ഡാലസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് 2015 നായുള്ള ഡാലസ് മേഖലയിലെ കിക്ക് ഓഫ് ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെട്ടു. പെന്‍സില്‍വാനിയ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ച് ജൂലായ് 15 മുതല്‍ 18 വരെ നടത്തപ്പെടുന്ന ഈ കുടുംബമേളക്ക് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിവരുന്നത്.
വിശുദ്ധ കുര്‍ബാനക്കുശേഷം ഇടവക മെത്രീപ്പൊലീത്താ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ഭദ്രാസനസെക്രട്ടറി മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്‌കോപ്പ കൗണ്‍സില്‍ അംഗങ്ങളായ ഫാ.പോള്‍ തോട്ടക്കാട്ട്, അലക്‌സ് ജോര്‍ജ്, സാജു സ്‌കറിയ എന്നിവര്‍ക്കു പുറമെ ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ.വി.എം. തോമസ്, ഫാ.ഏലിയാസ് എരമത്ത്, ഫാ.പോള്‍ വര്‍ഗീസ്, ഫാ.ബിനു തോമസ്, ഫാ.ഡോ.രഞ്ജന്‍ മാത്യു, ഡോ.അനീഷ് സ്‌കറിയ, ഡോ.ഷെറിന്‍ മത്തായി, ഡോ.എബിന്‍ പുരവത്ത് മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തു.
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നിന്നും കമാണ്ടര്‍ വര്‍ഗീസ് ചാമത്തില്‍ ആന്റ് ഫാമിലി, അല്ക്‌സ് ജോര്‍ജ് ആന്റ് ഫാമിലി, പീറ്റര്‍ സി വര്‍ഗീസ് ആന്റ് ഫാമിലി എന്നിവര്‍ സ്‌പോണ്‍സര്‍മാരായും കൂടാതെ ഇരുപതോളം കുടുംബങ്ങളും തദവസരത്തില്‍ രജിസ്‌ട്രേഷന്‍ ഫോമുകള്‍ അഭിവന്ദ്യ തിരുമേനിക്ക് കൈമാറുകയുണ്ടായി.
വരും ദിവസങ്ങളില്‍ പരമാവധി അംഗങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുടുംബമേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് വികാരി ജോണ്‍ വര്‍ഗീസ് കോര്‍ പ്പെിസ്‌കോപ്പാ ഇടവകാംഗങ്ങളെ ഓര്‍മ്മിപ്പിക്കുകയുണ്ടായി. മാമന്‍ പി ജോണ്‍ സ്വാഗതവും അല്ക്‌സ് ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി.
വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍