121

Powered By Blogger

Friday, 25 June 2021

സ്‌പ്രിംക്ലർ ഓഹരി വില ഉയർന്നു: രാജി തോമസ് ശതകോടീശ്വരൻ

കൊച്ചി: അമേരിക്കയിലെ പ്രശസ്തമായ 'ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചി'ൽ ഓഹരികൾ ലിസ്റ്റ് ചെയ്ത് രണ്ടാം നാൾ ടെക് കമ്പനിയായ 'സ്പ്രിംക്ലറി'ന്റെ സ്ഥാപകൻ മലയാളിയായ രാജി തോമസ് ശതകോടീശ്വരനായി. രണ്ടാം ദിവസം ഓഹരി വില 12 ശതമാനം ഉയർന്ന് 19.64 ഡോളറായതോടെ സ്പ്രിംക്ലർ സ്ഥാപകനും സി.ഇ.ഒ.യുമായ രാജിയുടെ ആസ്തിമൂല്യം 104 കോടി ഡോളറിലെത്തി. അതായത്, 7,700 കോടി രൂപ! രാജി തോമസിന്റെ നേതൃത്വത്തിൽ ന്യൂയോർക്ക് ആസ്ഥാനമായി തുടങ്ങിയ 'സോഫ്റ്റ്വേർ ആസ് എ സർവീസ്' (സാസ്) കമ്പനിയാണ് സ്പ്രിംക്ലർ. കമ്പനിയുടെ ഓഹരികൾ േസ്റ്റാക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് പൊതുജനങ്ങൾക്ക് പങ്കാളിയാകാൻ അവസരമൊരുക്കുക എന്നത് ആദ്യം മുതലുള്ള സ്വപ്നമായിരുന്നുവെന്ന് സ്പ്രിംക്ലർ സ്ഥാപകനും സി.ഇ.ഒ.യുമായ രാജി തോമസ് യു.എസിൽ നിന്ന് 'മാതൃഭൂമി'യോട് പറഞ്ഞു. തങ്ങൾ പ്രവർത്തിക്കുന്ന 'കസ്റ്റമർ എക്സ്പീരിയൻസ് മാനേജ്മെന്റ്' എന്ന വ്യവസായ മേഖലയ്ക്ക് വലിയ സാധ്യതയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനികളുടെ സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യം ശക്തിപ്പെടുത്താനായി തുടങ്ങിയ സംരംഭം ഇന്ന് ഈ മേഖലയിലെ ഡേറ്റ ഗവേഷണം, വിപണനം, വിശകലനം എന്നിവ നിർവഹിച്ചുപോരുന്നു. മൈക്രോസോഫ്റ്റ് ഉൾപ്പെടെ ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികൾ സ്പ്രിംക്ലറിന്റെ സോഫ്റ്റ്വേർ ഉപയോഗിക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലെ കഴിഞ്ഞ ഇടതുസർക്കാർ ഒരു വർഷം മുമ്പ് ഡേറ്റ വിശകലനത്തിനായി സ്പ്രിംക്ലറിനെയാണ് നിയോഗിച്ചത്. എന്നാൽ, വിവാദങ്ങളെ തുടർന്ന് അവർ പിന്മാറി. പോണ്ടിച്ചേരി എൻജിനീയറിങ് കോളേജിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബി.ടെക് നേടിയ ശേഷം ഏതാനും കമ്പനികളിൽ ജോലി ചെയ്ത രാജി, 2009 സെപ്റ്റംബറിലാണ് സ്പ്രിംക്ലറിന് തുടക്കമിട്ടത്. ഏതാനും സ്റ്റാർട്ട്അപ്പുകളിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. പൃഥ്വിരാജും പാർവതിയും അഭിനയിച്ച 'എന്നു നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിന്റെ നിർമാതാവാണ്. ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം യു.എസിലെ ന്യൂജഴ്സിയിലാണ് താമസം.

from money rss https://bit.ly/3wZKzvV
via IFTTT

നിഫ്റ്റി 15,850ന് മുകളിൽ ക്ലോസ്‌ചെയ്തു: ടാറ്റ സ്റ്റീൽ 4.6% നേട്ടമുണ്ടാക്കി

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. മെറ്റൽ, ഫിനാഷ്യൽ, ഫാർമ ഓഹരികളാണ് വിപണിക്ക് കരുത്തേകിയത്. സെൻസെക്സ് 226.04 പോയന്റ് നേട്ടത്തിൽ 52925.04ലിലും നിഫ്റ്റി 69.90 പോയന്റ് ഉയർന്ന് 15,860.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീലാണ് നേട്ടത്തിൽമുന്നിൽ. ഓഹരി വില നാലുശമാതനത്തിലേറെ ഉയർന്നു. റഷ്യൻ സർക്കാർ സ്റ്റീൽ ഉത്പന്നങ്ങൾക്ക് കയറ്റുമതി തീരുവ ഏർപ്പെടത്താനുള്ള നീക്കമാണ് നേട്ടമായത്. ആക്സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ്, ടൈറ്റാൻ, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ 1-2.5ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരുശതമാനം ഉയർന്നു.

from money rss https://bit.ly/3j9uJLn
via IFTTT

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ജിയോജിതിന്റെ പാര്‍ട്ണര്‍ പദ്ധതി

കൊച്ചി:പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഡിജിറ്റൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരംഭിക്കുന്ന പാർട്ണർ പദ്ധതിയുടെ ഉദ്ഘാടനം കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർവ്വഹിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെവിടെയിരുന്നും ജോലി ചെയ്യാവുന്ന ഗിഗ് ഇക്കോണമിയിൽ, സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർക്ക്https://partner.geojit.comഎന്നപാർട്ണർ പോർട്ടലിലൂടെ ജിയോജിതുമായി കൈകോർത്ത് വരുമാനം സൃഷ്ടിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ആശയവിനിമയത്തിന് കഴിവുള്ള, വിദ്യാസമ്പന്നരായ ചെറുപ്പക്കാർ, വീട്ടമ്മമാർ, വിരമിച്ച ആളുകൾ എന്നിവർക്ക് പ്രാരംഭ ചിലവുകളൊന്നുമില്ലാതെ തന്നെ ഈ പരിപാടിയുടെ ഭാഗമാകാവുന്നതാണ്. ഈ സെബി നിയന്ത്രിത പരിപാടിയിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് സൗജന്യ ഡിജിറ്റൽ പരിശീലനം നല്കുമെന്നതിനാൽ, നിക്ഷേപ സേവന രംഗത്ത് മുൻപരിചയമില്ലാത്തവർക്കും പങ്കെടുക്കാവുന്നതാണ്. പങ്കാളികളാകുന്നവർക്ക് പെട്ടെന്നു തന്നെ നിക്ഷേപകരെ കണ്ടെത്താനും അവരവരുടെ വരുമാനം ഏതു സമയത്തും പരിശോധിക്കാനും ഈ പോർട്ടൽ വഴി സാധിക്കും. ഐ പി ഒ കൾ മ്യൂച്വൽഫണ്ട് പദ്ധതികൾ, പി എം എസ്, എ ഐ എഫ്, സ്ഥിര നിക്ഷേപങ്ങൾ, എൻ സി ഡികൾ, ബോണ്ടുകൾ, വായ്പകൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രൊഡക്ടുകൾ പോർട്ടൽ ഉപയോഗിച്ച് ഇടപാടുകാരെ പരിചയപ്പെടുത്താം. വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ നടന്ന ഉദ്ഘാടന ചടങ്ങിൽ ജിയോജിത് മാനേജിങ് ഡയറക്ടർ സി. ജെ.ജോർജ്ജ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എ. ബാലകൃഷ്ണൻ, സതീഷ് മേനോൻ എന്നിവർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജിയോജിതിന്റെ ടെക്നോളജി പ്ലാറ്റ്ഫോമിലൂടെ വിദ്യാസമ്പന്നരായവർക്ക്അവരുടെ വീടുകളിൽ നിന്ന് പരിശീലനത്തോടെസാമ്പത്തിക ഉപദേശക യൂണിറ്റുകൾ സ്ഥാപിക്കാൻ കഴിയുമെന്ന് ഡോ: സജി ഗോപിനാഥ് പറഞ്ഞു. സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിച്ചുകൊണ്ട് സമ്പത്തും തൊഴിലും സൃഷ്ടിക്കുന്നതിൽ ജിയോജിത് നടത്തുന്ന ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പാർട്ണർ പ്രോഗ്രാം. ഇത്തരം നാനോ സ്റ്റാർട്ടപ്പുകൾ സാമ്പത്തിക പ്രവർത്തനത്തിൽ ആളുകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്സാഹികളായ സംരംഭകർക്ക് ജിയോജിതുമായി കൈകോർക്കാൻ പറ്റിയ ഏറ്റവും നല്ല സമയമാണിതെന്ന് ജിയോജിത് പാർട്ണർ റിലേഷൻസ് വിഭാഗം തലവൻ വി. കൃഷ്ണ കുമാർ അഭിപ്രായപ്പെട്ടു. മഹാമാരി സൃഷ്ടിച്ച പ്രയാസങ്ങൾക്കിടെ ഉണ്ടായ ഗുണപരമായ ഒരു കാര്യം മൂലധനവിപണിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പുതിയ നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ വൻ വർധനയാണ്.2021 സാമ്പത്തിക വർഷത്തിൽ സിഡിഎസ്എൽ പുതുതായി തുടങ്ങിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 1.23 കോടിയാണ്.

from money rss https://bit.ly/3dbdGEE
via IFTTT

പ്രഖ്യാനപനങ്ങൾ സ്വാധീനിച്ചില്ല: റിലയൻസിന്റെ വിപണിമൂല്യത്തിൽ 1.30ലക്ഷംകോടിയുടെ നഷ്ടം

44-ാമത് വാർഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. രണ്ടുദിവസത്തിനിടെ റിലയൻസിന്റെ വിപണിമൂല്യത്തിൽ 1.30 ലക്ഷംകോടി നഷ്ടമായി. വെള്ളിയാഴ്ച ഓഹരി വില 2.8ശതമാനം താഴ്ന്ന് 2,093 നിലവാരത്തിലെത്തി. ഇതോടെ കഴിഞ്ഞ നാലുദിവസത്തിനിടെ ഓഹരി വിലയിൽ ആറുശതമാനത്തിലേറെ നഷ്ടമുണ്ടായി. വൻപ്രതീക്ഷയിൽ ആറാഴ്ചക്കിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിൽ 17ശതമാനത്തോളം ഉയർച്ചയുണ്ടായിരുന്നു. പ്രതീക്ഷിച്ചതുപോലെ സ്മാർട്ഫോൺ പ്രഖ്യാപിച്ചെങ്കിലും ജിയോയുടെ ഐപിഒ ഉൾപ്പടെയുള്ളവയുടെ പ്രഖ്യാപനം ഇല്ലാതെപോയതാണ് ഓഹരിയെ ബാധിച്ചതെന്നാണ് വിലയിരുത്തൽ. അതേസമയം, മികച്ച പ്രവർത്തനഫലമാണ് കമ്പനി പുറത്തുവിട്ടത്. ടെലികോം താരിഫ് വർധനയാണ് പ്രധാനമായും വരുമാനവർധനവിന് പിന്നിൽ. ഹരിത ഊർജമേഖലയിലേയ്ക്കുളള കമ്പനിയുടെ ചുവടുവെയ്പും വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. 75,000 കോടി രൂപയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. നിലവിൽ വിപണിയിലുള്ളതിനേക്കാൾ വിലക്കുറവിൽ സവിശേഷ ഫീച്ചറുകളോടെ 4ജി സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്നും പൊതുയോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3h8286v
via IFTTT

യുഎസിലെ സാമ്പത്തികനയമാറ്റം ഇന്ത്യക്ക് കനത്ത ആഘാതമാകും?

ആഗോള സമ്പദ് വ്യവസ്ഥ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വിനാശകരമായ ആരോഗ്യ, സാമ്പത്തിക പ്രതിസന്ധികൾ നേരിട്ട വർഷമായിരുന്നു 2020. സമ്പദ് വ്യവസ്ഥകളെ താങ്ങിനിർത്താൻ ലോകത്തിലെ വിവധ സർക്കാരുകളും കേന്ദ്രബാങ്കുകളും പല നടപടികളും കൈക്കൊണ്ടു. യുഎസ് ഫെഡ് റിസർവ് ഉൾപ്പടെയുള്ള കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് പൂജ്യത്തിനടുത്തേക്കു കൊണ്ടു വരികയും ഉദാര പണനയം ഉൾപ്പടെ അവിശ്വസനീയ നടപടികൾ പ്രഖ്യാപിക്കുകയുംചെയ്തു. സാമ്പത്തിക ഉത്തേജക നടപടികളുടെ ഫലം അതതു രാജ്യങ്ങളിൽ മാത്രം ഒതുങ്ങാതെ വികസ്വര സമ്പദ് വ്യവസ്ഥകളിലും അതിന്റെ അനുരണങ്ങളുണ്ടായി. വികസിത രാജ്യങ്ങളിൽനിന്നു കുറഞ്ഞ പലിശയ്ക്കു വായ്പയായി ലഭിക്കുന്ന പണം കൂടുതൽ മെച്ചംതേടി വികസ്വര രാജ്യങ്ങളിലെത്തി. ഈ ഘട്ടത്തിൽ ഇന്ത്യയിലേക്കും വൻ തോതിൽ മൂലധനം ഒഴുകിവന്നു. 2020 മാർച്ച് മാസം വിദേശ നിക്ഷേപ സ്ഥാപനങ്ങളും വ്യക്തികളും 15 ബില്യൺ യുഎസ് ഡോളർ നെഗറ്റീവ് സെല്ലിംഗ് നടത്തിയപ്പോൾ 2020 ഡിസംമ്പറിൽ ഇവർ 9 ബില്യൺ ഡോളറിന്റെ നിക്ഷേപകരായി മാറി. മൂലധനത്തിന്റെ ഈ ഒഴുക്കിൽനിന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഗുണമുണ്ടായിട്ടുണ്ടെങ്കിലും യുഎസ് കേന്ദ്ര ബാങ്കിന്റെ സാമ്പത്തിക നയത്തിലുണ്ടാകുന്ന ഏതുമാറ്റവും ഇന്ത്യ ഉൾപ്പടെയുള്ള വികസ്വര സമ്പദ് വ്യവസ്ഥകളെ ദോഷകരമായി ബാധിക്കുമെന്നകാര്യത്തിൽ സംശയമില്ല. വിലസ്ഥിരതയും ജനങ്ങൾക്ക് പൂർണമായ തൊഴിലും നൽകാൻ യുഎസ് കേന്ദ്ര ബാങ്കിനു ബാധ്യതയുണ്ട്.് 2 ശതമാനത്തിൽ താഴെയായിരുന്ന വിലക്കയറ്റ നിരക്ക് യുഎസിൽ ഒരു മൃത പ്രതിഭാസമായാണ് കണക്കാക്കപ്പെട്ടിരുന്നത്. യുഎസ് സമ്പദ് വ്യവസ്ഥ ചൂടു പിടിച്ചുകൊണ്ടിരിക്കയാണ്. ഉദാഹരണത്തിന് 2021 മെയ്മാസം ഭക്ഷണവും ഇന്ധനവും ഒഴികെയുള്ള ഉപഭോക്തൃ ഉൽപന്നങ്ങളുടെ വിലക്കയറ്റം 3.8 ശതമാനമായി ഉയർന്നു. 29 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിലക്കയറ്റം താൽക്കാലിക പ്രതിഭാസമാണെന്നാണ് തുടക്കത്തിൽ കരുതപ്പെട്ടിരുന്നത്. വിലക്കയറ്റ നിരക്ക് അപ്രതീക്ഷിത തലത്തിലേക്ക് ഉയർന്നതോടെ യുഎസ് കേന്ദ്ര ബാങ്ക് 2023 ഓടെ പലിശ നിരക്ക് അരശതമാനം ഉയർത്തുമെന്ന സൂചന നൽകിക്കഴിഞ്ഞു. വിലക്കയറ്റ നിരക്ക് ഇതേ സ്ഥിതിയിൽ തുടർന്നാൽ 2023നു മുമ്പുതന്നെ നടപടികളിലേക്കു നീങ്ങാൻ അവർ നിർബന്ധിതരാകും. ഇത്തരം സാഹചര്യത്തിൽ വികസ്വര വിപണികളിൽ നിന്നുള്ള പണമൊഴുക്ക് തിരിച്ചാകും. ലാഭത്തിന്റെ കാര്യത്തിൽ വികസ്വര വിപണികൾ അനാകർഷകമാകുന്നതോടെ വിദേശ നിക്ഷേപങ്ങൾ യുഎസിലേക്കു തിരികെ ഒഴുകാൻ തുടങ്ങും. ഇങ്ങനെയൊരു സാഹചര്യം 2013ൽ ഇന്ത്യ നേരിട്ടിട്ടുണ്ട്. യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കുയർത്തുമെന്ന വാർത്ത തന്നെ വികസ്വര വിപണികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിന്റെ പ്രത്യാഘാതത്തിൽനിന്ന് ഇന്ത്യയ്ക്കും രക്ഷപെടാനാവില്ല. ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ, തുർക്കി എന്നിവയോടൊപ്പം ലോല സമ്പദ്ഘടനയുള്ള അഞ്ചു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അക്കാലത്തെ യുഎസ് കേന്ദ്ര ബാങ്ക് ചെയർമാൻ ബെൻ ബെർനാൻകെയുടെ പലിശ നിരക്കുയർത്തൽ സംബന്ധിച്ച സൂചനതന്നെ മതിയായിരുന്നു ഇന്ത്യയിൽ നിന്നു യുഎസിലേക്കു തിരിച്ചുള്ള പണമൊഴുക്കാരംഭിക്കാൻ. ഇത് ഓഹരി വിപണിയിൽ പരിഭ്രാന്തി പടർത്തുകയും യുഎസ് ഡോളറുമായുള്ള താരതമ്യത്തിൽ മറ്റു കറൻസികൾക്ക് വിലയിടിവുണ്ടാവുകയും ചെയ്തു. രൂപയുടെ വിലയിടിയുന്നത് നമ്മുടെ ഇറക്കുമതിച്ചെലവ് വർധിപ്പിക്കുകയും വ്യാപാരക്കമ്മി കൂട്ടുകയും ചെയ്യും. 2021 ജൂൺ 4ലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശ കറൻസി നീക്കിയിരിപ്പ് 605 ബില്യൺ യുഎസ് ഡോളറാണ്. വളരെ സുരക്ഷിതമായ നിലയാണിത്. എങ്കിലും യുഎസിലേക്കുള്ള പണത്തിന്റെ തിരിച്ചൊഴുക്കുണ്ടായാൽ സംഭവിക്കാവുന്ന അസ്ഥിരത നേരിടാൻ റിസർവ് ബാങ്ക് മുൻകരുതൽ എടുക്കേണ്ടിയിരിക്കുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികവിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/3zVTjoW
via IFTTT