ജനങ്ങളുടെ സമ്പാദ്യമാണ് വ്യവസായ രംഗത്ത് നിക്ഷേപമായി വരുന്നത്. വ്യവസായ രംഗത്ത് നിക്ഷേപം കൂടുമ്പോൾ ഉത്പാദനവും തൊഴിലും വരുമാനവും കൂടുന്നു. സാമ്പത്തിക വളർച്ച നേടാനുള്ള രാസത്വരകങ്ങളാണ് ഇവ. വരുമാനം കൂടുമ്പോൾ മാറ്റിവെക്കപ്പെട്ട സമ്പാദ്യം വീണ്ടും വർധിക്കുന്നു. ഇതൊരു ചാക്രിക പ്രക്രിയയാണ്. പലിശനിരക്ക് കുറഞ്ഞാൽ അത് ശുഭോദർക്കമാണ്. മാറ്റിവെക്കപ്പെട്ട സമ്പാദ്യവും പിന്നെ, നിക്ഷേപവും ഉത്പാദനവും തൊഴിലും വരുമാനവുമൊക്കെ വർധിക്കുന്നു. മറിച്ച്, പലിശ നിരക്ക് കൂടിയാൽ ചെലവ് കൂടുകയും തന്മൂലം ജനങ്ങളുടെ കൈയിൽ മാറ്റിവെക്കപ്പെട്ട സമ്പാദ്യം കുറയുകയും ചെയ്യുന്നു. തുടർന്ന്, ചക്രത്തിന്റെ തിരിച്ചുള്ള കറക്കം ആരംഭിക്കുകയായി. വളർച്ച മുരടിക്കുന്നു. അതായത്, പലിശ നിരക്കിലുണ്ടാവുന്ന വ്യതിയാനങ്ങൾ സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ നിയന്ത്രിക്കുന്ന വലിയൊരു ഘടകമാണ് എന്നർത്ഥം. സർക്കാർ കടപ്പത്രങ്ങളുടെ വിപണി സർക്കാർ കടപ്പത്രങ്ങൾ സ്വതന്ത്രമായി ക്രയവിക്രയം ചെയ്യുന്ന വിപണി വളരെ സജീവമാണ്, ആഴമുള്ളതുമാണ്. പണ വിപണിയിലെ ഡിമാൻഡ്-സപ്ലൈ ശക്തികളുടെ പ്രതിപ്രവർത്തനങ്ങൾ നേരിട്ട് പ്രതിഫലിച്ച്, അവയുടെ പരിണതഫലമായി വരുന്ന, വിപണി അധിഷ്ഠിത-പലിശ നിരക്കിന്റെ അളവുകോലുകളിൽ ശക്തമായ ഒന്നാണ് പത്ത് വർഷത്തെ ദൈർഘ്യമുള്ള സർക്കാർ കടപ്പത്രത്തിന് വിപണി കൽപ്പിക്കുന്ന കായ്ഫല നിരക്ക് അഥവാ യീൽഡ്. ഓരോ കടപ്പത്രത്തിന്റേയും വിപണി വിലയും യീൽഡും തമ്മിൽ കീരിയും പാമ്പും പോലെയുള്ള വിപരീത ബന്ധമാണ്. പലിശനിരക്ക് അഥവാ യീൽഡ് ഉയരുമ്പോൾ കടപ്പത്രത്തിന്റെ ക്രയവിക്രയ വില കുറയും. ഇതാണ് കടപ്പത്ര വിപണിയിലെ മാർജാര-മൂഷിക ബന്ധം അഥവാ സന്തുലനം. കടപ്പത്രത്തിന്റെ ഗുണനിലവാരം കൂടുമ്പോൾ അതിൽ നിക്ഷേപിക്കുന്നതിലുള്ള റിസ്ക് കുറയുന്നു. റിസ്ക് കുറഞ്ഞ കടപ്പത്രത്തിന് വിപണിയിൽ ആവശ്യക്കാർ ഏറും. ആവശ്യക്കാർ ഏറുമ്പോൾ അതിന്റെ വില കൂടുന്നു. അതേസമയം, ഗുണനിലവാരം കുറഞ്ഞ കടപ്പത്രത്തിന് റിസ്ക് കൂടും. അതിന് ആവശ്യക്കാർ സ്വാഭാവികമായും കുറയുകയും കൂടുതൽ യീൽഡ് കിട്ടിയാൽ മാത്രം ആളുകൾ അതിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. നിക്ഷേപകർ സർക്കാർ കടപ്പത്രത്തിന്റെ നിരക്കിനെക്കാൾ കൂടുതൽ ആവശ്യപ്പെടുന്ന പലിശയുടെ തോതിനെ റിസ്ക് പ്രീമിയം എന്നു വിശേഷിപ്പിക്കുന്നു. അപ്പോൾ, സമ്പദ്ഘടനയുടെ വളർച്ചയ്ക്കായി, സ്ഥായീഭാവത്തോടെ പലിശ നിരക്ക് കുറയണമെങ്കിൽ കടപ്പത്രങ്ങളുടെ വില കൂടണം. നിരക്കിലെ ഓപ്പറേഷൻ സ്വാഭാവികമായി കൂടിയില്ലെങ്കിൽ, കൈക്രിയ നടത്തി വില കൂട്ടണം. ആ കൈക്രിയയുടെ പേരാണ് 'ഓപ്പറേഷൻ ട്വിസ്റ്റ്'. പലിശനിരക്കിന്റെ ഗ്രാഫിൽ മനഃപൂർവം ഒരു ട്വിസ്റ്റ് വരുത്താൻ നടത്തുന്ന ഓപ്പറേഷൻ. അതിനായി രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് സർക്കാർ കടപ്പത്രങ്ങൾ കൂടിയ വിലയ്ക്ക് തിരിച്ചുവാങ്ങുന്നു. വില കൂടുന്നതിന് ആനുപാതികമായി യീൽഡ്, അഥവാ പലിശ, അവ തമ്മിലുള്ള ശത്രുബന്ധം മൂലം കുറയുന്നു. എന്നാൽ, കടപ്പത്രങ്ങൾ സർക്കാർ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം സമ്പദ്വ്യവസ്ഥയിലേക്ക് ഒഴുകിയെത്തുമ്പോൾ, അത് പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമായേക്കാം. ആയതിനാൽ, അതോടൊപ്പം ഹ്രസ്വകാല കടപ്പത്രങ്ങൾ പുതുതായി വിറ്റ്, കടപ്പത്ര വാങ്ങലിലൂടെ സമ്പദ്വ്യവസ്ഥയിൽ അധികമെത്തിയ പണം തിരികെ നിർവീര്യമാക്കിയെടുക്കുകയും ചെയ്യുന്നു. പലിശനിലവാരം കുറയുന്നു; വിലനിലവാരം കൂടുന്നുമില്ല എന്ന സാത്വീകാവസ്ഥ സംജാതമാവുമെന്നാണ് തത്ത്വം. ഇത് 1961-ലും 2008-ലെ മാന്ദ്യം മറികടക്കാനുമെല്ലാം അമേരിക്ക ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. അവർ ഇതിനെ 'ക്വാണ്ടിറ്റേറ്റീവ് ഈസിങ്' എന്ന കുടക്കീഴിൽ ആണ് പ്രാവർത്തികമാക്കിയത്. ഇതിന്റെ ഭാഗമായിട്ടാണ് ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് 'ഓപ്പറേഷൻ ട്വിസ്റ്റ്' നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ മുഴക്കോൽ പലിശനിരക്ക് കോവിഡ് വ്യാപനത്തിനു ശേഷം മിക്കവാറും സമയവും ആറ് ശതമാനത്തിനു മുകളിലാണ്. ഇത് ആറിന് താഴേയ്ക്ക് സ്ഥിരമായി വലിച്ചുതാഴ്ത്തേണ്ടതുണ്ട്. ആയതിനാൽ, ഒന്നുകൂടി വ്യത്യസ്തമായ സമഗ്രമായ 'ഗവൺമെന്റ് സെക്യൂരിറ്റീസ് അക്വസിഷൻ പദ്ധതി' (ജി-സാപ്) റിസർവ് ബാങ്ക് ഗവർണർ ഏപ്രിൽ ഏഴിന് പ്രഖ്യാപിച്ചു. 2021-22 വർഷത്തിൽ ഒരു ലക്ഷം കോടി രൂപയുടെ കടപ്പത്രങ്ങൾ വിലവ്യതിയാനം നടത്തി വിപണിയിൽനിന്ന് വാങ്ങി, പലിശനിരക്ക് പടിപടിയായി, സുസ്ഥിരതയോടെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യപടിയായി ഏപ്രിൽ 15-ന് ഒരു ലേലം മുഖേന 25,000 കോടി രൂപയുടെ സർക്കാർ ബോണ്ടുകൾ ആണ് റിസർവ് ബാങ്ക് അന്ന് ഉയർന്ന വിലയ്ക്ക് തിരികെ വാങ്ങിയത്. 25,000 കോടി രൂപയുടെ ബോണ്ടുകൾ ലേലത്തിലൂടെ വാങ്ങിക്കുമെന്ന പ്രഖ്യാപനത്തിന് മറുപടിയായി 1,01,671 കോടി രൂപയുടെ ബോണ്ടുകളാണ് വില്പനയ്ക്കെത്തിയത്. ഇത്രയും വലിയ തുകയ്ക്കുള്ള കടപ്പത്രങ്ങൾ കൂടുതൽ വിലയ്ക്ക് തിരിച്ചുവിളിച്ചിട്ടും അന്നുതന്നെ, തത്സമയം പലിശ നിരക്ക് 6.01 ശതമാനത്തിൽനിന്ന് 6.12 ശതമാനത്തിലേക്ക് ഉയർന്നത് ഓപ്പറേഷൻ ട്വിസ്റ്റിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഭയാശങ്കകൾ ഉയർത്തിയിട്ടുണ്ട്. എങ്കിലും, കാലാന്തരത്തിൽ ഗുണഫലമുണ്ടാവും എന്ന ശുഭാപ്തി വിശ്വാസത്തിൽ തന്നെയാണ് മഹാമാരിക്കാലത്ത് സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്താൻ തങ്ങളാലാവുന്നത് ചെയ്യുന്ന ആർ.ബി.ഐ. (ഗുരുഗ്രാമിലെ സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രെഡിറ്റ് ആൻഡ് റിസ്ക് മാനേജ്മെന്റിൽ ഫാക്കൽറ്റി അംഗമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം). pdsn.sbt@gmail.com
from money rss https://bit.ly/3ecs0wt
via
IFTTT