വായ്പവേണോ ആപ്പുവഴി ഉടനെ ലഭിക്കും. സുഹൃത്തിൽനിന്നാണ് ഇക്കാര്യമറിഞ്ഞ് ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ട സുനിൽ ലോണെടുത്തത്. തിരച്ചടവ് മുടങ്ങിയതോടെ പണംതിരിച്ചുപിടിക്കാൻ ഏജന്റുമാർ ശ്രമംതുടങ്ങി.ഫോണിൽ നിരന്തരം വിളിതുടങ്ങി. സന്ദേശങ്ങളുമെത്തി. സുനിൽകുമാറിന്റെ കോൾലിസ്റ്റിലെ നമ്പറുകളിലേയ്ക്കും അവർ വിളിച്ച് ശല്യപ്പെടുത്തി. മാനഹാനി ഭയന്ന് ആത്മഹത്യയിൽ അഭയംപ്രാപിക്കുകയാണ് 30കാരനായ ആ യുവാവ് ചെയ്തത്. ബെംഗളുരുവിലെ വീട്ടമ്മ ആപ്പ് വഴി 20,000 രൂപയാണ് ലോണെടുത്തത്. ഒരൊറ്റദിവസം ഇഎംഐ മുടങ്ങിയതോടെ ഭീഷണി തുടങ്ങി. ഫോട്ടോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. പോലീസിൽ പരാതി നൽകുമെന്നും ഭീഷണിമുഴക്കി. വീട്ടിലേയ്ക്ക് ഏജന്റുമാരെ അയച്ചു. ഫോൺ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് ശല്യപ്പെടുത്താനും തുടങ്ങി. ഒടുവിൽ അവർതന്നെ സൈബർ പോലീസിൽ പരാതിനൽകുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ അത്യാവശ്യത്തിന് പണംലഭിക്കുമല്ലോയെന്നോർത്താണ് കൂടുതൽ പലിശയ്ക്ക് ആപ്പുവഴി വായ്പയെടുക്കുന്നത്. പുതിയ തലമുറയ്ക്ക് ഇതൊരുഹരമായി മാറിയിരിക്കുന്നു. അത്യാവശ്യത്തിന് ഒരാഴ്ചക്കോ മറ്റൊ തിരിമറിക്കാണ് ഇവർ പണംതരപ്പെടുത്തുന്നത്.അവർ അറിയുന്നില്ല അതിനുപിന്നിലെ ചതിക്കുഴികൾ. തത്സമയ ലോൺ ആപ്പ് വഴിയുള്ള അനധികൃത വായ്പാവിതരണത്തിനെതിരെ സൈബർ പോലീസ് രംഗത്തുണ്ടെങ്കിലും നിരവധിപേരാണ് ഇവരുടെ കെണിയിൽവീഴുന്നത്. ഹൈദരാബാദിൽനിന്നും ഗുരുഗ്രാമിൽനിന്നും കഴിഞ്ഞദിവസം 19 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തത്.ചൈനീസ് റാക്കറ്റാണ് ആപ്പുകൾക്കുപിന്നിലുള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇഡിയും ആദായനികുതിവകുപ്പും ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങുമെന്നാണറിയുന്നത്. 30 ആപ്പുകളെങ്കിലും ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 1.5 കോടിയിലേറെ നിക്ഷേപമുള്ള ഈ ആപ്പുകളുടെ 18 അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. തെലങ്കാനയിൽമാത്രം ഈ മാസം മൂന്നുപേരാണ് ആത്മഹത്യചെയ്തത്. സിദ്ധിപ്പേട്ടിലെ അഗ്രികൾച്ചർ എക്സ്റ്റൻഷൻ ഓഫീസറായ കെ മൗണിക(24) മൂന്നുലക്ഷം രൂപയാണ് വായ്പയെടുത്തത്. തിരിച്ചടയ്ക്കാൻ വൈകിയതോടെ അവരുട ഫോട്ടോയും പേരും ഫോൺ നമ്പർ ഉൾപ്പടെയുള്ളവയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതേതുടർന്ന് ഡിസംബർ 16നാണ് അവർ ആത്മഹത്യചെയ്തത്. അതേദിവസംതന്നെയാണ് ഹൈദരാബാദിൽ സുനിലും ഫ്ളാറ്റിൽ ജീവനൊടുക്കിയത്. രാജ്യത്തെ മെട്രോ സിറ്റികളിലാണ് ആപ്പ് ലോൺ പ്രചാരത്തിലുള്ളത്. ആയിരക്കണക്കിന് പേരാണ് ഇവരുടെ വലയിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആപ്പിന്റെ പ്രവർത്തനം തത്സമയം വായ്പ വാഗ്ദാനം ചെയ്യുന്നതിനാൽ വായ്പയെടുക്കാനെത്തുന്നവർ കൂടുതലാണെന്നാണ് പോലീസ് പറയുന്നത്. വായ്പ ലഭിക്കുന്നതിന് ആധാർ, പാൻ, സെൽഫി എന്നിവ ആപ്പിൽ അപ് ലോഡ് ചെയ്യണം. അതോടൊപ്പം ഫോട്ടോ ഗ്യാലറിയിലേയ്ക്കും ഫോൺ കോണ്ടാക്ട് ലിസ്റ്റിലേയ്ക്കും ആകസ്സ് ചോദിക്കും. വായ്പയെടുക്കുന്നവർ അതൊന്നും കാര്യമാക്കാറില്ല.അനുമതിയും നൽകും. ദിവസം കണക്കാക്കിയാണ് ഇതിനായി പലിശ ഈടാക്കുന്നത്. ഒരുദിവസത്തിന് 0.1ശതമാനമാണ് പലിശ. അതായത് വാർഷിക നിരക്കിൽ കണക്കാക്കിയാൽ 36ശതമാനത്തോളംവരും. ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കിയും ആപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രവർത്തനം നിയമവിധേയമാണെന്ന് കാണിക്കാനുള്ള തന്ത്രമാണിതിന് പിന്നിൽ. ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന പണം ആപ്പുകൾ ആവശ്യക്കാരിലെത്തിക്കുന്നു. ആരുടെയും നിയന്ത്രണമില്ലാതെയാണ് ഇത്തരം ആപ്പുകൾ വഴിയുള്ള വായ്പാ ഇടപാടുകൾ നടക്കുന്നത്.
from money rss https://bit.ly/2JdoTJc
via IFTTT
from money rss https://bit.ly/2JdoTJc
via IFTTT