അതിവേഗം കരുത്താർജ്ജിക്കുന്ന വിപണിയും അടിസ്ഥാന ലോഹങ്ങൾക്ക് ചൈനയിൽ നിന്നുള്ള വർധിച്ച ഡിമാന്റും കാരണം അലുമിനിയത്തിന്റേയും ചെമ്പിന്റേയും വില വർഷത്തിന്റെ രണ്ടാം പകുതിയിലും നേട്ടമുണ്ടാക്കുന്നത് തുടരുകയാണ്. പ്രധാന സൂചികയായ എൽഎംഇയിൽ മൂന്നുമാസത്തിനിടയ്ക്ക് അലുമിനിയം 33 ശതമാനവും ഈ വർഷം ഇതുവരെ ചെമ്പ് 27 ശതമാനത്തിലധികവും നേട്ടമുണ്ടാക്കി. ഇന്ത്യൻ വിപണിയിലും ഇത് പ്രതിഫലിച്ചു. ഇക്കാലയളവിൽ എംസിഎക്സിൽ ചെമ്പും അലുമിനിയവും യഥാക്രമം 23 ഉം 30 ഉം ശതമാനംവീതം നേട്ടമുണ്ടാക്കി. ഷാങ്ഹായ് വിപണിയിലും അലുമിനിയം 14 വർഷത്തെ ഏറ്റവും ഉയരത്തിൽ ട്രേഡിംഗ് തുടരുകയാണ്. 10 വർഷത്തെ കൂടിയ വിലയിൽ ചെമ്പും തൊട്ടു പിന്നിലുണ്ട്. ചൈനയിൽ ഏറ്റവും കൂടുതൽ ലോഹം ഉൽപാദിപ്പിക്കുന്ന പ്രവിശ്യയിൽ തുടർച്ചയായുണ്ടാകുന്ന പവർ കട്ട് അലുമിനിയം വില പതിറ്റാണ്ടിലെ ഏറ്റവും ഉയരത്തിലെത്തിച്ചു. രാജ്യത്തെ ഊർജ്ജ പ്രതിസന്ധി പ്രാഥമികതലത്തിൽ ലോഹ ഉൽപാദനത്തിന്റെ വളർച്ചയെ ബാധിച്ചിട്ടുണ്ട്. അലുമിനിയത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകരും ഉപഭോക്താക്കളുമാണ് ചൈന. കഴിഞ്ഞവർഷം 37.08 മില്യൺ ടൺ അലുമിനിയം ഉൽപാദിപ്പിച്ച് റെക്കോഡിടുകയുണ്ടായി. എന്നാൽ, കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് പ്രതിവർഷം അലുമിനിയം ഉരുക്കൽ ശേഷി 45 മില്യൺ ടണ്ണാക്കി കുറയ്ക്കുകയാണ് ചൈന. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് അലുമിനിയം വ്യവസായ രംഗത്ത് പുനരുപയോഗിക്കാവുന്ന ഊർജ്ജം ആശ്രയിക്കാനാണ് ചൈനയുടെ തീരുമാനം. എന്നാൽ ഡിമാന്റിനനുസരിച്ച് ഉൽപാദനം നടക്കാത്തതിനാൽ ആഭ്യന്തര വിപണിയിലെ സന്തുലനം നിലനിർത്തുന്നതിന് ഇറക്കുമതിയെ ആശ്രയിക്കാനാണ് അവരുടെ നീക്കമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഉപയോഗിച്ച ലോഹ അവശിഷ്ടങ്ങൾ റീസൈക്കിൾ ചെയ്തുപയോഗിക്കുന്ന വിദ്യയിലും ചൈന ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കാർബൺ കുറയ്ക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ കാരണം അലുമിനിയം വിലകൾ ഇടക്കാലം മുതൽ ദീർഘകാലത്തേക്ക് ഉയർന്നുതന്നെ നിൽക്കും. കോവിഡുമായി ബന്ധപ്പെട്ട അടച്ചിടലിൽനിന്ന് വളരെയെളുപ്പം മോചനംനേടിയ ചൈന അടിസ്ഥാന ലോഹങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരുന്നു. 2020ൽ സാധാരണയിൽ കൂടുതൽ അടിസ്ഥാന ലോഹങ്ങൾ ചൈന ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ ഷാങ്ഹായ് വിലനിലവാരം എൽഎംഇ വിലകളേക്കാൾ മുകളിൽ ട്രേഡ് ചെയ്തിരുന്നു. ചൈനയിലെ വൻതോതിലുള്ള ഉപഭോഗം ചെമ്പിനേയും സ്വാധീനിച്ചിട്ടുണ്ട്. കൊറോണ വൈറസ് സൃഷ്ടിച്ച പ്രാതികൂല്യങ്ങളിൽനിന്ന് മറ്റു വൻസാമ്പത്തിക ശക്തികളെയപേക്ഷിച്ച് ചൈനയുടെ അതിവേഗത്തിലുള്ള തിരിച്ചുവരവ് ചെമ്പിന്റെ ഡിമാന്റിൽ വലിയ കുതിപ്പുണ്ടാക്കി. പ്രധാന വിപണിയുടെ പലഭാഗങ്ങളിലും ചെമ്പിന്റെ ലഭ്യതയിൽ കുറവ് അനുഭവപ്പെട്ടു. ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയിൽ ചെമ്പിന്റെ അംസ്കൃത അയിര് സംസ്കരിച്ച് ലോഹമാക്കി മാറ്റുന്നതിലുള്ള ലാഭംകുറഞ്ഞതാണ് സപ്ളെയിൽ കുറവുവരാൻ പ്രധാനകാരണം. സംസ്കരണലാഭം 2012 ലെയത്ര താഴോട്ടുവന്നതിനാൽ പല ഉൽപാദകരും ഉൽപാദനം വെട്ടിക്കുറക്കുന്നകാര്യവും പരിഗണിച്ചു വരികയാണ്. മഹാമാരിയിൽനിന്നു തിരിച്ചുവരുന്ന ലോകത്ത് പ്രധാന അടിസ്ഥാന ലോഹങ്ങളുടെ ലഭ്യത കുറയുമെന്ന കാര്യത്തിൽ നിക്ഷേപകർക്കു സംശയമില്ല. വരുംവർഷങ്ങളിൽ ഡിമാന്റ് വർധിക്കുമെന്നും വിവധ ഗവണ്മെന്റുകളുടെ അസാധാരണമായ ഉത്തേജക പദ്ധതികളിലൂടെ ചെമ്പുവില സംരക്ഷിക്കപ്പെടുമെന്നാണ് കണക്കു കൂട്ടൽ. ഭാവിയിൽ, വിലയിൽ ചെറിയ തിരുത്തലിനു സാധ്യതയുണ്ടെങ്കിലും സമീപകാലം മുതൽ ഇടക്കാലം വരെ വിശാലവിപണിയിൽ ബുൾതരംഗം നിലനിൽക്കുന്നതിനാൽ വിലകൾ സുരക്ഷിതമായിരിക്കും. ഉൽപാദനത്തിലെ കുറവു കാരണം ഡിമാന്റു നേരിടാനാവാതെ ചൈന ബുദ്ധിമുട്ടുമെന്നാണ് പൊതുവേ വിലയിരുത്തൽ. ചൈനയിൽ വളരെ പ്രകടമായി കാണപ്പെടുന്ന ദൗർലഭ്യം വിലവർധിക്കാനിടയാക്കിയിട്ടുണ്ട്. ഭാവിയിലെ ആഗോള സാമ്പത്തിക വളർച്ച, യുഎസ് ഡോളറിന്റെ ശക്തിക്ഷയം എന്നീഘടകങ്ങൾ സമീപഭാവിയിൽ ചെമ്പിന്റെ വിലയ്ക്കു കൂടുതൽ താങ്ങായിത്തീരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകൻ) Copper and aluminum prices soared as demand increased.
from money rss https://bit.ly/3CMaryU
via IFTTT
from money rss https://bit.ly/3CMaryU
via IFTTT