Story Dated: Friday, January 30, 2015 06:50
തൃശൂര്‍: പാര്‍പ്പിട സമുച്ചയത്തിന്റെ ഗേറ്റ് തുറക്കാന്‍ വൈകിയെന്നു കുറ്റപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കിംഗ്‌സ് വ്യവസായ ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഗുണ്ടാനിയമത്തില്‍ ഉള്‍പ്പെടുത്തി കാപ്പാ വകുപ്പ് പ്രകാരം കേസെടുത്തു.
തലയ്‌ക്കും നട്ടെല്ലിനും സാരമായി പരുക്കേറ്റ ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടശാംകടവ് കാരമുക്ക് കാട്ടുങ്ങല്‍ വീട്ടില്‍ വാസുദേവന്‍ മകന്‍ ചന്ദ്രബോസ് (47) അതീവ ഗുരുതരനിലയില്‍ തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്.
പരുക്കേറ്റ സെക്യൂരിറ്റി ഓഫീസര്‍ അയ്യന്തോള്‍ സ്വദേശി അരുണി (31) നെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലോളം വാരിയെല്ലുകള്‍ക്കു പൊട്ടലുണ്ടായ ചന്ദ്രബോസിനെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കി.
കിങ്‌സ് ബീഡിയുടെ ഉടമസ്‌ഥനും പ്രമുഖ ബിസിനസുകാരനുമാണ് പുഴയ്‌ക്കല്‍ ശോഭ സിറ്റിയില്‍ താമസിക്കുന്ന അടയ്‌ക്കപറമ്പില്‍ മുഹമ്മദ് നിസാം (38). ഇയാള്‍ മുമ്പു വനിതാ എസ്.ഐയെ വാഹനപരിശോധനയ്‌ക്കിടെ ബന്ദിയാക്കിയിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ഏഴു കോടിയോളം രൂപ വിലവരുന്ന ഹമ്മര്‍ ജീപ്പിലാണ് ഇയാള്‍ ശോഭാ സിറ്റിയുടെ പ്രധാന കവാടത്തിലെത്തിയത്. ഹോണ്‍ അടിച്ചയുടനെ സെക്യൂരിറ്റി ജീവനക്കാരന്‍ ഗേറ്റ് തുറന്നില്ലെന്നു പറഞ്ഞ് തട്ടിക്കയറി.
അമിതമായി മദ്യപിച്ച നിലയിലായിരുന്നു മുഹമ്മദ് നിസാമെന്നു ജീവനക്കാര്‍ പോലീസിനു മൊഴി നല്‍കി. കാറിന്റെ വേഗപ്പാച്ചിലില്‍ അവിടെയുണ്ടായിരുന്ന പൂച്ചെടികള്‍ നശിച്ചു. വാഹനത്തില്‍ നിന്ന് ഇറങ്ങിയ നിസാം ആദ്യം ഗേറ്റിനു സമീപം ചന്ദ്രബോസിനെ അടിച്ചുവീഴ്‌ത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ആഡംബരകാര്‍ കൊണ്ട് ഇടിച്ചുവീഴ്‌ത്തി. മതിലിനോടു ചേര്‍ത്തിടിച്ചു.
കുഴഞ്ഞുവീണ ചന്ദ്രബോസിനെ വലിച്ചിഴച്ച് കാറില്‍ കയറ്റി പാര്‍ക്കിംഗ് ഏരിയയില്‍ കൊണ്ടുചെന്നും മര്‍ദിച്ചു. കമ്പു കൊണ്ട് തലയ്‌ക്കടിച്ചു. മറ്റു ജീവനക്കാര്‍ ഓടിയെത്തിയാണ് ചന്ദ്രബോസിനെ രക്ഷിച്ചത്. ഇവരോടും നിസാം തട്ടിക്കയറി. കലിയടങ്ങാതെ സെക്യൂരിറ്റി റൂമിന്റെ വാതിലും ജനലുകളും തല്ലിത്തകര്‍ത്തു.
സംഭവമറിഞ്ഞെത്തിയ പേരാമംഗലം പോലീസും ഹൈവേ പോലീസും ജീവനക്കാരനെ ആശുപത്രിയില്‍ എത്തിച്ചു. ഇയാളെ അപായപ്പെടുത്താന്‍ ഉപയോഗിച്ച രണ്ടു വാഹനങ്ങള്‍ പോലീസ് കസ്‌റ്റഡിയിലെടുത്തു. മധ്യമേഖല എ.ഡി.ജി.പി: എന്‍. ശങ്കര്‍ റെഡ്‌ഡിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
മുഹമ്മദ് നിസാമിനെതിരെ കാപ്പ നിയമം ചുമത്താന്‍ നിര്‍ദേശിച്ചെന്നും ഇയാള്‍ക്കെതിരേയുള്ള മുന്‍ കേസുകള്‍ കൂടി പരിശോധിച്ച് ഗുണ്ടാ നിയമം ചുമത്തുമെന്നും എ.ഡി.ജി.പി. പറഞ്ഞു. സിറ്റി പോലീസ് കമ്മിഷണര്‍ ജേക്കബ് ജോബ്, അസിസ്‌റ്റന്റ് പോലീസ് കമ്മിഷണര്‍ ജയചന്ദ്രന്‍ പിള്ള, പേരാമംഗലം സി.ഐ: പി.സി. ബിജുകുമാര്‍ എന്നിവരും സംഭവ സ്‌ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു.
നിയമത്തെ വെല്ലുവിളിക്കുന്ന പ്രകൃതം; പത്തോളം കേസുകളിലെ പ്രതി
നിയമവ്യവസ്‌ഥയെ നിരന്തരം വെല്ലുവിളിക്കുന്ന പ്രകൃതക്കാരനാണ് കിങ്‌സ് കമ്പനി ഉടമ മുഹമ്മദ് നിസാം. പോലീസ് രേഖകള്‍ പ്രകാരം ഇയാള്‍ പത്തോളം കേസുകളില്‍ പ്രതിയാണ്.
രണ്ടു വര്‍ഷം മുമ്പ് നഗരമധ്യത്തില്‍ വാഹനപരിശോധനയ്‌ക്കിടെ വനിതാ എസ്.ഐയെ ഇയാള്‍ വിദേശകാറില്‍ ബന്ദിയാക്കിയത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. രാത്രി സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു മദ്യപിച്ച നിസാമിന്റെ വാഹനം തടഞ്ഞു പരിശോധിച്ചതായിരുന്നു പ്രകോപനം. മദ്യപിച്ചാണു വാഹനമോടിച്ചതെന്നു കണ്ടെത്തി നിയമനടപടിക്കു തുനിഞ്ഞ എസ്.ഐയോടു നിസാം ആക്രോശിച്ചു. തുടര്‍ന്ന് എസ്.ഐയെ വാഹനത്തില്‍ കയറ്റിയ ശേഷം ഡോര്‍ ലോക്ക് ചെയ്ുകയയായിരുന്നു. തുറക്കാന്‍ തയാറാകാതെ പോലീസിനെ അസഭ്യം പറയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്‌തതിന് നിസാമിനെതിരേ കേസുണ്ട്. പത്തു മിനിറ്റോളം സിനിമാസ്‌റ്റൈലില്‍ വെല്ലുവിളിച്ച ശേഷമാണ് ഇയാള്‍ പോലീസ് ഉദ്യോഗസ്‌ഥയെ മോചിപ്പിച്ചത്. ഇതിനിടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി. പിന്നീട് കാര്‍ ടൗണ്‍ ഈസ്‌റ്റ് സ്‌റ്റേഷനിലേക്ക് എത്തിച്ചപ്പോള്‍ ഇത്ര വിലകൂടിയ വാഹനം ഇവിടെയിടാനാകുമോ എന്നും വെല്ലുവിളിച്ചു.
അത്യാഡംബരകാറുകള്‍ ഹരമായ നിസാം ഇടയ്‌ക്കിടെ കോടികള്‍ വിലവരുന്ന വാഹനങ്ങള്‍ മാറ്റിയെടുത്തിരുന്നു. ഇയാളുടെ കൈവശം കോടികള്‍ വിലയുള്ള ഏഴോളം കാറുകളുണ്ട്. ഏഴു വയസുകാരനായ മകനെ ഡ്രൈവിംഗ്‌സീറ്റിലിരുത്തി ഫെറാരികാര്‍ ഓടിപ്പിച്ച് വീഡിയോ ദൃശ്യം ഫേസ്‌ബുക്കിലിട്ടതും വിവാദമായി. ലൈസന്‍സില്ലാത്ത കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിന് പോലിസ് കേസെടുത്തു. ഇടിക്കട്ട കൊണ്ട് ഒരാളെ മുഖത്തടിച്ച കേസിലും പ്രതിയാണ്. അറസ്‌റ്റ് ചെയ്‌താലും പോലീസിനെ വെല്ലുവിളിക്കുന്നതു പതിവാണ്. ഇന്നലെ പോലീസ് സ്‌റ്റേഷനില്‍ എത്തിയ ഫോട്ടോഗ്രാഫര്‍മാരോടും നിസാം തട്ടിക്കയറി.
പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ മുസ്ലിംലീഗ് നേതാക്കളും ഒരു എം.പിയും മന്ത്രിയും അടക്കമുള്ളവര്‍ ഇടപെട്ടതായി ആരോപണമുണ്ട്. ചികിത്സയിലായിരുന്ന ചന്ദ്രബോസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുവാന്‍ ചില പോലീസുകാരുടെ ഒത്താശയോടെ നീക്കം നടത്തിയെങ്കിലും ബന്ധുക്കള്‍ വിസമ്മതിച്ചു. രോഗിയെ തൃശൂരില്‍ നിന്നു മാറ്റിയ ശേഷം പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനായിരുന്നു ശ്രമം.