ഒരു ഇടവേളയ്ക്കുശേഷം ജോർജ് തോമസ് ബാങ്ക് നിക്ഷേപത്തിൽനിന്നുള്ള ആദായം പരിശോധിച്ചു. പണപ്പെരുപ്പ നിരക്കുകൂടി കിഴിച്ചപ്പോൾ നിക്ഷേപത്തിൽനിന്നുള്ള ആദായം മൈനസ് രണ്ടുശതമാനത്തിലേറെ! പൊതു വിഭാഗത്തിന് എസ്ബിഐ നൽകുന്ന ഒരുവർഷത്തെ പലിശ 5.4ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.20ശതമാനവുമാണ്. ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള സെപ്റ്റംബറിലെ പണപ്പെരുപ്പനിരക്ക് 7.34ശതമാനമായി ഉയർന്നിരിക്കുന്നു. നിക്ഷേപത്തിൽനിന്ന് നേട്ടമില്ലെന്നുമാത്രമല്ല, രണ്ടുശതമാനത്തോളം നഷ്ടവുമാണ്. പലിശയിൽനിന്നുള്ള ആദായനികുതികൂടി കുറച്ചാൽ ബാക്കിയെന്തെങ്കിലും കിട്ടിയാലായി. ഈ സാഹചര്യത്തിലാണ് നിക്ഷേപവും പണപ്പെരുപ്പവും വീണ്ടും ചർച്ചയാകുന്നത്. പണപ്പെരുപ്പം ഇതേരീതിയിൽ വീണ്ടും ഉയരുകയാണെങ്കിൽ ബാങ്ക് നിക്ഷേപത്തിൽനിന്നുള്ള ആദായത്തിൽ വൻനഷ്ടമാകും നിക്ഷേപകനുണ്ടാകുക. ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉയർന്നവിലയാണ് കുറച്ചുമാസങ്ങളായി പണപ്പെരുപ്പത്തെ റോക്കറ്റ് പരുവത്തിലാക്കിയത്. ഗാർഹിക ചെലവുകളിൽ ഇത് കാര്യമായി പ്രതിഫലിക്കുകയുംചയ്തു. കുറയുന്ന പലിശയും ഉയരുന്ന പണപ്പെരുപ്പവുമുള്ള നിലവിലെ സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നിക്ഷേപത്തിൽനിന്ന് പണപ്പെരുപ്പത്തെ നേരിടാനുതകുന്ന ആദായം ലഭിക്കുന്നില്ലെങ്കിൽ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ബുദ്ധിമുട്ടാകും. അതുകൊണ്ട് പരമാവധി ചെലവുകുറച്ച് സമ്പാദ്യം വർധിപ്പിക്കാനുള്ള വഴിതേടേണ്ടിയിരിക്കുന്നു. മികച്ച പോർട്ട്ഫോളിയോ തയ്യാറാക്കി നിക്ഷേപം പുനഃക്രമീകരിക്കുകയാണ് അതിന് ചെയ്യേണ്ടത്. ഉയർന്ന പലിശയുള്ള വായ്പ അവസാനിപ്പിക്കുക ഉയർന്ന പലിശ നൽകുന്ന വായ്പകൾ എത്രയുംവേഗം അവസാനിപ്പിക്കാൻ ശ്രമിക്കണം. അതായത് ബാങ്കിൽ നിക്ഷേപിച്ച് തുച്ഛമായ വരുമാനം നേടുന്നതിനുപകരം ഉയർന്ന പലിശ നൽകുന്ന വ്യക്തിഗത വായ്പ, ക്രഡിറ്റ് കാർഡ് വായ്പ എന്നിവ വേഗം അവസാനിപ്പിക്കണം. താരതമ്യേന കുറഞ്ഞ പലിശയുള്ള ഭവന-വാഹന വായ്പപോലുള്ളവ നിലനിർത്തുന്നതിൽ തെറ്റില്ല. ഉയർന്ന ആദായം അപകടംവളിച്ചുവരുത്തും അപകടസാധ്യതകളെക്കുറിച്ച് ചിന്തിക്കാതെ ഉയർന്ന പലിശ നൽകുന്ന പദ്ധതികളിൽ നിക്ഷേപിക്കാനുള്ള പ്രലോഭനത്തെ ഈഘട്ടത്തിൽ അതിജീവിച്ചേ മതിയാകൂ. അഞ്ചു ലക്ഷം രൂപവരെ നിക്ഷേപത്തിന് പരിരക്ഷ ലഭിക്കുമെങ്കിലും ബാങ്ക് തകർന്നാൽ ആതുക ലഭിക്കാൻ ഏറെക്കാലം കാത്തിരിക്കേണ്ടിവരുമെന്നകാര്യം മറക്കരുത്. അതുകൊണ്ടുതന്നെ ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിലും മികച്ച അടിസ്ഥാനമുള്ള ബാങ്കുകളിൽമാത്രം നിക്ഷേപംനടത്തുക. താഴ്ന്ന റേറ്റിങ് ഉള്ള, ഉദാഹരണത്തിന് എഎ പ്ലസിന് താഴെയുള്ള കപ്പത്രങ്ങളിലെ നിക്ഷേപത്തിൽനിന്ന് വിട്ടുനിൽക്കുക. ഇത്തരം കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളിലും പണംമുടക്കേണ്ട. അനുഭവപരിചയമില്ലാത്തവർ ഓഹരി വിപണിയിലേയ്ക്കിറങ്ങുകയുംവേണ്ട. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള എൻഡോവ്മെന്റ്-മണിബായ്ക്ക് പോലുള്ള പോളിസികളിലും പണംമുടക്കരുത്. ഇത്തരം പദ്ധതികളിൽനിന്നുള്ള ആദായം നാലു മുതൽ ആറുശതമാനംവരെയാണ്. മെച്യൂരിറ്റി മൂല്യവും മൊത്തമുള്ള ആദായവും പെരുപ്പിച്ചാകാണിച്ചായിരിക്കും ഇത്തരം പോളിസികൾ പലപ്പോഴും വിപണനം ചെയ്യുന്നത്. ഇതിൽനിന്ന് യഥാർഥ ആദായം കണക്കുകൂട്ടിയെടുക്കാൻ നിക്ഷേകന് എളുപ്പത്തിൽ കഴിയില്ല. എവിടെ നിക്ഷേപിക്കും? പണപ്പെരുപ്പത്തിൽനിന്ന് സംരക്ഷണം നൽകാൻ ഒരുപരിധിവരെ സ്വർണ നിക്ഷേപത്തിന് കഴിവുണ്ട്. എന്നാൽ മൊത്തം ആസ്തിയിയുടെ 10-15 ശതമാനത്തിൽകൂടുതൽ സ്വർണത്തിൽ മുടക്കേണ്ട. ഗോൾഡ് ഇടിഎഫ്, ഗോൾഡ് ബോണ്ട് എന്നിവ സ്വർണനിക്ഷേപത്തിനായി പരിഗണിക്കാം. വില ഉയർന്നുനിൽക്കുമ്പോൽ വിട്ടുനിൽക്കുക. തിരുത്തലുണ്ടാകുമ്പോൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. ദീർഘകാലയളവിൽ പണപ്പെരുപ്പത്തെ അതിജീവിക്കാനുള്ള നേട്ടംനൽകാൻ സന്തുലിതമായ നിക്ഷേപ പോർട്ട്ഫോളിയോയ്ക്കുകഴിയും. ആദ്യം സാമ്പത്തിക ലക്ഷ്യങ്ങൾ നിർവചിക്കാം. ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള കാലവധിയും റിസ്ക് പ്രോഫൈലും പരിഗണിച്ച് ഓഹരി അധിഷ്ഠിത പദ്ധതികൾ, കടപ്പത്രങ്ങളിൽ നിക്ഷേപക്കുന്ന ഡെറ്റ് ഫണ്ടുകൾ, സ്വർണം എന്നിവ നിക്ഷേപത്തിനായി പരിഗണിക്കാം. സ്ഥിര നിക്ഷേപ പദ്ധതികളിൽ താൽപര്യമുള്ളവർ ഉയർന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കുക. ദീർഘകാല മൂലധനേട്ടനികുതിയുടെ ആനുകൂല്യം അതിലൂടെ സ്വന്തമാക്കാം. മൂന്നുവർഷക്കാലയളവിൽകൂടുതൽ നിക്ഷേപം കൈവശംവെച്ചാൽ പണപ്പെരുപ്പനിരക്ക്(ഇൻഡക്സേഷൻ)കിഴിച്ചുള്ള തുകയ്ക്ക് 20ശതമാനം നികുതി നൽകിയാൽമതിയാകും. ബാങ്ക് നിക്ഷേപത്തിന് ആദായനികുതി സ്ലാബ് അനുസരിച്ചാണ് നികുതി ബാധ്യതവരിക. അതുകൊണ്ടുതന്നെ ഉയർന്ന് സ്ലാബിലുള്ളവർക്ക് പ്രത്യേകിച്ചും ഡെറ്റ് ഫണ്ടിലെ നിക്ഷേപം ഗുണകരമാകും. feedbacks to: antonycdavis@gmail.com നിക്ഷേപതന്ത്രം: രണ്ടുവർഷത്തിനുള്ളിൽ ആവശ്യമുള്ളതുക ഏറ്റവും റിസ്ക് കുറഞ്ഞ നിക്ഷേപ പദ്ധതികളിൽ ഇടുക. രണ്ടുവർഷം മുതൽ അഞ്ചുവർഷംവരെകാലാവധിയിൽ ആവശ്യമുള്ളതുക ഹ്രസ്വകാല ഡെറ്റ്, ബാങ്കിങ് ആൻഡ് പിഎസ് യു ഫണ്ടുകളിൽ നിക്ഷേപിക്കുക. അഞ്ചുവർഷക്കാലയളവിന് മുകളിലെ സാമ്പത്തിക ലക്ഷ്യമാണെങ്കിൽ ഓഹരി അധിഷ്ഠി മ്യുച്വൽ ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കാം. മുകളിൽ വിശദമാക്കിയതുപോലെ ഹെഡ്ജിങ് ഇഫക്ടിനായി 15ശതമാനംവരെ നിക്ഷേപം സ്വർണത്തിലുമാകാം. ഈ നിക്ഷേപരീതി പിന്തുടർന്നാൽ ഭാവിയിൽ പണപ്പെരുപ്പത്തെ അജിതവീക്കാനുള്ള ആദായംനേടാൻ ബുദ്ധിമുട്ടുണ്ടാവില്ല.
from money rss https://bit.ly/2TxVGue
via IFTTT
from money rss https://bit.ly/2TxVGue
via IFTTT