പ്രതിരോധ പ്രദര്‍ശനത്തില്‍'ഇന്ത്യന്‍ സ്‌പര്‍ശം'
Posted on: 24 Feb 2015
അബുദാബി: പോര്‍മുഖങ്ങളിലെ നൂതന വാഹനങ്ങളും ആയുധങ്ങളും നേരിട്ട് കാണാന്‍ അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശന നഗരിയില്‍ പൊതുജനങ്ങളുടെ തിരക്ക്. ഇന്ത്യയില്‍ നിന്നുള്ള മഹീന്ദ്രയുടെ യുദ്ധവാഹനങ്ങളും ജനശ്രദ്ധയാകര്‍ഷിക്കുന്നു.
രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ സാധാരണക്കാര്‍ക്കെല്ലാം അവസരമുണ്ട്. നാഷണല്‍ എക്‌സിബിഷന്‍ സെന്റിലെത്തുന്ന ആര്‍ക്കും തങ്ങളുടെ ഐഡന്റിറ്റി കാര്‍ഡ് കാണിച്ച് അപേക്ഷാ ഫോറം പൂരിപ്പിച്ചാല്‍ അകത്ത് കയറാം. ഇത് തീര്‍ത്തും സൗജന്യവുമാണ്.
കരയിലും വെള്ളത്തിലും ഒരേപോലെ സഞ്ചരിക്കുന്ന കുഞ്ഞന്‍ വാഹനം മുതല്‍ മലനിരകള്‍ ഇടിച്ചിട്ട് മുന്നേറുന്ന വമ്പന്‍ വണ്ടികള്‍വരെ പ്രദര്‍ശനത്തിലുണ്ട്. ചൈനയുടെ യുദ്ധവാഹനങ്ങളുടെ പ്രദര്‍ശനത്തില്‍ ഏറെ പ്രത്യേകതകളുണ്ട്. സാങ്കേതിക വിദ്യ യുദ്ധമുഖത്ത് എത്രത്തോളം പ്രായോഗികമാക്കാം എന്നതിന്റെ ഉദാഹരണമാണവ. ചൈനയ്ക്ക് പുറമേ റഷ്യ, ഗ്രീസ്, ഇറ്റലി, ബ്രസീല്‍, ന്യൂസീലന്‍ഡ്, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, അമേരിക്ക, യു.കെ. എന്നിവിടങ്ങളില്‍ നിന്നെല്ലാം സംഘങ്ങള്‍ എത്തിയിട്ടുണ്ട്.
തീവ്രവാദികളെയും കള്ളന്മാരെയുമെല്ലാം മിലിട്ടറി ഓപ്പറേഷനുകളിലൂടെ കീഴ്‌പ്പെടുത്തുന്നതിന്റെ തത്സമയ പ്രദര്‍ശനമൊരുക്കിയത് സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായി. പ്രത്യേകം തയ്യാറാക്കിയ ഇരുട്ട് മുറിയില്‍ വെളിച്ച ശബ്ദ സജ്ജീകരണങ്ങളോടെയായിരുന്നു ഇത്. വിമാനങ്ങളുടെയും റോക്കറ്റുകളുടെയും തോക്കുകളുടെയും കപ്പലുകളുടെയും പ്രദര്‍ശനത്തോടൊപ്പം സാധാരണക്കാര്‍ക്ക് വാങ്ങാവുന്ന പല ചെറു ഉപകരണങ്ങളും ഐഡക്‌സിലുണ്ട്.
പ്രദര്‍ശനകേന്ദ്രത്തില്‍ മഹീന്ദ്ര യുദ്ധവാഹനങ്ങളുടെ പ്രത്യേക പ്രദര്‍ശനം ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി. റാസ് അല്‍ ഖൈമ ആസ്ഥാനമാക്കി വെടിയുണ്ടകളെ ചെറുക്കുന്ന സജ്ജീകരണങ്ങള്‍ യു.എ.ഇ.യിലെ വാഹനങ്ങളില്‍ ഒരുക്കുകയാണ് മഹിന്ദ്ര. ഇരുനൂറോളം വെടിയുണ്ടകള്‍ പതിഞ്ഞിട്ടും ഉള്ളില്‍ യാതൊരു കേടുപാടും സംഭവിക്കാത്ത വാഹനങ്ങള്‍ ശ്രദ്ധേയമായി. മഹീന്ദ്രാ സ്‌കോര്‍പിയോ ജീപ്പിന്റെ ഷാസിയില്‍ നിര്‍മിച്ച അത്യാധുനിക യുദ്ധവാഹനത്തിന്റെ വീഡിയോ പ്രദര്‍ശനവും സന്ദര്‍ശകരെ ആകര്‍ഷിച്ചു. ടയര്‍ പൊട്ടിപ്പോയാലും വാഹനം ഓടിച്ച്‌പോകാന്‍ പറ്റുന്ന വിധത്തിലുള്ള വിവിധ കമ്പനികളുടെ കണ്ടെത്തലുകളും പ്രദര്‍ശിപ്പിച്ചു.
കോടികളുടെ കച്ചവടമാണ് ഐഡക്‌സിലൂടെ നടക്കുന്നത്. ലോകത്തിലെ പല രാഷ്ടങ്ങളുടെയും സാങ്കേതിക വിദ്യകള്‍ മറ്റ് രാഷ്ട്രങ്ങള്‍ക്ക് കാണുവാനും വിലയുറപ്പിക്കാനുമുള്ള സൗകര്യം ഇതിലൂടെ സാധ്യമാകുന്നു. ഐഡക്‌സിനോടനുബന്ധിച്ചുള്ള അബുദാബി അന്താരാഷ്ട്ര നാവിക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍വഹിച്ചു. പ്രദര്‍ശനം വ്യാഴാഴ്ച അവസാനിക്കും.
from kerala news edited
via IFTTT