'സമ്മർദങ്ങളെ എങ്ങനെ അതിജീവിക്കാം...?' -എല്ലാ ബിസിനസുകാരും ചിന്തിക്കുന്ന കാര്യമാണിത്. കാരണം, ടെൻഷന്റെ ലോകത്താണ് ബിസിനസുകാരുടെ ജിവിതം. പലരും പല മാർഗങ്ങൾ ഉപയോഗിച്ചാണ് സമ്മർദങ്ങൾ കുറയ്ക്കുന്നത്. യോഗ, സൈക്ലിങ്, ധ്യാനം, നടത്തം തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കുന്ന മാർഗങ്ങൾ. എന്നാൽ, ഇപ്പോൾ ബിസിനസുകാർക്കിടയിൽ പ്രചാരമേറിക്കൊണ്ടിരിക്കുന്ന ഒരു മാർഗമാണ് 'സുംബ' ഡാൻസ്. ഡാൻസ് രൂപത്തിലുള്ള വ്യായാമ രീതിയാണ് സുംബ ഡാൻസ്. പാട്ടിന്റെ താളത്തിനനുസരിച്ച് ആളുകൾ നൃത്തംവയ്ക്കുകയാണ് ഇതിൽ ചെയ്യുന്നത്. ഫിറ്റ്നസിനൊപ്പം മാനസിക ഉല്ലാസവും ലഭിക്കുമെന്നതാണ് മെച്ചം. ആരോഗ്യം സംരക്ഷിക്കാൻ പലരും ജിമ്മിൽ പോകുന്നുണ്ട്. എന്നാൽ, എന്തൊക്കെ കാര്യങ്ങൾ ആണോ നമ്മളെ അലട്ടുന്നത്. അത് 'വർക്കൗട്ട്' ചെയ്യുമ്പോഴും നമ്മളെ അലട്ടികൊണ്ടിരിക്കും. കാരണം, ചിന്തിക്കാൻ ജിമ്മിൽ സമയം കിട്ടുന്നുണ്ട്. എന്നാൽ, ഈ പ്രശ്നം സുംബ ഡാൻസിൽ ഇല്ല. കാരണം ചിന്തിക്കാൻ സുംബയിൽ സമയമില്ല. ശരാശരി ഒരു മണിക്കൂർ നീളുന്ന സെഷനിൽ 16-17 പാട്ടുകൾ 'പ്ലേ' ചെയ്യുകയാണ് സുംബ ഡാൻസിൽ ചെയ്യുന്നത്. 'അടുത്തത് എന്ത് സ്റ്റെപ്പ് ആയിരിക്കും...?' എന്ന ചിന്തയായിരിക്കും കളിക്കുന്നവർക്ക്. സ്വാഭാവികമായും അവർ സമ്മർദചിന്തകളിൽ നിന്ന് സുംബയുടെ ലോകത്തിലേക്ക് പോകും. അതിനാൽ, 'എന്ത് ടെൻഷൻ ഉണ്ടെങ്കിലും സുംബ ചെയ്താൽ മാറും' എന്നാണ് ഈ രംഗത്തുള്ളവരുടെ സാക്ഷ്യം. ശരീരഘഭാരം കുറയ്ക്കാൻ ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നും സുംബയാണ്. മാനസിക ഉല്ലാസം ലഭിക്കുന്നതുകൊണ്ട് തന്നെ സുംബ ചെയ്യുമ്പോൾ ബോറടിക്കുകയുമില്ല. ഗ്രൂപ്പ് ആയിട്ടാണ് സുംബ ചെയ്യുക. രണ്ടുപേർ ചേർന്നാണ് പൊതുവേ ഡാൻസ് കളിക്കുന്നത്. അതിനാൽത്തന്നെ, പലരെയും പരിചയപ്പെടാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. എല്ലാ പ്രായക്കാർക്കും ചെയ്യാൻ കഴിയുന്ന സുംബ ഡാൻസ് ഉണ്ട്. എന്നാൽ, കൊച്ചിയിൽ 50 വയസ്സു വരെയുള്ളവരാണ് സാധാരണ സുംബ ചെയ്യുന്നത്. സ്ത്രീകൾക്കാണ് കൂടുതൽ താത്പര്യമെങ്കിലും ഇപ്പോൾ പുരുഷന്മാരും സുംബയിലേക്ക് തിരിയുന്നുണ്ട്. രാവിലെയും വൈകീട്ടുമാണ് കൊച്ചിയിലെ കേന്ദ്രങ്ങളിലെ ക്ലാസുകൾ. ഇതിൽ ബിസിനസുകാർ പൊതുവേ തിരഞ്ഞെടുക്കുന്നത് രാവിലത്തെ സെഷനാണ്. മീറ്റിങ്ങുകളും മറ്റും വൈകീട്ടാവുന്നതു കൊണ്ടാണ് ബിസിനസുകാർ രാവിലെ തിരിഞ്ഞടുക്കുന്നത്. ഓഫീസിൽ പോകുന്നവർക്ക് വൈകിട്ടാണ് സൗകര്യം. ശരാശരി 3,000 രൂപയാണ് വിവിധ കേന്ദ്രങ്ങൾ ഫീസായി മാസം ഈടാക്കുന്നത്. 'നേരത്തേ ജിമ്മിൽ പോകുന്ന വ്യക്തിയായിരുന്നു. ഇപ്പോൾ നാലുവർഷമായി സുംബയാണ് ചെയ്യുന്നത്. ഫിറ്റ്നെസിനും ടെൻഷൻ കുറയ്ക്കാനും സുംബയാണ് ബെസ്റ്റ്' അരുൺ ദാസ്, മാനേജിങ് ഡയറക്ടർ, ഭവാനി കൺസൾട്ടന്റ്സ്, കൊച്ചി 'ടെൻഷൻ കുറയ്ക്കാൻ ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് സുംബ. ഡാൻസിലൂടെയുള്ള വ്യായാമ മുറയായതുകൊണ്ട് സമ്മർദങ്ങൾ കുറയ്ക്കാൻ സാധിക്കും.' പൂർണിമ വിശ്വനാഥൻ, ട്രെയ്നർ, സ്വാഗ് ഫിറ്റ്നസ് സ്റ്റുഡിയോ, കൊച്ചി sanishwyd@gmail.com
from money rss http://bit.ly/37tosAS
via
IFTTT