യു.എ.ഇ.യില്‍ മരുന്നുകളുടെ വില കുറച്ചു
Posted on: 25 Jan 2015
ദുബായ്: അവശ്യമരുന്നുകള്‍ അടക്കമുള്ള 280 തരത്തിലുള്ള ഫാര്‍മസി ഉത്പന്നങ്ങളുടെ വില കുറച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഫിബ്രവരി ഒന്നുമുതല്‍ കുറഞ്ഞ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസ്സൈന്‍ അല്‍ അമീരി അറിയിച്ചു. വിലയില്‍ ആറുമുതല്‍ 55 ശതമാനംവരെയാണ് കുറവ് വരുത്തിയത്.
ദീര്‍ഘകാലം തുടരുന്ന പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പകര്‍ച്ചവ്യാധികള്‍, വാതം, വയറിനെ ബാധിക്കുന്ന രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ വില കുറച്ചവയില്‍ ഉള്‍പ്പെടും.
തുടര്‍ച്ചയായ അഞ്ചാംതവണയാണ് രാജ്യത്ത് അവശ്യമരുന്നുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വില കുറയ്ക്കുന്നത്. 26 അന്താരാഷ്ട്ര കമ്പനികളടക്കം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെയും സഹകരണത്തോടെയാണ് കുറഞ്ഞനിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നത്.