ഇന്ത്യയിൽ നിയോലിബറൽ പരിഷ്കാരങ്ങൾ ആരംഭിച്ചിട്ട് മൂന്നുപതിറ്റാണ്ട് പിന്നിടുകയാണ്. കോൺഗ്രസും ബി.ജെ.പി.യും മാത്രമല്ല, പ്രാദേശികപാർട്ടികൾപോലും ഇന്ന് നിയോലിബറലിസത്തിന്റെ വക്താക്കളായി മാറിയിട്ടുണ്ട്. ഇടതുപക്ഷംമാത്രമാണ് അന്നും ഇന്നും നിയോലിബറൽ പരിഷ്കാരങ്ങളുടെ വിമർശകരായുള്ളത്. നിയോലിബറൽ വാദക്കാരുടെ തുറുപ്പുചീട്ട് പരിഷ്കാരങ്ങൾ ഇന്ത്യയിലെ സാമ്പത്തികവളർച്ചയിൽ സൃഷ്ടിച്ച കുതിപ്പാണ്. ചൈനയ്ക്കുപിന്നിലാണെങ്കിലും ഇന്ത്യയാണ് ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളിലൊന്ന്. കോവിഡുകാലത്തും നടപ്പുവർഷത്തിൽ ഇന്ത്യൻ സമ്പദ്ഘടന കഴിഞ്ഞ വർഷത്തെ തകർച്ചയിൽനിന്ന് 9.5 ശതമാനം ഉയരുമെന്നാണ് ഐ.എം.എഫ്. കണക്കാക്കിയിട്ടുള്ളത്. സാമ്പത്തികവളർച്ച ഒരുകാലത്ത് ഇന്ത്യയുടെ മന്ദഗതിയിലുള്ള സാമ്പത്തികവളർച്ചയെ പരിഹസിച്ച് പ്രൊഫ. രാജ്കൃഷ്ണയെപ്പോലുള്ളവർ വിളിച്ചത് ഹിന്ദു വളർച്ചനിരക്ക് എന്നാണ്. അങ്ങനെ സ്വാതന്ത്ര്യപ്രാപ്തിമുതൽ '70-കളുടെ അവസാനംവരെ 3.6 ശതമാനനിരക്കിൽ വളർന്ന ഇന്ത്യ പരിഷ്കാരങ്ങൾ തുടങ്ങിയശേഷം 7.6 ശതമാനം ശരാശരി വളർന്നിട്ടുണ്ട്. 2000-ങ്ങളിലാണ് വളർച്ച ഉച്ചസ്ഥായിയിലെത്തിയത്-11 ശതമാനം. ഒരു ശതമാനംെവച്ച് സമ്പദ്ഘടന വളർന്നുകൊണ്ടിരുന്ന കൊളോണിയൽ കാലഘട്ടത്തെ അപേക്ഷിച്ച് സ്വാതന്ത്ര്യാനന്തരകാലത്തുണ്ടായ 3.6 ശതമാനം വളർച്ച വലിയ കുതിപ്പായിരുന്നു. '80-കളിൽ അത് 5.6 ശതമാനമായി ഉയർന്നു. ഇവിടെ നിന്നാണ് 7.6 ശതമാനത്തിലേക്ക് കഴിഞ്ഞ മൂന്നുപതിറ്റാണ്ടിൽ സാമ്പത്തികവളർച്ച ഉയർന്നത്. തൊഴിൽ മുരടിപ്പ് സാമ്പത്തികവളർച്ച ഉയർന്നു. പക്ഷേ, തൊഴിലവസരങ്ങൾ വർധിച്ചില്ല. 1980-'81 മുതൽ 1990-'91 വരെയുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുമുമ്പുള്ള പതിറ്റാണ്ടിൽ തൊഴിലവസരങ്ങൾ പ്രതിവർഷം 2.02 ശതമാനംവീതം വളർന്നു. ഇത് ഏതാണ്ട് ജനസംഖ്യാവർധനയ്ക്കൊപ്പം വരും. എന്നാൽ, പരിഷ്കാരത്തിന്റെ ആദ്യ പതിറ്റാണ്ടായ 1991-'92/1999-'2000 കാലത്ത് തൊഴിലവസരവർധന പ്രതിവർഷം 1.54 ശതമാനമായി ചുരുങ്ങി. 1999-'2000/2009-'10 കാലയളവിൽ ഇതുവീണ്ടും 1.47 ശതമാനമായി കുറഞ്ഞു. 2010-നുശേഷം തൊഴിലവസരങ്ങൾ പൂർവസ്ഥിതിയിലേക്ക് ഉയർന്നില്ല എന്നു മാത്രമല്ല, പുതിയ തൊഴിലവസരങ്ങൾ ഏതാണ്ട് ഇല്ലാതാകുന്ന അവസ്ഥവന്നു. കോവിഡ് കാലത്തെ നമ്മൾ പരിഗണിക്കുന്നില്ല. എന്നാൽപ്പോലും 2009-'10 മുതൽ 2017-'18 വരെയുള്ള കാലമെടുത്താൽ ദേശീയ തൊഴിലവസരവർധന നാമമാത്രമായിരുന്നു-പ്രതിവർഷം 0.03 ശതമാനംവീതം. നിയോലിബറൽ നയങ്ങൾ എത്തിച്ചേർന്നിരിക്കുന്നത് തൊഴിൽരഹിത വളർച്ചയിലേക്കാണ്. സ്വത്തിലെ അസമത്വം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ സ്വത്തുവിഹിതം 1961-നും 1981-നും ഇടയ്ക്ക് ഏതാണ്ട് 12 ശതമാനമായി വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. തുടർന്നുള്ള കാലഘട്ടത്തിൽ അത് അനുക്രമമായി വർധിച്ചു. 2020 ആയപ്പോഴേക്കും 42.5 ശതമാനമായി. ഏറ്റവും മുകൾത്തട്ടിലുള്ള 10 ശതമാനം കുടുംബങ്ങളുടെ സ്വത്തുവിഹിതമെടുത്താൽ 1961-നും 1981-നും ഇടയ്ക്ക് ഏതാണ്ട് 43-45 ശതമാനമായിരുന്നത് പിന്നീടുള്ള കാലയളവിൽ അനുക്രമമായി വർധിച്ച് 74.3 ശതമാനമായി ഉയർന്നു. ഇതിന്റെ നേർവിപരീതമാണ് ഏറ്റവും താഴേക്കിടയിലുള്ള 50 ശതമാനം കുടുംബങ്ങളുടെ സ്വത്തുവിഹിതം. 1961-ൽ 12.3 ശതമാനം ഉണ്ടായിരുന്നത് പതുക്കെ കുറഞ്ഞ് 1981-ൽ 10.9 ശതമാനമായി. പിന്നെ ഇടിവിന്റെ വേഗംകൂടി. 2020-ൽ 2.8 ശതമാനമായി കുറഞ്ഞു. ഏതാണ്ട് 45 ശതമാനമുണ്ടായിരുന്ന ഇവരുടെ സ്വത്തുവിഹിതം ഇപ്പോൾ 22.9 ശതമാനം മാത്രമാണ്. വരുമാനത്തിലെ അസമത്വം 1961-ൽ ഏറ്റവും പണക്കാരായ ഒരു ശതമാനം കുടുംബങ്ങളുടെ വരുമാനവിഹിതം 13 ശതമാനമായിരുന്നു. 1981 ആയപ്പോഴേക്കും അത് 6.9 ശതമാനമായി താഴ്ന്നു. എന്നാൽ, നിയോലിബറൽ കാലഘട്ടത്തിൽ തുടർച്ചയായ വർധനയാണ് കാണുന്നത്. 2020-ൽ അത് 21.7 ശതമാനമായി. ഏറ്റവും പണക്കാരായ 10 ശതമാനം കുടുംബങ്ങളുടെ വരുമാനവിഹിതം 1961-ൽ 37.2 ശതമാനം 1981-ൽ 30.7 ആയി കുറഞ്ഞു. എന്നാൽ, നിയോലിബറൽ കാലഘട്ടത്തിൽ ഇതുവർധിച്ച് 2020-ൽ 56.1 ശതമാനമായി. ഇതിന് നേർവിപരീതമാണ് പാവപ്പെട്ടവരുടെ ഗതി. ഏറ്റവും പാവപ്പെട്ട 50 ശതമാനം കുടുംബങ്ങളുടെ വരുമാനവിഹിതം 1961-'81 കാലത്ത് 21.2 ശതമാനത്തിൽനിന്ന് 23.5 ശതമാനമായി ഉയർന്നു. എന്നാൽ, നിയോലിബറൽ കാലഘട്ടത്തിൽ ഇത് തുടർച്ചയായി കുറഞ്ഞ് 2020-ൽ 14.7 ശതമാനമായി. ഇടത്തരം കുടുംബങ്ങളുടെ വിഹിതം ആഗോളീകരണത്തിനുമുമ്പ് വർധിച്ചുവെങ്കിൽ, 1981-നും 2020-ത്തിനും ഇടയിൽ 47.1 ശതമാനത്തിൽനിന്ന് 29.7 ശതമാനമായി കുറഞ്ഞു. സ്വകാര്യവത്കരണം 1990-'91 വരെ രാജ്യത്തിന്റെ സമ്പാദ്യം നിക്ഷേപിച്ചുവളർത്തിയ പൊതുമേഖലയുടെ വിൽപ്പന നിയോലിബറൽ കാലഘട്ടത്തിൽ കേന്ദ്രസർക്കാരിന്റെ വരുമാനമാർഗമായി മാറി. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടയിൽ പൊതുമേഖലാ സ്വകാര്യവത്കരണത്തിലൂടെ കേന്ദ്രബജറ്റ് സമാഹരിച്ച തുക മൊത്തം 4.83 ലക്ഷംകോടി രൂപവരും. ഇത് 2019-ലെ സ്ഥിരവില അടിസ്ഥാനത്തിൽ കണക്കാക്കുകയാണെങ്കിൽ 6.73 ലക്ഷം കോടിരൂപ വരും. ആദ്യദശകത്തിൽ 18,480 കോടി രൂപയുടെ ഓഹരി വിൽപ്പനയാണ് ഉണ്ടായതെങ്കിൽ കഴിഞ്ഞ ദശകത്തിൽ 58,488 കോടി രൂപയായി. മൂന്നാംദശകത്തിൽ 4,05,731 കോടി രൂപയായി ഉയർന്നു. ഇനിയിപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയിൽനിന്ന് പൊതുപശ്ചാത്തലസൗകര്യങ്ങളുടെ വിൽപ്പനയിലേക്ക് കേന്ദ്രസർക്കാർ നീങ്ങിയിരിക്കയാണ്. താമസിയാതെ ഭൂമിയും നദിയും പർവതങ്ങളും വനവുമെല്ലാം ഇതേപാതയിലൂടെ സ്വകാര്യകരങ്ങളിലെത്താം. ഫെഡറലിസം നിയോലിബറൽ കാലഘട്ടം കേന്ദ്രീകരണത്തിന്റെകൂടി കാലമാണ്. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന് ഇത്രയേറെ തിരിച്ചടിയുണ്ടായിട്ടുള്ള മറ്റൊരു സന്ദർഭമില്ല. സംസ്ഥാനങ്ങളുടെ സാമ്പത്തികയിടം തുടർച്ചയായി ഞെരുക്കപ്പെടുന്നു. ധനഉത്തരവാദിത്വനിയമം ചെലവിനുമേലും ജി.എസ്.ടി വരുമാനത്തിനുമേലും കൂച്ചുവിലങ്ങിട്ടു. കേന്ദ്രവായ്പകൾ നിബന്ധനകൾക്കുവിധേയമായി. സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട നികുതികൾക്കുപകരം കൂടുതൽ സെസുകളും പ്രത്യേക നികുതികളും ചുമത്തപ്പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഗ്രാമവികസനം തുടങ്ങിയ മേഖലകളുടെ സംസ്ഥാന അവകാശങ്ങൾ കവരുന്നതാണ് പുതിയ കാർഷികനിയമങ്ങളും ദേശീയ വിദ്യാഭ്യാസനയവും പുതിയ കേന്ദ്രാവിഷ്കൃത പദ്ധതികളും. സഹകരണമേഖലയിലേക്കുകൂടി കേന്ദ്രം കൈവെക്കുകയാണ്. കശ്മീരിന്റെ ശിഥിലീകരണത്തിനുശേഷം ഇപ്പോൾ ലക്ഷദ്വീപ് കോർപ്പറേറ്റുകൾക്ക് പങ്കുവെക്കാനുള്ള പദ്ധതി ഒരുങ്ങുകയാണ്. ആഗോളസൂചകങ്ങൾ യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി.) വർഷംതോറും പ്രസിദ്ധീകരിക്കുന്ന മാനവവിഭവ വികസന സൂചികയിൽ 1990-ൽ ഇന്ത്യയുടെ റാങ്ക് 114 ആയിരുന്നു. 2019-ൽ ഇന്ത്യയുടെ റാങ്ക് 131 ആയി. മറ്റൊന്ന്, ലോക പട്ടിണിസൂചികയാണ്. 1990-ൽ ഇന്ത്യയുടെ റാങ്ക് 55 ആയിരുന്നു. 2017-ൽ അത് 100 ആയി താഴ്ന്നു. പട്ടിണിക്ക് കുപ്രസിദ്ധിയാർജിച്ച പല ആഫ്രിക്കൻ രാജ്യങ്ങളുടെയുംനില ഇന്ത്യയെക്കാൾ മെച്ചമാണ്. പെരുകുന്ന ദാരിദ്ര്യം അസമത്വത്തിന്റെ കണക്കുകൾ വിമർശകർ വെക്കുമ്പോൾ മറുഭാഗം ചൂണ്ടിക്കാണിക്കുക ദാരിദ്ര്യം ഇടിഞ്ഞുവെന്നുള്ളതാണ്. മുമ്പ് ഒരാൾക്ക് പ്രതിദിനം 2200 കലോറിയും നഗരങ്ങളിൽ 2100 കലോറിയും പോഷകാഹാരം ലഭിക്കാനുള്ള വരുമാനം ഇല്ലാത്തവരെയാണ് ദരിദ്രരായി കണക്കാക്കിയിരുന്നത്. 1993-'94-ൽ ഗ്രാമീണ മേഖലയിൽ 58 ശതമാനവും നഗരത്തിൽ 57 ശതമാനവുമായിരുന്നു ദരിദ്രർ. ഇതേമാനദണ്ഡംെവച്ചാൽ 2011-'12-ൽ ഇത് യഥാക്രമം 68, 65 ശതമാനംവീതമായിരുന്നു. ദാരിദ്ര്യം കുറഞ്ഞുവെന്ന കണക്കുകൾ നിർവചനത്തിൽ മാറ്റംവരുത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് എത്തിച്ചേർന്നിട്ടുള്ളത്. പോഷകാഹാരമാനദണ്ഡം ഉപേക്ഷിച്ച് കേവലം നിശ്ചിതവരുമാനത്തിൽതാഴെയുള്ളവരെ ദരിദ്രരായി കണക്കാക്കുന്ന രീതിയാണ് ഇപ്പോൾ അവലംബിക്കുന്നത്. പുതുക്കിയ കണക്ക് എഴുത്തുരീതിപോലും മോദി ഭരണത്തിൻകീഴിൽ 2011-'12-ൽ 21.9 ശതമാനമായിരുന്ന ദരിദ്രർ 2019-20 ആയപ്പോൾ 25.9 ശതമാനമായി ഉയർന്നു.
from money rss https://bit.ly/38lpem4
via IFTTT
from money rss https://bit.ly/38lpem4
via IFTTT