121

Powered By Blogger

Thursday, 26 March 2020

പലിശ നിരക്ക് റിസര്‍വ് ബാങ്ക്‌ കുറച്ചു, വായ്പകള്‍ക്ക് 3 മാസം മോറട്ടോറിയം

ന്യഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന്റെ അടുത്തദിവസംതന്നെ ആർബിഐ റിപ്പോ നിരക്ക് മുക്കാൽ ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു. കാഷ് റിസർവ് റേഷ്യോയിൽ ഒരുശതമാനവും കുറവുവരുത്തിയിട്ടുണ്ട്. ഇതോടെ സിആർആർ മൂന്നുശതമാനമായി.എംപിസി യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ആർബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിരക്ക് കാര്യമായി കുറച്ചതോടെ വായ്പ പലിശകൾ കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതരാകും. പ്രധാന തീരുമാനങ്ങൾ: റിസർവ് റിപ്പോ നിരക്ക് 90 ബേസിസ് പോയന്റാണ് കുറച്ചത്. തീരുമാനം വിപണിയിൽ പണലഭ്യതവർധിപ്പിക്കാൻ. എംപിസിയിലെ ആറുപേരിൽ നാലുപേരും നിരക്ക് കുറയ്ക്കലിനെ അനുകൂലിച്ചു. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്കുകുറയ്ക്കുന്നതെന്ന് ആർബിഐ ഗവർണർ. കാഷ് റിസർവ് റേഷ്യോ ഒരുശതമാനം കുറച്ചു. ഇതോടെ സിആർആർ 3 ശതമാനമായി.

from money rss https://bit.ly/33Mi5Is
via IFTTT

വാള്‍സ്ട്രീറ്റിലെ പീറ്റര്‍ ടച്ച്മാനും കോവിഡ്

ന്യയോർക്ക്: വാൾസ്ട്രീറ്റിലെ ഏറ്റവും പ്രശസ്തനായ ട്രേഡർ പീറ്റർ ടച്ച്മാന് കോവിഡ് സ്ഥിരീകരിച്ചു. 10,000ലേറെയുള്ള ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനോട് അദ്ദേഹംതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുവരെ നേരിട്ടതിനേക്കാൾ മാരകമായ സാഹചര്യത്തോടാണ് താനിപ്പോൾ പോരാടാനുന്നതെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിദഗ്ധരായ ഡോക്ടർമാരാണ് തന്നെ ചികിത്സിക്കുന്നതെന്നും ശ്വാസതടസ്സമോ മറ്റോ ഇല്ലാത്തത് അപകടാവസ്ഥ കുറയ്ക്കുകയാണെന്നും ഉടനെ തിരിച്ചുവരുമെന്നും കുറിപ്പിൽ അദ്ദേഹം പറയുന്നു. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരി ഇടപാടുകാരനായ അദ്ദേഹം വാൾസ്ട്രീറ്റിലെ ഐൻസ്റ്റീൻ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. വാൾസ്ട്രീറ്റിലെ ഓഹരി വ്യാപാരവുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ട ഫോട്ടോകളിലൂടെ താരമായ വ്യക്തികൂടിയാണ് ഇദ്ദേഹം.

from money rss https://bit.ly/3bxz0RQ
via IFTTT

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 31,000വും നിഫ്റ്റി 9000വും ഭേദിച്ചു

മുംബൈ: തുടർച്ചയായി നാലാംദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 31,000 കടന്നു. നിഫ്റ്റിയകാട്ടെ 9000 ഭേദിക്കുകയും ചെയ്തു. 1079 പോയന്റാണ് സെൻസെക്സിലെ നേട്ടം. നിഫ്റ്റിയാകട്ടെ 366 പോയന്റും ഉയർന്നു. ബിഎസ്ഇയിലെ 505 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 62 ഓഹരികൾ നഷ്ടത്തിലുമാണ്. 34 ഓഹരികൾക്ക് മാറ്റമില്ല. റിസർവ് ബാങ്ക് ഗവർണറുടെ പ്രഖ്യാപനംകാത്താണ് വിപണി പ്രതീക്ഷയോടെ ഉണർന്നത്. രാവിലെ 10നാണ് ശക്തികാന്ത ദാസ് മാധ്യമപ്രവർത്തകരെ കാണുന്നത്. നിഫ്റ്റി ബാങ്ക് സൂചികയാണ് മികച്ച നേട്ടത്തിൽ. സൂചിക 7.34ശതമാനം ഉയർന്നു. മിഡ്ക്യാപ് സൂചിക 3.51ശതമാനവും സ്മോൾ ക്യാപ് 3.06 ശതമാനവുംനേട്ടത്തിലാണ്. ഇൻഡസിന്റ് ബാങ്ക് ഓഹരി 15 ശതമാനത്തോളം ഉയർന്നു.ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹകളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2vVAaHy
via IFTTT

ചരക്കുനീക്കം നിലച്ചു; കോടികളുടെ നഷ്ടം

മട്ടാഞ്ചേരി: കണ്ടെയ്നർ ലോറികൾ ഓട്ടം നിർത്തിയതോടെ വല്ലാർപാടം ടെർമിനലിലേക്കുള്ള ചരക്കുനീക്കം നിലച്ചു. കയറ്റുമതിക്കുള്ള കണ്ടെയ്നുകൾ ടെർമിനലിൽ എത്തില്ലെന്ന് ഉറപ്പായതോടെ, അടുത്തയാഴ്ച എത്തേണ്ട രണ്ട് കപ്പലുകൾ റദ്ദാക്കി. 'ഇ.ആർ. സ്വീഡൻ' എന്ന കപ്പൽ തിങ്കളാഴ്ചയാണ് എത്തേണ്ടിയിരുന്നത്. യൂറോപ്പിലേക്കള്ള കപ്പലാണിത്. ചൈനയിൽ നിന്ന് ബുധനാഴ്ച എത്തേണ്ട 'ലിങ്ക് യാങ് തായ്ക്ക്' എന്ന കപ്പലും റദ്ദാക്കി. നാനൂറോളം കണ്ടെയ്നറുകളാണ് ഈ കപ്പലുകളിൽ കയറ്റാറുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയായി കയറ്റുമതി മേഖലയിൽ പ്രതിസന്ധിയാണ്. കൊറോണയുടെ പിടിയിലായ രാജ്യങ്ങൾ നേരത്തെ നൽകിയ ഓർഡറുകൾ പൊടുന്നനെ റദ്ദാക്കിയതാണ് പ്രശ്നമായത്. എങ്കിലും കപ്പലുകൾ ഒന്നും റദ്ദാക്കിയിരുന്നില്ല. ട്രെയ്ലറുകളുടെ ഓട്ടം നിലച്ചത് കനത്ത തിരിച്ചടിയായി. സമുദ്രോത്പന്ന മേഖലയിൽ നിന്നുള്ള കയറ്റുമതി നേരത്തെ നിലച്ചു. കൊച്ചിയിൽനിന്ന് പോയ കണ്ടെയ്നർ ലോറികൾ പലതും പാതിവഴിയിലാണ്. ജീവനക്കാർക്ക് ഭക്ഷണംപോലും കിട്ടാത്ത സ്ഥിതിയാണ്. അനിശ്ചിതമായ സാഹചര്യം നിലവിലുള്ളതിനാൽ ജീവനക്കാർ പോകാനും മടിക്കുന്നുണ്ട്. അത്യാവശ്യ സാധനങ്ങളൊഴികെ മറ്റൊന്നും വാഹനങ്ങളിൽ കൊണ്ടുപോകാനും കഴിയില്ല.വല്ലാർപാടത്ത് ടെർമിനലിൽ എത്തിച്ചിട്ടുള്ള പല കണ്ടെയ്നറുകളും പുറത്തേക്ക് നീക്കാൻ കഴിയുന്നില്ല. ഇതൊക്കെ വഴിയിൽ തടയപ്പെടാം. ഇറക്കുമതി ചെയ്ത കമ്പനികളും പ്രശ്നത്തിലാണ്. കയറ്റുമതി മേഖലയിൽ കോടികളുടെ നഷ്ടമാണുണ്ടായതെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. ടെർമിനലിൽ ജോലികൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെങ്കിലും പ്രതിസന്ധി നിലനിൽക്കുന്നതിനാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ റദ്ദാക്കിയേക്കും. നികുതികളിൽ ഇളവ് നൽകിയും ടെർമിനൽ ചാർജുകളുടെയും ഡെമറേജിന്റെയും അമിതഭാരം ഒഴിവാക്കിയും മേഖലയെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റും മാരിടൈം ബോർഡ് അംഗവുമായ പ്രകാശ് അയ്യർ ആവശ്യപ്പെട്ടു.

from money rss https://bit.ly/2UGOb46
via IFTTT

ഹോം ഡെലിവറിയുമായി സപ്ലൈകോയും കൺസ്യൂമർഫെഡും

കൊച്ചി: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൺസ്യൂമർ ഫെഡ് ആരംഭിച്ച ഹോം ഡെലിവറി പദ്ധതിക്ക് മികച്ച പ്രതികരണം. കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. അവതരിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ 515-ഓളം ഡെലിവറികളാണ് കൺസ്യൂമർ ഫെഡ് നടത്തിയത്. പുറത്തിറങ്ങി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് വീട്ടിൽ ഭക്ഷ്യവസ്തുകൾ അടക്കം എത്തിച്ചുകൊടുക്കുന്ന പദ്ധതിയാണിത്. ആലപ്പുഴയിലും മലപ്പുറത്തും ഹോം ഡെലിവറി സംവിധാനം സജ്ജമായെന്നും വൈകാതെ പദ്ധതി രണ്ടിടത്തും ആരംഭിക്കുമെന്നും കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടർ വി.എം. മുഹമ്മദ് റഫീഖ് പറഞ്ഞു. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോൺ വിളിച്ചാണ് സാധനങ്ങൾ ബുക്ക് ചെയ്യേണ്ടത്. ഇതിനായി പ്രത്യേക ഫോൺ നമ്പറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഡെലിവറി ചാർജ് ഈടാക്കുന്നില്ല. ഓർഡർ നൽകിയ ദിവസംതന്നെ സാധനങ്ങൾ വീട്ടിൽ എത്തും. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ സാഹചര്യമുള്ളവർക്ക് പദ്ധതിയുടെ സേവനം ലഭിക്കില്ല. ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് യഥാർഥ ഉപഭോക്താവിനെ കണ്ടെത്തുന്നത്. ത്രിവേണി സ്റ്റോറുകളിലെ എല്ലാ ഉത്പന്നങ്ങളും ഓർഡർ ചെയ്യാമെങ്കിലും കൂടുതൽ ഡിമാൻഡ് അരി, പഞ്ചസാര തുടങ്ങിയ പലവ്യഞ്ജനങ്ങൾക്കാണെന്ന് അധികൃതർ പറഞ്ഞു. ശരാശരി 1,000 രൂപയുടെ ഓർഡറുകളാണ് ലഭിക്കുന്നത്.

from money rss https://bit.ly/2UjlECO
via IFTTT

ഉത്പന്നവിപണിയിലെ വ്യാപാരസമയം കുറച്ചു

മുംബൈ: ഉത്പന്നവിപണിയിലെ വ്യാപാരസമയം വെട്ടിക്കുറച്ച് 'സെബി'(സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ഉത്തരവിറക്കി. ലോക് ഡൗണിന്റെ ഭാഗമായി മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എം.സി.എക്സ്.), നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച്(എൻ.ഡി.സി.ഇ.എക്സ്.), ഇന്ത്യൻ കമ്മോഡിറ്റി എക്സ്ചേഞ്ച്(ഐ.സി.ഇ.എക്സ്.) എന്നിവയിൽ വൈകീട്ടത്തെ വ്യാപാരം ഒഴിവാക്കാനാണ് തീരുമാനം. ഇതോടെ രാത്രി 11.30 വരെ നടന്നിരുന്ന വ്യാപാരം വൈകീട്ട് അഞ്ചുമണിവരെയായി ചുരുങ്ങും.

from money rss https://bit.ly/2QNlcus
via IFTTT

ബാങ്കുകള്‍ താമസിയാതെ മിക്കവാറും ശാഖകള്‍ അടച്ചിട്ടേക്കും

ന്യൂഡൽഹി: രാജ്യത്ത് 21 ദിവസത്തെ അടച്ചിടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാരെ കോവിഡ് ബാധയിൽനിന്ന് രക്ഷിക്കാൻ ബാങ്കുകൾ ശാഖകളേറെയും അടച്ചിട്ടേക്കും. പ്രധാന നഗരങ്ങളിൽ അഞ്ചുകിലോമീറ്ററിനുള്ളിൽ ഒരു ശാഖമാത്രം തുറന്നാൽമതിയാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഗ്രാമങ്ങിളാകട്ടെ ഭൂരിഭാഗംപേരും പണമിടപാടുകൾക്ക് ആശ്രയിക്കുന്നത് ബാങ്ക് ശാഖകളെയാണ്. ഇവിടങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിച്ചാൽ മതിയോയെന്നാണ് ആലോചിക്കുന്നത്. കേഷമ പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് ബാങ്കുകൾ വഴിയാണ്. ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച 1.70 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജിൽ, സാധാരണക്കാർക്കുള്ള ആനുകൂല്യങ്ങൾ ബാങ്കുവഴി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ 130 കോടി ജനങ്ങൾ പണമിടപാടിനായി ആശ്രയിക്കുന്നതിനാൽ ബാങ്കിനെ അവശ്യസർവീസായി പരിഗണിച്ച് അടച്ചിടലിൽനിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം, ബാങ്ക് ശാഖകൾ അടച്ചിടുന്നകാര്യത്തിൽ അധികൃതർ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

from money rss https://bit.ly/3btdRrE
via IFTTT

Closing: മൂന്നാം ദിവസവും വിപണി കുതിച്ചു; സെന്‍സെക്‌സിലെ നേട്ടം 1411 പോയന്റ്

മുംബൈ: കോവിഡ് ഭീതിക്കിടയിലും തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 8,600ന് മുകളിലെത്തി. സെൻസെക്സ് 1,410.99 പോയന്റ്(4.94%)ഉയർന്ന് 29946.77ലും നിഫ്റ്റി 323.60 പോയന്റ്(3.89%) നേട്ടത്തിൽ 8641.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1483 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 766 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 164 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, ഗെയിൽ, സൺ ഫാർമ, മാരുതി സുസുകി, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ വിഭഗം സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യോപ് സൂചികകൾ മൂന്നുശതമാനത്തോളം ഉയർന്നു. ബാങ്ക് നിഫ്റ്റി 6.13ശതമാനവും ഐടി 2.47 ശതമാനവും ഓട്ടോ 2.53ശതമാനവും എഫ്എംസിജി 5.88ശതമാനവും ഹെൽത്ത്കെയർ 1.55 ശതമാനവും നേട്ടമുണ്ടാക്കി. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന സൂചന ലഭിച്ചതോടെ രാവിലെതന്നെ സൂചികകൾ മികച്ച നേട്ടത്തിലായിരുന്നു. എന്നാൽ ഉച്ചയോടെ പ്രഖ്യാപനംവന്നപ്പോൾ സെൻസെക്സ് 500 പോയന്റ് നിലവാരത്തിലേയ്ക്ക് താഴ്ന്നു. സാധാരണക്കാർക്കും മധ്യവർഗക്കാർക്കുമുള്ള പ്രത്യേക പാക്കേജാണ് ധനമന്ത്രി പ്രഖ്യാപിച്ചതെങ്കിലും രണ്ടുദിവസമായി തുടരുന്ന നിക്ഷേപകരുടെ ആത്മവിശ്വാസമാണ് വിപണിയെ തുണച്ചത്. കോർപ്പറേറ്റുകൾക്കും ചെറുകിട സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള പാക്കേജുകൾ വൈകാതെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും വിപണിയിൽ നിലനിൽക്കുന്നുണ്ട്.

from money rss https://bit.ly/2vPa4Ww
via IFTTT

രൂപയുടെ മൂല്യം കുതിച്ചു; ഡോളറിനെതിരെ ഒരു രൂപയുടെ നേട്ടം

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 100 പൈസയുടെ വർധന. രാവിലെ ഓഹരി സൂചികകൾ മികച്ച നേട്ടമുണ്ടാക്കിയതാണ് രൂപയ്ക്ക് കരുത്തുപകർന്നത്. വ്യാഴാഴ്ചയിലെ ഉയർന്ന നിലവാരമായ 75.17ലേയ്ക്കാണ് രാവിലെ മൂല്യമുയർന്നത്. കഴിഞ്ഞദിവസം 76.10 നിലവാരത്തിലാണ് ക്ലോസ് ചെയ്തിരുന്നത്. കോവിഡ് ബാധയെതുടർന്ന് രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മൂല്യമുയർന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മൂല്യം 75.44 നിരവാരത്തിലെത്തി. സെൻസെക്സ് ഒരുവേള 1500 പോയന്റിലേറെ കുതിക്കുകയും ചെയ്തിരുന്നു.

from money rss https://bit.ly/2WIVKtH
via IFTTT

ഇപിഎഫിലെ 75 ശതമാനം തുക പിന്‍വലിക്കാം; മൂന്നുമാസത്തെ വിഹിതം സര്‍ക്കാര്‍ അടയ്ക്കും

ന്യൂഡൽഹി: കോവിഡ് മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ എംപ്ലോയീസ് പ്രൊവിഡന്റ് നിയമങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് ഇപിഎഫ് വരിക്കാർക്ക് ബാലൻസ് തുകയുടെ 75 ശതമാം പിൻവലിക്കാം. 75 ശതമാനംതുകയോ മൂന്നുമാസത്തെ വേതനമോ ഏതാണ് കുറവ് അതായിരിക്കും അനുവദിക്കുക. തിരിച്ചടയ്ക്കാത്ത തുകയായിട്ടായിരിക്കും ഇത് നൽകുകയെന്ന് നിർമല സീതാരമൻ വ്യക്തമാക്കി. 4.8 കോടി ഇപിഎഫ് അംഗങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. അടുത്ത മൂന്നുമാസത്തേയ്ക്ക് തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതമായ 24 ശതമാനം തുക സർക്കാർ അടയ്ക്കും. 100 പേരിൽതാഴെ ജീവനക്കാരുള്ള കമ്പനികൾക്കാണിത് ബാധകം. 15,000 രൂപയിൽതാഴെ ശമ്പളം ലഭിക്കുന്നവരുമാകണം തൊഴിലാളികളെന്നും അവർ പറഞ്ഞു.

from money rss https://bit.ly/3dtzav6
via IFTTT