കോവിഡിനത്തുടർന്നുള്ള വിറ്റഴിക്കൽ കാരണമുണ്ടായ നഷ്ടങ്ങളിൽനിന്ന് എല്ലാ വ്യാവസായിക ലോഹങ്ങളും ഈയിടെ പൂർണമായും മോചനംനേടി. ഡിമാന്റ് വർധിപ്പിക്കുന്നതിന് ഏറ്റവും വലിയ ഉപഭോക്തൃരാഷ്ട്രങ്ങൾ നടത്തിയ സമയോചിതമായ നടപടികളാണ് ലോഹവിലകൾ ഭദ്രമാക്കിയത്. ഇതിനുപുറമേ കോവിഡ് വാക്സിന്റെ കാര്യത്തിലുള്ള ശുഭ പ്രതീക്ഷയും ഓഹരി വിപണിയിലെ നേട്ടങ്ങളും അമേരിക്കൻ ഡോളറിന്റെ ദുർബലാവസ്ഥയും വ്യാവസായികാടിസ്ഥാനത്തിലുള്ള എല്ലാ ഉൽപന്നങ്ങളുടേയും ലാഭത്തിന് പ്രചോദനമായിട്ടുണ്ട്. മഹാമാരിയെത്തുടർന്നുണ്ടായ അടച്ചിടലും ഇതുകാരണം സാമ്പത്തിക പ്രവർത്തനങ്ങളിലുണ്ടായ മാന്ദ്യവും 2020ന്റെ ആദ്യ പാദത്തിലുടനീളം അടിസ്ഥാന ലോഹഓഹരികൾ ഗണ്യമായി താഴോട്ടുപോകാനിടയാക്കി. എന്നാൽ ഈയിടെ അവയിലേറെയും മഹാമാരിക്കുമുമ്പത്തെ അവസ്ഥയിൽ തിരിച്ചെത്തുകയും ചെയ്തു. പ്രധാന അളവുകോലായ ലണ്ടൻ മെറ്റൽ എക്സ്ചേഞ്ച് സൂചികയനുസരിച്ച് ഈവർഷം ഇതുവരെ 10 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ ചെമ്പ്, നിക്കൽ, സിങ്ക് എന്നീ ലോഹങ്ങളായിരുന്നു പ്രകടനത്തിന്റെ മുന്നിൽ. ഈയം, അലുമിനിയം വിലകളും 2020 ജനുവരിയിലെ വില നിലവാരത്തിൽ തിരിച്ചെത്തി. അഭ്യന്തര വിപണിയിൽ ചെമ്പും സിങ്കുമാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. മാർച്ചിലെ താഴ്ചയിൽനിന്ന് ഇവ ഓഗസ്റ്റിൽ 60 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഈവീണ്ടെടുപ്പു കാലത്ത് വിവിധോദ്ദേശ ഉൽപന്ന വിപണിയിൽ (MCX) ചെമ്പ് സർവകാല ഉയരങ്ങളിലെത്തിച്ചേർന്നു. യഥാക്രമം 40, 30 ശതമാനം വീതം നേട്ടമുണ്ടാക്കിയ നിക്കലും ഈയവുമാണ് തൊട്ടുപിന്നിൽ. മാർച്ചിലെ താഴ്ചയിൽ നിന്ന് 15 ശതമാനം മാത്രം നേട്ടമുണ്ടാക്കാൻ സാധിച്ച അലുമിനിയമാണ് ലാഭത്തിൽ പിന്നിൽ. വാഹന മേഖലയിൽ നിന്നുള്ള ആവശ്യകത കുറഞ്ഞതും വൻതോതിൽ ഉണ്ടായ അത്യുൽപാദനവുമാണ് പ്രധാന കാരണങ്ങൾ. ചൈനീസ് ഡിമാന്റിൽ തിരിച്ചുവരവുണ്ടായതുകാരണം 2020 മാർച്ച് അവസാനംതന്നെ വിലകളുടെ വീണ്ടെടുപ്പു തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതര വൻസാമ്പത്തിക ശക്തികളായ യുഎസ്, ജപ്പാൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ഇടപെടലും വ്യാവസായിക ലോഹങ്ങളുടെ കുതിപ്പിനു രാസത്വരകമായി. ആഗോള തലത്തിൽ കേന്ദ്രബാങ്കുകൾ നയനിലപാടുകളിൽ വരുത്തിയ ഇളവുകളുംകൊണ്ടുവന്ന ധനപരമായ ഉത്തേജന നടപടികളും വ്യാവസായിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുയും ഇക്കാരണത്താൽ ലോഹങ്ങളുടെ ആവശ്യം വർധിക്കുകയും ചെയ്തു. വ്യാവസായിക പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് മാർച്ച് പകുതിയോടെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന 80 ബില്യൺ ഡോളറിന്റെ ധനപരമായ ആശ്വാസനടപടികളും 559 ബില്യൺ ഡോളറിന്റെ വില കുറയ്ക്കൽ നടപടികളും പ്രഖ്യാപിക്കുകയുണ്ടായി. സമാനമായി യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് പൂജ്യത്തിനടുത്തേക്കു എത്തിക്കുകയും സാമ്പത്തിക വീണ്ടെടുപ്പിനായി 2 ട്രില്യൺ ഡോളറിന്റെ ഉത്തേജക പാക്കേജ് യുഎസ് കോൺഗ്രസ് പാസാക്കുകയും ചെയ്തു. യൂറോപ്യൻ കേന്ദ്ര ബാങ്കുകൾ മൊത്തം 1.6 ട്രില്യൺ ഡോളറിന്റെ അടിയന്തിര പർചേയ്സ് പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവുംവലിയ ലോഹ ഉപഭോക്താക്കളായ ചൈന, ഫാക്ടറികൾ തുറന്നതിനെത്തുടർന്ന് ഡിമാന്റ് വർധിച്ചതും വിലകളുടെ വീണ്ടെടുപ്പിനെ വലിയതോതിൽ സഹായിച്ചു. ആദ്യ പാദത്തിൽ ചൈനയിലെ വ്യവസായ വികസനം പ്രതികൂലവളർച്ച രേഖപ്പെടുത്തിയെങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെടുകയും നിർമ്മാണങ്ങൾ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഓഗസ്റ്റിൽ തുടർച്ചയായി ആറാംമാസവും വർധിക്കുകയും ചെയ്തു. തുടർച്ചയായ അടച്ചിടലുകൾ കാരണം ഖനികളും ഉരുക്കു ശാലകളും തുറക്കാൻ കഴിയാതെവന്നപ്പോൾ ചെമ്പുപോലെയുള്ള ലോഹങ്ങൾക്ക് വൻതോതിൽ വിതരണ പ്രതിസന്ധിയുണ്ടായി. ചൈനീസ് ഉരുക്കിന്റെ ഡിമാന്റിനെത്തുടർന്ന് സിങ്ക്, നിക്കൽ എന്നവയ്ക്ക് കാര്യമായ നേട്ടമുണ്ടായി. ഫിലിപ്പൈൻസ്, കാനഡ, ഇന്തൊനേഷ്യ എന്നീ പ്രധാന കേന്ദ്രങ്ങളിൽനിന്നുള്ള നിക്കലിന്റെ വരവുകുറഞ്ഞതും വിലയെതാങ്ങി നിർത്താൻ സഹായകമായി. ചൈനയിൽ ആസിഡ് ബാറ്ററികൾക്ക് ആവശ്യം വർധിച്ചത് വിലയിൽ നേട്ടമുണ്ടാക്കാൻ ഏറെസഹായിച്ചു. കൊറോണ കാരണമുണ്ടായ പ്രതിസന്ധിയിൽനിന്ന് വ്യാവസായിക ലോഹങ്ങൾ മോചനം നേടിയതായാണ് വിലകളുടെ സമകാലികപ്രകടനം സൂചിപ്പിക്കുന്നത്. ഡിമാന്റ്-സപ്ളൈ ബല തന്ത്രത്തിലാവും വ്യാപാരികളുടെ പ്രധാന നോട്ടം എന്നതിനാൽ ഈ ഗതിവേഗം നിലനിർത്തുക ശ്രമകരമാണ്. അടിസ്ഥാന ലോഹങ്ങളുടെ വിപണികൾ പലതിലും ആവശ്യത്തിലേറെ സാധനങ്ങൾ കെട്ടിക്കിടക്കുകയാണ്. മൊത്തത്തിലുള്ള ഡിമാന്റാകട്ടെ മഹാമാരിയുടെ മുമ്പത്തെ കാലത്തേതിനേക്കാൾ കുറവും. യുഎസും ചൈനയും തമ്മിലുള്ള സംഘർഷത്തിൽ അയവുവരാത്തതും അമേരിക്കൻ ഡോളറിന്റെ പ്രകടനവും ആശങ്കയ്ക്കു കാരണമാണ്. മുന്തിയ ഉപഭോക്തൃ രാജ്യങ്ങളായ ചൈന, യുഎസ് എന്നിവിടങ്ങളിലും യൂറോപ്യൻ മേഖലയിലും വ്യവസായ വളർച്ച സുസ്ഥിരമായിത്തീരുന്നതിലൂടെ മാത്രമേ വീണ്ടെടുപ്പിന്റെ അടുത്ത ഘട്ടം സാധ്യമകൂ എന്നുപറയാം. (ജിയോജിത് ഫിനാൻഷ്യൽസർവീസസിലെ ഉൽപന്ന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)
from money rss https://bit.ly/3kXqz6H
via IFTTT
from money rss https://bit.ly/3kXqz6H
via IFTTT