തുടക്കദിനങ്ങളിലെ മികച്ചനേട്ടം ഇല്ലാതാക്കി നേരിയ നഷ്ടത്തിലാണ് ജൂലായ് ഒമ്പതിന് അവസാനിച്ച വ്യാപാര ആഴ്ച പിന്നിട്ടത്. ശുഭകരമല്ലാത്ത ആഗോള സൂചനകൾ, പ്രതീക്ഷിച്ചത്ര മഴലഭിക്കാതിരുന്നത്, അതിനേക്കാളുമേറെ ഉയരുന്ന കോവിഡ് വ്യാപനത്തോത് എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ബിഎസ്ഇ സെൻസെക്സ് 98.48 പോയന്റ് നഷ്ടത്തിൽ(0.18%)52,386.19ലും നിഫ്റ്റി 32.4 പോയന്റ് താഴ്ന്ന് (0.20%)15,689.8ലുമാണ് കഴിഞ്ഞയാഴ്ചയിലെ വ്യാപാരം പിന്നിട്ടത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.3ശതമാനം നേട്ടമുണ്ടാക്കുകുയംചെയ്തു. സെക്ടറുകളിൽ നിഫ്റ്റി റിയാൽറ്റി ആറുശതമാനത്തോളം ഉയർന്നു. നിഫ്റ്റി മെറ്റൽ മൂന്നുശതമാനവും നേട്ടമുണ്ടാക്കി. ഓട്ടോ, പൊതുമേഖല സൂചികകൾ രണ്ടു ശതമാനംവീതം നഷ്ടംനേരിട്ടു. മിഡ് ക്യാപ് വിഭാഗത്തിൽ മോത്തിലാൽ ഒസ് വാൾ ഫിനാൻഷ്യൽ സർവീസസ്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഓറക്കിൾ ഫിനാൻഷ്യൽ സോഫ്റ്റ് വെയർ, രാംകോ സിമെന്റ്സ്, ഐആർസിടിസി തുടങ്ങിയ ഓഹരികളാണ് സൂചികക്ക് താങ്ങായത്. നാറ്റ്കോ ഫാർമ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഗോദ്റേജ് ഇൻഡസ്ട്രീസ്, ബയോകോൺ തുടങ്ങിയവ നഷ്ടംനേരിട്ടു. സെൻസെക്സിൽ വിപണിമൂല്യത്തിൽ ടിസിഎസിനാണ് കൂടുതൽ നഷ്ടമുണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ എന്നീ ഓഹരികളുടെ വിപണിമൂല്യത്തിലും കുറവുണ്ടായി. ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കുകയുംചെയ്തു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞയാഴ്ച 2,028.36 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. അതേസമയം, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 92.46 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുംചെയ്തു. ജൂലായിൽ ഇതുവരെ 4,256.45 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ വിറ്റത്. ആഭ്യന്തര നിക്ഷേപകർ 1,903.45 കോടി രൂപയുടെ ഓഹരികളിൽ നിക്ഷേപിക്കുകയുംചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധനവുണ്ടായ ആഴ്ചയാണ് കടന്നുപോയത്. 11 പൈസ ഉയർന്ന് രൂപയുടെ മൂല്യം 74.63 നിലവാരത്തിലെത്തി. ജൂലായ് രണ്ടിലെ ക്ലോസിങ് 74.74 നിലവാരത്തിലായിരുന്നു. വരുംആഴ്ച കനത്ത ചാഞ്ചാട്ടത്തിന്റെ ആഴ്ചയാണ് കടന്നുപോയത്. എങ്കിലും മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾക്ക് നേട്ടംനിലനിർത്താനായി. ബിഎസ്ഇ 500 സൂചികയിലെ 24 ഓഹരികൾ 10-24ശതമാനം നേട്ടമുണ്ടാക്കി. പ്രധാന സൂചികകളിലെ മുന്നേറ്റം നിലക്കുമ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലേയ്ക്ക് നിക്ഷേപക താൽപര്യം വഴിയമാറുക സ്വാഭാവികമാണ്. കഴിഞ്ഞയാഴ്ചയിൽ അതാണ് കണ്ടത്. അഞ്ച് ആഴ്ചയായി പ്രധാന സൂചികകൾ ഇതേ നിലവാരത്തിൽ ചുറ്റിക്കറങ്ങുകയാണ്. ഈ പ്രതിരോധം ലംഘിക്കാനായില്ലെങ്കിൽ കാര്യമായ മുന്നേറ്റമൊന്നും സെൻസെക്സിലും നിഫ്റ്റിയിലും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. യുഎസ് ഫെഡ് റിസർവിന്റെ നീക്കം, ആഗോളതലത്തിൽ കോവിഡിന്റെ വ്യാപനം, വിദേശനിക്ഷേപകരുടെ രാജ്യത്തെ ഓഹരികളുടെ വിറ്റൊഴിയൽ, ടിസിഎസിന്റെ പ്രവർത്തനഫലം തുടങ്ങിയവയാണ് കഴിഞ്ഞയാഴ്ചയിൽ വിപണിയെ സ്വാധീനിച്ചത്. ടിസിഎസിന്റേതൊഴികെയുള്ള കാരണങ്ങൾ വിപണിയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അമിത മൂല്യവർധവിനെതുടർന്നുള്ള ലാഭമെടുപ്പാണ് ആഗോള വിപണിയിൽ കണ്ടത്. ദുർബലാവസ്ഥക്കിടയിലും ആഭ്യന്തര വിപണിയിൽ റിയാൽറ്റി, മെറ്റൽ ഓഹരികളിൽ ശക്തമായ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. ചില ഐടി കമ്പനികളിലും, ഓട്ടോ, പൊതുമേഖല ബാങ്ക് ഓഹരികളിലുമാണ് കാര്യമായ ലാഭമെടുപ്പ് നടന്നത്. ഇൻട്രാഡേ ചാർട്ടുകൾ പരിശോധിച്ചാൽ, നിഫ്റ്റിക്ക് 15,635ലും സെൻസെക്സിന് 52,250ലുമാണ് അടിയന്തര സപ്പോർ പ്രകടമാകുന്നത്. ഇപ്പോഴുളള നിലവാരത്തിൽനിന്ന് വേഗത്തിൽപിൻവാങ്ങാനുള്ള സാധ്യതയ്ക്ക് ഇത് ബലമേകുന്നുണ്ട്. എന്നിരുന്നാലും 15,635-15,900 നിലവാരത്തിലാകും നിഫ്റ്റിയൂടെ നീക്കങ്ങൾ. 15,900വരെ നിഫ്റ്റിയെ പിന്തുണച്ചേക്കാം. അതേസമയം, 15,635 നിലവാരത്തിന് താഴേയ്ക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിലനിൽക്കുന്ന ആഗോള-ആഭ്യന്തര കാരണങ്ങൾ ഹ്രസ്വകാലത്തേയ്ക്കെങ്കിലും വിപണിയിൽ ബലഹീനതയാണ് പ്രകടമാക്കുന്നത്. പുറത്തുവരനാനിരിക്കുന്ന പാദഫലങ്ങളിൽ കണ്ണുംനട്ട്, സാഹചര്യങ്ങൾ വിലയിരുത്തി, തിരുത്തലുണ്ടായാൽ മികച്ച ഓഹരികളിൽ പ്രവേശിക്കാനുള്ള അവസരമായി അതിനെ കാണുകയാണ് ചെയ്യേണ്ടത്.
from money rss https://bit.ly/3yIBDMa
via IFTTT
from money rss https://bit.ly/3yIBDMa
via IFTTT