിരൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ തനതുവരുമാനത്തിന്റെ 65.7 ശതമാനവും മൊത്തം റവന്യൂ വരുമാനത്തിന്റെ 47 ശതമാനവും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും നൽകുന്നതിനാണ്. വരുമാനത്തിന്റെ 24.2 ശതമാനവും മൊത്തം റവന്യൂ ചെലവിന്റെ 15.3 ശതമാനവും പലിശ നൽകുന്നതിനായിരിക്കും ഉപയോഗിക്കുക. മൊത്ത ആഭ്യന്തരോല്പാദനത്തിന്റെ (എസ്.ജി.ഡി.പി.) 5.5 ശതമാനം ശമ്പളവും പെൻഷനും നൽകാൻ ഉപയോഗിക്കുമ്പോൾ സംസ്ഥാന ജി.ഡി.പി.യുടെ രണ്ടു ശതമാനമാണ് പലിശ നൽകുന്നതിനായി വിനിയോഗിക്കുന്നത്. ഒരുരാജ്യത്തിന്റെ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം മൂലധനചെലവിനെ ആശ്രയിച്ചാണിരിക്കുന്നത്. കേരളം മൂലധനച്ചെലവുകൾക്കായി നടപ്പുവർഷം ചെലവഴിക്കാൻ പോകുന്നത് 12913.22 കോടി രൂപയാണ്. ഇത് സംസ്ഥാന ജി.ഡി.പി. യുടെ 1.32 ശതമാനം മാത്രമാണ്. നമ്മുടെ വികസനം വഴിമുട്ടുന്നതിന്റെ കാരണം ഇതിൽനിന്നു വ്യക്തമാണല്ലോ? സംസ്ഥാനത്തിന്റെ പൊതുകടം ഓരോവർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. നടപ്പുസാമ്പത്തികവർഷം അവസാനിക്കുമ്പോൾ മൊത്തം കടം 2,92,086.90 കോടിയായിരിക്കുമെന്നാണ് ബജറ്റ് രേഖകളിൽ കാണുന്നത്. ഇത് സംസ്ഥാന ജി.ഡി.പി.യുടെ 29.86 ശതമാനമായിരിക്കും. നിലവിലെ 3 ശതമാനത്തിൽനിന്ന് 5 ശതമാനം കടമെടുക്കാൻ കേന്ദ്രം കോവിഡ് 19 പാക്കേജുമായി ബന്ധപ്പെട്ട് അനുവദിച്ചത് പൊതുകടം വീണ്ടും ഉയരുന്നതിന് ഇടവരുത്തും. ഇന്നത്തെ സാഹചര്യത്തിൽ കൂടുതലായി 18087 കോടി രൂപ കടമെടുക്കാൻ കഴിയുന്നത് സംസ്ഥാനത്തിന് സഹായകമായിരിക്കും. 2001 ൽ വെറും 25754 കോടി രൂപയായിരുന്ന പൊതുകടമാണ് ഈ വർഷാവസാനം 2,92,087 കോടി രൂപയിലെത്തുന്നത്. 1034 ശതമാനത്തിന്റെ വർധനവാണിത് കാണിക്കുന്നത്. ഏപ്രിൽ മാസത്തെ വരുമാനം നടപ്പുസാമ്പത്തികവർഷം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനമായി ബജറ്റിൽ കാണിച്ചത് 67420 കോടി രൂപയാണ്. ജി.എസ്.ടി. വഴി 32383 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കോവിഡ് 19 മൂലമുണ്ടായ അടച്ചുപൂട്ടൽ നികുതി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് കരുതുന്നത്. വിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ടുള്ള മലയാളികളുടെ തിരിച്ചുവരവ് സാധനങ്ങളുടെയും സേവനങ്ങളുടെയും ചോദനത്തിൽ ഗണ്യമായ ഇടിവുണ്ടാക്കും. സംസ്ഥാനത്തിന്റെ മുഖ്യനികുതി ഉറവിടങ്ങളായ റജിസ്ട്രേഷൻ, എക്സൈസ്, മോട്ടോർ വാഹനം, വില്പന/വാറ്റ് എന്നിവയിൽ മുമ്പില്ലാത്തവിധം കുറവ് പ്രതീക്ഷിക്കാം. 2020 ഏപ്രിൽ മാസത്തെ സ്ഥിതി വളരെപരിതാപകരമാണ്. 2019 ഏപ്രിൽ മാസത്തിൽ ജി.എസ്.ടി. ഉൾപ്പെടെ മുഖ്യനികുതി ഉറവിടങ്ങളിൽ നിന്ന് 2361.86 കോടി രൂപ ലഭിച്ചിരുന്നുവെങ്കിൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ജി.എസ്.ടി. ഉൾപ്പെടെ മുഖ്യനികുതി ഉറവിടങ്ങളിൽ നിന്ന് ലഭിച്ചത് 182.31 കോടി രൂപ മാത്രം. കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമായതിനാൽ അവിടെനിന്ന് കിട്ടാനുള്ള പണവും യഥാസമയം ലഭിക്കണമെന്നില്ല. സംസ്ഥാന ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം അഞ്ചുമാസം മാറ്റിവെക്കുകവഴി സർക്കാരിന് ആറുമാസം കൊണ്ട് 2500 കോടി രൂപയാണ് ലഭിക്കുക. ഇത് തിരിച്ചുനൽകുകയുംവേണം. ഈ വർഷം ആദ്യത്തെ രണ്ടുമാസം കൊണ്ടുതന്നെ പതിനായിരത്തിലധികം രൂപ കടമെടുത്തു കഴിഞ്ഞു. 2018ലെ പ്രളയം 31000 കോടി രൂപയുടെയും 2019ലെ പ്രളയം 12000 കോടി രൂപയുടെയും നഷ്ടമുണ്ടാക്കിയിട്ടുണ്ട്. കോവിഡ് 19 ഉണ്ടാക്കിയ മൊത്തം നഷ്ടം 80,000 കോടി രൂപവരുമെന്നാണ് ഗവൺമെന്റ് നിയോഗിച്ച കമ്മിറ്റിയുടെ വിലയിരുത്തൽ. കോവിഡിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ എന്നിവ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതിന് സർക്കാരിന്റെ സാമ്പത്തിക സഹായം തേടിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പ്രത്യേകിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും ക്രയശേഷി കൂട്ടേണ്ടതുണ്ട്. എന്നാൽ ഇന്നത്തെ ചുറ്റുപാടിൽ ഇതിനൊക്കെ പണം കണ്ടെത്തുക ദുഷ്കരമാണ്. നടപ്പു സാമ്പത്തിക വർഷം ലക്ഷ്യമിട്ട നികുതി-നികുതിയേതര വരുമാനങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അതിനാൽ സംസ്ഥാന ഗവൺമെന്റ് 2020-21ലെ വാർഷിക ബജറ്റ് ഒരു പൊളിച്ചെഴുത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. ലഭിക്കാവുന്ന വിഭവങ്ങൾ കൃത്യമായി തിട്ടപ്പെടുത്തി മുൻഗണനകളിൽ മാറ്റംവരുത്തി അനിവാര്യമല്ലാത്ത മുഴുവൻ ചെലവുകളും ഒഴിവാക്കി സാമ്പത്തിക വളർച്ചയ്ക്കും ജനക്ഷേമത്തിനും ഊന്നൽനൽകുന്ന ഒന്നാക്കി അതിനെ മാറ്റണം.സാമ്പത്തിക വിഷമവൃത്തത്തിൽനിന്ന്കേരളം ശാശ്വതമായി കരകയറണമെങ്കിൽ ഭരണപരവും നയപരവുമായ കയ്പുള്ള നടപടികൾ സ്വീകരിക്കേണ്ടിവരും. അതിന് ഭരണ പ്രതിപക്ഷ ഐക്യം അനിവാര്യമാണ്.
from money rss https://bit.ly/3dEHZC6
via
IFTTT