ന്യൂയോര്‍ക്ക്: പ്രവാസി മലയാളി കുടുംബസംഗമത്തോട് അനുബന്ധിച്ചു നടക്കുന്ന വനിതാ സെമിനാറില്‍ 'സ്ത്രീകളും സമൂഹവും' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കുമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ വിമന്‍സ് ഫോറം ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ലൈസി അലെക്‌സ് (യു.എസ്.എ) അറിയിച്ചു.
പ്രവാസി മലയാളി ഫെഡറേഷന്‍ പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ക്കും തുല്യത നല്‍കുന്ന ഒരു സംഘടനയാണ്. പ്രവാസി മലയാളികളില്‍ ഭൂരിഭാഗവും സ്വന്തം കുടുംബത്തിന്റെയും നാടിന്റെയും നന്മയ്ക്കായി വിദേശങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ ആണ്. അവരെ ഏകോപിപ്പിക്കേണ്ടതും, ആവശ്യങ്ങളില്‍ സഹായിക്കേണ്ടതും ഒരു കര്‍ത്തവ്യം എന്ന നിലയിലാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്. ഇതിനോടകം ഇറാക്ക്, ലിബിയ, മറ്റ് ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ പ്രയാസങ്ങളില്‍ കഴിഞ്ഞിരുന്ന നൂറുകണക്കിനു മലയാളി നേഴ്‌സുമാര്‍ക്കും, ഗാര്‍ഹിക തൊഴിലാളികള്‍ക്കും സഹായം നല്‍കാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. സംഘടനയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തങ്ങളിലും സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കി കൊണ്ടായിരിക്കും സംഘടന പ്രവര്‍ത്തിക്കുകയെന്നും ലൈസി അറിയിച്ചു.
സ്ത്രീകളുടെ മാന്യത സമൂഹത്തില്‍ ചവിട്ടിയരയ്ക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ഒരു ചര്‍ച്ച പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല ചെറു (യു.എസ്.എ) അഭിപ്രായപ്പെട്ടു.
ആഗസ്ത് 7,8,9 തീയതികളില്‍ തിരുവനന്തപുരം പോത്തന്‍കോട്ടുള്ള ശാന്തിഗിരി ആശ്രമത്തില്‍ വച്ചാണ് പ്രവാസി മലയാളി ഫെഡറേഷന്‍ കുടുംബസംഗമം നടക്കുന്നത്. അന്തര്‍ദേശീയ തലങ്ങളില്‍ അറിയപ്പെടുന്ന പ്രമുഖ സാമൂഹികസാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ പരിപാടികളില്‍ പങ്കെടുക്കും.
ഷീല ചെറു (യു.എസ്.എ), ലൈസി അലെക്‌സ് (യു.എസ്.എ) എന്നിവരെ കൂടാതെ പ്രവാസി മലയാളി ഫെഡറേഷന്‍ വനിതാവിഭാഗം നേതാക്കളായ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ബിന്ദു അലക്‌സ് (യു.എ.ഇ), സംഗീത രാജ് (യു.എ.ഇ), രമാ വേണുഗോപാല്‍ (ദമാം), ആനി ഫിലിപ്പ് (കാനഡ), മേരിയം (ജിദ്ദ) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും.
പ്രവാസി മലയാളി കുടുംബസംഗമത്തിലും, വനിതാ സെമിനാറിലും പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ pravasimalayalifederation@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടേണ്ടതാണ്.