Story Dated: Monday, January 19, 2015 02:03
കോഴിക്കോട്: സാഹിത്യകാരന്മാര്‍ എഴുത്തുമുറിയുടെ സ്വകാര്യത മറികടന്ന് പുറംലോകത്തേക്ക് വന്ന് ജനമധ്യത്തില്‍ ജീവിക്കണമെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍ പറഞ്ഞു. സംസ്‌ഥാന സ്‌കൂള്‍ കലോത്സത്തോടനുബന്ധിച്ച് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സാംസ്‌കാരികോത്സവത്തില്‍ എഴുത്തും കാലവും എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന ചര്‍ച്ച ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണത്തോടൊപ്പം പ്രശസ്‌തിയും സാഹിത്യവും വേണമെന്നായപ്പോള്‍ കലയും സാഹിത്യവും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന നില വന്നു. ഇവിടെ യഥാര്‍ഥ പ്രതിഭയുടെ മൂല്യച്യുതിയാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവേഷണവും അന്വേഷണവും പ്രതിഭയും ചേര്‍ന്നാല്‍ മാത്രമെ നല്ല രചനകളുണ്ടാവൂ. മറ്റുളളവരോട് മത്സരിക്കാന്‍ വേണ്ടിയാകരുത് കലയും സാഹിത്യവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടേതായ തിരിച്ചറിവുകളിലേക്കും പ്രാദേശികതയിലേക്കും രചനകള്‍ എത്തിച്ചേരണമെന്ന് യു.കെ.കുമാരന്‍ പറഞ്ഞു. വാക്കിന്റെ ഭാവത്തെ ഉള്‍ക്കൊണ്ട് മനുഷ്യപക്ഷത്തുനിന്ന് രചന നടത്തുന്ന മജീഷ്യന്‍ കൂടിയാണ് യഥാര്‍ഥ സാഹിത്യകാരനെന്ന് വി.ആര്‍. സുധീഷ് പറഞ്ഞു. പ്രകൃതിയേയും ദേശത്തേയും തമ്മില്‍ ഇഴചേര്‍ത്ത് സമൂഹത്തിന്റെ ആത്മാവിഷ്‌ക്കാരം പ്രകടമാക്കാന്‍ സാഹിത്യത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ഗസൃഷ്‌ടിയ്‌ക്ക് കൂച്ചുവിലങ്ങിടാന്‍ ഒരു സമുദായശക്‌തിക്കും അവകാശമില്ലെന്ന് പറഞ്ഞ പി.കെ. പാറക്കടവ് പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വാഴുന്നവന്റെ കൈകള്‍ക്ക് വളയിടുന്നത് സാഹിത്യകാരന്റെ ധര്‍മ്മമല്ലെന്ന് അദ്ദേഹം പറഞ്ഞു. തെറ്റുകള്‍ക്കിടയിലുളള ശരിയും ശരികള്‍ക്കിടയിലുളള തെറ്റും തിരിച്ചറിയാനുളള മൂന്നാംകണ്ണാണ് ഇന്നത്തെ കാലഘട്ടത്തില്‍ വായനക്കാരന് വേണ്ടതെന്ന് ഡോ. ഖദീജ മുംതാസ് വ്യക്‌തമാക്കി. കഥയെഴുത്തിനോട് പ്രതിബദ്ധതയുളള എഴുത്തുകാര്‍ വളര്‍ന്നുവരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് കെ.പി. സുധീര പറഞ്ഞു.
കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സമൂഹത്തെ നേരായ മാര്‍ഗത്തില്‍ നയിക്കാന്‍ എഴുത്തുകാരന് സാധിക്കട്ടെയെന്ന് തിരക്കഥാകൃത്ത് ശത്രുഘ്‌നന്‍ പ്രത്യാശിച്ചു. ഒരാളുടെ പേര് ചോദിക്കുക എന്നതിലൂടെ അയാളുടെ സമുദായം അറിയുക എന്ന നിലയിലേക്ക് സമൂഹം അധ:പതിച്ചുവെന്നുളളത് വേദനാജനകമാണെന്ന് അര്‍ഷാദ് ബത്തേരി പറഞ്ഞു. ശത്രുഘ്‌നന്‍ അധ്യക്ഷത വഹിച്ച സെമിനാറില്‍ സാംസ്‌കാരികോത്സവ ജോയിന്റ് കണ്‍വീനര്‍ മുഹമ്മദ് ഷെരീഫ് മോഡറേറ്ററായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഗിരീഷ് ചോലയില്‍ സ്വാഗതവും സലാം വെളളയില്‍ നന്ദിയും പറഞ്ഞു.