നിക്ഷേപകർക്ക് അത്രതന്നെ ആത്മവിശ്വാസം പകർന്ന ആഴ്ചയല്ല കടന്നുപോയത്. കനത്ത ചാഞ്ചാട്ടംനേരിട്ട സൂചികകൾ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽതൊട്ടെങ്കിലും മുൻ ആഴ്ചയിലെ നേട്ടം നിലനിർത്താനാകാതെ തളർന്നു. കോവിഡ് മൂന്നാംതരംഗത്തിന്റെ ആശങ്കകളും ഡെൽറ്റ വേരയിന്റിന്റെ വ്യാപനവും വിപണിയിൽ ആശങ്കപടർത്താനിടവരുത്തി. ധനമന്ത്രി നിർമല സീതാരാമെന്റെ സാമ്പത്തിക ഉത്തേജന പാക്കേജിന് ചലനമുണ്ടാക്കാനായില്ല. ഉയർന്ന നിലവാരത്തിലെത്തിയ വിപണിയിൽനിന്ന് മികച്ച ലാഭമെടുക്കാനുള്ള തത്രപ്പാടിലായിരുന്നു ആസമയത്ത് നിക്ഷേപകർ. ബിഎസ്ഇ സെൻസെക്സ് 440.37 പോയന്റ് (0.83)നഷ്ടത്തിൽ 52,484.67ലാണ് കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 138.15(0.87%)പോയന്റ് താഴ്ന്ന് 15,722.2 നിലവാരത്തിലെത്തുകയുംചെയ്തു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 2.2ശതമാനം നേട്ടമുണ്ടാക്കി. സൂചികയിലെ 80തിലധികം ഓഹരികൾ പോയ ആഴ്ചയിൽ 10 മുതൽ 40ശതമാനംവരെ ആദായം നിക്ഷേപകന് നൽകി. ഐഒഎൻ എക്സ്ചേഞ്ച്, റൂട്ട് മൊബൈൽ, ന്യൂജെൻ സോഫ്റ്റ് വെയർ, ഹാപ്പിയസ്റ്റ് മൈൻഡ്സ്, സീ മീഡിയ തുടങ്ങിയവ അവയിൽ ചിലതുമാത്രം. സെൻസെക്സിൽ വിപണിമൂല്യത്തിൽ നഷ്ടംനേരിട്ട കമ്പനികളിൽ മുന്നിൽ ടിസിഎസ് ആണ്. എച്ച്ഡിഎഫ്സി ബാങ്കും ബജാജ് ഫിൻസർവും എച്ച്ഡിഎഫ്സിയും റിലയൻസുമൊക്കെയാണ് വിപണിമൂല്യത്തിൽ പിറകോട്ടുപോയത്. സെക്ടറൽ സൂചികകളിൽ ഫാർമ നേട്ടം നിലനിർത്തി. സൂചിക മൂന്നുശതമാനത്തോളം ഉയർന്നു. അതേസമയം പവർ, ടെലികോം സെക്ടറുകൾ നഷ്ടംനേരിട്ടു. വിദേശ നിക്ഷേപകർ 5,416.84 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 6,418.3 കോടി വിപണിയിലിറക്കി. രൂപയുടെ മൂല്യത്തിന് സമ്മർദംനേരിട്ട ആഴ്ചയാണ് കടന്നുപോയത്. രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ 56 പൈസയുടെ നഷ്ടത്തിൽ 74.74 നിലവാരത്തിലാണ് രൂപ ക്ലോസ് ചെയ്തത്. ജൂൺ 25ന് അവസാനിച്ച ആഴ്ചയിൽ 74.18 നിലവാരത്തിലായിരുന്നു ക്ലോസിങ്. വരുംആഴ്ച 2021-22 സാമ്പത്തിക വർഷത്തെ ആദ്യപാദത്തിലെ പ്രവർത്തനഫലങ്ങൾ വരുംആഴ്ച വന്നുതുടങ്ങും. ഐടി കമ്പനികളാകും പ്രവർത്തനഫലങ്ങളുമായി ആദ്യമെത്തുക. കുറച്ച് ആഴ്ചകളായി തരക്കേടില്ലാത്ത മുന്നേറ്റമാണ് ഐടി ഓഹരികളിലുണ്ടായിട്ടുള്ളത്. മികച്ച പ്രവർത്തനഫലംപുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ഈ വിഭാഗം ഓഹരികളിൽ മുന്നേറ്റംതുടർന്നത്. അതുകൊണ്ടുതന്നെ പ്രവർത്തനഫലം പുറത്തുവന്നതിനുശേഷം ഐടി ഓഹരികളിലുണ്ടായേക്കാവുന്ന തിരുത്തൽ നിക്ഷേപത്തിനുള്ള അവസരമായെടുക്കാം. സ്മോൾ ക്യാപ് വിഭാഗത്തിലെ വിവിധ സെക്ടറുകളിൽ വരുംആഴ്ചയും നേട്ടംതുടരാനാണ് സാധ്യത. പ്രാരംഭ വില്പനയിലൂടെ വിപണിയിലെത്തിയ ചില കമ്പനികൾ ഈയിടെ മികച്ച നേട്ടമുണ്ടാക്കിയതായി കാണാം. 15,915 നിലവാരത്തിലാകും നിഫ്റ്റിക്ക് പ്രതിരോധംനേരിടേണ്ടവരികയെന്നാണ് വിലയിരുത്തൽ. 15,600ആയിരിക്കും സപ്പോർട്ട് ലെവൽ.
from money rss https://bit.ly/3ht9T7i
via IFTTT
from money rss https://bit.ly/3ht9T7i
via IFTTT