ഇത്തവണത്തെ ദീപാവലി ആഘോഷമാക്കാൻ നിക്ഷേപകർക്ക് മറ്റൊരുകാരണംകൂടിയുണ്ട്. കോവിഡ് വ്യാപനത്തെതുടർന്ന് തകർന്നടിഞ്ഞ വിപണി ചരിത്രനേട്ടം എത്തിപ്പിടിച്ചിരിക്കുന്നു. സമ്പദ്ഘടന വൈകാതെ മികച്ചമുന്നേറ്റംനടത്തുമെന്ന പ്രതീക്ഷയും വിപണിയിലേയ്ക്ക് തുടർച്ചയായി പണമൊഴുകിയതും പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം സെപ്റ്റംബർ പാദത്തിൽ കമ്പനികൾ പുറത്തുവിട്ടതുമൊക്കെയാണ് കോവിഡ് വ്യാപനംതുടരുമ്പോഴും വിപണിയെ റെക്കോഡ് ഉയരത്തിലെത്തിച്ചത്. സംവത് 2077ൽ ഈ നേട്ടം തുടർന്നും നിലനിർത്താനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, അടിസ്ഥാനം ഭദ്രമല്ലാത്ത കമ്പനികളുടെ ഓഹരികളിൽനിന്ന് വിട്ടുനിൽക്കാൻ നിക്ഷേപകർ അതീവ ശ്രദ്ധപുലർത്തുകയുംവേണം. കോവിഡ് വ്യാപനത്തിന്റെതോത് ഇപ്പോഴും കൂടുതലായിതുടരുന്നതിനാൽ വേലിയേറ്റത്തോടൊപ്പം വേലിയിറക്കവും ഉണ്ടാകുമെന്നകാര്യത്തിൽ സംശയംവേണ്ട. വിപണിയിൽനിന്ന് മികച്ച ഓഹരികൾ ചൂണ്ടയിട്ട് പിടിക്കാനും ഓരോതിരുത്തലിലും വാങ്ങിക്കൂട്ടാനുമുള്ള ആർജവമാണ് ഇനി നിക്ഷേപകർക്കുണ്ടാകേണ്ടത്. ഈ സാഹചര്യത്തിൽ വിവധി ബ്രോക്കിങ് ഹൗസുകൾ നിർദേശിച്ചവയിൽനിന്ന് മികവിന്റെ അടിസ്ഥാനം കണക്കിലെടുത്ത് അഞ്ച് ഓഹരികളുടെ പോർട്ട്ഫോളിയോ നിർദേശിക്കുന്നു. അടുത്ത ഒരുവർഷത്തിനുള്ളിൽ മികച്ചആദായം ഈ ഓഹരികളിൽനിന്ന് പ്രതീക്ഷിക്കാം. അരബിന്ദോ ഫാർമ ഓഹരി വില 833രൂപ| വിപണിമൂല്യം 49,157.32കോടി ആഗോളതലത്തിൽ സാന്നിധ്യമുള്ള അരബിന്ദോ ഫാർമ 150 രാജ്യങ്ങളിലേയ്ക്ക് മരുന്നുകൾ കയറ്റിയയക്കുന്നുണ്ട്. കമ്പനിയുടെ 90ശതമാനംവരുമാനവും വിദേശത്തുനിന്നാണ്. വരുമാനത്തിന്റെകാര്യത്തിൽ മുൻപന്തിയിലുള്ള രാജ്യത്തെ പ്രമുഖ രണ്ട് മരുന്നുകമ്പനികളിലൊന്നാണ് അരബിന്ദോ. 2020 ജൂണിൽ അവസാനിച്ച പാദത്തിൽ 5835.23 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. നികുതി കിഴിച്ചുള്ള ലാഭം 792.68 കോടി രൂപയുമാണ്. മുൻവർഷത്തെ ഇതേപാദത്തെ അപേക്ഷിച്ച് 25.63ശതമാനാണ് അറ്റാദായത്തിലുണ്ടായ വർധന.കമ്പനിയുടെ 52.01ശതമാനം ഓഹരികളും പ്രൊമോട്ടർമാരാണ് കൈവശംവെച്ചിട്ടുള്ളത്. ആക്സിസ് ബാങ്ക് ഓഹരി വില 584.30രൂപ |വിപണിമൂല്യം 1,83,498.20കോടി രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ മൂന്നാമതാണ് ആക്സിസ് ബാങ്കിന്റെ സ്ഥാനം. കോർപ്പറേറ്റ് തലത്തിലും എംഎസ്എംഇ, കൃഷി, റീട്ടെയിൽ ബിസിനസ് മേഖലയിലും ബാങ്കിന് കാര്യമായ സാന്നിധ്യമുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 20,446.79 കോടി രൂപയാണ് ബാങ്കിന്റെ വരുമാനം. പലിശയിനത്തിൽ 16,299.76 കോടിയും ലഭിച്ചു. നികുതികിഴിച്ച് 1,849.05 കോടി രൂപ അറ്റാദായവുംനേടി. മുൻവർഷം ഇതേകാലയളവിൽ 18.14 കോടി രൂപ നഷ്ടമുണ്ടാക്കിയ സ്ഥാനത്താണിത്. 14.78ശതമാനം ഓഹരികളാണ് പ്രൊമോട്ടർമാരുടെ കൈവശമുള്ളത്. ഭാരതി എയർടെൽ ഓഹരി വില 470രൂപ |വിപണിമൂല്യം 2,61,675.81കോടി രാജ്യത്തെതന്നെ മുൻനിര ടെലികോം സേവനദാതാക്കളിലൊന്നാണ് ഭാരതി എയർടെൽ. ഏഷ്യയിലും ആഫ്രിക്കയിലും ഉൾപ്പടെ 18 രാജ്യങ്ങിളിൽ കമ്പനിയ്ക്ക് സാന്നിധ്യമുണ്ട്. വയർലെസ്, ഫിക്സ്ഡ് ലൈൻ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കമ്പനി ടിലികോം സേവനം നൽകിവരുന്നു. ബ്രോഡ്ബാൻഡ്, ഡിജിറ്റൽ ടിവി, ഐപിടിവി, പെയ്മന്റെ് ബാങ്ക് എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു. സെപ്റ്റംബറിൽ അവസാനിപ്പിച്ച പാദത്തിൽ 25,785 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. വരുമാനത്തിന്റെകാര്യത്തിൽ ഓരോപാദത്തിലും സ്ഥിരതയാർന്ന നേട്ടമുണ്ടാക്കാൻ കമ്പനിക്കുകഴിയുന്നുണ്ട്. നികുതി കിഴിച്ചുള്ള ആദായം 8.40 കോടി രൂപയാണ്. മുൻവർഷം ഇതേപാദത്തിൽ 23,145.60 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായിരുന്നത്. 56.23ശതമാനം ഓഹരിയും പ്രൊമോട്ടർമാരുടെ കൈവശമാണ്. എച്ച്ഡിഎഫ്സി ഓഹരി വില 2284രൂപ |വിപണിമൂല്യം 4,19,152.19കോടി വാണിജ്യ കെട്ടിടനിർമാണം ഭവന നിർമാണം തുടങ്ങിയ മേഖലകളിൽ വായ്പ നൽകുന്ന പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ. വായ്പ നൽകുന്നതിനുപുറമെ, ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്, അസറ്റ് മാനേജുമെന്റ് തുടങ്ങിയ മേഖലകളിലും കമ്പനിയ്ക്ക് സാന്നിധ്യമുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 12,244.26 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നികുതി കിഴിച്ചുള്ള അറ്റാദായമാകട്ടെ 3392.98 കോടി രൂപയുമാണ്. മുൻവർഷം ഇതേപാദത്തിൽ 9,547.69 കോടി രൂപയായിരുന്ന കമ്പനിയുടെ ലാഭം. ഹീറോ മോട്ടോർകോർപ് ഓഹരി വില 3,071രൂപ |വിപണിമൂല്യം 61,639.29കോടി ഇരുചക്ര വാഹന വിപണിയിലെ മുൻനിര കമ്പനികളിലൊന്നാണ് ഹീറോ മോട്ടോർകോർപ്. 350 ക്യുബിക് സെന്റീമീറ്റർ(സി.സി)വരെയുള്ള ഇരുചക്ര വാഹങ്ങളുടെ നിരതന്നെ കമ്പനിക്കുണ്ട്. ആഭ്യന്തര ഇരുചക്ര വാഹനവിപണിയിൽ ഹീറോതന്നെയാണ് ഹീറോ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 9,473.32 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. 950.85 കോടി രൂപ അറ്റാദായവും(നികുതി കിഴിച്ച്)നേടി. മൂൻവർഷം ഇതേപാദത്തിൽ 7,660.60 കോടി രൂപയായിരുന്നു ക്മ്പനിയുടെ വിറ്റുവരവ്. അറ്റാദായമാകട്ടെ 869.78 കോടി രൂപയും. 34.76ശതമാനം ഓഹരിയും പ്രൊമോട്ടർമാരുടെ കൈവശമാണ്. നിക്ഷേപ തന്ത്രം ഫാർമ, ബാങ്ക്, ടെലികോം, ഹൗസിങ് ഫിനാൻസ്, ഓട്ടോ എന്നീ സെക്ടറുകളിലെ ഓഹരികളാണ് മുകളിൽ നൽകിയിട്ടുള്ളത്. മികച്ച വൈവിധവത്കരണത്തിന് അനുയോജ്യമായ പോർട്ട്ഫോളിയോയാണിത്. 20ശതമാനം തുകവീതം ഓരോ ഓഹരിയിലും നിക്ഷേപിക്കുക. അതായത്, ഒരു ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഓരോ ഓഹരിയിലും 20,000 രൂപവീതം മുടക്കുക. തുടർന്ന് നിക്ഷേപം നടത്തുമ്പോഴെല്ലാം ഈ രീതി തുടരുക. കുറിപ്പ്: ദീപാവലി വ്യാപാരത്തോടെ തുടക്കമിടുകയും തിരുത്തലുണ്ടാകുമ്പോൾ സമാഹരിക്കുകയും ചെയ്യുകയെന്ന നിക്ഷേപ തന്ത്രമായിരിക്കും നിലവിലെ വിപണി സാഹചര്യത്തിൽ അനുയോജ്യം. ഓഹരി വിപണി നഷ്ടസാധ്യതകൾക്ക് വിധേയമാണെന്നകാര്യം ഓർക്കുക. പെട്ടെന്ന് ആവശ്യമുള്ളതുക വിപണിയിൽ നിക്ഷേപിക്കാതിരിക്കുക. ദീർഘകാല ലക്ഷ്യം മുന്നിൽകാണുക.
from money rss https://bit.ly/3eVUEBX
via IFTTT
from money rss https://bit.ly/3eVUEBX
via IFTTT