Story Dated: Friday, January 30, 2015 02:47
താനൂര്‍: താനൂര്‍ കടപ്പുറത്തു നടത്തുന്ന വില്ലേജ് ക്യാമ്പ് ഇന്നു സമാപിക്കും. വൈകിട്ടു നാലിന് ഒട്ടുമ്പുറത്ത് നടക്കുന്ന പരിപാടിയില്‍ അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി എം.എല്‍.എ പങ്കെടുക്കും. കാരാത്തോട് ഇന്‍കെല്‍ കാംപസിലെ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍ (എന്‍.ടി.ടി.എഫ്) ലെ ഇലക്‌ട്രോണിക് ഡിപ്ലൊമ വിദ്യാര്‍ഥികളാണ് കാമ്പില്‍ പങ്കെടുക്കുന്നത്. നെഹ്‌റു ജന്മശതാബ്‌ദിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് ഗാന്ധിദര്‍ശന്‍ സമിതിയുമായി സഹകരിച്ചു നടത്തുന്ന ക്യാമ്പില്‍ കടലില്‍ പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്‌കരണത്തോടെയായിരുന്നു തുടക്കം. കടല്‍ക്കരയിലെ പ്ലാസ്‌റ്റിക് മാലിന്യങ്ങളും ആദ്യ ദിവസം വിദ്യാര്‍ഥികള്‍ ശേഖരിച്ചിരുന്നു. രണ്ട് ദിവസങ്ങളിലായി 160 വീടുകള്‍ സന്ദര്‍ശിച്ച് ലഹരിവിരുദ്ധ-ശുചീകരണ ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വീടുകളില്‍ ശയ്ായവലംബരായി കിടക്കുന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഗാന്ധിദര്‍ശന്‍ സമിതി ജനറല്‍ കണ്‍വീനര്‍ പി.കെ നാരായണന്‍, എന്‍.റ്റി.റ്റി.എഫ് ടീം ലീഡര്‍ രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കാംപ് നടക്കുന്നത്. വിദ്യാര്‍ഥികള്‍ കാംപ് ചെയ്യുന്ന താനൂര്‍ എല്‍.പി സ്‌കൂളും പരിസരവും വൃത്തിയാക്കുകയും മാലിന്യം നിക്ഷേപിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്‌തു. ഗാന്ധിജിയും യുവാക്കളും വിഷയത്തില്‍ വി.എസ് ഗിരീഷ് ക്ലാസെടുത്തു. നെഹ്‌റു ജന്മശതാബ്‌ദിയോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവിധ പരിപാടികളില്‍ അവസാനത്തേതാണ് വില്ലേജ് കാംപ്. രാഷ്‌ട്രശില്‌പിയായ നെഹ്‌റു വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം, അച്‌ഛന്‍ മകള്‍ക്കയച്ച കത്തിന്റെ മാതൃകയില്‍ പ്രവാസികള്‍ക്കായി കത്തെഴുത്ത് മത്സരം, മലപ്പുറത്തെ ചരിത്ര പ്രാധാന്യമുള്ള സ്‌ഥലങ്ങളിലേയ്‌ക്ക് വിദ്യാര്‍ഥികള്‍ക്കായി ഡിസ്‌കവറി ഓഫ് മലപ്പുറം പഠനയാത്ര എന്നിവ സംഘടിപ്പിച്ചിരുന്നു.
from kerala news edited
via IFTTT