121

Powered By Blogger

Monday, 10 January 2022

എജിആര്‍ കുടിശ്ശിക തീര്‍ക്കാന്‍ വോഡാഫോണ്‍ ഐഡിയ സര്‍ക്കാരിന് നല്‍കുക 35.8ശതമാനം ഓഹരി

മുംബൈ: എജിആർ കുടിശ്ശികയും പലിശയുമിനത്തിൽ സർക്കാരിന് നൽകാനുള്ള തുക ഓഹരിയാക്കിമാറ്റാൻ വോഡാഫോൺ ഐഡിയയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. സ്പെക്ട്രംലേല തവണകളും പലിശയും എജിആർ കുടിശ്ശികയുമടക്കം നൽകാനുള്ള 16,000 കോടി രൂപയാണ് ഓഹരിയായി സർക്കാരിന് നൽകുക. നിലവിലെ മൂല്യത്തിൽനിന്നുംകുറച്ച് ഓഹരിയൊന്നിന് 10 രൂപ പ്രകാരമായിരിക്കും ഓഹരി അനുവദിക്കുക. കുടിശ്ശികയ്ക്ക് മൊറട്ടോറിയം കാലയളവിൽ പലിശനൽകാൻ ബാധ്യതയുള്ളതിനാൽ അതുകൂടി കണക്കിലെടുത്താണ് സർക്കാരിനുള്ള ഓഹരി അലോട്ട്മെന്റ് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ കമ്പനിയിൽ 35.8ശതമാനമായിരിക്കും സർക്കാരിന് ഓഹരി പങ്കാളിത്തം ലഭിക്കുക. നിലവിലെ പ്രമോട്ടർമാരായ വോഡാഫോൺ ഗ്രൂപ്പിന് 28.5ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് 17.8ശതമാനവും പങ്കാളത്തവുമാണ് കമ്പനിയിലുള്ളത്. 2021ലെ ആശ്വാസ പാക്കേജിന്റെ ഭാഗമായി കുടിശ്ശിക തീർക്കാൻ വിവിധ പദ്ധതികൾ ടെലികോം കമ്പനികൾക്കുമുന്നിൽവെച്ചിരുന്നു. ഇതുപ്രകാരം നാലുവർഷത്തെ സാവകാശമാണ് വോഡാഫോൺ ഐഡിയയും ഭാരതി എയർടെലും ആവശ്യപ്പെട്ടത്. കുടിശ്ശികയും പലിശയും ഓഹരിയാക്കിമാറ്റാതെ അടച്ചുതീർക്കാനാണ് ഭാരതി എയർടെലിന്റെ തീരുമാനം. Vodafone Idea offers 35.8 per cent stake to Government.

from money rss https://bit.ly/3neeDRY
via IFTTT

10 വര്‍ഷം, രണ്ട് ലക്ഷം കോടിയുടെ പശ്ചാത്തല സൗകര്യ നിക്ഷേപം; കെ റെയില്‍ പ്രധാനം-തോമസ് ഐസക്

എന്തേ ട്രെയിൻ ഇരിങ്ങാലക്കുടയ്ക്കുപോകാതെ കല്ലേറ്റിൻകരയിൽവെച്ച് തിരിഞ്ഞുപോകുന്നത്? പലപ്പോഴും ആലോചിച്ചിട്ടുള്ള ഒരു കാര്യമാണിത്. അശോകൻ ചരുവിലിന്റെ കഥ വായിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. വർഷങ്ങൾക്കുമുമ്പ് കൊച്ചി-ഷൊർണൂർ പാത പണിയാരംഭിച്ചപ്പോൾ അത് ഇരിങ്ങാലക്കുടയിലൂടെ കടന്നുപോകണം എന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, പ്രതിഷേധിച്ചും സമരംചെയ്തും തൃപ്പൂണിത്തുറയിൽപ്പോയി രാജാവിന്റെ കാലുപിടിച്ചും ആ വലിയ ദുരന്തം ഞങ്ങൾ ഒഴിവാക്കുകയാണ് ചെയ്തത്. യൂറോപ്യൻ ആധുനികതയുടെ ഭാഗമായിവന്ന റെയിൽവേയുടെ സാമ്രാജ്യത്വസ്വഭാവവും അതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളും അന്നുതന്നെ ഞങ്ങളുടെ പൂർവികർ തിരിച്ചറിഞ്ഞു എന്നതാണ് വാസ്തവം. ഇപ്പോൾ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ അകലെ ഇരിങ്ങാലക്കുട എന്ന് ബോർഡുവെച്ചിരിക്കുന്ന കല്ലേറ്റുംകര സ്റ്റേഷനിൽപ്പോയി വണ്ടി കാത്തുനിൽക്കുമ്പോൾ ആ പൂർവികരെ ഞങ്ങൾ സ്മരിക്കുന്നു. കെ-റെയിൽ വന്നാൽ കേരളം പിളരും. പ്രളയം വരും. കടക്കെണിയിലാകും. ഇരകൾ കുത്തുപാളയെടുക്കും. എന്നിങ്ങനെയെല്ലാമുള്ള വേവലാതികൾ കാണുമ്പോൾ അശോകൻ ചരുവിലിന്റെ പൂർവികരെയാണ് ഓർമവരുന്നത്. ഇവയും അതിനപ്പുറവുമുള്ള കാര്യങ്ങളും ചർച്ചചെയ്യാം. പക്ഷേ, അതുവരെ എല്ലാം നിർത്തിവെക്കണമെന്നുമാത്രം പറയരുത്. ഒരു ദശാബ്ദത്തിലേറെ പഠനവും ചർച്ചയുംനടന്ന വിഷയമാണിത്. റോഡോ റെയിലോ? ഗതാഗതസമ്പ്രദായം കൂടുതൽക്കൂടുതൽ റോഡ് കേന്ദ്രീകൃതമാകുന്നത് പരിസ്ഥിതിക്ക് വിനാശമാണ്. കാറുകളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. ഇപ്പോൾ റോഡ് നവീകരിച്ചാലും നാളെ തിരക്കും കുരുക്കും പ്രത്യക്ഷപ്പെടും. അതുകൊണ്ട് സന്തുലിതമായ ഗതാഗതഘടനയ്ക്ക് റെയിൽപോലുള്ള പൊതുഗതാഗതസംവിധാനങ്ങൾ വിപുലപ്പെടുത്തിയേതീരൂ. നിലവിലുള്ള റെയിൽ നവീകരിച്ചാൽ പോരേ? പോരാ. നിലവിലുള്ള ട്രാക്കിൽ 36 ശതമാനം വളവുകളാണ്. അവ നികത്താൻ റെയിൽവേക്ക് പരിപാടിയില്ല. പുതിയ സമാന്തര ട്രാക്കിട്ടാലും ഈ വളവുകളുണ്ടാവും. സിഗ്നൽ ഓട്ടോമാറ്റിക്കാക്കിയാൽ കൂടുതൽ ട്രെയിൻ ഓടിക്കാം. പക്ഷേ, സ്പീഡ് വർധിപ്പിക്കുന്നതിനു പരിമിതിയുണ്ട്. സ്പീഡിന് എന്താണ് ഇത്രയധികം പ്രാധാന്യം? റോഡിൽനിന്ന് ദീർഘദൂര കാർയാത്രക്കാരെ ആകർഷിക്കണമെങ്കിൽ സ്പീഡ് പ്രധാനമാണ്. ഇന്ന് എറണാകുളം-തിരുവനന്തപുരം കാർ വഴി 5-6 മണിക്കൂർ എടുക്കും. റോഡ് ആറു ലൈനാകുമ്പോൾ 3-4 മണിക്കൂറെങ്കിലും എടുക്കും. 1.5 മണിക്കൂർകൊണ്ട് എത്താൻപറ്റുന്ന അതിവേഗ ട്രെയിൻതന്നെ ആകർഷകം. കാസർകോടുവരെ നാലുമണിക്കൂറിൽത്താഴെ മതിയാകും. പോരാത്തതിന് കിലോമീറ്ററിന് 10 രൂപയിൽനിന്നും യാത്രച്ചെലവ് 2.75 രൂപയായി താഴുകയുംചെയ്യും. സ്റ്റാൻഡേഡ് ഗേജ് എന്തിന്? നിലവിൽ റെയിൽവേ ട്രാക്ക് ബ്രോഡ്ഗേജാണ്. അതിൽത്തന്നെ അതിവേഗപാതയും പണിയുന്നതല്ലേ അഭികാമ്യം? പക്ഷേ, ഇന്ത്യൻ റെയിൽവേ മറിച്ചാണ് പറയുന്നത്. അവരും നമ്മളും സംയുക്തമായിട്ടാണ് കെ-റെയിൽ പണിയുന്നത്. അവർ ഇന്ത്യയിലെ എല്ലാ അതിവേഗ, അർധഅതിവേഗ പാതകളും സ്റ്റാൻഡേഡ് ഗേജിലാണ് പണിയുന്നത്. ആഗോളമായിത്തന്നെ ഇത്തരം റെയിൽവേകളിൽ 90 ശതമാനത്തിലേറെ സ്റ്റാൻഡേഡ് ഗേജിലാണ്. അപ്പോൾ ബ്രോഡ്ഗേജ് യാത്രക്കാരോ? അവർ ട്രാക്ക് മാറിക്കയറണം. പക്ഷേ, ടിക്കറ്റ് ചാർജ് കൂടും. അതുകൊണ്ട് എല്ലാവർക്കും ഇന്ന് കെ-റെയിൽ ഉപയോഗപ്പെടുത്താൻ വരുമാനമുണ്ടാവണമെന്നില്ല. എല്ലാവർക്കും വിമാനത്തിലും ടാക്സിയിലും സഞ്ചരിക്കാൻ കഴിയാത്തതുപോലെ. അതുകൊണ്ട് ഇന്നു നിലവിലുള്ള ബ്രോഡ് ഗേജ് നവീകരിക്കണം. കൂടുതൽ പാളങ്ങളും വേണം. അതിന് റെയിൽവേയുടെമേൽ സമ്മർദം ചെലുത്തണം. അപ്പോൾ കെ-റെയിൽ വരേണ്യവർഗക്കാരുടേതോ? കെ-റെയിൽ ഇല്ലെങ്കിൽ ഇവരുടെ ദീർഘദൂരയാത്രകൾ കാറിലാകും. അത് സാധാരണക്കാർക്കടക്കം കുരിശാകും. ഇന്ന് കേരളത്തിൽ ­കെ-റെയിൽ ഉപയോഗിക്കാൻ വരുമാനമുള്ള ഇടത്തരക്കാർ അടക്കമുള്ളവർ ജനസംഖ്യയുടെ പകുതിയോളംവരും. ഇന്നത്തെ പാവപ്പെട്ടവരുടെ അടുത്തതലമുറയെ നാളെ കെ-റെയിലിലും യാത്രചെയ്യാൻ വരുമാനമുള്ളവരാക്കിമാറ്റാനുള്ള വികസനതന്ത്രത്തിന്റെ ഭാഗമാണ് ഇന്നു നടത്താൻ ശ്രമിക്കുന്ന അഭൂതപൂർവമായ പശ്ചാത്തലസൗകര്യവികസനം. കെ-റെയിൽ ലാഭമോ, നഷ്ടമോ? പാളങ്ങൾ നിർമിക്കുന്നതിനുള്ള മുതൽമുടക്കിന്റെ സർവീസിങ് അടക്കം പരിഗണിച്ചുകൊണ്ട് കമ്പനി ലാഭത്തിലാവാൻ ഒന്നോ രണ്ടോ ദശാബ്ദത്തിലേറെ എടുത്തേക്കാം. നോക്കൂ, നമ്മൾ ദേശീയപാത ആറുവരി ആക്കുകയല്ലേ. ഇതിന് കേന്ദ്രവും സംസ്ഥാനവുംകൂടി മുതൽമുടക്കേണ്ടിവരുന്ന തുക കെ-റെയിലിന്റെ അത്രതന്നെ വരും. പക്ഷേ, ദേശീയപാതയുടെ ലാഭം എത്രയെന്ന് ആരെങ്കിലും ചോദിക്കുമോ? കെ-റെയിലിൽനിന്നുള്ള ഭാവിനേട്ടങ്ങൾ 24 ശതമാനംവീതം ഡിസ്കൗണ്ട് ചെയ്താലും ഇന്നത്തെ മുതൽമുടക്കിന്റെ മൂല്യംവരും. അത്രയ്ക്കുവലിയ സാമൂഹികനേട്ടമാണ് കെ-റെയിൽ നൽകുക. ഇരകളെ നിരാലംബരാക്കുമോ? ദേശീയപാതയും ഗെയ്ലും കൂടംകുളം പവർലൈനും എല്ലാം ഭൂമി ഏറ്റെടുക്കാനാവാതെ ഇരകളുടെപേരിൽ നിർത്തിവെച്ചിരിക്കുകയായിരുന്നല്ലോ. ഇപ്പോൾ ഇതിന്റെപേരിൽ ഇവിടെയെവിടെയെങ്കിലും സമരമുണ്ടോ? ഏറ്റെടുക്കുന്ന ഭൂമിക്ക് ആകർഷകമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തിക്കൊണ്ടാണ് പ്രശ്നത്തിനു പരിഹാരംകണ്ടത്. ഇപ്പോൾ വിളപ്പിൽശാലയിൽ സമരം നടക്കുന്നത് 20 ഏക്കർ പോരാ, സർക്കാർ പ്രഖ്യാപിച്ച 100 ഏക്കർ ഭൂമിയും സാങ്കേതിക സർവകലാശാലയ്ക്കുവേണ്ടി ഏറ്റെടുക്കണമെന്ന് ഡിമാൻഡുയർത്തിക്കൊണ്ടാണ്. കേരളത്തെ പിളർക്കുമോ? നിലവിലുള്ള റെയിൽപ്പാത എംബാങ്മെന്റിനു മുകളിലാണ്. തിരൂർമുതൽ കാസർകോടുവരെയുള്ള അതിവേഗപാത ഇതിനു സമാന്തരമാണ്. അതുകൊണ്ട് പണ്ടില്ലാതിരുന്ന ഒരു പുതിയ പ്രശ്നവും ഇവിടെ ഉണ്ടാവില്ല. പുതിയ എംബാങ്മെന്റിന് ഉയരം കൂടുമെന്നതു ശരി. ഫെൻസിങ്ങും ഉണ്ടാവും (ആറുവരിപ്പാതയിൽ ഡിവൈഡറിന് ഫെൻസിങ് ഉണ്ടെന്നത് ഓർക്കുക). കുറുകേക്കടക്കുന്നതിന് ഇന്നു നിലവിലുള്ള എല്ലാ റോഡിനും അണ്ടർപാസേജ് ഉണ്ടാവും -500 മീറ്ററിന് ഒന്നുവീതം. വെള്ളമൊഴുക്ക് തടസ്സപ്പെടും വെള്ളപ്പൊക്കമുണ്ടാകും എന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണ്. വെള്ളം പടിഞ്ഞാറേക്ക് പരന്നൊഴുകുകയല്ല. നീർച്ചാലുകൾ, പുഴകൾ, തോടുകൾ എന്നിവയിലൂടെയാണ് ഒഴുകുന്നത്. നീർച്ചാലുകളുടെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ കുറച്ചുകൂടി വിപുലീകരിച്ചുകൊടുക്കുന്നതിനാണു ശ്രമിക്കുക. അതിർത്തിക്കല്ലുകൾ ഇട്ടുകഴിഞ്ഞാൽ ഇത്തരം സ്ഥലങ്ങൾ കൃത്യമായി കണ്ടെത്താനാവും. എംബാങ്മെന്റുകളിൽ ആവശ്യമായ കൾവർട്ടുകൾ ഉണ്ടായിരിക്കും. ബന്ധപ്പെട്ട ഹൈഡ്രോഗ്രാഫിക് സർവേ നടന്നുവരുന്നു. കേരളം കടക്കെണിയിലാക്കുമോ? കടം വാങ്ങുകയും സാമ്പത്തികവളർച്ച മുരടിക്കുകയും ചെയ്താൽ ഫലം കടക്കെണിയായിരിക്കും. എന്നാൽ, കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി ദേശീയ ശരാശരിയെക്കാളും വേഗത്തിലാണ് നമ്മൾ വളരുന്നത്. ഈ വളർച്ചയുടെ വേഗം ഇനിയും ഉയർത്താനാണ് നമ്മുടെ പരിശ്രമമെന്നത് വിശദീകരിച്ചല്ലോ. അതുകൊണ്ട് കെ-റെയിൽ അടക്കമുള്ള പശ്ചാത്തലസൗകര്യ നിർമാണം കേരളത്തെ കടക്കെണിയിലൊന്നുമാക്കില്ല. ഇതുവരെ പുനർവിതരണത്തിലും ക്ഷേമത്തിലുമായിരുന്നു കേരളത്തിന്റെ മിടുക്ക്. ഉയർന്നകൂലി, ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസ-ആരോഗ്യാദി സൗകര്യങ്ങൾ ഇവയെല്ലാം കേരളത്തിലെ സാധാരണക്കാർക്ക് മറ്റു സംസ്ഥാനങ്ങളിലുള്ളവരെക്കാൾ വളരെ മെച്ചപ്പെട്ടൊരു ജീവിതം കഴിഞ്ഞ ഏതാനും തലമുറകളായി ഉറപ്പുവരുത്തിയിട്ടുണ്ട്. അതുകൊണ്ടുമാത്രം അഭ്യസ്തവിദ്യരായ പുതിയതലമുറ സംതൃപ്തരല്ല. അവർക്ക് തങ്ങളുടെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസൃതമായ തൊഴിലവസരങ്ങൾ കൂടിയേതീരൂ. ഇത് ഉണ്ടാകുന്നില്ലായെന്നുള്ളതാണ് ഇന്നത്തെ വികസനപ്രതിസന്ധിയുടെ മുഖ്യവശം.

from money rss https://bit.ly/3nfuob1
via IFTTT

സെന്‍സെക്‌സില്‍ 150 പോയന്റ് നേട്ടം: നിഫ്റ്റി 18,000ന് മുകളില്‍ | Market Opening

മുംബൈ: രണ്ടാമത്തെ ദിവസവും സൂചികകളിൽ നേട്ടത്തോടെ തുടക്കം. ആഗോള വിപണികളിൽനിന്നുള്ള ശുഭസൂചനയാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്സ് 150 പോയന്റ് ഉയർന്ന് 60,546ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 18,048ലുമാണ് വ്യാപാരം ആരംഭിച്ചത്. ബാങ്ക്, ഐടി, ലോഹം, ടെലികോം, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ മികച്ച മൂന്നാം പാദഫലങ്ങൾ പുറത്തുവിടുമെന്ന പ്രതീക്ഷയാണ് വിപണിക്ക് കരുത്തായത്. ജനുവരിയിൽ ഇതുവരെ നിഫ്റ്റി നാലുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. അതേസമയം, നിലനിൽക്കുന്ന ആശങ്കകൾ വരുംദിവസങ്ങളിൽ വിപണിയിൽ ചാഞ്ചാട്ടമുണ്ടാക്കിയേക്കാം. കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാക്രോണിന്റെ വരവാണ് നിക്ഷേപകർ ആശങ്കയോടെ കാണുന്നത്. എച്ച്ഡിഎഫ്സി, എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ഭാരതി എയർടെൽ, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തിൽ. ടൈറ്റാൻ, ടിസിഎസ്, എച്ച്സിഎൽ ടെക്, നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3te0IPr
via IFTTT

18,000 തിരിച്ചുപിടിച്ച് നിഫ്റ്റി: സെന്‍സെക്‌സില്‍ 650 പോയന്റ് നേട്ടം| Market Closing

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ മികച്ചനേട്ടത്തോടെ 18,000 തിരിച്ചുപിടിച്ച് നിഫ്റ്റി. പൊതുമേഖല ബാങ്ക്, ഐടി, ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ്, വൈദ്യുതി തുടങ്ങിയ മേഖലയിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 650.98 പോയന്റ് ഉയർന്ന് 60,395.63ലും നിഫ്റ്റി 190.60 പോയന്റ് നേട്ടത്തിൽ 18,003.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനികളുടെ മൂന്നാം പാദഫലങ്ങൾ പുറത്തുവരാൻ തുടങ്ങിയതാണ് കോവിഡ് വ്യാപനത്തിനിടയിലും നിക്ഷേപകർക്ക് ആത്മവിശ്വാസംനൽകിയത്. വായ്പയിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയാണ് ബാങ്ക് ഓഹരികളിലെ നേട്ടത്തിന് കാരണം. യുപിഎൽ, ഹീറോ മോട്ടോർകോർപ്, ടൈറ്റാൻ കമ്പനി, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി തുടങ്ങിയ കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, നെസ് ലെ, ഡിവീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. മിക്കവാറും സെക്ടറൽ സൂചികകൾ നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക്, ഐടി, ഓട്ടോ, പവർ, ബാങ്ക്, റിയാൽറ്റി സൂചികകൾ 1-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-1ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3JYqInO
via IFTTT

പ്രതിസന്ധിയിലായ സാങ് യോങ് മോട്ടോഴ്‌സിനെ എഡിസണ്‍ മോട്ടോഴ്‌സ് ഏറ്റെടുത്തു

കടക്കെണിമൂലം പ്രതിസന്ധിയിലായ ദക്ഷിണ കൊറിയൻ കാറ് നിർമാതാക്കളായ സാങ് യോങ് മോട്ടോർ കമ്പനിയെ എഡിസൺ മോട്ടോഴ്സിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുത്തു. 1890 കോടി രൂപ(255 ദശലക്ഷം ഡോളർ)യുടേതാണ് ഇടപാട്. കമ്പനിയിൽ ഭൂരിഭാഗം ഓഹരി പങ്കാളിത്തമുള്ള ഇന്ത്യയിലെ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര സാങ് യോങ് മോട്ടോർ കമ്പനിയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള പദ്ധതി നേരത്തെ ഉപേക്ഷിച്ചിരുന്നു. 2019ൽ വൻനഷ്ടം രേഖപ്പെടുത്തിയ കമ്പനിയെ ലാഭത്തിലാക്കാൻ മൂന്നുവർഷംകൊണ്ട് 30,000 കോടി രൂപ നിക്ഷേപിക്കാനായിരുന്നു പദ്ധതി. ഇത് പിന്നീട് ഉപേക്ഷിച്ചു. കൊറിയൻ പങ്കാളികളായ സാങ് യോങിന്റെ ചെറു എസ്.യു.വി ടിവോളിയെ അടിസ്ഥാനമാക്കിയാണ് എക്സ്.യു.വി 300 മഹീന്ദ്ര അവതരിപ്പിച്ചത്. രാജ്യാന്തരതലത്തിലുള്ള മഹീന്ദ്രയുടെ ഉപകമ്പനികളിലൊന്നാണ് സാങ് യോങ് മോട്ടോർ. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം സാങ് യോങ് മോട്ടോർ കമ്പനിയുടെ കാറ് വില്പനയിൽ 21ശതമാനം ഇടിവുണ്ടായിരുന്നു. 84,496 വാഹനങ്ങൾമാത്രമാണ് വിൽക്കാനായത്. 2021 ജനുവരി-സെപ്റ്റംബർ കാലയളവിൽ 23,800 കോടിയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. കനത്ത കടബാധ്യതയെതുടർന്ന് പാപ്പരത്ത നടപടിയിലായിരുന്നു കമ്പനി.

from money rss https://bit.ly/3HR8bYI
via IFTTT

വിദേശ നിക്ഷേപകര്‍ തന്ത്രംമാറ്റുന്നു: ജനുവരിയില്‍ ഇതുവരെ നിക്ഷേപിച്ചത് 2,570 കോടിയിലേറെ

തുടർച്ചയായി മൂന്നുമാസം ഓഹരികൾ വിറ്റൊഴിയുകമാത്രം ചെയ്തിരുന്ന വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ(എഫ്.പി.ഐ) ജനുവരിയിൽ വാങ്ങലുകാരായി. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി(എൻഎസ്ഡിഎൽ)യുടെ കണക്കുപ്രകാരം ജനുവരിയിൽ ഇതുവരെ 2,568 കോടി രൂപയുടെ നിക്ഷേപമാണ് ഇവർ നടത്തിയത്. അതിനുമുമ്പ് മൂന്നുമാസംകൊണ്ട് 35,984 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിയുകയാണ് ചെയ്തത്. രാജ്യത്തെ സൂചികകൾ എക്കാലത്തെയും റെക്കോഡ് ഉയരത്തിലെത്തിയ ഒക്ടോബറിനുശേഷമാണ് വിദേശികൾ നിക്ഷേപതന്ത്രംമാറ്റിയത്. ഒമിക്രോൺ ഭീതിയിൽ രാജ്യത്തെ വിപണിയിൽ വിൽപന സമ്മർദംനേരിട്ടപ്പോഴായിരുന്നു ഘട്ടംഘട്ടമായി വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്. രാജ്യം ഒമിക്രോണിനെ അതിജീവിക്കുമെന്ന വിലയിരുത്തലാണ് വിദേശ നിക്ഷേപകരെ ആകർഷിച്ചത്. രാജ്യത്തെ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണെന്ന സൂചന നൽകി ജിഎസ്ടി വരുമാനം ഒരുലക്ഷം കോടിക്കുമുകളിൽ തുടരുന്നതും പിഎംഐ സൂചിക 50നുമുകളിലായതും വിദേശ നിക്ഷേപകരെ ആകർഷിച്ചു. ഒമിക്രോൺ രാജ്യത്തെ എപ്രകാരം ബാധിക്കുമെന്നതും മൂന്നാം പാദഫലങ്ങളും വരാനിരിക്കുന്ന ബജറ്റുമൊക്കെയാണ് ഇനി വിദേശ നിക്ഷേപകരെ സ്വാധീനിക്കുക.

from money rss https://bit.ly/3zEkzZn
via IFTTT