121

Powered By Blogger

Friday, 10 April 2020

പോസ്‌റ്റോഫീസില്‍ പോകാതെ ആര്‍ഡി അടയ്ക്കാം: വിശദാംശങ്ങള്‍ അറിയാം

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ ഏറ്റുവും ജനകീയമായ പദ്ധതിയാണ് റിക്കറിങ് ഡെപ്പോസിറ്റ്. ലഘു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുത്തനെ കുറച്ചപ്പോൾ അഞ്ചുവർഷ കാലാവധിയുള്ള ആർഡിയുടെ പലിശയിലും ഇതോടെ കാര്യമായ കുറവുവന്നു. ഏപ്രിൽ ഒന്നിന് പരിഷ്കരിച്ച നിരക്ക് പ്രകാരം റിക്കറിങ് ഡെപ്പോസിറ്റിന് 5.8ശതമാനം പലിശയാണ് ലഭിക്കുക. ജൂൺ 30വരെയാണ് പുതുക്കിയ നിരക്കിന്റെ കാലാവധി. ഓൺലൈനായും പോസ്റ്റ് ഓഫീസ് ആർഡികളിൽ നിക്ഷേപിക്കാം. ഇന്ത്യ പോസ്റ്റ് പേയ്മന്റെ്(ഐപിപിബി)ആപ്പ് വഴിയാണ് ഇത് സാധ്യമാകുക. ആർഡിയിലേയ്ക്കുള്ള പ്രതിമാസ നിക്ഷേപതുക നിങ്ങൾക്ക് ആപ്പുവഴി കൈമാറാം. അതായത് പോസ്റ്റ് ഓഫീസ് കൗണ്ടറിനുമുന്നിൽ ദീർഘനേരം വരിനിൽക്കാതെതന്നെ ആർഡിയിലേയ്ക്ക് പണമടയ്ക്കാമെന്ന് ചുരുക്കം. എങ്ങനെയെന്ന് നോക്കാം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഐപിപിബി അക്കൗണ്ടിലേയ്ക്ക് പണമിടുക. ഡിഒപി പ്രൊഡക്ട് എന്ന വിഭാഗത്തിലേയ്ക്കുപോയി റിക്കറിങ് ഡെപ്പോസിറ്റ് സെലക്ട് ചെയ്യുക. ആർഡി അക്കൗണ്ട് നമ്പർ ചേർക്കുക. അതിനുശേഷം ഡിഒപി കസ്റ്റമർ ഐഡിയും. ഇൻസ്റ്റാൾമന്റ് കാലാവധിയും തുകയും തിരഞ്ഞെടുക്കുക. പണം കൈമാറിയാൽ ഐപിപിബി നിങ്ങൾക്ക് നോട്ടിഫിക്കേഷൻ അയയ്ക്കും. പുതിയതായി ചേരുന്നവർക്ക് തുടക്കത്തിലെ രജിസ്ട്രേഷൻ നടപടികൾക്കായി അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തുക. ഒരിക്കൽ ഡിജിറ്റൽ സേവിങ്സ് അക്കൗണ്ട് തുറന്നുകഴിഞ്ഞാൽ എല്ലാ ഇടപാടുകളും ഓൺലൈനായി നടത്താനാകും. നിലവിലുള്ളവർക്ക് അക്കൗണ്ട് നമ്പർ, കസ്റ്റമർ ഐഡി(സിഐഎഫ്), ജനനതിയതി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ എന്നിവ ആപ്പിൽ നൽകുക. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. എംപിൻ സെറ്റ് ചെയ്യുക. ഒടിപി നൽകുക. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ പോസ്റ്റ് ഓഫീസ് ആർഡി ഉൾപ്പടെയുള്ളവയുടെ തവണ അടച്ചില്ലെങ്കിലുള്ള പിഴ തൽക്കാലത്തേയ്ക്ക് ഒഴിവാക്കിയിട്ടുണ്ട്.

from money rss https://bit.ly/2JV4GVj
via IFTTT

വാഹന, ഭവന, റെസ്റ്റോറൻറ്: തിരിച്ചുവരവിന് രണ്ടുവർഷം വേണ്ടിവരും

മുംബൈ: കോവിഡ്-19 മഹാമാരിയുടെ ആഘാതത്തിൽനിന്ന് രാജ്യത്തെ ഭവന, വാഹന, റെസ്റ്റോറൻറ് മേഖലകൾ കരകയറണമെങ്കിൽ ഒന്നുമുതൽ രണ്ടുവരെ വർഷം വേണ്ടിവരുമെന്ന് വ്യവസായ കൂട്ടായ്മയായ ഫിക്കിയുടെ സർവേ. നിലവിൽ രോഗബാധ തടയുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗൺ സന്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ലോക്ഡൗൺ നീട്ടേണ്ട സ്ഥിതിവിശേഷമാണുള്ളത്. ഈ സാഹചര്യത്തിൽ സന്പദ്വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിന് പത്തുലക്ഷം കോടി രൂപയുടെ സാന്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗതാഗതം, ടൂറിസം, ചരക്കുനീക്കം, വിനോദം, ഉപഭോക്തൃ ഉത്പന്ന മേഖല തുടങ്ങിയ രംഗങ്ങളിലും സമാന പ്രതിസന്ധിയുണ്ട്. ഇവയ്ക്കും സാധാരണ നില കൈവരിക്കാൻ രണ്ടുവർഷംവരെ വേണ്ടിവന്നേക്കാം. ഉപഭോഗത്തിൽ എത്ര വർധനയുണ്ടാകുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും ഈ മേഖലകളുടെ തിരിച്ചുവരവ്. ഇക്കാര്യത്തിൽ സർക്കാരിൻറെ ഉത്തേജക നടപടികൾ നിർണായകമാകും. വസ്ത്രം, സൗന്ദര്യവർധക വസ്തുക്കൾ, പാനീയങ്ങൾ, ഇൻഷുറൻസ്, കൃഷി, രാസവ്യവസായം, ലോഹം, ഖനനം, സേവന മേഖല, വ്യവസായ സംരംഭങ്ങൾ, ചില്ലറവ്യാപാര മേഖല, ആരോഗ്യരംഗം തുടങ്ങിയ വിഭാഗങ്ങൾ ഒന്പതുമുതൽ പന്ത്രണ്ടുമാസംകൊണ്ട് പഴയനിലയിലേക്ക് എത്തിയേക്കാം. ഭക്ഷണ വിതരണം, ടെലികമ്യൂണിക്കേഷൻ, ഉപഭോക്തൃ സേവനം, മരുന്ന് തുടങ്ങിയ മേഖലകൾ ആറുമുതൽ ഒന്പതുവരെ മാസംകൊണ്ട് ശക്തമായി തിരിച്ചുവരും. ഇവർക്കും സർക്കാർ തലത്തിൽ സഹായം ലഭ്യമാകേണ്ടതുണ്ട്. രാജ്യത്തെ വ്യവസായ മേഖലയുടെ ഉണർവ് സന്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിൽ നിർണായകമാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) നാലുമുതൽ അഞ്ചു ശതമാനം വരെ ഈ മേഖലയുടേതാണ്. തൊഴിൽ രംഗത്തും ഈ മേഖല നിർണായകമായിരിക്കും. ജി.ഡി.പി.യും ഇന്ത്യയുടെ കടബാധ്യതയും തമ്മിലുള്ള അനുപാതം ഇപ്പോഴും നിയന്ത്രണ വിധേയമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉത്തേജക പാക്കേജിൽ പ്രഖ്യാപിക്കുന്ന പണം സമൂഹത്തിൻറെ വിവിധ തലങ്ങളിൽ പുനരധിവാസത്തിനായി പ്രയോജനപ്പെടുത്താനാകണം. ഏറ്റവും താഴെ തലത്തിലുള്ളവർക്കും അസംഘടിത തൊഴിലാളികൾക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും വൻകിട കോർപ്പറേറ്റുകൾക്കുമെല്ലാം ഇതിൻറെ ഫലം ലഭ്യമാക്കണമെന്നും ഫിക്കി നിർദേശിക്കുന്നു. ഇതിനുപുറമേ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഉത്പന്നങ്ങൾ ഇവിടെ നിർമിക്കാനും അവയുടെ സ്വയം പര്യാപ്തതയ്ക്കും നടപടി വേണം. ഇതിനായി വ്യവസായ ക്ലസ്റ്ററുകളും വിതരണ ശൃംഖലകളും സൃഷ്ടിക്കപ്പെടണം. ശാസ്ത്രഗവേഷണങ്ങളിലൂടെയും പുതിയ കണ്ടെത്തലുകളിലൂടെയും രാജ്യത്തിൻറെ കരുത്തും സ്വയംപര്യാപ്തതാ ശേഷിയും വർധിപ്പിക്കുന്നതിന് രണ്ടുലക്ഷം കോടി രൂപയുടെ 'ഭാരത് സ്വയം പര്യാപ്തതാ ഫണ്ട്' രൂപവത്കരിക്കണമെന്നും ഫിക്കി റിപ്പോർട്ട് ശുപാർശചെയ്യുന്നു.

from money rss https://bit.ly/2XsFqxy
via IFTTT

പാശ്ചാത്യ രാജ്യങ്ങളുടെ വളർച്ച ആറു ശതമാനം വരെ കുറഞ്ഞേക്കും

കൊച്ചി: കോവിഡ്-19 പശ്ചാത്തലത്തിൽ പാശ്ചാത്യ സമ്പദ്വ്യവസ്ഥകൾ വളർച്ചാ മാന്ദ്യം നേരിടുമെന്ന് ആർ.ബി.ഐ. മുൻ ഗവർണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജൻ. ഈ വർഷം ഓരോ രാജ്യത്തിന്റെയും സാമ്പത്തിക വളർച്ചയിൽ കുറഞ്ഞത് ആറു ശതമാനം വരെ ഇടിവുണ്ടായേക്കും. ഇത് ആഗോള ജി.ഡി.പി.യിൽ രണ്ട് ലക്ഷം കോടി ഡോളറിലധികം നഷ്ടമുണ്ടാക്കുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആഗോളതലത്തിൽ അഞ്ചിൽ നാല് തൊഴിലവസരങ്ങളിൽ വൈറസ് ആഘാതമുണ്ടാക്കുമെന്നും രഘുറാം രാജൻ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി ബിസിനസ് സ്ഥാപനങ്ങൾ അടക്കം അടച്ചുപൂട്ടുന്നത് സാമ്പത്തികമായി വലിയ ആഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1930-ലെ മഹാ മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ആഗോള സമ്പദ്വ്യവസ്ഥ നേരിടാൻ പോകുന്നതെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് രഘുറാം രാജനും മാന്ദ്യം സംബന്ധിച്ച ആശങ്കകൾ പങ്കുെവച്ചിരിക്കുന്നത്. വൈറസ് വ്യാപനത്തെ മികച്ച രീതിയിൽ നിയന്ത്രിച്ച ദക്ഷിണ കൊറിയയെയും സിങ്കപ്പൂരിനെയും രഘുറാം രാജൻ പ്രശംസിച്ചു. ജന്മനാടായ ഇന്ത്യക്ക്, അതിന്റെ ജനസംഖ്യാപരമായ പരിമിതികളുണ്ട്. എപ്പോഴും ജനനിബിഡമായ ഒരു വിപണിയെ സംബന്ധിച്ച് സാധാരണഗതിയിൽ 'സാമൂഹിക അകലം പാലിക്കൽ' എന്നത് ശ്രമകരമാണ്. അതുകൊണ്ടുതന്നെ, രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനാണ് ലോക്ഡൗണിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മഹാമാരിയെ ചെറുക്കുന്നതിന് അതിന്റെ ഗൗരവം പൂർണമായും ജനങ്ങളിലേക്ക് എത്തിക്കണം. ഇന്ത്യയിൽ കൊറോണ വ്യാപനം നിയന്ത്രിക്കാനായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. അത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാനുള്ള ശേഷി ഈ രാജ്യത്തിന് ഇല്ല എന്നതാണ് യാഥാർത്ഥ്യമെന്നും രഘുറാം രാജൻ മുന്നറിയിപ്പ് നൽകി.

from money rss https://bit.ly/2RvT2nU
via IFTTT

കോവിഡ്: ജെഎം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് 30 കോടി നല്‍കും

കൊച്ചി- രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെഎം ഫിനാൻഷ്യൽ ഗ്രൂപ്പ് കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടി രൂപ നൽകും. ഇതിൽ 15 കോടി രൂപ പൗരൻമാർക്ക് അടിയന്തിര ഘട്ടത്തിൽ സഹായം നൽകുന്നതിനുള്ള പ്രധാനമന്ത്രിയുടെ നിധിയായ പിഎം കെയേഴ്സിനുള്ളതാണ്. കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും ചെയർമാൻ നിമേഷ് കംപാനിയുടേയും കുടുംബത്തിന്റേയും പക്കൽ നിന്നുമായാണ് ഈ തുക നൽകുന്നത്. മറ്റൊരു 15 കോടി കോവിഡ്-19 പ്രതിരോധിക്കുന്നതിനുള്ള ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായമായാണ് നൽകുക. സാമൂഹ്യമായ ഉത്തരവാദിത്തം നിറവേറ്റുന്ന സ്ഥാപനം എന്ന നിലയിൽ ജെഎം ഫിനാൻഷ്യൽ ഗ്രൂപ്പ് എക്കാലവും ഇത്തരം അടിയന്തിര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു മുന്നിൽ നിന്നിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ഈ ഘട്ടത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികളും കോർപറേറ്റ് സ്ഥാപനങ്ങളും രാജ്യം നേരിടുന്ന വെല്ലുവിളിയിൽ ഒറ്റക്കെട്ടായി നിന്ന് സാധ്യമായ പിന്തുണ നൽകാൻ ബാധ്യസ്ഥരാണെന്ന് ചെയർമാൻ നിമേഷ് കംപാനി പ്രസ്താവനയിൽ പറഞ്ഞു.

from money rss https://bit.ly/3b1fPzJ
via IFTTT

അടച്ചിടല്‍കാലത്ത് സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള വഴികള്‍

അടച്ചിടൽ കാലത്ത് പുറത്തിറങ്ങാൻ വിലക്കുള്ളതിനാൽ ജോലിക്കും പണമിടപാടുകൾക്കും മറ്റുമായി കംപ്യൂട്ടറുകളെയും സ്മാർട്ട്ഫോണുകളെയും ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇതോടൊപ്പം തട്ടിപ്പുകളും കൂടുകയാണെന്ന് ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി.ഇ.ആർ.ടി.) മുന്നറിയിപ്പ് നൽകുന്നു. കോവിഡ് കാലത്ത് ഇന്റർനെറ്റുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കായി സി.ഇ.ആർ.ടി. മാർഗനിർദേശങ്ങളുമിറക്കി. • സോഫ്റ്റ്വേറുകളിൽ ഓരോസമയത്തും നേരിടുന്ന സുരക്ഷാപാളിച്ചകൾ നികത്തുന്നതിനാണ് അപ്ഡേറ്റുകൾ നൽകുന്നത്. അതിനാൽ സ്മാർട്ട്ഫോണിലെ ആൻഡ്രോയിഡ്, ഐ.ഒ.എസ്. ഓപ്പറേറ്റിങ് സിസ്റ്റം കൃത്യമായി അപ്ഡേറ്റ് ചെയ്യുക. കംപ്യൂട്ടറിലെ വിൻഡോസിനും അടിക്കടി അപ്ഡേറ്റുകൾ ലഭിക്കാറുണ്ട്. ഓപ്പറേറ്റിങ് സിസ്റ്റം എന്നപോലെത്തന്നെ സ്മാർട്ട്ഫോണിലെ ആപ്പുകളും കംപ്യൂട്ടറിലെ സോഫ്റ്റ്വേറുകളും മറക്കാതെ പുതിയപതിപ്പിലേക്ക് മാറണം. • ഏറെനാളായി ഉപയോഗത്തിലില്ലാത്ത ആപ്പുകൾ നീക്കുക • ഔദ്യോഗിക വെബ്സൈറ്റുകളിൽനിന്നുമാത്രം ഡൗൺലോഡ് ചെയ്യുക. നമ്മൾ കയറാൻ ശ്രമിക്കുമ്പോൾതന്നെ സുരക്ഷിതമല്ലെന്ന് ബ്രൗസർ മുന്നറിയിപ്പ് നൽകുന്ന സൈറ്റുകൾ ഒഴിവാക്കുക. • ബാങ്കുകളുടെയും മറ്റും പേരിലുള്ള എസ്.എം.എസും ഇ-മെയിലും വഴി ലിങ്കുകൾ അയക്കുന്നത് മറ്റൊരുതരം തട്ടിപ്പാണ്. അത്തരം ലിങ്കുകളിൽ ഒരുകാരണവശാലും പ്രവേശിക്കരുത്. എസ്.എം.എസ്. വരുന്നത് പലപ്പോഴും ഒറ്റ ഫോൺനമ്പറിൽ നിന്നായിരിക്കും. ഇ-മെയിലുകൾ വരുന്ന ഐ.ഡി. സൂക്ഷ്മമായി വായിച്ചുനോക്കി വ്യാജനാണെന്ന് മനസ്സിലാക്കാം. • ആപ്പുകളിൽ ലോഗിൻ ചെയ്യുമ്പോൾ പൊതുവേ പാസ്വേഡ് സേവ് ചെയ്യാൻ ചോദിക്കാറുണ്ട്. ഫോൺ മോഷണം പോകുകയോ മറ്റോ ചെയ്താൽ ഇത് നമ്മുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ കാരണമാകും • പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ ബാങ്കിങ് ഇടപാടുകൾ ഉൾപ്പെടെ സ്വകാര്യവിവരങ്ങൾ നൽകേണ്ട സൈറ്റുകളിലേക്ക് പ്രവേശിക്കാതിരിക്കുക. ആവശ്യമില്ലെങ്കിൽ ബ്ലൂടൂത്ത് ഓഫ് ആക്കണം. • ഉപയോഗമില്ലാത്തപ്പോൾ ഫോൺ ലോക്ക് ചെയ്യുക. പ്രധാനപ്പെട്ട ആപ്പുകൾ പാസ്വേഡും ഒ.ടി.പി.യും തുടങ്ങി ഒന്നിലധികം പരിശോധനയിലൂടെ ലോക്ക് ചെയ്യുംവിധം സൂക്ഷിക്കുക.

from money rss https://bit.ly/2VodEzT
via IFTTT

സൈബര്‍ തട്ടിപ്പുകാരെ ശ്രദ്ധിക്കുക: മോറട്ടോറിയത്തിന്റെ മറവില്‍ പണംതട്ടാന്‍ ശ്രമം

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ കരുതിയിരിക്കണമെന്ന് പോലീസ്. ഭവനവായ്പ ഉൾപ്പടെയുള്ളവയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുമ്പോൾ അക്കൗണ്ടുടമകളുടെ പണം തട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബാങ്കിങ് തട്ടിപ്പിനെതിരേ മുൻകരുതലെടുക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും മുന്നറിയിപ്പുനൽകുന്നു. വായ്പകൾക്ക് മൊറട്ടോറിയം സാധ്യമാക്കാൻ ബാങ്കുകളുടെ ആസ്ഥാനത്തുനിന്ന് എന്ന വ്യാജേനയാണ് തട്ടിപ്പുവിളികൾ വരുന്നത്. ഇതിനോട് പ്രതികരിക്കാതിരിക്കുകയും ഉടൻതന്നെ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തതിനാൽ അക്കൗണ്ടുടമകൾക്ക് പണം നഷ്ടമായിട്ടില്ല. വിളികൾ വന്നത് ജാർഖണ്ഡിൽനിന്നാണെന്ന് കേരള പോലീസ് സൈബർഡോം കണ്ടെത്തിയിട്ടുണ്ട്. മൊറട്ടോറിയം ആക്ടീവ് ആക്കാൻ അക്കൗണ്ട് ഉടമകളുടെ ഡെബിറ്റ് കാർഡ് നമ്പറും തുടർന്നുവരുന്ന ഒ.ടി.പി.യും ആവശ്യപ്പെട്ടാണ് തട്ടിപ്പുകോളുകൾ. ഇത്തരം ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ആർ.ബി.ഐ.യ്ക്ക് പിന്നാലെ വിവിധ ബാങ്കുകളും ഉപഭോക്താക്കൾക്ക് എസ്.എം.എസിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബാങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ പാസ്ബുക്കിൽ നൽകിയിട്ടുള്ള ഫോൺനമ്പറിൽ വിളിക്കണമെന്ന് പോലീസ് പറയുന്നു. ബാങ്കുകളുടെ കസ്റ്റമർകെയർ നമ്പർ ഇന്റർനെറ്റിൽ അന്വേഷിച്ച് കണ്ടെത്തി വിളിക്കുന്നത് തട്ടിപ്പിനിരയാകാൻ കാരണമാകാമെന്നും പോലീസ് പറഞ്ഞു. പലപ്പോഴും ബാങ്കുകളുടെ വെബ് വിലാസത്തിന് സമാനമായ വിലാസമുള്ള സൈറ്റുകളും തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. ഇതുശ്രദ്ധിക്കാതെ സൈറ്റിൽ കാണുന്ന നമ്പറിലേക്ക് വിളിച്ചാൽ തട്ടിപ്പിനിരയാകും. കൊറോണപ്രതിരോധപ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് പണം നൽകുമ്പോഴും കൃത്യതപാലിക്കണം. ഔദ്യോഗിക അക്കൗണ്ട് നമ്പറുകൾക്ക് സമാനമായ രീതിയിലുള്ള അക്കൗണ്ട് നമ്പർ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിനുപുറത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി അക്കൗണ്ട് നമ്പറിന് സമാനമായ വ്യാജ അക്കൗണ്ട് നമ്പറുകൾ പ്രചരിക്കുന്നുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.

from money rss https://bit.ly/2RunChR
via IFTTT