Story Dated: Thursday, March 5, 2015 01:54
അടൂര്‍: പോലീസ് സ്‌റ്റേഷനില്‍ ആവശ്യത്തിന് പോലീസുകാരില്ലാ ത്തതുമൂലം പ്രവര്‍ത്തനം അവതാളത്തിലായി. ജില്ലയുടെ അതിര്‍ത്തി പ്രദേശം കൂടി ഉള്‍പ്പെടുന്ന അടൂര്‍ സ്‌റ്റേഷനില്‍ വളരെ കുറച്ച് പോലീസുകാരാണ് ഉള്ളത്. സ്‌റ്റേഷന്‍ ആരംഭിച്ചപ്പോള്‍ അനുവദിച്ച തസ്‌തികകളാണ് ഇപ്പോഴും നിലവിലുള്ളത്. നാല് സബ് ഇന്‍സ്‌പെക്‌ടര്‍മാര്‍, മൂന്ന് എ.എസ്.ഐമാര്‍, നാല് ഗ്രേഡ് എ.എസ്.ഐമാര്‍, 35 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ 10 വനിതാ പോലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് ഉള്ളത്. സീനിയര്‍ സിവില്‍ പോലീസുകാരായിട്ട് ഇവിടെ ഒരാള്‍മാത്രമാണുള്ളത്.
രണ്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരുടെയും അഞ്ച് സിവില്‍ പോലീസ് ഓഫീസര്‍മാരുടെയും ആറു വനിതാ പോലീസ് ഓഫീസര്‍മാരുടെയും തസ്‌തിക ഒഴിഞ്ഞു കിടക്കുകയാണ്. നിലവിലുളള പോലീസ് ഉദ്യോഗസ്‌ഥരില്‍ പലരേയും മറ്റു വിവിധ ഡ്യൂട്ടികള്‍ക്കായി അയയ്‌ക്കുകയാണ്. ഇതോടെ സ്‌റ്റേഷനില്‍ ആവശ്യത്തിന് പോലീസുകാരുടെ സേവനം ലഭിക്കാതെയായി. ട്രഷറി, പോലീസ് കണ്‍ട്രോള്‍ റൂം, തുടങ്ങി ജില്ലയിലെ പ്രധാന ഉത്‌സവങ്ങള്‍, കണ്‍വന്‍ഷനുകള്‍, ആഘോഷങ്ങള്‍ എന്നിവയ്‌ക്കും ഇവിടെ നിന്നും ഡ്യൂട്ടിക്ക് പോകേണ്ടതായി വരുന്നുണ്ട്.
നേരത്തെ എ.ആറില്‍ നിന്നും പോലീസുകാരെ സ്‌റ്റേഷനിലേക്ക് നിയോഗിക്കുമായിരുന്നെങ്കിലും ഇപ്പോള്‍ അവരെ നിയോഗിക്കാറില്ല. കൂടാതെ ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ കൂടി ആയതിനാല്‍ നിലവിലുള്ള വരില്‍ നിന്നും ഒരു എസ്.ഐ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് ദൈനംദിന ഡ്യൂട്ടിക്കിടയില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കേണ്ടതായി വരുന്നുണ്ട്. എം.സി റോഡ് കടന്നുപോകുന്ന മേഖലയായതിനാല്‍ അപകടങ്ങളും ഗതാഗത കുരുക്കും കൂടുതലാണ്.
കൂടാതെ എം.സി റോഡിലൂടെയും കെ.പി റോഡിലൂടെയും പോകുന്ന മന്ത്രിമാര്‍ക്ക് പൈലറ്റ് പോകേണ്ടിയും വരും. അടൂര്‍ നഗരസഭ, പള്ളിക്കല്‍ പഞ്ചായത്ത് പൂര്‍ണമായും ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം പഞ്ചായത്തുകളുടെ കുറച്ചു ഭാഗവുമാണ് സ്‌റ്റേഷന്‍ പരിധിയിലുള്ളത്. അടുത്തിടെ ഉദ്‌ഘാടനം കഴിഞ്ഞകണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. അതിനാല്‍ പകല്‍ മാത്രമാണ് കണ്‍ട്രോള്‍ റൂമിന്റെ സേവനം ലഭിക്കുക. രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടുവരെ മാത്രമാണ് ഇതിന്റെ പ്രവര്‍ത്തനം.
അപകടങ്ങള്‍, ആക്രമണങ്ങള്‍ എന്നിവ ഉണ്ടായാല്‍ ആദ്യം എത്തേണ്ടത് കണ്‍ട്രോള്‍റൂം വിഭാഗക്കാരാണ്. അടുത്തിടെ ആഭ്യന്തരമന്ത്രി ഉദ്‌ഘാടനം ചെയ്‌ത കമ്മ്യുണിറ്റി പോലീസ് റിസോഴ്‌സ് സെന്റര്‍, ജില്ലാ പോലീസ് ട്രെയിനിംഗ് സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടം മിക്കപ്പോഴും അടഞ്ഞുകിടക്കുകയാണ്. പോലീസുകാരെ ആവശ്യത്തിന് നിയമിക്കണമെന്ന ആവശ്യം ശക്‌തമാണ്.