കടപത്രങ്ങളിലും മണിമാർക്കറ്റ് സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്ന മൂന്നു മുതൽ ആറു മാസംവരെ കാലാവധിയുള്ള സ്ഥിരവരുമാന പദ്ധതികളാണ് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ. ദീർഘകാലത്തേക്കുള്ള പദ്ധതികളെ അപേക്ഷിച്ച് കൂടുതൽ സ്ഥിരതയുള്ളവരുമാനം ഉണ്ടാകുമെന്നതിനാലും കുറഞ്ഞ ചാഞ്ചാട്ടം മാത്രമേ ഉണ്ടാകൂഎന്നതിനാലും ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾ. എന്നാൽ പല നിക്ഷേപകർക്കും അൾട്രാ ഷോർട്ട് ഡ്യൂറേഷൻ, ലിക്വിഡ് പദ്ധതികൾ തമ്മിൽ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. വ്യത്യാസം അറിയാം ലിക്വിഡ് പദ്ധതികളും അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളും തമ്മിലുള്ള പ്രധാനവ്യത്യാസം അവയുടെ കാലാവധിയിലാണ്. കടപത്രങ്ങളിലും മണിമാർക്കറ്റിലും നിക്ഷേപിക്കുന്ന ലിക്വിഡ് പദ്ധതികൾ 91 ദിവസത്തിൽ കാലാവധി പൂർത്തിയാക്കും. അതേസമയം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളുടെ കാലാവധി മൂന്നുമുതൽ ആറു മാസംവരെയാണ്. ഇതിൽനിന്നുള്ള ആദായം കൂടുതലായിരിക്കും. ഉദാഹരണത്തിന് 2020 സെപ്റ്റംബർ 15-ൽ മൂന്നുമാസ കാലാവധിയുള്ള സർക്കാർ കടപത്രങ്ങളുടെ (ജി-സെക്) യീൽഡ് 3.31 ശതമാനമാണ് ആറു മാസ കാലാവധിയുള്ള ജി-സെക് 3.52 ശതമാനവും ഒരു വർഷത്തേതിന് 3.72 ശതമാനവുമാണ് നൽകുന്നത്. അതുകൊണ്ട് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ ലിക്വിഡ് പദ്ധതികളെ അപേക്ഷിച്ച് കൂടുതൽ നേട്ടം ലഭിക്കും. അതേസമയം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളുടെ കാലാവധി ലിക്വിഡ് പദ്ധതികളുടേതിനേക്കാൾ കൂടുതലായതിനാൽ ദൈനംദിന, പ്രതിവാര അടിസ്ഥാനത്തിൽ ഇവ ലിക്വിഡ് പദ്ധതികളേക്കാൾ അൽപംചാഞ്ചാട്ടം കൂടുതലുള്ള അവസ്ഥയിലായിരിക്കും. അതു കൊണ്ട് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളുടെ കാര്യത്തിൽ താരതമ്യേന ദീർഘമായ നിക്ഷേപ കാലാവധി ആവശ്യമാണ്. ആർക്കുനിക്ഷേപിക്കാം? മൂന്നുമാസം മുതൽ ഒരുവർഷംവരെ നിക്ഷേപം തുടരുന്ന യാഥാസ്ഥിതിക ചിന്താഗതിയുള്ളവർക്കാണ് ഇത് ഉചിതം. അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾ മൂലധനത്തിന് ഗാരണ്ടി നൽകുകയോ വരുമാനം ഉറപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ഓർമിക്കണം. പ്രതിദിനവും പ്രതിവാരവുമുള്ള ചാഞ്ചാട്ടങ്ങൾക്കായി കരുതിയിരിക്കുകയും വേണം. അതേസമയം നിങ്ങളുടെ നിക്ഷേപം മൂന്നു മാസത്തിലേറെയാണെങ്കിൽ നഷ്ടമുണ്ടാക്കാനുള്ള സാധ്യത വളരെകുറവുമാണ്. ഒരുവർഷത്തേക്കോ അതിലേറേയോ കാലത്തേക്കാണു നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അനുയോജ്യമായ മറ്റുനിരവധി സാധ്യതകൾ വേറെഉണ്ടെന്നതും ഇവിടെ മറക്കരുത്. എന്തിന് നിക്ഷേപിക്കണം? മൂന്നുമാസം മുതൽ ഒരുവർഷംവരെ ആവശ്യമില്ലാതെ വരുന്ന അധികപണം പലരും ബാങ്ക് അക്കൗണ്ടുകളിലാണു നിക്ഷേപിക്കുക. ഇത്തരം പണം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ നിക്ഷേപിച്ച് ലാഭക്ഷമമാക്കാം. പല പൊതുമേഖലാ ബാങ്കുകളും 2.75 മുതൽ 3.5 ശതമാനം വരെയാണ് എസ്ബി അക്കൗണ്ടുകളിൽ പലിശ നൽകുന്നത്. അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾക്ക് ഇതിലേറെനേട്ടം നൽകാനുള്ള കഴിവുണ്ട്. പ്രധാന ബാങ്കുകളുടെ 6-9 മാസ സ്ഥിരനിക്ഷേപങ്ങളക്കാൾ വാർഷികാടിസ്ഥാനത്തിൽ 90-150 ബേസിക് പോയിന്റുകൾ അധിക നേട്ടം നൽകാൻ അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾക്കാകുമെന്നാണ് വിശകലനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നികുതി ബാധ്യത അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിലെ നിക്ഷേപം 36 മാസത്തിൽ താഴെ കൈവശംവെച്ച് പണമാക്കുകയാണെങ്കിൽ മൂലധനനേട്ടം വരുമാനത്തിൽ കൂട്ടുകയും ബാധകമായ നികുതി സ്ലാബിനനുസരിച്ച് നികുതി നൽകുകയും വേണം. അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ നിക്ഷേപിക്കുമ്പോൾ നിക്ഷേപ കാലാവധി ഈ വിഭാഗം പദ്ധതികളിലെ നിക്ഷേപ കാലാവധി മൂന്നു മുതൽ 12 മാസം വരെയായിരിക്കണം. മൂന്നു മാസത്തിൽ കുറവാണ് കാലാവധിയെങ്കിൽ ലിക്വിഡ് പദ്ധതികളാവും മികച്ച തെരഞ്ഞെടുപ്പ്. 12 മാസത്തിൽ കൂടുതൽ കാലത്തേക്കാണെങ്കിൽ ഡെറ്റ് പദ്ധതികളിൽ തന്നെ മികച്ച മറ്റുസാധ്യതകളും കണ്ടെത്താം. ചെലവിന്റെ അനുപാതം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾ ദീർഘകാല പദ്ധതികളേക്കാൾ താരതമ്യേന വരുമാനം കുറഞ്ഞവയാണ്. അതുകൊണ്ടുതന്നെ ഉയർന്ന അനുപാതത്തിലെ ചെലവുകൾ ഈവരുമാനത്തെ കുറയ്ക്കും. ഇക്കാര്യം പരിഗണിച്ച് കുറഞ്ഞ തോതിലെ ചെലവുള്ള പദ്ധതികൾവേണം നിക്ഷേപത്തിനായി തെരഞ്ഞെടുക്കുവാൻ. ഉയർന്ന വായ്പാനിലവാരം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ നഷ്ടസാധ്യതയില്ലെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. പലിശനിരക്കുമായി ബന്ധപ്പെട്ട നഷ്ട സാധ്യതയ്ക്കൊപ്പം വായ്പയുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകളും ഇവയ്ക്കുണ്ടെന്നു മനസിലാക്കണം. വായ്പകളുമായി ബന്ധപ്പെട്ട നഷ്ടം നിങ്ങളുടെ നിക്ഷേപം സ്ഥിരമായ അടിസ്ഥാനത്തിൽ ചുരുങ്ങുവാൻ വഴിയൊരുക്കും. ്ട്രിപ്പിൾ എ, എ1 പ്ലസ് റേറ്റിങുകൾ ഉള്ള ഉയർന്ന വായ്പാ നിലവാരമുള്ള പദ്ധതികളിൽ വേണം നിക്ഷേപം നടത്തുവാൻ. പദ്ധതികളുടെ പ്രതിമാസ സ്ഥിതിവിവര പട്ടികകളിൽ നിന്ന് പദ്ധതികളുടെ വായ്പാ ഗുണനിലവാരം വിലയിരുത്താനാവും. ഹ്രസ്വകാല പ്രകടനം അടിസ്ഥാനമാക്കിരുത് വിപുലമായ സാമ്പത്തികഘടകങ്ങളുടെ അടിസ്ഥാനത്തിൽ കടപത്രങ്ങളിൽനിന്നുള്ള നേട്ടം മാറിക്കൊണ്ടിരിക്കും. റിസർവ് ബാങ്കിന്റെ പണ നയം, വിനിമയ നിരക്ക്, മറ്റു വിപണി അനുബന്ധ ഘടകങ്ങൾ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കും. ഹ്രസ്വകാലത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നേട്ടം പ്രതീക്ഷിക്കുന്നത് ഗുണകരമാകില്ല. അതിനുപുറമെ ഉയർന്ന വായ്പാ നഷ്ടസാധ്യത ഉള്ളതുകൊണ്ട് ചില പദ്ധതികൾ ഉയർന്ന വരുമാനം നൽകിയേക്കാം. ഇത്തരത്തിലുള്ള നഷ്ട സാധ്യതകളും നിങ്ങൾക്ക് അവനേരിടാനുള്ള കഴിവും എല്ലാം വിലയിരുത്തി നിക്ഷേപ കാലാവധിയുടേയും പദ്ധതിയുടെ വായ്പാ നിലവാരത്തിന്റേയും ചെലവു തോതിന്റേയും എല്ലാം അടിസ്ഥാനത്തിൽ വേണം തീരുമാനം കൈക്കൊളളാൻ. ഫണ്ട് മാനേജരുടെയും സ്ഥാപനത്തിന്റേയും പ്രകടനചരിത്രം വ്യത്യസ്ത വിപണി ഘട്ടങ്ങളിലും വിവിധ പലിശ നിരക്കുകളുടെ കാലങ്ങളിലും മറ്റുള്ളവരേക്കാൾ മികച്ച പ്രകടനമാണോ ഫണ്ട് മാനേജർ നടത്തിയതെന്ന ദീർഘകാലാടിസ്ഥാനത്തിലുള്ള വിശകലനം അനിവാര്യമാണ്. വിവിധ വിഭാഗങ്ങളിൽ മറ്റുപദ്ധതികളിൽ ഫണ്ട് ഹൗസ് നടത്തിയ പ്രകടനവും വിലയിരുത്തണം. കൈവശമുള്ള അധികപണം സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുന്നതിനുപകരം അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികളിൽ നിക്ഷേപിച്ചു ലാഭക്ഷമമാക്കാം. ഇതിനു മുൻപായി ഹ്രസ്വകാല നിക്ഷേപ ആവശ്യങ്ങൾക്ക് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ പദ്ധതികൾ അനുയോജ്യമാണോ സാമ്പത്തിക ഉപദേശകരോട് ചർച്ചചെയ്യുക. (മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യയുടെ പ്രൊഡക്ട് വിഭാഗം മേധാവിയാണ് ലേഖകൻ)
from money rss https://bit.ly/2ZLIk0T
via IFTTT
from money rss https://bit.ly/2ZLIk0T
via IFTTT