മുംബൈ: കോവിഡ് ലോക്ഡൗൺ ഏർപ്പെടുത്തിയതിനാലും വിപണി അസ്ഥിരമായതിനാലും അനുമതികളെല്ലാം ലഭിച്ചിട്ടും പ്രഥമ ഓഹരി വിൽപ്പന (ഐ.പി. ഒ.) നടത്താതെ 34 കമ്പനികൾ മികച്ചസമയത്തിനായി കാത്തിരിക്കുന്നു. ഓഹരി വിപണി നിരീക്ഷണ ബോർഡായ സെബിയുടെ കണക്കുപ്രകാരം 33,516 കോടി രൂപയുടെ ഐ.പി.ഒ.യ്ക്കാണ് അനുമതി നൽകിയിട്ടുള്ളത്. വിപണി മെച്ചപ്പെട്ടശേഷം മികച്ച മൂല്യത്തോടെ ഐ.പി.ഒ. നടത്താനാണ് ഈ കമ്പനികൾ കാത്തിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2019-ൽ ഐ.പി.ഒ. പൊതുവേ കുറവായിരുന്നു. 16 കമ്പനികൾചേർന്ന് ആകെ 12,365 കോടി രൂപയാണ് സമാഹരിച്ചത്. 2015-നുശേഷം ഏറ്റവുംകുറവ് ഐ.പി.ഒ. നടന്നതും കഴിഞ്ഞവർഷമാണ്. അതുകൊണ്ടുതന്നെ കമ്പനികളും നിക്ഷേപകരും 2020-നെ വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി കോവിഡെത്തിയത് സ്ഥിതി വഷളാക്കി. മാർച്ചിലെ ഇടിവിനുശേഷം ഓഹരി വിപണി കരകയറിവരുകയാണെങ്കിലും ഐ.പി.ഒ.യുമായി ഇറങ്ങാൻ കമ്പനികൾ സന്നദ്ധമായിട്ടില്ല. നടപ്പുസാമ്പത്തികവർഷം അഞ്ചുമാസം പിന്നിടുമ്പോൾ റൊസാരി ബയോടെക്, മൈൻഡ് സ്പേസ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് എന്നിങ്ങനെ രണ്ട് ഐ.പി.ഒ.കൾ മാത്രമാണ് നടന്നത്. വിപണിയിലെ പണലഭ്യത മുൻനിർത്തി ഏതാനുംകമ്പനികൾകൂടി ഐ.പി.ഒ.യ്ക്ക് തയ്യാറെടുക്കുന്നുണ്ട്. യു.ടി.ഐ. അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ്, ഏഞ്ചൽ ബ്രോക്കിങ് ലിമിറ്റഡ്, ഹാപ്പിയെസ്റ്റ് മൈൻഡ്സ് ടെക്നോളജീസ് ലിമിറ്റഡ് തുടങ്ങിയവയാണ് ഇതിൽമുന്നിലുള്ളത്. യു.ടി.ഐ.യുടെ 4000 കോടി രൂപയുടെ ഐ.പി.ഒ. സെപ്റ്റംബറിൽ ഉണ്ടായേക്കും. സെബി നിയമപ്രകാരം എസ്.ബി.ഐ.ക്കും എൽ.ഐ.സിക്കും യു.ടി.ഐ.യിലെ ഓഹരിപങ്കാളിത്തം പത്തുശതമാനമായി കുറയ്ക്കേണ്ടതുമുണ്ട്. നിലവിൽ മൂന്നുകമ്പനികൾമാത്രമാണ് ഐ.പി.ഒ. അനുമതിക്കായി കാത്തുകിടക്കുന്നതെന്നാണ് പ്രൈംഡേറ്റാബേസിന്റെ കണക്കുകൾ പറയുന്നത്. ആറുവർഷത്തിനിടയിലെ ഏറ്റവും മോശംസ്ഥിതിയാണിത്.
from money rss https://bit.ly/3lvaXss
via IFTTT
from money rss https://bit.ly/3lvaXss
via IFTTT