Story Dated: Monday, February 23, 2015 07:04
ന്യൂഡല്‍ഹി: ലൈംഗികാതിക്രമണ കേസില്‍ നെബേല്‍ സമ്മാന ജേതാവ് ആര്‍.കെ പച്ചൗരിയുടെ അറസ്‌റ്റ് കോടതി തടഞ്ഞു. ദി എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്റിറ്റ്യൂട്ട് (ടെറി) ഡയറക്‌ടര്‍ ജനറല്‍ കൂടിയായ പച്ചൗരിക്കെതിരെ ഒരു വനിതാ ജീവനക്കാരി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലീസ് ലൈംഗികാതിക്രമ കേസില്‍ എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്. ടെറിയിലെ റിസര്‍ച്ച് അനലിസ്‌റ്റായ യുവതിയാണ് പരാതി നല്‍കിയത്.
കേസില്‍ പച്ചൗരിക്കെതിരെ ഡല്‍ഹി പോലീസ് അറസറ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ അദ്ദേഹം കോടതയിയെ സമീപിക്കുകയായിരുന്നു. 26ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ പച്ചൗരിയെ അറസ്‌റ്റ് ചെയ്യരുതെന്നാണ് സാകേതിലെ അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശം. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
അനുവാദമില്ലാതെ പച്ചൗരി തന്നെ സ്‌പര്‍ശിച്ചുവെന്നും എസ്.എം.എസ്, വാട്‌സ് ആപ്, ഇമെയില്‍ സന്ദേശങ്ങളിലൂടെ തന്നെ നിരന്തരമായി ശല്യപ്പെടുത്തുന്നു എന്നും ആരോപിച്ചാണ് 29 കാരിയായ യുവതി പോലീസിനെ സമീപിച്ചത്. പരാതിയില്‍ കേസെടുത്ത പോലീസ് സ്‌ത്രീകള്‍ക്ക് എതിരെയുള്ള കടന്നുകയറ്റം, ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം ആരോപണം അടിസ്‌ഥാനരഹിതമാണെന്ന് പച്ചൗരി പറഞ്ഞു. തന്റെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്‌ത് ആരോ അയച്ച സന്ദേശങ്ങളാണ് യുവതിയുടെ പരാതിയുടെ അടിസ്‌ഥാനമെന്നും പച്ചൗരി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് പോലീസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
from kerala news edited
via IFTTT