ഉത്തർപ്രദേശിലെ നോയ്ഡ ആസ്ഥാനമായ പ്രമുഖ ഇലക്ട്രിക്കൽ കമ്പനിയുടെ ഗ്ലോബൽ ഓപ്പറേഷൻസ് മേധാവിയായി കരിയറിന്റെ അത്യുന്നതിയിൽ എത്തിനിൽക്കുമ്പോഴാണ് മലയാളിയായ വി. ജ്യോതിഷ്കുമാർ രാജിവയ്ക്കുന്നത്. കേരളത്തിൽ വന്ന് സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുക്കാനായിരുന്നു അത്. രാജിയുടെ കാരണം അറിഞ്ഞവർ ഞെട്ടി. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ അവർ സ്വയം പറഞ്ഞു: 'ഇയാൾക്ക് വട്ടാണ്...' 200 കോടി രൂപ വിറ്റുവരവുള്ള ഇലക്ട്രിക്കൽ കമ്പനിയെ വെറും 14 വർഷം കൊണ്ട് 8,000 കോടി രൂപ വിറ്റുവരവുള്ള കമ്പനിയാക്കി വളർത്തിയ ജ്യോതിഷ് പക്ഷേ, തന്റെ 'പ്ലാനി'ൽ നിന്ന് പിന്നോട്ടുപോകാൻ ഒരുക്കമായിരുന്നില്ല. സംരംഭകനാകാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറുമെന്ന് ജ്യോതിഷിന് ഉറപ്പായിരുന്നു. താൻ കെട്ടിപ്പടക്കാൻ പോകുന്ന സംരംഭത്തെക്കുറിച്ച് കൃത്യമായ രൂപം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ ജോലിവിട്ട്, നാട്ടിലെത്തി കൊച്ചി നഗരത്തിൽ സ്വന്തമായുണ്ടായിരുന്ന ഒരു ചെറിയ വീട്ടിൽനിന്ന് സംരംഭത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ഉപഭോക്താക്കളുടെ ഇടയിൽ സ്വീകാര്യത നേടിയെടുക്കണമെങ്കിൽ ഒരു 'ഗ്ലോബൽ ബ്രാൻഡ്' തന്നെ വേണമെന്ന് മനസ്സ് പറഞ്ഞു. അങ്ങനെ, യു.എസിലെ എൽ.ഇ.ഡി. ലൈറ്റിങ് കമ്പനിയായ 'ലൂക്കറി'ന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായുള്ള ലൈസൻസ് നേടിയെടുത്ത് 'ലൂക്കർ ഇന്ത്യ' എന്ന പേരിൽ സംരംഭം തുടങ്ങി. എൽ.ഇ.ഡി. ലൈറ്റിന്റെ ഘടകങ്ങൾ ഇറക്കുമതി ചെയ്ത് അസംബിൾ ചെയ്തായിരുന്നു തുടക്കത്തിൽ വിൽപ്പന. 2014-15 സാമ്പത്തിക വർഷം ഏതാനും മാസങ്ങൾകൊണ്ടുതന്നെ വിൽപ്പന ഏഴുകോടി രൂപയിലെത്തി. ആദ്യം കേരളത്തിൽ മാത്രമായിരുന്നു വിൽപ്പനയെങ്കിൽ, പിന്നീട് തമിഴ്നാടും ആന്ധ്രയും കർണാടകവുമൊക്കെ പിടിച്ചു. അതിനുശേഷം മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലേക്കൊക്കെ ചുവടുവച്ചു. ഇതിനിടെ, വീടുകളിലേക്ക് ആവശ്യമായ എൽ.ഇ.ഡി. ബൾബുകളിൽ നിന്ന് വാണിജ്യാവശ്യങ്ങൾക്കും വ്യവസായാവശ്യങ്ങൾക്കും സ്റ്റേഡിയങ്ങളിലേക്കുമൊക്കെയുള്ള ലൈറ്റിങ് ഒരുക്കാൻ തുടങ്ങി. ഇപ്പോൾ ഫാൻ, സ്വിച്ച് ഗിയർ, വാട്ടർ ഹീറ്റർ എന്നീ മേഖലകളിലേക്കും സാന്നിധ്യമായി. വിറ്റുവരവ് ഏഴുകോടി രൂപയിൽ നിന്ന് 250 കോടിയിലേക്ക് എത്തുകയാണ്. ഇതിനിടെ, യു.എസിലെ ലൂക്കറിൽ നിന്ന് ബ്രാൻഡ് പൂർണമായി ജ്യോതിഷ്കുമാർ ഏറ്റെടുത്തു. മാത്രമല്ല, യു.എസ്., ഓസ്ട്രേലിയ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്തു. 100 കോടിയുടെ ഫണ്ടിങ് പ്രവർത്തനം തുടങ്ങി നാല് വർഷത്തിനുള്ളിൽ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിങ് നേടാൻ ലൂക്കറിന് കഴിഞ്ഞു. യു.എസ്. ആസ്ഥാനമായ 'സിംഗുലാർ ഗഫ്' എന്ന നിക്ഷേപക സ്ഥാപനത്തിൽ നിന്ന് 100 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് നേടിയത്. 22 ശതമാനം ഓഹരികൾ നൽകിക്കൊണ്ടായിരുന്നു ഇത്. ലൂക്കറിന്റെ മൂല്യം ഇതോടെ 450 കോടി രൂപയായി. ഇന്ത്യയിലെ ഒരു ഇലക്ട്രിക്കൽ ഉത്പന്ന കമ്പനി ചുരുങ്ങിയ കാലംകൊണ്ട് നേടുന്ന ഏറ്റവും ഉയർന്ന മൂല്യം കൂടിയാണ് ഇത്. ലക്ഷ്യം 1,000 കോടി രൂപ ഈ വർഷം 250 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിടുന്ന ലൂക്കർ, 2023 ഓടെ ഇത് 1,000 കോടി രൂപയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ 280 വിതരണക്കാരും 640 ഡീലർമാരുമാണ് ഉള്ളത്. ഇത് യഥാക്രമം 1000-വും 2000-വും ആക്കും. 60,000 കടകളിൽ ഇന്ന് ലൂക്കർ ഉത്പന്നങ്ങളുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ അത് നാല് ലക്ഷമാക്കി ഉയർത്തുമെന്നും ലൂക്കർ മാനേജിങ് ഡയറക്ടർ വി. ജ്യോതിഷ്കുമാർ പറഞ്ഞു. 'ലൂക്കർ ലക്സെ' എന്ന പേരിലുള്ള എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകളുടെ എണ്ണം വൻതോതിൽ ഉയർത്താനും പദ്ധതിയുണ്ട്. നിലവിൽ ഇത്തരത്തിൽ 23 ഔട്ട്ലെറ്റുകളാണ് ഉള്ളത്. നിർമാണ ഹബ്ബ് ലൈറ്റിങ് ഉൾപ്പെടെയുള്ള പല മേഖകളിലും ഇന്ത്യ ലോകത്തിന്റെ 'മാനുഫാക്ചറിങ് ഹബ്ബ്' ആയി മാറാൻ പോകുകയാണെന്ന് ജ്യോതിഷ്കുമാർ അഭിപ്രായപ്പെട്ടു. ചൈനയിൽ ഉത്പാദനച്ചെലവ് കൂടുന്നതാണ് കാരണം. കോയമ്പത്തൂരിൽ 21 ഏക്കറിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള എൽ.ഇ.ഡി. ലൈറ്റിങ് ഫാക്ടറി സ്ഥാപിക്കുകയാണ് ലൂക്കർ. ആദ്യഘട്ടത്തിൽ 500 കോടി രൂപയുടെ ലൈറ്റുകളാണ് പ്രതിവർഷം ഉത്പാദിപ്പിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ എൽ.ഇ.ഡി. ലൈറ്റിങ് ഫാക്ടറികളിലൊന്നായിരിക്കും ഇത്. 2020 മേയ് മാസം ഇത് സജ്ജമാകും. 800 പേർക്ക് നേരിട്ട് തൊഴിലസരം സൃഷ്ടിക്കും. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഈ ഫാക്ടറി ഹരിത കെട്ടിടമായിരിക്കും. രണ്ടാം ഘട്ടത്തിൽ ഫാൻ, വാട്ടർ ഹീറ്റർ എന്നിവ ഉത്പാദിപ്പിക്കും. എനർജി എഫിഷ്യൻസി വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതും പ്രകൃതിസൗഹൃദവുമാണ് ലൂക്കറിന്റെ ഉത്പന്നങ്ങളെന്ന് ജ്യോതിഷ്കുമാർ പറഞ്ഞു. എൽ.ഇ.ഡി. ലൈറ്റുകൾക്ക് പുറമെ, ഫാനുകൾക്കും കുറഞ്ഞ വൈദ്യുതി മതി. സോളാർ വാട്ടർ ഹീറ്ററും ഈ ലക്ഷ്യത്തോടെയുള്ള ഉത്പന്നമാണ്. കുടുംബം ഭാര്യ ബിന്ദു എസ്. കുറുപ്പ് ഒരു പൊതുമേഖലാ ബാങ്കിൽ സീനിയർ മാനേജരാണ്. മക്കൾ: ആകാശ് (ബിറ്റ്സ് പിലാനിയിൽ നിന്ന് എൻജിനീയറിങ്ങും എൻ.എം.ഐ.എം.എസിൽ നിന്ന് ഫിനാൻസിൽ എം.ബി.എ.യും പൂർത്തിയാക്കി. ഉടൻതന്നെ ബിസിനസിലേക്ക് ഇറങ്ങും), അവിനാശ് (കൊച്ചി അമൃത മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കി). ഒഴിവുവേളകൾ സ്ഥിരമായി ബാഡ്മിന്റൺ കളിക്കുന്ന ജ്യോതിഷ് വായന ഏറെ ഇഷ്ടപ്പെടുന്നു. 'ആസ്ക് വൈ ? തിങ്ക്... വൈ നോട്ട് ?' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. roshan@mpp.co.in
from money rss http://bit.ly/2RCQAwi
via
IFTTT