ഇതാണ് പഞ്ചമപ്പഴുക്ക... അങ്ങാടിമരുന്നാണ്. പല രോഗങ്ങൾക്കുമുള്ള മരുന്ന്. ഇപ്പോൾ ഇത് കിട്ടാനില്ല'. കുന്തിരിക്കം പോലെയുള്ള ഒരു വസ്തു ചൂണ്ടിക്കാണിച്ച് ഹരി വി. പൈ പറയുന്നു. മട്ടാഞ്ചേരി ബസാറിലെ അങ്ങാടിമരുന്ന് കച്ചവടക്കാരനാണ് ഹരി പൈ. ബസാറിൽ കൂനൻകുരിശ് പള്ളിക്കടുത്തുള്ള കട നടത്തുന്നത് ഹരി വി. പൈയും സഹോദരന്മാരായ പ്രദീപ് കുമാർ വി. പൈയും ഉമേഷ് വി. പൈയും ചേർന്നാണ്. പഞ്ചമപ്പഴുക്ക ഉൾപ്പെടെ നാട്ടിൽക്കിട്ടാത്ത പല അങ്ങാടിമരുന്നുകളും മട്ടാഞ്ചേരിയിലെ ഈ കടയിലുണ്ട്. മൂന്ന് സഹോദരന്മാർ ചേർന്നുള്ള ഈ അപൂർവ കച്ചവടക്കൂട്ടായ്മയ്ക്ക് മറ്റൊരു ചരിത്രംകൂടിയുണ്ട്. 'ഹരി പൈ' എന്ന പേരിൽ 140 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഈ കട. മൂന്ന് തലമുറകളായി അങ്ങാടിമരുന്ന് കച്ചവടം ചെയ്തുവരുന്ന കുടുംബം. ജെ. ഹരി പൈ, ജെ. ദാസ പൈ എന്നിവർ ചേർന്ന് 140 വർഷം മുമ്പ് തുടങ്ങിയതാണ് മട്ടാഞ്ചേരിയിലെ അങ്ങാടിമരുന്ന് വ്യാപാരം. അന്നും കടയ്ക്ക് പേര് 'ഹരി പൈ' എന്നുതന്നെ. മുംബൈയിൽനിന്ന് കപ്പലിലാണ് അക്കാലത്ത് മരുന്നുകൾ എത്തിച്ചിരുന്നത്. കൊച്ചിയിൽ വരുന്ന മരുന്നുകൾ ഇവർ കേരളത്തിലെമ്പാടും വിതരണം ചെയ്തു. വള്ളങ്ങളിലാണ് അങ്ങാടിമരുന്നുകൾ എല്ലാ ഭാഗങ്ങളിലേക്കും എത്തിച്ചത്. പിന്നീട് ദാസ പൈയുടെ മകൻ വാസുദേവ പൈ കച്ചവടരംഗത്തെത്തി. കുറെക്കാലം വാസുദേവ പൈ കൊച്ചിയിലെ അങ്ങാടിമരുന്ന് കച്ചവടത്തിന് ചുക്കാൻപിടിച്ചു. വാസുദേവ പൈയുടെ മക്കളാണ് ഹരി വി. പൈയും പ്രദീപ് കുമാർ വി. പൈയും ഉമേഷ് വി. പൈയും. കാലം ഒരുപാട് മാറി. കച്ചവടത്തിൽ പുതിയ തന്ത്രങ്ങളായി. പക്ഷേ, പൈ സഹോദരന്മാർ വഴിമാറിയില്ല. ഇപ്പോൾ ഗുണനിലവാരമുള്ള അങ്ങാടിമരുന്നുകൾ കൊച്ചിയിലേക്ക് എത്തിക്കുകയാണിവർ. മുംബൈയിലെ പഴയ കച്ചവടബന്ധങ്ങളെ ഇവർ കൈവിട്ടില്ല. നാട്ടിൽ കിട്ടാത്ത ഏതു മരുന്നും ഇവർ എത്തിക്കും. പഞ്ചമപ്പഴുക്ക പോലെ, അക്കിക്കറുവ, അംഗ്ലവാരി തേങ്ങ എന്നിവയൊക്കെ വിപണിയിലില്ലാത്തതാണ്. പക്ഷേ, പൈ സഹോദരന്മാർ അതൊക്കെ കരുതിവെക്കുന്നു. നല്ല ശക്തിയുള്ള ഉത്പന്നങ്ങൾ കിട്ടുന്നത് ഇപ്പോഴും മുംബൈയിൽ നിന്നാണെന്ന് ഇവർ പറയുന്നു. കിരിയാത്തും, കടുക്കയും, ഉണക്ക നെല്ലിക്കയും, കറുവപ്പട്ടയും, കുന്തിരിക്കവും, കുങ്കുമപ്പൂവുമൊക്കെ മുംബൈയിൽനിന്ന് നേരിട്ട് വാങ്ങുകയാണിവർ. ചെന്നാമുക്കി, താലീസപത്രം, അതിവിടയം, കരയാമ്പൂ, അമുക്കുരം, അശ്വഗന്ധം, വാൽമുളക് എന്നിവയൊക്കെ കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് വരുത്തുന്നത്. 'നാട്ടിൽ ഇപ്പോൾ പലതും കിട്ടുന്നുണ്ട്. പക്ഷേ, മുംബൈയിൽനിന്ന് വരുന്ന ഉത്പന്നങ്ങൾക്കാണ് കൂടുതൽ ഫലം.'- പ്രദീപ്കുമാർ പറയുന്നു. മുത്തങ്ങ തന്നെ ഉദാഹരണം. നല്ല മുഴുപ്പുള്ള മുത്തങ്ങ മുംബൈയിൽ ധാരാളം കിട്ടും. അതുപോലെ മുംബൈ ഉണക്ക നെല്ലിക്കയ്ക്കാണ് ഇപ്പോഴും ഡിമാൻഡ്. 'മുംബൈ അയമോദകമാണ് സൂപ്പർ. എന്നാൽ മാതളത്തൊലി, കഴഞ്ചിക്കുരു, ഞെരിഞ്ഞിൽ എന്നിവയൊക്കെ തമിഴ്നാട്ടിൽനിന്ന് കിട്ടും.'- ഉമേഷ് പൈ പറയുന്നു. പഞ്ചാബിലെ ലുധിയാന, മുംബൈയിലെ പൈന്താനി, കൊൽക്കത്ത എന്നിവിടങ്ങളിലെ പഴയകാല കച്ചവടകേന്ദ്രങ്ങൾ വഴിയാണ് കൊച്ചിയിലേക്ക് മരുന്നുകൾ വരുത്തുന്നതത്രെ. പഴയപോലെ നാട്ടുവൈദ്യന്മാരില്ലാത്തത് കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. മരുന്നു കുറിക്കാൻ വൈദ്യന്മാരില്ല. പക്ഷേ, മരുന്നുകൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്. തലമുറകളായി കൈമാറിവരുന്ന നാട്ടുമരുന്നുകളിൽ വിശ്വാസമുറപ്പിച്ചവരും അനുഭവസ്ഥരും ഇപ്പോഴും മരുന്നുകൾ വാങ്ങാനെത്തുന്നു. നൂറുകണക്കിന് അങ്ങാടിമരുന്നുകളുണ്ട്. ഓരോന്നിനെക്കുറിച്ചും ഇവർക്കറിയാം. അവ എവിടെനിന്നെന്ന് അറിയാം. പക്ഷേ, പലതിനും പഴയപോലെ ആവശ്യക്കാരില്ല. അക്കാലത്തെ മരുന്നുകളെക്കുറിച്ചും അതിന്റെ ശക്തിയെക്കുറിച്ചും അറിയുന്നവർതന്നെ ഇല്ലാത്തതാണ് പ്രശ്നമെന്ന് ഇവർ പറയുന്നു. ത്രിഫല, ത്രിക്കടുക്, ത്രിജാതി, അഷ്ടചൂർണം തുടങ്ങി പച്ചമരുന്നുകൂട്ടുകൾ പലതുണ്ട്. ഇതെക്കുറിച്ചൊക്കെ പൈ സഹോദരന്മാർക്ക് കൃത്യമായറിയാം. പക്ഷേ, മരുന്നുകൾ കൂട്ടിച്ചേർത്ത് വിൽപ്പന നടത്താനോ, ചികിത്സിക്കാനോ ഇവരില്ല. എന്നാലും കുടുംബത്തിലാർക്കെങ്കിലും അസുഖമുണ്ടായാൽ ഈ മരുന്നുകളാണ് ആശ്വാസമാകുന്നതെന്ന് സഹോദരന്മാർ പറയുന്നു. ലക്ഷദ്വീപിൽനിന്ന് പണ്ടുകാലം മുതൽതന്നെ പൈയുടെ കട അന്വേഷിച്ച് കച്ചവടക്കാർ വരും. ദ്വീപുകാർക്ക് ആവശ്യമായ മരുന്നുകൾ ഇവർ നൽകും. ആ മരുന്നുകൾക്ക് അറേബ്യൻ പേരുകളാണ്. പക്ഷേ, അതൊക്കെ കൃത്യമായി പൈ സഹോദരന്മാർക്ക് അറിയാം. മട്ടാഞ്ചേരി ബസാറിലെ കടയിലേക്ക് രാവിലെ ഒമ്പതിനുതന്നെ ഈ സഹോദരന്മാരെത്തും. ബസാറിൽ പഴയ തിരക്കൊന്നുമില്ല. ചിലപ്പോൾ ആളനക്കംപോലുമുണ്ടാവില്ല. പക്ഷേ, രാത്രി ഏഴ് വരെ ഹരി പൈയുടെ കട തുറന്നിരിക്കും. 'വൈകീട്ട് അഞ്ച് കഴിഞ്ഞാൽ ഇവിടെ ആരുമുണ്ടാകില്ല. ആകെ തുറക്കുന്ന കട ഇതുമാത്രം. അങ്ങനെ തുടരാനാണിഷ്ടം. കാരണം രാവും പകലും നാടിന് മരുന്ന് നൽകിയ സ്ഥാപനമാണിത്. അത് സന്ധ്യയ്ക്കുമുമ്പേ അടയ്ക്കാനാവില്ല...' ഹരി വി. പൈ പറയുന്നു. ദൂരെ ദിക്കുകളിൽനിന്ന് പൈയുടെ കട അന്വേഷിച്ച് മരുന്നിനെത്തുന്നവർ ചിലപ്പോൾ മട്ടാഞ്ചേരിയിലേക്ക് എത്തുമ്പോൾ വൈകും. അവർ നിരാശയോടെ മടങ്ങരുത്. അതാണ് ഈ കരുതൽ. അതെ, കച്ചവടവും ഇവർക്ക് ഒരു ആചാരമാണ്. അതിലൊന്നും ഒരു കുറവും വരുത്താൻ ഇവർക്കാവില്ല. വേഷംപോലെ, ഭാഷപോലെ, ജീവിതരീതിപോലെ മരുന്നുകച്ചവടത്തെയും ഇവർ നെഞ്ചോട് ചേർത്തുപിടിക്കുകയാണ്.
from money rss http://bit.ly/2uM2Z8B
via
IFTTT