121

Powered By Blogger

Tuesday, 29 June 2021

പാഠം 131| നാളെ ജീവിച്ചിരിക്കുമെന്ന് ഉറപ്പുണ്ടോ? നിക്ഷേപവിവരങ്ങൾ സൂക്ഷിച്ചുവെക്കാം

പ്രമുഖ സ്വകാര്യകമ്പനിയിൽ ഉയർന്ന തസ്തികയിൽ ജോലിചെയ്തിരുന്ന ഗോപാൽ മേനോന്റെ മരണം അപ്രതീക്ഷിതമായിരുന്നു. 48വയസ്സുള്ള അദ്ദേഹം ജോലിക്കിടെയാണ് കുഴഞ്ഞുവീണുമരിച്ചത്. താങ്ങാൻ പറ്റാത്ത ആഘാതമായിരുന്നു മരണം കുടുംബത്തിനേൽപ്പിച്ചത്. ഒരുകൂട്ടം രേഖകളുടെ പകർപ്പുകളോടൊപ്പമാണ് മരണവിവരം ഇ-മെയിലായി എത്തിയത്. ഡീമാറ്റ് അക്കൗണ്ട് സ്റ്റേറ്റ്മന്റ്, മ്യൂച്വൽ ഫണ്ടുകളിൽ പലപ്പോഴായി നിക്ഷേപിച്ചതിന്റെ വിവരങ്ങൾ എന്നിവയായിരുന്നു ഭാര്യ ജ്യോതിയുടെ മെയിലിലെ അറ്റാച്ച്മെന്റുകൾ. എന്താണ് ചെയ്യേണ്ടതെന്നറിയില്ല. നഷ്ടമാണോ നേട്ടമാണോ ഈ കടലാസുകളുടെ ഉള്ളടക്കമെന്നും ജ്യോതിക്കറിയില്ല. ബാങ്ക് അക്കൗണ്ട്, എഫ്ഡി എന്നിവയക്കെറിച്ച് ധാരണയുണ്ടായിരുന്നതിനാൽ അവയെല്ലാം നേരത്തെ കൈകാര്യംചെയ്തിരുന്നു. അതിൽനിന്നെല്ലാം 20 ലക്ഷത്തോളം രൂപ ലഭിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെയുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ ബാധ്യതയായി ജ്യോതിക്കുമുന്നിലുണ്ട്. വീട് പണിയുന്നതിനായി എടുത്ത വായ്പയുടെ തിരിച്ചടവും. അലമാരയിൽ സൂക്ഷിച്ചിരുന്ന പല കടലാസുകളും ലക്ഷങ്ങൾ വിലമതിക്കുന്നതാണെന്ന് അവർക്കറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഏറെക്കാലം അതേക്കുറിച്ചൊന്നും അന്വേഷിച്ചതുമില്ല. പിന്നീടെപ്പോഴോ മേശവലിപ്പ് പരിശോധിച്ചപ്പോഴാണ് ഒരു ഡയറിയും കുറെ നിക്ഷേപ സ്റ്റേറ്റുമെന്റുകളും ലഭിച്ചത്. ഓഹരി വിപണിയെക്കുറിച്ചോ, മ്യൂച്വൽ ഫണ്ടിനെക്കുറിച്ചൊ കേട്ടിട്ടുണ്ടെന്നുള്ളതല്ലാതെ വിശദമായ അറിവില്ലായിരുന്നു. അയച്ചുതന്നെ കടലാസുകൾ പരിശോധിക്കാൻ ഏറെ സമയംവേണ്ടിവന്നു. പെന്നി സ്റ്റോക്കുകൾ ഉൾപ്പടെ 40 തിലധികം ഓഹരികളിൽ പലപ്പോഴായി നിക്ഷേപിച്ചതിന്റെ വിവരങ്ങൾ സ്റ്റേറ്റ്മെന്റിൽനിന്ന് ലഭിച്ചു. ഓഹരി ട്രേഡിങ് ബ്രോക്കർ രണ്ടുവർഷംമുമ്പ് അച്ചുകൊടുത്ത സ്റ്റേറ്റുമെന്റായിരുന്നു അത്. ഓഹരികൾ പലപ്പോഴായി വാങ്ങിയിടുന്നതല്ലാതെ വിൽക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ലായിരുന്നു. പത്തിലധികം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപവുമുണ്ട്. ഓഹരികളുടെയും മ്യൂച്വൽ ഫണ്ടുകളിലെയും മൊത്തം നിക്ഷേപ മൂല്യം 65ലക്ഷം രൂപയുണ്ടെന്നറിഞ്ഞപ്പോൾ ജ്യോതിക്ക് വിശ്വസിക്കാനായില്ല. നിക്ഷേപ വിവരങ്ങൾ ഗോപാൽവർമ യഥാസമയം അറിയിച്ചിരുന്നില്ലെങ്കിലും കൃത്യമായി നോമിനിയെ ചേർക്കാൻ മറന്നിരുന്നില്ല. എല്ലാ നിക്ഷേപ പദ്ധതികളിലും ഭാര്യയായിരുന്നു നോമിനി. അതുകൊണ്ടുതന്നെ എളുപ്പത്തിൽ നിക്ഷേപ പദ്ധതികൾ കൈകാര്യംചെയ്യാനായി. ഓഹരിയെക്കുറിച്ചോ മ്യൂച്വൽ ഫണ്ടിനെക്കുറിച്ചോ അറിയാത്തതുകൊണ്ടും മറ്റ് വരുമാനമൊന്നുമില്ലാത്തതുകൊണ്ടും നിക്ഷേപമെല്ലാം പിൻവലിക്കാൻ അവർ തീരുമാനിച്ചു. മൂന്ന് ട്രേഡിങ് അക്കൗണ്ടുകളിലായി ഡീലിസ്റ്റ് ചെയ്തവയും താഴ്ന്നമൂല്യമുള്ളവയുമായ അഞ്ചോളം ഓഹരികളുണ്ടായിരുന്നു. ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് മൊത്തംനിക്ഷേപത്തെ മികച്ചനേട്ടത്തിലെത്തിച്ചത്. 100 ഏഷ്യൻ പെയിന്റ്സിന്റെ ഓഹരിയാണ് പോർട്ട്ഫോളിയോയിലുണ്ടായിരുന്നത്. ശരാശരി വാങ്ങിയവില 850 രൂപയായിരുന്നു. ഇപ്പോൾ 3000 രൂപയ്ക്കടുത്താണ് ഈ ഓഹരികളുടെ വില. ഇൻഫോസിസിൽനിന്നും ഹിന്ദുസ്ഥാൻ യുണിലിവറിൽനിന്നും സമാനമായനേട്ടം ലഭിച്ചു. വർഷങ്ങൾക്കുമുമ്പെ സ്വന്തമാക്കിയ ഈ ഓഹരികളുടെ മൂല്യംകൂടി ചേർന്നപ്പോൾ നേട്ടം 15ശതമാനത്തിലേറെയായിരുന്നു. വിപണി മികച്ച ഉയരത്തിലായതിനാൽ ഓഹരികൾ വിറ്റ് നിക്ഷേപം തിരിച്ചെടുത്തു. ഇതിലൂടെ 22 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. വിവിധ മ്യൂച്വൽ ഫണ്ടുകളിലായി 43 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. ഘട്ടംഘട്ടമായി അതുകൂടി പിൻവലിച്ച് സ്ഥിര നിക്ഷേപമാക്കാനും ഉപദേശംനൽകി. ജ്യോതി നേരിട്ട സാഹചര്യം പലരുടെയും ജീവിതത്തിൽ ആവർത്തിച്ചേക്കാം. പ്രായമാകുമ്പോൾ വേണ്ടപ്പെട്ടവരെ ഇക്കാര്യങ്ങൾ അറിയിക്കാമെന്ന് കരുതിയിരിക്കരുത്. കോവിഡ് ബാധിച്ച് ചെറുപ്പക്കാരുൾപ്പടെ നിരവധിപേരാണ് അപ്രതീക്ഷിതമായി നമ്മുടെ ഇടയിൽനിന്ന് വേർപിരിഞ്ഞ് പോയത്. ലോകംപിടിച്ചടക്കിയെന്ന് ഹുങ്ക് പറയുന്ന ചിലർ അപ്രതീക്ഷിതമായി ഇല്ലാതാകുമ്പോൾ അവരുടെ ഉറ്റവർ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾക്ക് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. 48-ാമത്തെ വയസ്സിൽ ഈലോകത്തോട് വിടപറയേണ്ടിവരുമെന്ന് ജ്യോതിയുടെ ഭർത്താവും ഒരിക്കലും കരുതിയിരിക്കില്ല. അതുകൊണ്ടുതന്നെ റെക്കോഡ് കീപ്പിങ് ഉൾപ്പടെ അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാകട്ടെ ഇത്തവണ. നോമിനിയെ ചേർക്കുക ബാങ്ക് അക്കൗണ്ട്, ലൈഫ് ഇൻഷുറൻസ് പോളിസി, ഓഹരി, മ്യൂച്വൽ ഫണ്ട്, പിപിഎഫ് ഉൾപ്പടെയുള്ള ലഘു സമ്പാദ്യ പദ്ധതികൾ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയിൽ നോമിനിയെ ചേർത്തിട്ടുണ്ടോ. ഇല്ലെങ്കിൽ വൈകിക്കേണ്ട. എപ്പോൾവേണമെങ്കിലും നോമിനിയെ ചേർക്കാനും നോമിനിയെ മാറ്റാനും എളുപ്പത്തിൽ കഴിയും. ഭാര്യ, കുട്ടികൾ, അച്ഛനമ്മമാർ, സഹാദരങ്ങൾ തുടങ്ങി അടുത്ത ബന്ധുക്കളെയാണ് നോമിനിയാക്കേണ്ടത്. ഒന്നിലധികം നോമിനികളെ ചേർക്കുമ്പോൾ നിശ്ചിത ശതമാനം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ തുല്യമായാണ് വീതിക്കുക. ഭാര്യ, മക്കൾ എന്നിങ്ങനെ നമ്മുടെ ഏറ്റവും അടുത്ത വ്യക്തികളെ നോമിനിയാക്കാൻ ശ്രദ്ധിക്കുക. നോമിനിയുടെ മുഴുവൻ പേര്, വയസ്, വിലാസം, ബന്ധം എന്നിവ ഉണ്ടായിരിക്കണം. നോമിനേഷൻ നടത്താതിനെതുടർന്ന് യഥാർഥ അവകാശിയെ കണ്ടെത്താനാകാതെ രാജ്യത്തെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് കോടി രൂപയാണെന്നകാര്യം ഓർക്കുക. നിക്ഷേപം വെളിപ്പെടുത്തുക ബാങ്ക് അക്കൗണ്ട്, ലോക്കർ വിവരങ്ങൾ, ഇൻഷുറൻസ് പോളിസികൾ, മ്യൂച്വൽ ഫണ്ടുകൾ, ഡീമാറ്റ് ട്രേഡിങ് അക്കൗണ്ട്, പിഎഫ് അക്കൗണ്ട് വിവരങ്ങൾ, നികുതി വിവരങ്ങൾ, വായ്പ, ജോലി സംബന്ധമായ രേഖകൾ എന്നിവയെക്കുറിച്ച് ഏറ്റവും അടുപ്പമുള്ളവരെ അറിയിക്കണം. രേഖകൾ സൂക്ഷിക്കാം നിക്ഷേപ വിവരങ്ങൾ ഡയറിയിൽ എഴുതിവെയ്ക്കാം. പാൻ നമ്പർ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, ട്രേഡിങ് അക്കൗണ്ട്, ഡിപി അക്കൗണ്ട് വിവരങ്ങൾ, മ്യൂച്വൽ ഫണ്ട് ഫോളിയോ നമ്പർ, ബാങ്ക് നിക്ഷേപ സർട്ടിഫിക്കറ്റ് വിവരങ്ങൾ എന്നിവ കൃത്യമായി എഴുതി സൂക്ഷിക്കാം. ഈ വിവരങ്ങളുടെ പകർപ്പ് ഗൂഗിൾ ഡ്രൈവിലും അപ്ലോഡ് ചെയ്ത് സൂക്ഷിക്കാം. കാലാകാലങ്ങളിൽ നിക്ഷേപ വിവരങ്ങൾ അപ്ഡേറ്റ്ചെയ്യാനും മറക്കരുത്. നിക്ഷേപ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്ന ഇ-മെയിൽ വിലാസവും പാസ് വേഡും ജീവിത പങ്കാളിയെ അറിയിക്കുകയുമാകാം. ഓഹരി അക്കൗണ്ട് വിവരങ്ങൾ ഉൾക്കൊള്ളുന്നവയാണ് ക്ലെയന്റ് മാസ്റ്റർ ലിസ്റ്റ്. കൈവശമില്ലാത്തവർ ഇ-മെയിലിൽ ആവശ്യപ്പെട്ടാൽ ലഭിക്കും. അതുപോലെ പ്രധാനപ്പെട്ടതാണ് കൺസോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്(CAS).ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന സ്റ്റേറ്റ്മെന്റാണിത്. വർഷത്തിലൊരിക്കലെങ്കിലും ഈ സ്റ്റേറ്റ്മെന്റ് പുതുക്കി സൂക്ഷിക്കാൻ ശ്രമിക്കുക.ഡിജിലോക്കറിന്റെ സാധ്യതയും പ്രയോജനപ്പെടുത്താം. ആസൂത്രണത്തിൽ പങ്കാളിയാക്കുക സാമ്പത്തിക ആസൂത്രണംനടത്തുമ്പോൾ ജീവിത പങ്കാളിയെയും ഒപ്പംകൂട്ടുക. ഭാര്യയും ഭർത്താവും പരസ്പരം അറിഞ്ഞുകൊണ്ട് നിക്ഷേപംനടത്തുന്നതാകും നല്ലത്. രണ്ടുപേരും ചേർന്ന് നിക്ഷേപ പോർട്ട്ഫോളിയോ ഉണ്ടാക്കി ഒറ്റക്കോ ഇരുവരുടെയുംപേരിലോ നിക്ഷേപം നടത്താം. വിൽപത്രം ജീവിതകാലത്ത് ആർജിച്ച സ്വത്തുവകകൾ കാലശേഷം ആരുടെ കൈവശം എത്തിച്ചേരണമെന്ന് രേഖയുണ്ടാക്കിവെക്കണം. കാലശേഷം സ്വത്തുവകകൾ ആർക്കൊക്കെ എത്ര അനുപാതത്തിൽ ലഭിക്കണമെന്ന് വിൽപത്രത്തിൽ വ്യക്തമാക്കാം. എഴുതുന്നയാൾക്ക് എപ്പോൾവേണമെങ്കിലും വിൽപത്രം റദ്ദാക്കാം, പുതുക്കിയെഴുതുകയുമാകാം. വിൽ തയ്യാറാക്കി പരിചയമുള്ളവരുടെ സഹായം ഇതിനായിതേടാം. ഏത് ഭാഷയിൽവേണമെങ്കിലും തയ്യാറാക്കുകയുമാകാം. വിൽപത്രത്തിന് രജിസ്ട്രേഷൻ നിർബന്ധമല്ല. എങ്കിലും രജിസ്റ്റർചെയ്യുന്നതാണ് നല്ലത്. രജിസ്ട്രാറുടെ കൈവശമുള്ളതിനാൽ നശിപ്പിച്ചാലും വീണ്ടെടുക്കാൻ അവസരമുണ്ട്. 21 വയസ്സ് കഴിഞ്ഞാൽ വിൽപത്രം തയ്യാറാക്കുന്നത് നല്ലതാണ്. സ്വത്തിന് അവകാശികളല്ലാത്ത വിശ്വസ്തരായ ആരെയെങ്കിലും സാക്ഷികളാക്കാം. രാജ്യത്ത് നിലവിൽ 4-5ശതമാനംപേർമാത്രമാണ് നിലവിൽ വിൽപത്രംതയ്യാറാക്കിയിട്ടുള്ളത്. അവരിൽ ചുരുക്കംചിലർമാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്റ്റാമ്പ് ഡ്യൂട്ടിയൊന്നുമില്ലാത്തതിനാൽ അത്രചെലവുള്ളകാര്യമല്ല വിൽപത്രം തയ്യാറാക്കൽ. feedbacks to: antonycdavis@gmail.com കുറിപ്പ്: വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ് സാമ്പത്തികാസൂത്രണം. അതിനേക്കാളേറെ ശ്രദ്ധയോടെവേണം നിക്ഷേപ വിവരങ്ങൾ സൂക്ഷിക്കാൻ. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഉപദേശംകേട്ട് അനുയോജ്യമല്ലാത്ത പദ്ധതികളിൽ നിക്ഷേപംനടത്തരുത്. സാമ്പത്തിക ലക്ഷ്യങ്ങൾക്കുവേണ്ടി യോജിച്ച പോർട്ട്ഫോളിയോ ഉണ്ടാക്കുക. അതിൽ ഉറച്ചുനിൽക്കുക. അടുക്കുംചിട്ടയും നിക്ഷേപത്തിന്റെകാര്യത്തിലും ഉണ്ടാകണം. വിൽപത്രം തയ്യാറാക്കി സൂക്ഷിക്കുകയുംവേണം.

from money rss https://bit.ly/2TdBx00
via IFTTT

ഒരുമാസത്തിനിടെ 2000 രൂപയുടെ ഇടിവ്‌: സ്വർണ വില പവന് 35,000 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 35,000 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ ബുധനാഴ്ച 200 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന്റെ വില 4375 രൂപയായി. ഇതോടെ ഒരുമാസത്തിനിടെ രണ്ടായിരം രൂപയോളമാണ് ഇടിവുണ്ടായത്. നാലുവർഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ പ്രതിമാസ ഇടിവാണ് ആഗോള വിപണിയിൽ സ്വർണംനേരിട്ടത്. ഒരു ട്രോയ് ഔൺസിന്റെ വില 1,763.63 ഡോളറായാണ് കുറഞ്ഞത്. ഈ മാസംമാത്രം 7.5ശതമാനം തകർച്ച. ഭാവിയിൽ പലിശ വർധന വേണ്ടിവന്നേക്കുമെന്ന് യുഎസ് ഫെഡ് റിസർവിന്റെ അറിയിപ്പാണ് സ്വർണവിപണിയെ പിടിച്ചുലച്ചത്. ഡോളർ നേട്ടമുണ്ടാക്കുകയുംചെയ്തോടെ സ്വർണവിലയെ ബാധിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ മൂന്നുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് വില. പത്ത് ഗ്രാമിന് 46,518 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3qyOptA
via IFTTT

സെൻസെക്‌സിൽ 212 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,800ന് മുകളിൽ

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,800ന് മുകളിലെത്തി. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് രാജ്യത്തും പ്രതിഫലിച്ചത്. സെൻസെക്സ് 212 പോയന്റ് നേട്ടത്തിൽ 52,762ലും നിഫ്റ്റി 61 പോയന്റ് ഉയർന്ന് 15,810ലുമാണ് വ്യാപാരം ആരംഭിച്ചത്. മാരുതി, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി റിയാൽറ്റി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ്. സ്പൈസ് ജെറ്റ്, വോഡാഫോൺ ഐഡിയ, ഡിഷ് ടിവി തുടങ്ങി 900ലേറെ കമ്പനികളാണ് ബുധനാഴ്ച പാദഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2SEfI9u
via IFTTT

കോവിഡ് വർഷത്തിൽ രാജ്യത്തെ ബാങ്കുകൾക്ക് റെക്കോഡ് ലാഭം

മുംബൈ: കോവിഡ് മഹാമാരിക്കിടെ കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോഡ് ലാഭം സ്വന്തമാക്കി രാജ്യത്തെ ബാങ്കുകൾ. 2020-'21 സാമ്പത്തിക വർഷം സ്വകാര്യമേഖലയിലെയും പൊതുമേഖലയിലെയും ബാങ്കുകളുടെ ആകെ വാർഷിക ലാഭം 1,02,252 കോടി രൂപയാണ്. 2019-'20 സാമ്പത്തിക വർഷത്തിൽ 5000 കോടി രൂപയുടെ നഷ്ടം നേരിട്ട സ്ഥാനത്താണിത്. ആകെ ലാഭത്തിൽ പകുതിയും എച്ച്.ഡി.എഫ്.സി., സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടേതാണ്. എച്ച്.ഡി.എഫ്.സി. ബാങ്ക് 31,116 കോടി രൂപയുടെ ലാഭവുമായി 30 ശതമാനം വിഹിതം സ്വന്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.ക്ക് 20,410 കോടി രൂപയാണ് ലാഭം. മൂന്നാമതുള്ള ഐ.സി.ഐ.സി.ഐ. ബാങ്കിന് 16,192 കോടി രൂപയും. വിപണി വിഹിതത്തിൽ സ്വകാര്യ ബാങ്കുകൾ ഇത്തവണ ഏറെ മുന്നേറിയെന്നതും പ്രത്യേകതയാണ്. ലയനം നടപ്പാക്കിയശേഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27-ൽനിന്ന് 12 ആയി ചുരുങ്ങിയിട്ടുണ്ട്. ഇതിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കും മാത്രമാണ് ഇത്തവണ നഷ്ടം നേരിട്ടത്. 12 ബാങ്കുകളുടെയും അറ്റലാഭം 31,817 കോടി രൂപയാണ്. 2019-'20 സാമ്പത്തിക വർഷം 26,015 കോടി രൂപയുടെ സഞ്ചിത നഷ്ടം നേരിട്ട സ്ഥാനത്താണിത്. അഞ്ചു വർഷത്തിനുശേഷമാണ് പൊതുമേഖലാ ബാങ്കുകൾ ഒരു സാമ്പത്തികവർഷം അറ്റലാഭം രേഖപ്പെടുത്തുന്നത്. സ്വകാര്യ ബാങ്കുകളിൽ ഇത്തവണ നഷ്ടം രേഖപ്പെടുത്തിയത് യെസ് ബാങ്ക് മാത്രമാണ്, 3462 കോടി രൂപ. പ്രൊവിഷനിങ്ങിന് കൂടുതൽ പണം നീക്കിവെച്ചതാണ് ഇതിനു കാരണം. 2019-'20 സാമ്പത്തിക വർഷം പ്രൊവിഷനിങ്ങിന് കൂടുതൽ തുക മാറ്റിവെച്ചതാണ് പൊതുമേഖലാ ബാങ്കുകൾ നഷ്ടത്തിലാകാൻ കാരണമായത്. നാലുലക്ഷം കോടി രൂപ വരുന്ന 52 വലിയ വായ്പാ അക്കൗണ്ടുകൾ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചത് അന്ന് തിരിച്ചടിയായി. 2020 മാർച്ചിൽ ഇതിന്റെ പ്രൊവിഷനിങ് പൂർത്തിയായി. നേരത്തേ എഴുതിത്തള്ളിയ വായ്പകളിൽ ചിലത് പാപ്പരത്ത നടപടിയിലൂടെയും മറ്റും തിരികെ അക്കൗണ്ടിൽ വന്നതും ഇത്തവണ ലാഭം ഉയരാൻ സഹായിച്ചു. സർക്കാർ കടപ്പത്രങ്ങളുടെ വിൽപ്പനയാണ് മികച്ച ലാഭത്തിനുള്ള മറ്റൊരു കാരണം. ഇത്തവണ പലിശയിനത്തിലുള്ള വരുമാനം കുറഞ്ഞെങ്കിലും സർക്കാർ കടപ്പത്രങ്ങളുടെ മൂല്യമുയർന്നത് ബാങ്കുകൾക്ക് തുണയായി. പൊതുമേഖലാ ബാങ്കുകളുടെ ആകെ ലാഭത്തിന്റെ മൂന്നിൽ രണ്ടും ഇത്തരത്തിലുള്ളതാണ്.

from money rss https://bit.ly/2SBU59P
via IFTTT

ലാഭമെടുപ്പ് തുടർന്നു: നിഫ്റ്റി 15,750ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ധനകാര്യം, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലുണ്ടായ സമ്മർദം സൂചികകളുടെ കരുത്തുചോർത്തി. തുടർച്ചയായി രണ്ടാംദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,750ന് താഴെയെത്തി. സെൻസെക്സ് 185.93 പോയന്റ് നഷ്ടത്തിൽ 52,549.66ലും നിഫ്റ്റി 66.20 പോയന്റ് താഴ്ന്ന് 15,748.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റേറ്റിങ് ഏജൻസികൾ രാജ്യത്തെ വളർച്ചാ അനുമാനംകുറച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ച 11ൽനിന്ന് 9.5ശതമാനമായാണ് എസ്ആൻഡ്പി കുറച്ചത്. ഐഒസി, ഒഎൻജിസി, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. പവർഗ്രിഡ് കോർപ്, സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. എഫ്എംസിജി, ഫാർമ സെക്ടറുകളൊഴികെയുള്ളവ നഷ്ടത്തിലായിരുന്നു. നിഫ്റ്റി ബാങ്ക്, മെറ്റൽ, ഓട്ടോ, പൊതുമേഖല ബാങ്ക് സുചികകൾ ഒരുശതമാനംവീതം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയും 0.4ശതമാനവും താഴ്ന്നു.

from money rss https://bit.ly/2UTixEx
via IFTTT

കേരളത്തിലെ പ്രവാസി നിക്ഷേപത്തിൽ 14ശതമാനം വർധന: നിക്ഷേപം 2.27ലക്ഷംകോടിയായി

കോവിഡ് വ്യാപനത്തെതുടർന്ന് നിരവധിപേർക്ക് തൊഴിൽ നഷ്ടമായിട്ടും സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ റെക്കോഡ് വർധന. 2020ൽ 2.27 ലക്ഷം കോടി രൂപയുടെ എൻആർഐ നിക്ഷേപമാണ് ബാങ്കുകളിലെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 14ശതമാനമാണ് വർധന. ഗൾഫിലും മറ്റുംതൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം 12 ലക്ഷമാണെന്ന കണക്കുകൾക്കിടെയാണ് നിക്ഷേപത്തിൽ ഇത്രയും വർധനയുണ്ടായത്. സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ കണക്കുപ്രകാരം 2020 ഡിസംബർ അവസാനംവരെയുള്ള എൻആർഐ നിക്ഷേപം 2,27,430 കോടി രൂപയാണ്. 2020 സെപ്റ്റംബറിലെ കണക്ക് പ്രകാരം 2,22,029 ലക്ഷംകോടിയായിരുന്നു. അതിനുശേഷം നിക്ഷേപത്തിലുണ്ടായ വർധന രണ്ടുശതമാനംമാത്രമാണ്. 2019ൽ ഇത് 1,99,781 കോടി രൂപയായിരുന്നു. സംസ്ഥാനത്തെ ബാങ്ക് ശാഖകളിൽ പ്രവാസി മലയാളികൾ നടത്തിയിട്ടുള്ള വിദേശ കറൻസി നിക്ഷേപത്തിന്റെ കണക്കാണിത്. ഗൾഫ് രാജ്യങ്ങളിൽ മൊത്തം 40 ലക്ഷം മലയാളികളാണുള്ളത്. സംസ്ഥാനത്തിന്റെ മൊത്തംവരുമാനത്തിൽ 30ശതമാനവും ഇവരുടെ സംഭാവനയാണ്. കോവിഡിനെതുടർന്ന് 12 ലക്ഷം പേരാണ് തിരിച്ചെത്തിയത്. ജോലി നഷ്ടപ്പെട്ടവരിലേറെയും അവിദഗ്ധ തൊഴിലാളികളാണെന്നും വേൾഡ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/3w5GHsf
via IFTTT

18% വളർച്ച കൈവരിച്ച് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്

കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തുറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് 18 ശതമാനം വളർച്ച രേഖപ്പെടുത്തി. നികുതിക്കു മുമ്പുള്ള ലാഭത്തിൽ 65 ശതമാനവും പലിശ വരുമാനത്തിൽ 17.50 ശതമാനവും വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. നവീകരണം കൊണ്ടുവരാനായതിനാലാണ് കോവിഡ് മഹാമാരിയെയും അതിജീവിച്ച് ലാഭം നേടാൻ മുത്തൂറ്റ് മിനിക്കായത്. 2020-21 സാമ്പത്തിക വർഷത്തിൽ അസറ്റ് അണ്ടർ മാനേജ്മെന്റ് (എയുഎം) 18 ശതമാനം നിരക്കിൽ വളർച്ച കൈവരിക്കാനായി. ഉപഭോക്താക്കളുമായി നല്ലബന്ധം സ്ഥാപിച്ച് നൂതന പദ്ധതികൾ അവിഷ്കരിച്ച് നടപ്പാക്കിയതും, മൊറട്ടോറിയം ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾസ്വീകരിച്ചതും കോവിഡ് കാലത്ത് ഉപഭോക്താക്കളെ പിടിച്ചുനിറുത്താൻ സഹായിച്ചതായി മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. നോൺകൺവേർട്ടിബിൾ ഡിബഞ്ചറിലൂടെ (എൻസിഡി) 700 കോടി രൂപ സമാഹരിക്കാനായി. ഈ കാലയളവിൽ നാല് പൊതുമേഖല ബാങ്കുകളുമായി ബിസിനസ്സ് ബന്ധം സ്ഥാപിക്കുകയും 23 ശാഖകളും 5 സോണൽ ഓഫീസുകളും ആരംഭിക്കുകയും ചെയ്തു. ഡിജിറ്റൽ നവീകരണം പൂർത്തിയാക്കി 75 ശതമാനത്തിന്റെ അധിക വളർച്ച കൈവരിക്കുകയാണ് അടുത്ത സാമ്പത്തിക വർഷത്തെ ലക്ഷ്യം. 100 പുതിയ ശാഖകളും ആരംഭിക്കും. ഓരോ ശാഖയുടെയും ശരാശരി ബിസിനസ്സ് രണ്ടരകോടിയെന്നത് 4 കോടിയായി ഉയർത്താനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

from money rss https://bit.ly/2TgwHPq
via IFTTT