121

Powered By Blogger

Thursday, 13 February 2020

ഇന്ത്യന്‍ വിപണിയിലെ കൊറോണ ഇഫെക്ട്

കൊറോണ വൈറസിന്റെ വ്യാപനം നടപ്പുവർഷമായ 2020ൽ ലോക സാമ്പത്തിക വളർച്ചയുടെ വേഗത 0.3 ശതമാനം മുതൽ 0.4 ശതമാനംവരെ കുറയ്ക്കുമെന്ന് അന്തർദേശീയ സംഘടനകൾ കരുതുന്നു. ചൈനയിലേയും തെക്കു കിഴക്കേഷ്യൻ മേഖലയിലുമുണ്ടായ വേഗക്കുറവാണിതിനു കാരണം. 2020 വർഷം ലോക സാമ്പത്തിക വളർച്ച 3.3 ശതമാനമായിരിക്കുമെന്നാണ് അന്തരാഷ്ട്ര നാണ്യ നിധിയുടെ വിലയിരുത്തൽ. സ്ഥിതി നിയന്ത്രിക്കാനെടുക്കുന്ന സമയത്തിനനുസരിച്ചേ വളർച്ചയടെ കുറവ് എത്രമാത്രമായിരിക്കുമെന്ന് പറയാൻ കഴിയുകയുള്ളു. അവശ്യ സർവീസുകളും തുറമുഖങ്ങളും ഉൽപാദന കേന്ദ്രങ്ങളും ചൈന പതിയെ തുറക്കാൻ തുടങ്ങിയിരിക്കുന്നു. പകർച്ച വ്യാധിയുടെ വ്യാപനം ചില പ്രവിശ്യകൾ മാത്രം കേന്ദ്രീകരിച്ചാണെന്നും 2020 ന്റെ ആദ്യ പകുതിയിലെ തണുപ്പുകാലത്ത് ഇതധികമായിരുന്നുവെങ്കിലും ജൂണിൽ ചൈനയിൽ വേനൽ തുടങ്ങുന്നതോടെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നും വിദഗ്ധർ കരുതുന്നു. മൊത്തം വ്യാപാരത്തിന്റെ 10 ശതമാനത്തിലധികം ഇടപാടുകൾ നടത്തന്ന ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. മൊത്തം ഇറക്കമതിയുടെ 15 ശതമാനവും ചൈനയിൽ നിന്നാണ്. എന്നാൽ 5 ശതമാനം മാത്രമേ ചൈനയിലേക്കു കയറ്റുമതി ചെയ്യുന്നുള്ളു. 2003 മുതൽ 2019 വരെയുള്ള കാലം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു ചൈന. ഇക്കാലം ഉൽപന്ന വ്യാപാരത്തിന്റെ മൊത്ത വർഷാന്ത വളർച്ചാ നിരക്കിൽ 10 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തുകയും 20 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 87 ബില്യൺ യുഎസ് ഡോളറായി ഉയരുകയും ചെയ്തു. 2019 സാമ്പത്തിക വർഷം ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.1 ശതമാനമായിരുന്നു. ചൈനയുമായുള്ള ഉൽപന്നങ്ങൾ മാത്രം ഉൾക്കൊള്ളുന്ന മൊത്തം വ്യാപാര കമ്മി ജഡിപി യുടെ 0.03 ശതമാനം മാത്രമാണ്. നിർമ്മാണ ഉൽപന്നങ്ങളാണ് പ്രധാനമായും ചൈനയിൽ നിന്ന് ഇന്ത്യയിലേക്കു വരുന്നത്. അവശ്യ ഇറക്കുമതി സാധനങ്ങൾ കിട്ടാതായാൽ മാത്രമേ അതു നമ്മെ ബാധിക്കുകയുള്ളു. ചൈനയിലെ വാഹന, ഇലക്ട്രോണിക്, ഫാർമ, ഉപഭോക്തൃ ഉൽപന്ന, എഞ്ചിനീയറിംഗ്, ലോഹ മേഖലകളിലേക്കാവശ്യമായ വലിയൊരളവോളം അസംസ്കൃത വസ്തുക്കളും അർധ നിർമ്മിത ഉൽപന്നങ്ങളുമാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ചൈനയിൽ കച്ചവടം കുറയുന്നതുകൊണ്ട് വാഹനങ്ങളുടേയും വാഹന സംബന്ധിയായ ഉൽപന്നങ്ങളുടേയും കയറ്റുമതിയെ ബാധിക്കും. ചൈനയിൽ നിന്നുള്ള ഉൽപാദന ഘടകങ്ങളുടെ വരവു കുറയുന്നത് അഭ്യന്തര ഉൽപാദനത്തേയും ലാഭത്തേയും ബാധിക്കും. മരുന്നുകളുടെ പ്രധാന ചേരുവകളുംമറ്റും ചൈനയിൽ നിന്നാണു വരുന്നത്. അടിസ്ഥാന അസംസ്കൃത ഉൽപന്നങ്ങളുടേയും രാസവസ്തുക്കളുടേയും ലഭ്യതയിലാുണ്ടാകുന്നകുറവ് അന്തർദേശിയ വിലകളേയും ലാഭത്തേയും ബാധിക്കും. മറുവശത്ത് ഇലക്ട്രോണിക് ഘടകങ്ങളുടെ ലഭ്യതയിലെകുറവും മറ്റു കേന്ദ്രങ്ങളിൽനിന്നു വരുന്നവയുടെ വിലക്കൂടുതലും ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലാഭം കുറയ്ക്കുകയും ചെയ്യും. ആഗോള രംഗത്ത് ഇന്ത്യയ്ക്ക് ശക്തമായ സാന്നിധ്യമുള്ള രാസമേഖലയിൽ ചൈനയിലെ മാന്ദ്യം നമുക്കു ഗുണകരമായിത്തീരും. ഈ രംഗത്ത് ഇന്ത്യയുടെ വിതരണ ശൃംഖല സജീവമാണ്. എണ്ണ ,വാതക രംഗത്തെ ഉൽപന്ന വിലക്കുറവ് ഇടക്കാലയളവിൽ എണ്ണ വിതരണക്കമ്പനികളുടെ ലാഭം വർധിപ്പിക്കും. എന്നാൽ ഹൃസ്വ കാലയളവിൽ ക്രൂഡോയിൽ വിലക്കുറവ് ചരക്കുപട്ടികയിൽ നഷ്ടം ഉണ്ടാക്കിയേക്കും. തുണിത്തരങ്ങളുടേയും വസ്ത്രങ്ങളുടേയും വമ്പൻ കയറ്റുമതിക്കാരായ ചൈനയുടെ തളർച്ച ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ വൻകയറ്റുമതി അവസരങ്ങൾ തുറന്നേക്കും. ഉരുക്കുപോലുള്ള ലോഹങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തമാണ്. ഇറക്കുമതിയിലുണ്ടാകുന്നവീഴ്ച നാട്ടിലെ ഉരുക്കുൽപാദക വ്യവസായത്തിന് ഗുണകരമായിത്തീർന്നേക്കാം. ആഗോളതലത്തിൽ ഉരുക്കിന്റെ വില വലിയ തോതിൽ ചഞ്ചലമാണ് എന്ന വസ്തുത അശുഭമാണ്. ആവശ്യക്കാരുടെ കുറവും ചൈനയിലെ വ്യാപാര തടസവുമാണിതിനു കാരണം. 2001 സെപ്തംബർ 11ൽ യുഎസിൽ നടന്ന ഭീകരാക്രമണത്തിനുശേഷം 2003ൽ സാർസ് അണുബാധയാണ് ആഗോള തലത്തിൽ വൻതോതിൽ ഭീതി വിതച്ചത്. സാർസിന്റെ സാമ്പത്തിക ആഘാതം പരിമിതമായിരുന്നുവെങ്കിലും പകർച്ചവ്യാധി ഉയർത്തിയ ഭയമെന്ന നിലയിൽ ലോക ഓഹരി വിപണിയിൽ അതിന്റെ ഫലം വലുതായിരുന്നു. എന്നാൽ തെക്കുകിഴക്കൻ മേഖലയിലെ പരിമിതമായ സംഭവങ്ങളൊഴിച്ച് ലോകസാമ്പത്തിക വിപണിയെ കൊറോണ ഇതുവരെ കാര്യമായി ബാധിച്ചിട്ടില്ല. ഭയാശങ്കകൾ ഒഴിയുന്ന സാഹചര്യത്തിൽ ഇടക്കാലത്തേക്കുള്ള പരിമിതമായഫലം ഒഴികെ കൂടുതലൊന്നും സംഭവിക്കില്ലെന്ന പ്രത്യാശയിലാണ് വിപണി. ഉയർന്ന തോതിലുള്ള ധനകമ്മി കുറയ്ക്കാനും ചൈനയുമായുള്ള വ്യാപാരം വൈവിധ്യ വൽക്കരിക്കാനും ലോകം ആഗ്രഹിക്കുന്നു. ദീർഘകാലത്തേക്കുള്ള നിക്ഷേപ, നിർമ്മാണ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ മെയ്ക്ക്ഇൻ ഇന്ത്യ പദ്ധതിക്കനുകൂലമായി ഈയവസരം പ്രയോജനപ്പെടുത്താൻ കഴിയും. ഇപ്പോഴത്തെ നിലയിൽ കൊറോണ ഭീതി നമ്മുടെ ലാഭ വളർച്ചാ (നിഫ്റ്റി 50 ഇപിഎസ്) കണക്കു കൂട്ടലിൽ മാറ്റം വരുത്താനിടയില്ല. 2020 സാമ്പത്തിക വർഷം മുതൽ 2022 സാമ്പത്തിക വർഷം വരെയുള്ള മൊത്തം വർഷാന്ത വളർച്ചാ നിരക്കായ 15 ശതമാനത്തിൽ മാറ്റമൊന്നും ഉണ്ടാകില്ല. നിഫ്റ്റി 50 ലെ ഒരു വർഷ ലക്ഷ്യം 12,700 തന്നെയായിരിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2OPUFLP
via IFTTT