തോപ്പുംപടി: ട്രോളിങ് നിരോധനത്തെ തുടർന്ന് കേരളത്തിലുണ്ടാകുന്ന മീൻ ക്ഷാമം മുതലെടുക്കാൻ തമിഴ്നാട്ടിൽനിന്ന് വൻതോതിൽ മത്സ്യങ്ങൾ വരുന്നു. തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം, രാമേശ്വരം പ്രദേശങ്ങളിൽനിന്നാണ് കേരളത്തിലേക്ക് മീൻ വണ്ടികൾ വരുന്നത്. ഇക്കുറി കേരളത്തിൽ ചാളയ്ക്ക് വലിയ ക്ഷാമമുണ്ടായെങ്കിലും തമിഴ്നാട്ടിൽ നല്ല രീതിയിൽ ചാള ലഭിക്കുന്നുണ്ട്. തമിഴ്നാട്ടുകാർ ചാള ഭക്ഷ്യാവശ്യത്തിനായി സാധാരണ ഉപയോഗിക്കാറില്ല. ചാളയുടെ പേരുതന്നെ അവർക്ക് 'പേയ്ച്ചാള' എന്നാണ്. വില ഒട്ടുമില്ല. കേരളത്തിൽ ചാളയ്ക്ക് നല്ല ഡിമാൻഡുള്ളതിനാൽ നിരോധനം തുടങ്ങും മുമ്പ് തന്നെ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ചാളയുടെ ഒഴുക്ക് തുടങ്ങിയിരുന്നു. മഴയും ട്രോളിങ് നിരോധനവും ഇക്കുറി കാലവർഷം തുടങ്ങും മുമ്പുതന്നെ കേരളത്തിൽ വലിയ രീതിയിൽ മീൻ ക്ഷാമമുണ്ടായി. നാടൻ ചന്തകളിൽ മീൻവില കുത്തനെ ഉയർന്നു. ഇതിനിടയിലാണ് കാലവർഷവും ട്രോളിങ് നിരോധനവുമൊക്കെ വരുന്നത്. കാലാവസ്ഥ മോശമായതിനാൽ പരമ്പരാഗത വള്ളങ്ങളെയും കടലിൽ വിലക്കി. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ മത്സ്യോത്പാദനം തന്നെ നടന്നിട്ടില്ല. അതെസമയം ചാള കേരള തീരത്തുനിന്ന് പതിയെ തമിഴ്നാടൻ തീരക്കടലിലേക്ക് വഴിമാറിയതായി ശാസ്ത്ര സമൂഹം കണക്കുകൂട്ടുന്നു. കേരളത്തിൽ നേരത്തെ ലഭിച്ചുവന്ന രുചിയുള്ള ചാളയാണ് ഇപ്പോൾ തമിഴ്നാട്ടിൽ ലഭിക്കുന്നത്. ശീതീകരിച്ച വാഹനങ്ങളിൽ കേരളത്തിലെ ഹാർബറുകളിലേക്കാണ് തമിഴ്നാട്ടിൽനിന്നുളള മീൻ എത്തുന്നത്. ഇവിടെയാണ് കച്ചവടം നടക്കുന്നത്. ഹാർബറുകളിൽനിന്ന് കച്ചവടക്കാർ ചെറിയ വാഹനങ്ങളിൽ നാടൻ ചന്തകളിലേക്ക് കൊണ്ടുപോകും. കൊച്ചി, മുനമ്പം, വൈപ്പിൻ മേഖലകളിൽനിന്ന് വൻതോതിൽ മീൻ കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും പോകുന്നുണ്ട്. കൊച്ചി ഹാർബറിൽ മാത്രം ദിവസം മൂന്നു കോടി രൂപയുടെ മീൻകച്ചവടമാണ് നടക്കുന്നത്. ദിവസവും കുറഞ്ഞത് ആയിരം ടൺ മീൻ കൊച്ചിയിൽനിന്ന് കൊണ്ടുപോകുന്നുണ്ട്. ചാള, അയല, കൊഴുവ തുടങ്ങിയ മീനുകൾക്കാണ് നാടൻ ചന്തകളിൽ വലിയ ഡിമാന്റുള്ളത്. എന്നാൽ, ചാളയാണ് തമിഴ്നാട്ടിൽനിന്നു വരുന്നത്. തിലോപിയ, പ്രാഞ്ഞിൽ, കട്ല, കരിമീൻ തുടങ്ങിയ മീനുകൾ വിവിധ സംസ്ഥാനങ്ങളിലെ ഫാമുകളിൽ ഉത്പാദിപ്പിച്ച് കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നാണ് ഇത്തരം മീനുകൾ കൂടുതൽ വരുന്നത്. തൊഴിലാളികൾ തമിഴ്നാട്ടിലേക്ക് ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ, കേരളത്തിൽ പ്രവർത്തിച്ചിരുന്ന ആയിരക്കണക്കിന് ബോട്ട് തൊഴിലാളികൾ തമിഴ്നാട്ടിലേക്ക് പോയി. തമിഴ്നാട്ടിലെ യാനങ്ങളിൽ അവർ ഇനി ജോലി ചെയ്യും. കേരളത്തിൽ ഹാർബറുകൾ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന പതിനായിരങ്ങൾക്ക് ജോലി ഇല്ലാതായിരിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ഇറങ്ങാം. പക്ഷെ, കാലാവസ്ഥ അവിടെയും പ്രശ്നമാണ്. കാലാവസ്ഥയുടെ പേരിൽ വള്ളങ്ങൾക്ക് ഇടയ്ക്കിടെ സർക്കാർ വിലക്ക് ഏർപ്പെടുത്തുന്നതും പ്രതിസന്ധിയായി. വള്ളങ്ങളും ബോട്ടുകളും കടലിൽ നിന്ന് വിട്ടുനിൽക്കേണ്ട സ്ഥിതിയാണ്. കടുത്ത മീൻ ക്ഷാമമാണ് കേരളത്തിലുണ്ടാകാൻ പോകുന്നത്. കേരളത്തിന്റെ പ്രതിശീർഷ മത്സ്യ ഉപഭോഗം ഏതാണ്ട് 30-32 കിലോഗ്രാമാണ്. ഇത്ര വലിയ രീതിയിൽ മത്സ്യം ഉപയോഗിക്കുന്ന മറ്റൊരു സംസ്ഥാനമില്ല.
from money rss http://bit.ly/2KbrceO
via IFTTT
from money rss http://bit.ly/2KbrceO
via IFTTT