121

Powered By Blogger

Wednesday, 22 September 2021

സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 34,880 ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് . പവന് 200 രൂപ കുറഞ്ഞ് 34,880 ആയി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4360 ആയി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1764 ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,335 നിലവാരത്തിലാണ്.ആഗോള വിപണിയിൽ സ്വർണവിലയിടിഞ്ഞതാണ് വിപണിയിൽ പ്രതിഫലിച്ചു കണ്ടത് Content Highlights: gold price in kerala shows a decline

from money rss https://bit.ly/3nYjo32
via IFTTT

ആഗോള വിപണികളുടെ പിൻബലത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളുടെ പിൻബലത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം.. സെൻസെക്സ് 351 പോയന്റ് നേട്ടത്തിൽ59,278 ലും നിഫ്റ്റി 115 പോയന്റ് ഉയർന്ന്17,661 ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റാസ്റ്റീൽ, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, റിലയൻസ്, പവർഗ്രിഡ്, ബജാജ് ഓട്ടോ, സൺഫാർമ, പജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യൂണിലെവർ, മാരുതി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടിസിഎസ്, ടൈറ്റാൻ, ടിസിഎസ്, ടെക്മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.9 ശതമാനവും സ്മോൾക്യാപ് സൂചിക ഒരു ശതമാനവും ഉയർന്നു. നിഫ്റ്റി ഐടി, മെറ്റൽ, ഓട്ടോ, ഹെൽത്ത്കെയർ, എഫ്എംസിജി തുടങ്ങിയ സെക്ടറുകളിലെല്ലാം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Content Highlights: indian indices open in profit, sensex trades above 351 points

from money rss https://bit.ly/3o194ay
via IFTTT

നിക്ഷേപ ഇൻഷുറൻസ് പരിരക്ഷ: അക്കൗണ്ടുടമകളുടെ പട്ടിക നൽകാൻ സഹ. ബാങ്കുകൾക്ക് നിർദേശം

മുംബൈ: നിക്ഷേപ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹരായ അക്കൗണ്ടുടമകളുടെ പട്ടിക തയ്യാറാക്കി നൽകാൻ മൊറട്ടോറിയത്തിലുള്ള സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്കിന് കീഴിലുള്ള നിക്ഷേപ ഇൻഷുറൻസ്, വായ്പാ ഗാരന്റി കോർപ്പറേഷന്റെ (ഡി.ഐ.സി.ജി.സി.) നിർദേശം. കേരളത്തിലെ അടൂർ സഹകരണ അർബൻ ബാങ്കടക്കം 21 സഹകരണ ബാങ്കുകളാണ് ഇത്തരത്തിലുള്ളത്. പുതിയ നിയമ പ്രകാരം 90 ദിവസത്തിനകം അഞ്ചു ലക്ഷം രൂപ ലഭിക്കേണ്ടവരുടെ പട്ടിക ഒക്ടോബർ 15-നകം കൈമാറാനാണ് നിർദേശിച്ചിരിക്കുന്നത്.ഒക്ടോബർ 15-നകം ആദ്യപട്ടിക കൈമാറണം. ഇൻഷുറൻസ് പരിരക്ഷ കൈപ്പറ്റുന്നതിനുള്ള സമ്മതപത്രം ഇവരിൽനിന്ന് വാങ്ങണം. ഇതുൾപ്പെടെ 2021 നവംബർ 29 വരെയുള്ള ഇവരുടെ മൂലധനവും പലിശയും ഉൾപ്പെടുത്തി അന്തിമ പട്ടിക നവംബർ 29-നകം നൽകണം. ഇതുലഭിച്ച് ഒരു മാസത്തിനകം തുക കൈമാറുമെന്നാണ് ഡി.ഐ.സി.ജി.സി. അറിയിച്ചിട്ടുള്ളത്.കഴിഞ്ഞമാസമാണ് നിക്ഷേപ ഇൻഷുറൻസ്, വായ്പാ ഗാരന്റി കോർപ്പറേഷൻ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത്. ഇതനുസരിച്ച് ആർ.ബി.ഐ. മൊറട്ടോറിയം ഏർപ്പെടുത്തിയാൽ 90 ദിവസത്തിനകം നിക്ഷേപകർക്ക് ഇൻഷുറൻസ് പരിരക്ഷാ തുകയായ അഞ്ചു ലക്ഷം രൂപ ലഭ്യമാക്കണമെന്ന് നിർദേശിക്കുന്നു. സെപ്റ്റംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിലായി. നിർദിഷ്ട 90 ദിവസ കാലാവധി നവംബർ 30-ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ഡി.ഐ.സി.ജി.സി. നിർദേശം വന്നിരിക്കുന്നത്. രാജ്യത്താകെ 21 സഹകരണ ബാങ്കുകളാണ് ആർ.ബി.ഐ.യുടെ മൊറട്ടോറിയം പരിധിയിലുള്ളത്. ഇതിൽ 11 എണ്ണം മഹാരാഷ്ട്രയിൽനിന്നും അഞ്ചെണ്ണം കർണാടകയിൽനിന്നുമാണ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, കേരളം, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഓരോന്നുവീതമാണുള്ളത്. 2019 സെപ്റ്റംബറിൽ വായ്പാ തിരിമറിയെത്തുടർന്ന് പ്രതിസന്ധിയിലായ പി.എം.സി. ബാങ്കാണ് ഇതിൽ ഏറ്റവും വലുത്.ഈ ബാങ്കുകളിലെ അക്കൗണ്ടുടമകളെല്ലാം പുതിയ നിയമത്തിന്റെ പരിധിയിൽ വരും. ഇവരിൽ നിക്ഷേപമുള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷയായി പരമാവധി അഞ്ചുലക്ഷം രൂപ ലഭിക്കുക. 27 വർഷത്തിനുശേഷം ആദ്യമായി കഴിഞ്ഞ വർഷമാണ് നിക്ഷേപ ഇൻഷുറൻസ് പരിരക്ഷ ഒരു ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷമായി കേന്ദ്രസർക്കാർ വർധിപ്പിച്ചത്. 2020 ഫെബ്രുവരി നാലിന് ഇതു പ്രാബല്യത്തിലായി. 100 രൂപയുടെ നിക്ഷേപത്തിന് ബാങ്ക് 12 പൈസയാണ് പ്രീമിയമായി നൽകേണ്ടത്. ഇത് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ പാടില്ല.

from money rss https://bit.ly/3zz9dUE
via IFTTT

സീ എന്റർടെയ്ൻമെന്റ് സോണി പിക്‌ചേഴ്‌സുമായി ലയിക്കുന്നു

ബെംഗളൂരു: മീഡിയ ബ്രോഡ്കാസ്റ്റിംഗ് രംഗത്തെ ഭീന്മാരായ സീ എന്റർടെയിൻമെന്റും സോണി പിക്ച്ചേഴ്സ് ഇന്ത്യയും ലയിക്കുന്നു. ലയനത്തിന് സീ എന്റർടെയിൻമെന്റ് എന്റർപ്രൈസസ് ലിമിറ്റ്ഡ് ബോർഡ് അനുമതി നൽകി. ലയനത്തിന് 90 ദിവത്തെ ഇടവേള ലഭിക്കും. ലയനത്തിനുശേഷം പുനീത് ഗോയങ്ക കമ്പനിയുടെ മാനേജിംഗ് ഡയറക്ടും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാകും. ലയന കരാർപ്രകാരം സീയിലെ ഓഹരി ഉടമകൾക്ക് 47.07 ശതമാനം ഓഹരി പങ്കാളിത്തമാകും ഉണ്ടാകുക. ബാക്കി ഓഹരികൾ സോണി ഇന്ത്യയ്ക്കും അവകാശപ്പെട്ടതാണ്. സീയുടെ ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ രാജ്യത്തിനുള്ളിലാണെങ്കിൽ സോണിക്ക് ആഗോളതലത്തിൽ സാന്നിധ്യമുണ്ട്. Content Highlights: zee and sony india to merge

from money rss https://bit.ly/3Az7FeD
via IFTTT

മിഡ്,സ്‌മോൾ ക്യാപുകളിൽ വിശ്വാസമർപ്പിച്ച് നിക്ഷേപകർ: സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ്ചെയ്തു. അതേസമയം, മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കുതിക്കുകയുംചെയ്തു. മൂല്യനിർണയ ആശങ്ക നിലനിൽക്കുന്നതിനാൽ വൻകിട ഓഹരികളിൽനിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിന്മാറിയതാണ് പ്രധാന സൂചികകളെ ബാധിച്ചത്. അതേസമയം, മിഡ്, സ്മോൾ ക്യാപുകളിൽ നിക്ഷേപതാൽപര്യം വർധിക്കുകയുംചെയ്തു. സമ്പദ്ഘടനയുടെദ്രുതഗതിയിലുള്ള വീണ്ടെടുക്കലിനടയിൽ ചെറുകിട മധ്യനിര ഓഹരികളിൽനിന്ന് നേട്ടമുണ്ടാക്കാനുള്ള നീക്കമാണ് നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായത്. സെൻസെക്സ് 77.94 പോയന്റ് താഴ്ന്ന് 58,927.33ലും നിഫ്റ്റി 15.30 പോയന്റ് നഷ്ടത്തിൽ 17,546.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, എഫ്എംസിജി സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. നിഫ്റ്റി മീഡിയ 14ശതമാനത്തോളം ഉയർന്നു. റിയാൽറ്റി സൂചിക എട്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3CFig8L
via IFTTT

ഭവന വായ്പക്ക് എക്കാലത്തെയും കുറഞ്ഞ പലിശ പ്രഖ്യാപിച്ച് ബാങ്കുകൾ: വിശദാംശങ്ങൾ അറിയാം

ഉത്സവസീസണിൽ ഭവനവായ്പക്ക് ആവശ്യക്കാർ കൂടുമെന്ന കണക്കുകൂട്ടലിൽ ബാങ്കുകൾ പലിശനിരക്ക് വീണ്ടും കുറക്കുന്നു. വർധിച്ച പണലഭ്യതയും വായ്പയെടുക്കുന്നവരിലുണ്ടായ കുറവുമാണ് ഓഫറുകൾ മുന്നോട്ടുവെക്കാൻ ധനകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നത്. എസ്ബിഐ, പിഎൻബി, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹൗസിങ് ഫിനാൻസ് ഡെവലപ്മെന്റ് കോർപറേഷൻ(എച്ച്ഡിഎഫ്സി) എന്നിവർ ഇതിനകം ഉത്സവ ഓഫറുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. പലതവണയായി ഇതിനകം 2.50ശതമാനമാണ് ആർബിഐ റിപ്പോ നിരക്ക് കുറച്ചത്. തുടക്കത്തിൽ അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് കൈമാറാൻ ബാങ്കുകൾ മടിച്ചെങ്കിലും സ്ഥിരനിക്ഷേപ പലിശയോടൊപ്പം ഘട്ടംഘട്ടമായി വായ്പാപലിശയിലും ബാങ്കുകൾ കുറവുവരുത്തി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പതുക പരിഗണിക്കാതെ ക്രഡിറ്റ് സ്കോറുമായി ബന്ധിപ്പിച്ച ഭവനവായ്പയുടെ പലിശ 6.70ശതമാനക്കി നിശ്ചയിച്ചു. 2019 ഫെബ്രുവരിയിലെ പലിശയായ 8.7ശതമാനത്തിൽനിന്ന് എസ്ബിഐ കുറച്ചത് രണ്ടുശതമാനം. 2022 മാർച്ച് 31നകം 60,000 കോടി രൂപയെങ്കിലും ഭവനവായ്പയിനത്തിൽ നൽകാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. നിലവിൽ 5.05 ലക്ഷം കോടി രൂപയാണ് ഭവനവായ്പയിനത്തിൽ ബാങ്ക് നൽകിയിട്ടുള്ളത്. മൊത്തംവായ്പയുടെ 23.4ശതമാനമാണിത്. പൂർണമായും ഓൺലൈനിലേക്കുമാറിയതിനാൽ ചുരുങ്ങിയ സമയംകൊണ്ട് വായ്പ അനുവദിക്കാൻ കഴിയുമെന്നും ബാങ്ക് അധികൃതർ പറയുന്നു. എസ്ബിഐക്കുപുറമെ, സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ കൊട്ടക് മഹീന്ദ്ര പലിശ 6.5ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പിഎൻബി 6.6ശതമാനം, ബാങ്ക് ഓഫ് ബറോഡ 6.75ശതമാനം എന്നിങ്ങനെയാണ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്സവകാലയളവിൽ 6.7ശതമാനം നിരക്കിൽ ഭവനവായ്പ നൽകുമെന്ന് എച്ച്ഡിഎഫ്സിയും അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/3lMmjt0
via IFTTT

ഹരിത ഊർജ മേഖല:10 വർഷംകൊണ്ട് 1.5 ലക്ഷം കോടിയുടെ നിക്ഷേപത്തിന് അദാനി ഗ്രൂപ്പ്

മുംബൈ: അടുത്ത പത്തുവർഷംകൊണ്ട് ഹരിത ഊർജ രംഗത്ത് 1.5 ലക്ഷം കോടി രൂപയുടെ (2,000 കോടി ഡോളർ) നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽനിന്നുള്ള ഊർജോത്പാദനം, ഈ മേഖലയ്ക്കാവശ്യമായ ഘടകങ്ങളുടെ നിർമാണം, ഊർജ വിതരണം, ഹൈഡ്രജൻ ഉത്പാദനം എന്നിങ്ങനെയാകും നിക്ഷേപം. ലോകത്തിൽ ഏറ്റവും ചെലവുകുറഞ്ഞ വൈദ്യുതിയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ജെ.പി. മോർഗൻ ഇന്ത്യ നിക്ഷേപക സമാഗമത്തിൽ പറഞ്ഞു. നാലു വർഷത്തിനകം പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽനിന്നുള്ള കമ്പനിയുടെ ഊർജോത്പാദനം മൂന്നുമടങ്ങു വർധിപ്പിക്കും. ഇതോടൊപ്പം ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിലേക്കും കടക്കും. 2030-ഓടെ കമ്പനിയുടെ ഡേറ്റ സെന്ററുകളെല്ലാം ഹരിത ഊർജത്തിലാക്കും. 2025-ഓടെ അദാനി ഗ്രൂപ്പ് തുറമുഖങ്ങൾ കാർബൺ ന്യൂട്രലാക്കിമാറ്റും. 2025 വരെയുള്ള മൂലധന ചെലവിൽ 75 ശതമാനവും ഹരിത സാങ്കേതികവിദ്യയ്ക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നുവർഷത്തിനകം ഹരിത ഊർജമേഖലയിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സമ്പത്തിൽ രാജ്യത്ത് രണ്ടാമതുള്ള ഗൗതം അദാനിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. അദാനിഗ്രൂപ്പിന് നിലവിൽ 4,920 മെഗാവാട്ടിന്റെ ഹരിത ഊർജോത്പാന ശേഷിയാണുള്ളത്. 5,124 മെഗാവാട്ടിന്റെ പദ്ധതി അന്തിമഘട്ടത്തിലാണ്. 2030 -ഓടെ പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽനിന്നുള്ള ഊർജോത്പാദനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറുകയാണ് ലക്ഷ്യമെന്നും അദാനി പറഞ്ഞു. കഴിഞ്ഞ എട്ടുവർഷത്തിനിടെ 1,200 കോടി ഡോളറിന്റെ അമ്പതോളം ആസ്തികൾ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights: gautam adani to invest 20 billion us dollar in renewable energy

from money rss https://bit.ly/3AKD8uN
via IFTTT

പാഠം 143| ഇന്ന് റൊക്കം നാളെ കടം അല്ല, ബൈ നൗ പേ ലേറ്റർ: സാമ്പത്തിക സമവാക്യങ്ങൾ മാറുന്നു

ഇന്ന് റൊക്കം നാളെ കടം-നാട്ടിൻപുറത്തെ കടകൾക്കുമുന്നിൽ എഴുതിപ്പിടിപ്പിച്ച ഈവാക്കുകൾക്ക് പ്രസക്തിയില്ലാതായിരിക്കുന്നു. ഇപ്പോൾ കൊണ്ടുപോയ്ക്കോളൂ പണം പിന്നെതന്നാൽ മതിയെന്ന് വൻകിട വ്യാപാരികളും ഇ-കൊമേഴ്സുകാരും കച്ചവടംപിടിക്കാൻ ഉപഭോക്താവിനോട് പറയുന്നു. നേരത്തെ ഈ ആശയം ലോകമാകെ, പ്രത്യേകിച്ച് യുഎസിലും ഓസ്ട്രേലിയയിലും പ്രചാരത്തിലാകാൻ തുടങ്ങിയിരുന്നു. കോവിഡ് ഇതിനൊരുനിമിത്തമായെന്ന് വേണമെങ്കിൽ പറയാം. ജനപ്രിയ വായ്പാ പദ്ധതികളിലൊന്നായി ഇതിനകം ബൈ നൗ പേ ലേറ്റർ(ബിഎൻപിഎൽ)മാറിക്കഴിഞ്ഞു. തത്വത്തിൽ ക്രഡിറ്റ് കാർഡിന് സമാനമായ പ്രവർത്തനരീതിയാണെങ്കിലും ബാങ്ക് അക്കൗണ്ടോ പേപ്പർ വർക്കുകളോ ഇല്ലാതെ സാധാരണക്കാർക്കുപോലും എളുപ്പത്തിൽ ഉത്പന്നം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. നാട്ടിൻപുറത്തെ പറ്റുപുസ്തകത്തിന്റെകാലം ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് ബിഎൻപിഎൽ ഓർമിപ്പിക്കുന്നത്. ഫിൻടെക് സ്ഥാപനങ്ങളോടൊപ്പം ബാങ്കുകളും പറ്റ് പുസ്തകത്തെ പുതിയകുപ്പിയിലാക്കി പേരുമാറ്റിയെന്നുമാത്രം. ജോലികഴിഞ്ഞ് പോകുമ്പോൾ വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങി പറ്റുപുസ്തകത്തിൽചേർത്ത് ആഴ്ചയുടേയോ മാസത്തിന്റെയോ അവസാനം പണംനൽകുന്ന കച്ചവട സംസ്ക്കാരം ഇന്നലെ തുടങ്ങിയതല്ല. കടംതീർക്കാൻ വീട്ടുകാരനും പണംതിരികെ ലഭിക്കാൻ കടക്കാരനും ആശാന്തപരിശ്രമംനടത്തുന്നത് പതിവാണെന്നത് വേറെകാര്യം. ഇപ്പോൾ കൊണ്ടുപോയ്ക്കോളൂ, പണം ഞങ്ങൾ വാങ്ങിയെടുത്തോളാം എന്ന പുതിയതന്ത്രവുമായി ആദ്യമെത്തിയത് ഫിൻടെക് സ്ഥാപനങ്ങളാണ്. ബാങ്കുകൾക്കും അവരെ പിന്തുടരാതെതരമില്ലെന്നായി. മധ്യവയസ്കരും പ്രായമായവരുമാണ് പറ്റുപുസ്തകത്തിന്റെ വരിക്കാരെങ്കിൽ 20-30 പ്രായക്കാരായ യുവാക്കളാണ് ബിഎൻപിഎലിലേക്ക് പറന്നടുക്കുന്നത്. കയ്യിൽ കാശില്ലെങ്കിലും ഭാവിയിൽ ലഭിക്കാനിടയുള്ള പണം മുൻകൂട്ടി ചെലവാക്കാനുള്ള അവസരംതേടിയ തലമുറയെക്കാത്ത് സ്മാർട്ട് ഗാഡ്ജറ്റുകളുടെ പുതിയമോഡലുകൾ തുടരെതുടരെ വിപണിയിലെത്തുന്നുണ്ട്. ബിഎൻപിഎലിന്റെ പ്രസക്തി വർധിച്ചുവരുന്ന ആവശ്യകത വിലയിരുത്തുമ്പോൾ 2024 ഓടെ 99 ബില്യൺ ഡോളറിന്റെ ഇടപാടുകളാകും രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയിൽ പിഎൻപിഎൽവഴിനടക്കുകയെന്ന് ഗോൾഡ്മാൻ സാക്സ് വിലിയിരുത്തുന്നു. ഏഴുവർഷത്തിനകം (2021-28)പദ്ധതിയുടെ ഭാഗമാകുന്നവരുടെ എണ്ണത്തിൽ 24.2ശതമാനം വാർഷിക വർധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ റീട്ടെയിൽ, ഇ-കൊമേഴ്സ് മേഖലയിലാണ് പ്രചാരംകൂടുതലെങ്കിലും വൈകാതെ എല്ലാ മേഖലകളിലേക്കും പടർന്നുകയറുമെന്നകാര്യത്തിൽ സംശയമില്ല. മെഷീൻ ലേണിങിന്റെയും നിർമിത ബുദ്ധിയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ഉപഭോക്താവിന്റെ ചെലവഴിക്കൽ ശേഷി ഉൾപ്പടെയുള്ളവ വിശകലനചെയ്താണ് ബിഎൻപിഎൽ പ്ലാറ്റ്ഫോമുകളുടെ മുന്നേറ്റം. പ്രമുഖ ഫിനാഷ്യൻ ടെക്നോളജി സ്ഥാപനമായ എഫ്ഐഎസിന്റെ സർവെ പ്രകാരം, മഹാമാരിക്കുശേഷം പണം-ചെക്ക് ഇടപാടുകൾ അസ്തമിച്ചമട്ടാണ്. എല്ലാവരുംതന്നെ ഡിജിറ്റലായിക്കഴിഞ്ഞു. സർവെയിൽ പങ്കെടുത്ത 32ശതമാനംപേരും ബിഎൻപിഎൽ ആപ്പുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് കമ്പനി പറയുന്നു. ഒറ്റക്ലിക്കിൽ കാര്യംനടത്താം ക്രഡിറ്റ് കാർഡിന് സമാനമാണ് പ്രവർത്തനരീതിയെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അന്തരംഏറെയാണ്. ബാങ്ക് അക്കൗണ്ടോ, പേപ്പർവർക്കുകളോ ഇല്ലാതെ ഇക്കാലത്ത് വായ്പയായി ഉത്പന്നംവാങ്ങാൻ കഴിയുമെന്നത് ചില്ലറകാര്യമല്ലല്ലോ. അതായത്, നോ കോസ്റ്റ് ഇഎംഐ, ക്രഡിറ്റ് കാർഡ് തുടങ്ങിയവയേക്കാൾ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ഒറ്റക്ലിക്കിൽ കാര്യംനടത്താൻ കഴിയുമെന്നതാണ് പദ്ധതിയെ ജനപ്രിയമാക്കുന്നത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെൽ, ബിഗ്ബില്യൺ ഡെയ്സ് തുടങ്ങിയ ഷോപ്പിങ് ഉത്സവങ്ങൾക്കുപുറമെ, ഫ്ളാഷ് സെയിലുകളിൽവരെപണമില്ലെങ്കിലും വൻവിലക്കിഴിവ് പ്രയോജനപ്പെടുത്താൻഉപഭോക്താവിന് കഴിയും. പദ്ധതിയെക്കുറിച്ചറിയാം മൂൻകൂർ പണംകൊടുക്കാതെ ഉത്പന്നങ്ങൾ വാങ്ങാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പണത്തിന്റെമൂല്യമനുസരിച്ച് തിരികെ നൽകാൻ 30 ദിവസംമുതൽ 36 മാസംവരെ സമയംലഭിക്കും. അതിൽതന്നെ 15 ദിവസംമുതൽ 45 ദിവസംവരെ പലിശ ഈടാക്കാത്ത കാലയളവുമുണ്ട്. എത്രതുകയുടെ വാങ്ങൽ നടത്താമെന്നത് വായ്പ അനുവദിക്കുന്ന സ്ഥാപനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഫ്ളിപ്കാർട്ട് 10,000 രൂപവരെ പദ്ധതിപ്രകാരം അനുവദിക്കുന്നു. മറ്റൊരു സേവനദാതാവായ സെസ്റ്റ്മണി 60,000 രൂപവരെ ക്രഡിറ്റ് നൽകുന്നു. BUY NOW PAY LATER (BNPL) BNPL Lender Intial Credit* Interest Free Period Flipkart Pay Later Rs 10,000 Up to 35 days Amazon Pay Later Rs 10,000 Up to 45 days HDFC Bank FlexiPay Rs 1000-60,000 Up to 15 days ICICI Bank Paylater Rs 5,000-9,999 Up to 45 days Lazypay Pay Later Rs 500-9,999 Up to 15 days Mobikwik Zip Rs 500-30,000 Up to 15 days *For one month ക്രഡിറ്റ് കാർഡിൽനിന്നുള്ള വ്യത്യാസം ക്രഡിറ്റ് കാർഡിന് നൽകുന്നതുപോലെ ബിഎൻപിഎൽ വായ്പക്കാരും പലിശരഹിത കാലയളവ് വാഗ്ദാനംചെയ്യുന്നു. ക്രഡിറ്റ് കാർഡ് പർച്ചേയ്സിന് 12 മാസംമുതൽ 36മാസംവരെ പ്രതിമാസ തിരിച്ചടവ് കാലയളവുള്ളതുപോലെ 3 മാസംമുതൽ 12മാസംവരെയാണ് ബിഎൻപിഎൽവഴി ലഭിക്കുക. ഹ്രസ്വകാലയളവിലെ ഇടപാടാണ് ബിഎൻപിഎൽ പ്രോത്സാഹിപ്പിക്കുന്നത്. എല്ലാവരും ഇഎംഐ സൗകര്യം നൽകുന്നില്ലെന്നകാര്യവും ഓർക്കുക. ചെലവ് ജോയ്നിങ് ഫീസ്, വാർഷിക ഫീസ്, പ്രൊസസിങ് ഫീ തുടങ്ങിയവ ക്രഡിറ്റ് കാർഡിന് ബാധകമാകുമ്പോൾ ബിഎൻപിഎലിൽ ഇതൊന്നുമില്ല. ദീർഘകാലയളവിലുള്ള തിരിച്ചടവ് തിരഞ്ഞെടുക്കുമ്പോൾമാത്രമാണ് പലിശ നൽകേണ്ടിവരിക. ക്രഡിറ്റ് കാർഡിന് 42ശതമാനംവരെ വാർഷിക പലിശ നൽകേണ്ടിവരുമ്പോൾ ബിഎൻപിഎലിൽ പരമാവധി ഈടാക്കുന്നത് 30ശതമാനംവരെയാണ്. ഉദാഹരണത്തിന്, എച്ച്ഡിഎഫ്സി ബാങ്ക് 3,000 രൂപയുടെ പർച്ചെയ്സിന് 30 ദിവസത്തേക്ക് 70 രൂപയാണ് ഈടാക്കുന്നത്. വാർഷിക പലിശകണക്കാക്കുകയാണെങ്കിൽ ഇത് 28ശതമാനമാണ്. എന്നാൽ മിക്കവാറും ഫിൻടെക് സ്ഥാപനങ്ങളുടെ പലിശ നിരക്ക് 2.5ശതമാനമാണ്. അതായത് വാർഷിക പലിശ 30ശതമാനത്തോളം. മറഞ്ഞിരിക്കുന്ന ചാർജുകളോ കൂടുതൽ പലിശയോ ഇല്ലെന്നതാണ് ക്രഡിറ്റ് കാർഡുകളിൽനിന്ന് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. എവിടെയും സൗജന്യംലഭിക്കില്ല ആനുകൂല്യങ്ങളും സവിശേഷതകളും ആകർഷകമാണെങ്കിലും ഉപഭോക്താവിന്റെ ചെലവിടൽശേഷിയിലാണ്കമ്പനികളുടെ കണ്ണ്. നിലവിലുള്ള വായ്പ സംവിധാനങ്ങൾ പരിഷ്കരിച്ച് ആകർഷകമാക്കി പുതിയ പേരിൽ അവതരിപ്പിക്കുന്നു. ബിഎൻപിഎൽ-വായ്പയാണെന്നകാര്യം ഓർക്കണം. തിരിച്ചടവിൽ വീഴ്ചയുണ്ടായാൽ അത് ക്രഡിറ്റ് സ്കോറിനെതന്നെ ബാധിച്ചേക്കാം. പിഴയും വൈകിയാൽ പലിശയും ഈ പദ്ധതിക്കുമുണ്ട്. അടുത്തമാസം കിട്ടാനിരിക്കുന്ന ശമ്പളംനോക്കി ഇപ്പോൾ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഉചിതമാണോയെന്ന് ആലോചിക്കുക. അത്രതന്നെ അത്യാവശ്യമില്ലാത്ത കാര്യങ്ങൽ നിറവേറ്റാൻ പണംകയ്യിൽവരാൻ കാത്തിരിക്കുക. ഉയർന്ന ക്രഡിറ്റ് സ്കോർ, ശമ്പളവരുമാനം തുടങ്ങിയവ പരിഗണിച്ചാണ് ക്രഡിറ്റ് കാർഡ് നൽകുന്നത്. ഇക്കാരണങ്ങൾകൊണ്ടുതന്നെ രാജ്യത്തെ മൂന്നുകോടി പേരിൽമാത്രമായി ക്രഡിറ്റ് കാർഡ് ഉപയോഗം ചുരുങ്ങിയിരിക്കുന്നു. അതിനുമപ്പുറത്തേക്ക് വ്യാപിക്കാനുള്ള സാധ്യതയാണ് ഫിൻടെക് സ്ഥാപനങ്ങൾ ബിഎൻപിഎൽവഴി പ്രയോജനപ്പെടുത്തുന്നത്. feedback to: antonycdavis@gmail.com കുറിപ്പ്: അധികം ആലോചിക്കാൻ വകനൽകാതെ ഉപഭോക്താക്കളെ കടക്കെണിയിലാക്കാൻ പദ്ധതിക്ക് കഴിയും. ആവശ്യംഅറിഞ്ഞുമാത്രം പദ്ധതി പ്രയോജനപ്പെടുത്തുക. ഭാവിയിലേക്ക് നീക്കിവെക്കേണ്ട സമ്പത്താണ് വായ്പയുടെപലിശയിനത്തിൽ നഷ്ടപ്പെടുത്തുന്നതെന്നകാര്യം മനസിലാക്കുക. വ്യക്തിഗത വായ്പ, ക്രഡിറ്റ് കാർഡ് ലോൺ എന്നിവക്കൊപ്പമാണ് ബിഎൻപിഎലിനെയും പരിഗണിക്കേണ്ടത്. അത്യാവശ്യമായി പ്രയോജനപ്പെടുത്തേണ്ടിവന്നാൽ പലിശ രഹിതകാലയളവിൽ പണംതിരിച്ചടക്കാൻ ശ്രദ്ധിക്കുക.

from money rss https://bit.ly/3Aw7P6x
via IFTTT