121

Powered By Blogger

Monday, 6 January 2020

ഇ.പി.എഫ്. പലിശനിരക്ക് കാല്‍ ശതമാനം കുറച്ചേക്കും

ന്യൂഡൽഹി:നടപ്പു സാമ്പത്തികവർഷം പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ കുറച്ചേക്കും. നിലവിൽ 8.65 ശതമാനമാണ് ഇ.പി.എഫ്. പലിശനിരക്ക്. അത് 0.25 ശതമാനംവരെ കുറയ്ക്കാനാണ് ആലോചന. അങ്ങനെയെങ്കിൽ പലിശ 8.35 ശതമാനമോ 8.40 ശതമാനമോ ആയി നിജപ്പെടുത്തും. തീരുമാനം ഈ മാസമൊടുവിലുണ്ടാകും. സാമ്പത്തികമാന്ദ്യവും ഓഹരിവിപണിയിലുണ്ടായ ഇടിവുംകാരണം 2018-19 ലേതുപോലെ ഇക്കൊല്ലം 8.65 ശതമാനം പലിശ നൽകാനാവില്ലെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. പലിശനിരക്കിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക ധനമന്ത്രാലയമാണെങ്കിലും പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റ് യോഗം അതുസംബന്ധിച്ച നിർദേശം സമർപ്പിക്കേണ്ടതുണ്ട്. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന വർഷമാണെങ്കിലും 8.65 ശതമാനംതന്നെ ഇക്കുറിയും നൽകാൻ തങ്ങൾ സമ്മർദം ചെലുത്തുമെന്ന് സി.ബി.ടി. (സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ്) അംഗം പറഞ്ഞു. സി.ബി.ടി. യോഗം ഉടനെ ചേരുന്നുണ്ട്. കഴിഞ്ഞകൊല്ലം 8.65 ശതമാനം പലിശ നൽകാൻ സി.ബി.ടിയും തുടർന്ന്്് തൊഴിൽമന്ത്രാലയവും നൽകിയ ശുപാർശ ഏഴുമാസം കഴിഞ്ഞാണ് ധനമന്ത്രാലയം അംഗീകരിച്ചത്. EPF Interest rates may be reduced

from money rss http://bit.ly/2QwGoVL
via IFTTT

വിപണി കുതിച്ചു: സെന്‍സെക്‌സിലെ നേട്ടം 521 പോയന്റ്

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 521 പോയന്റ് നേട്ടത്തിൽ 41198ലും നിഫ്റ്റി 151 പോയന്റ് ഉയർന്ന് 12144ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1073 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 179 ഓഹരികൾ നഷ്ടത്തിലുമാണ്. സെൻസെക്സ് 30 ഓഹരികളിൽ ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, അൾട്രടെക് സിമെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ 1.5 ശതമാനം മുതൽ 2.5 ശതമാനംവരെ നേട്ടത്തിലാണ്. ഐടി ഓഹരികളാണ് നഷ്ടത്തിൽ. ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി രാജ്യത്തെ സൂചികകൾ കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അസംസ്കൃത എണ്ണവിലയും സ്വർണവിലയും കുതിച്ചു. Sensex up 521 pts, Nifty near 12,150

from money rss http://bit.ly/2SZuyFq
via IFTTT

പണം എങ്ങനെ ഉപയോഗിക്കണം?

ജീവിതകാലം മുഴുവൻ കേസും കോടതിയുമായി നടന്ന ഒരു മനുഷ്യനെ എനിക്ക് പരിചയമുണ്ട്. തന്റെ അധീനതയിലുണ്ടായിരുന്ന അഞ്ചു സെന്റ് ഭൂമി നഷ്ടപ്പെടാതിരിക്കാൻ അമ്പതിലധികം സെന്റ് വിറ്റ് അദ്ദേഹം കേസ് നടത്തി. കേവലം ദുരഭിമാനമെന്നുപറഞ്ഞ് അതിനെ തള്ളിക്കളയാനാവില്ല. ആ ഭൂമിയോട് ഉണ്ടായിരുന്ന വൈകാരികമായ ബന്ധംമൂലം ഉത്സാഹം എതിർദിശയിലായിരുന്നു. ആ നാളുകളിൽ പലരും അദ്ദേഹത്തെ കേസിൽനിന്ന് മാറാൻ ഉപദേശിക്കുകയുണ്ടായി. അവസാനം പരാജയപ്പെട്ട് ദരിദ്രനായി മരിച്ചു. ഇത്തരത്തിലല്ലെങ്കിലും സമാനമായ അർഥത്തിൽ പണവും മറ്റു ധനാഗമ മാർഗങ്ങളും ഉപയോഗിക്കുന്നവരുണ്ട്. പണം അമൂല്യമായ ഒരു പദാർഥമാണ്. അതുകൊണ്ടുതന്നെ അത് ഉപയോഗിക്കുന്ന രീതിയും പ്രധാനപ്പെട്ടതാണ്. അതിനെ ഉപഭോഗം അഥവാ ചെലവ് എന്ന് വിളിക്കുന്നു. ചെലവാക്കുന്ന രീതിയെ 'പ്രേരിതച്ചെലവ്' എന്നും 'സ്വാഭാവികച്ചെലവ്'എന്നും രണ്ടായി പൊതുവേ വിഭജിക്കാറുണ്ട്. ബാഹ്യപ്രേരണയാൽ ചെലവാക്കുന്നതും ആന്തരികചേതനയാൽ ചെലവഴിക്കുന്നതും എന്നർഥത്തിലാണ് ഈ വിഭജനം. എപ്രകാരമാണ് ഓരോരുത്തരും പണം ചെലവാക്കുന്നതെന്നതുമായി ബന്ധപ്പെട്ട് രസകരമായ കാര്യങ്ങൾ കണ്ടെത്താനാവും. ഉദാഹരണത്തിന് ലോട്ടറി അടിച്ചവരിൽ പെട്ടെന്ന് പഴയതിലും മോശമായ സാമ്പത്തിക അവസ്ഥയിലേക്ക് മാറിയവരുണ്ട്. അധ്വാനിച്ചുണ്ടാക്കിയ പണം ഓഫറുകളുടെ പിന്നാലെ പാഞ്ഞ് ആവശ്യമുള്ളതും ഇല്ലാത്തതുമായ വിഭവങ്ങൾകൊണ്ട് വീട് അലങ്കോലമാക്കുന്നവരുണ്ട്. പട്ടണത്തിൽ താമസിക്കുന്നവർക്ക് ഹോട്ടൽഭക്ഷണം പോലുള്ള വിഭവങ്ങളുടെ കൂടുതലായുള്ള ലഭ്യതമൂലം ചെലവ് ഏറാറുണ്ട്. ചിലരുടെ സാമീപ്യംമൂലം അപകർഷതാബോധം ഉണ്ടായി ആടയാഭരണങ്ങൾക്ക് ധാരാളമായി പണം ചെലവാക്കുന്നവരുണ്ട്. സാമ്പത്തികശാസ്ത്രത്തിൽ ചെലവുരീതിയുമായി ബന്ധപ്പെട്ട വിവിധ സിദ്ധാന്തങ്ങളുണ്ട്. ഒന്നാമത്തേത് ഉപഭോഗത്തിന്റെ സ്ഥായിയായ വരുമാന സിദ്ധാന്തമാണ്. ഇതനുസരിച്ച് ഒരാളുടെ ചെലവ് അയാളുടെ ജീവിതചക്രത്തിലെ സ്ഥിരവരുമാനത്തിന്റെ അളവുമായി സ്ഥായിയായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമത്തേത് ആപേക്ഷിക വരുമാന സിദ്ധാന്തമാണ്. മറ്റുള്ളവരുടെ ചെലവുമായി ബന്ധപ്പെട്ട് സ്വന്തം ചെലവുകൾ നിജപ്പെടുത്തുന്ന ഈ രീതിയെ 'പ്രകടന ഇഫക്ട്' അല്ലെങ്കിൽ അതിന്റെ ഉപജ്ഞാതാവായ ജെയിംസ് ഡ്യൂസെൻബറിയുടെ പേരുമായി ബന്ധപ്പെടുത്തി 'ഡ്യൂസെൻബറി ഇഫക്ട്' എന്ന് വിളിക്കുന്നു. മൂന്നാമതായി ജീവിതത്തെ മൊത്തത്തിൽ കണക്കിലെടുക്കുന്ന ലൈഫ് സൈക്കിൾ സിദ്ധാന്തമാണ്. ബാല്യ-യൗവന-വാർധക്യകാലത്തെ വരവുചെലവിനെ കോർത്തിണക്കുന്ന ഈ സിദ്ധാന്തമനുസരിച്ച് ഭാവിയിൽ പ്രതീക്ഷിക്കുന്ന വരുമാനമനുസരിച്ച് ഇന്നത്തെ ചെലവിനെ സമീപിക്കുന്നു. ഇതിൽത്തന്നെ മറ്റൊരു പ്രധാന കാര്യം ഒരാളുടെ വരുമാനം കുറയുമ്പോൾ ചെലവ് കുറയ്ക്കാനാവുന്നില്ല എന്നതാണ്. 'റാച്ചറ്റ് ഇഫക്ട്' എന്നറിയപ്പെടുന്ന ഈ സിദ്ധാന്തത്തിന്റെ പിടിയിലകപ്പെട്ടവർ തങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഉയർന്ന ജീവിതനിലവാരം പുലർത്താൻ ഇപ്പോൾ കഴിയുന്നില്ല എന്ന കാര്യം മറ്റുള്ളവർ അറിയരുതെന്ന് ആഗ്രഹിക്കുന്നു. അതിനാൽ അവർ സമ്പാദ്യം കുറച്ചുകൊണ്ട് ഉപഭോഗ നിലവാരം നിലനിർത്തുന്നു. ജെയിംസ് ഹാംബളിൻ അഭിപ്രായപ്പെടുന്നതനുസരിച്ച് അനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്നവർക്ക് യാത്രാച്ചെലവ് ഏറെയായിരിക്കും. ആഭരണം വാങ്ങുന്നതിനേക്കാൾ അവർ യാത്രാ ടിക്കറ്റ് എടുക്കാനായിരിക്കും ശ്രമിക്കുന്നത്. ഇപ്രകാരമുള്ള വ്യത്യസ്തമായ സമീപനങ്ങളെ പൊതുവായി ക്രോഡീകരിക്കാനായി സൗഹൃദങ്ങൾക്ക് പ്രാധാന്യമുള്ളവരിൽ ഭക്ഷണം, സത്കാരം എന്നിവയ്ക്ക് ചെലവേറുന്നു. സമൂഹത്തിൽ സുസ്സമ്മതരും സ്വീകാര്യരുമാവാൻ ആഗ്രഹിക്കുന്നവർ ദാനധർമ പ്രവൃത്തികളിൽ ഏർപ്പെടുന്നത് കാണാം. കുശാഗ്ര ബിസിനസ് ബുദ്ധിയുള്ളവർ നിക്ഷേപമേഖലയിൽ പണം ചെലവാക്കുന്നു. ഭൗതികചിന്തകളാൽ അസ്വസ്ഥമാവുന്നവരിൽ ആടയാഭരണങ്ങൾക്ക് പ്രാധാന്യം നൽകുന്നവരുണ്ട്. ബൗദ്ധികമനസ്സുള്ളവർ പുസ്തകശേഖരണത്തിനും ഗവേഷണത്തിനും പണം നിർലോഭം ചെലവഴിക്കുന്നു. യഥാർഥത്തിൽ ഇതിന്റെ എല്ലാത്തിന്റെയും ഒരു സന്തുലിതാവസ്ഥയാണ് ആവശ്യമായിരിക്കുന്നത്. അപ്പോൾ, അദ്ധ്വാനിക്കുന്നതിൽ സന്തോഷവും നിക്ഷേപിക്കുന്നതിൽ ജാഗ്രതയും സമ്പാദിക്കുന്നതിൽ താത്പര്യവും ചെലവാക്കുന്നതിൽ ആനന്ദവും നൽകുന്നതിൽ ചാരിതാർഥ്യവും ജീവിക്കുന്നതിൽ ഉത്സാഹവുമുണ്ടാവുന്നു.

from money rss http://bit.ly/39JQqKL
via IFTTT

കനത്ത ഇടിവ്: സെന്‍സെക്‌സ് 788 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: പശ്ചിമേഷ്യയിലെ അസ്വസ്ഥത ഓഹരി സൂചികകളെ കനത്ത നഷ്ടത്തിലാക്കി. സെൻസെക്സ് 788 പോയന്റ്(1.90ശതമാനം)നഷ്ടത്തിൽ 40,676.63ലും നിഫ്റ്റി 234 പോയന്റ്(1.91ശതമാനം)താഴ്ന്ന് 11,993.05ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 2.31 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.96 ശതമാനവും നഷ്ടത്തിലായി. എല്ലാ വിഭാഗങ്ങളിലെ ഓഹരികളും നഷ്ടത്തിലായിരുന്നു. ലോഹം(2.96 ശതമാനം), ധനകാര്യം(2.65 ശതമാനം), റിയാൽറ്റി(2.51 ശതമാനം) ബാങ്ക്(2.44 ശതമാനം) എന്നിങ്ങനെ നഷ്ടത്തിലായി. ടൈറ്റാൻ, പവർഗ്രിഡ്, വിപ്രോ എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ, ടിസിഎസ്, എൻടിപിസി, കൊട്ടക് ബാങ്ക്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, സൺ ഫാർമ, ബജാജ് ഓട്ടോ, ഐടിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex plunges 788 points

from money rss http://bit.ly/2sQuuNs
via IFTTT

ആദായ നികുതി ഫോമുകളില്‍ വിദേശ യാത്രയുടെ വിവരങ്ങള്‍ നല്‍കണം

ന്യൂഡൽഹി: ആദായ നികുതി ഫോമുകൾ ജനുവരിയിൽതന്നെ പ്രത്യക്ഷ നികുതി ബോർഡ് പുറത്തുവിട്ടു. സാധാരണ ഏപ്രിലിലാണ് ഓരോ വർഷവും പരിഷ്കരിച്ച ഫോമുകൾ പുറത്തുവിടാറുള്ളത്. ഐടിആർ-1, ഐടിആർ-4 എന്നീ ഫോമുകളാണ് പുറത്തുവിട്ടത്. പരിഷ്കരിച്ച ഫോമിൽ വിദേശ യാത്രയുടെയും പാസ്പോർട്ടിന്റെയും വിവരങ്ങൾ നൽകണം. വസ്തുവുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുത്തണം. ഭൂമിയിൽ കൂട്ടായ ഉടമസ്ഥതയാണുള്ളതെങ്കിൽ വ്യക്തികൾ ഐടിആർ-1, ഐടിആർ-4 എന്നിവ നൽകേണ്ടതില്ല. ഒരു കോടി രൂപയിലധികം ബാങ്കിൽ നിക്ഷേപമുണ്ടെങ്കിൽ ഐടിആർ-1 ഫോമല്ല നൽകേണ്ടത്. വിദേശ യാത്രയ്ക്ക് രണ്ടുലക്ഷം രൂപയിലധികം ചെലവഴിച്ചിട്ടുള്ളവരും വർഷം ഒരു ലക്ഷം രപ വൈദ്യുതി ബില്ലടച്ചിട്ടുള്ളവർക്കും ഐടിആർ-1 അല്ല ബാധകം. പാസ്പോർട്ട് ഉണ്ടെങ്കിൽ ഐടിആർ-4 ഫോമിൽ അതിന്റെ വിവരങ്ങൾ നൽകണം. രണ്ടു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് വിദേശ യാത്ര നടത്തിയിട്ടുണ്ടെങ്കിൽ ചെലവഴിച്ച തുകയുടെ ഉൾപ്പടെയുള്ള വിശദ വിവരങ്ങൾ നൽകേണ്ടിവരും.

from money rss http://bit.ly/2unnesS
via IFTTT

ട്രംപിന്റെ ഭീഷണിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് മൂന്ന് ലക്ഷം കോടി രൂപ

ന്യൂഡൽഹി: ഇറാനെതിരെയുള്ള ട്രംപിന്റെ ഭീഷണിമൂലം രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് നഷ്ടമായത് മുന്നു ലക്ഷം കോടി രൂപ. ഉച്ചകഴിഞ്ഞ് 2.30ലെ കണക്കുപ്രകാരം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം 154 ലക്ഷം കോടി രൂപയാണ്. വെള്ളിയാഴ്ചയിലെ ക്ലോസിങ് മൂല്യം 157 ലക്ഷം കോടി രൂപയുമായിരുന്നു. നഷ്ടം മൂന്നു ലക്ഷം കോടി രൂപ. ട്രംപിന്റെ ഭീഷണിയിൽ അഞ്ചിൽ നാല് ഓഹരികളും നഷ്ടത്തിലായി. സ്മോൾ ക്യാപ് ഓഹരികളെയാണ് തകർച്ച പ്രധാനമായും ബാധിച്ചത്. ലോകത്താകെയുള്ള എണ്ണ ഉത്പാദനത്തിൽ 50 ശതമാനത്തിലേറെയും പശ്ചിമേഷ്യയിൽനിന്നാണ്. ഒപെകിലെതന്നെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് ഇറാഖ്. ഇറാന്റെ ജനറൽ മേജറെ വധിച്ചതിനെതുടർന്ന് ലോകമാകെ ആശങ്കയിലാണ്. ഈ ആശങ്കയാണ് ഓഹരി വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്സ് 800 പോയന്റിലേറെ താഴെപ്പോയി. നിഫ്റ്റിയാകട്ടെ 12,000 നിലവാരത്തിനും. ആശങ്ക നിലനിൽക്കുന്നതിനാൽ ചെലവുചുരുക്കി കമ്മികുറയ്ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രസർക്കാർ. Investors lost 3 trillion under Trumps threat

from money rss http://bit.ly/36sAJ8T
via IFTTT

രൂപയുടെ മൂല്യം ഡോളറിനെതിരെ 72 നിലവാരത്തിലേയ്ക്ക് താഴ്ന്നു

മുംബൈ: രൂപയുടെ മൂല്യം ഡോളറിനെതിരെ 72 നിലവാരത്തിലേയ്ക്ക് താഴ്ന്നു. രാവിലെ വ്യാപാരം നടക്കുമ്പോൾ 28 പൈസ താഴ്ന്ന് 72.08ലെത്തിയിരുന്നു. അതായത് ഒരു ഡോളർ ലഭിക്കാൻ 72.08 രൂപ നൽകണമെന്ന് ചുരുക്കം. ഇറാൻ-യുസ് സംഘർഷ ആശങ്കയെതുടർന്ന് അസംസ്കൃത എണ്ണവില ഉയർന്നതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഇറക്കുമതിക്കാരെയും രൂപയുടെ മൂല്യമിടവ് കാര്യമായി ബാധിക്കും. സർക്കാരിന്റെ ധനക്കമ്മി കൂടാനും ഇടയാക്കും. അതേസമയം, ഐടി, ഫാർമ കമ്പനികൾക്ക് രൂപയുടെ മൂല്യമിടിവ് ഗുണകരമാകും.

from money rss http://bit.ly/39IScf5
via IFTTT

കിടത്തി ചികിത്സ ആവശ്യമില്ലെങ്കിലും ആരോഗ്യ പരിരക്ഷ

മറ്റെല്ലാ ചെലവുകൾക്കുംപുറമെ ആരോഗ്യ സംരക്ഷണ ചെലവുകളും വർധിച്ചുവരുകയാണ്. ആരോഗ്യ സംരക്ഷണ മേഖലയിലെ പണപ്പെരുപ്പം 2018-19 ൽ ശരാശരി 7.14 ശതമാനമാണു വർധിച്ചത്. 2017-18 വർഷം 4.39 ശതമാനമായിരുന്ന സ്ഥാനത്താണിത്. ചികിത്സാചെലവുകൾ ഓരോവർഷവും 50 ശതമാനത്തിലേറെ വർധിച്ചുവരുന്നതായാണ് കാണുന്നത്. അതോടൊപ്പംതന്നെ 30-35 പ്രായ പരിധിയിലുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഏറി വരുന്നതും ആശങ്കാജനകമാണ്. കൃത്യമായ സാമ്പത്തിക സംരക്ഷണ പദ്ധതികളില്ലാതെ മുന്നോട്ടു പോകാനാവാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ കിടത്തിചികിൽസിക്കാത്ത സന്ദർഭങ്ങളിലും പരിരക്ഷ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും വ്യാപകമാകുന്നുണ്ട്. ചെറുപ്രായത്തിൽതന്നെ കൃത്യമായ ആരോഗ്യ പരിരക്ഷാ പദ്ധതികൾ നേടുന്നതായിരിക്കും ഉത്തമം. അടുത്തിടെ ആരംഭിച്ചിട്ടുള്ള പല ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാതെതന്നെ നൽകുന്ന ഒപിഡി (ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റ്) ചികിൽസകൾക്കും പ്രക്രിയകൾക്കും പരിരക്ഷ നൽകുന്ന വ്യവസ്ഥകളുണ്ട്. രോഗനിർണയത്തിനോ ചികിൽസയ്ക്കോ ആയി ഒരു വ്യക്തി ആശുപത്രിയിലോ ക്ലിനിക്കിലോ എത്തുന്നതും അവിടെ അഡ്മിറ്റ് ആകാതെ ഡോക്ടറുടെ ഉപദേശം തേടുന്നതുമെല്ലാമാണ് ഒപിഡി എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. ആശുപത്രിയിൽ കിടത്തിയുള്ളതല്ലാത്ത ചികിൽസകളിൽ പരിരക്ഷ ലഭിക്കുവാൻ ഇത്തരത്തിൽ ഒപിഡി ചികിൽസകൾക്കും പരിരക്ഷ നൽകുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ സഹായിക്കും. ആർക്കെല്ലാമാണ് ഒപിഡി പരിരക്ഷ ആവശ്യമുള്ളത്? ആശുപത്രിയിൽ കിടത്തിയല്ലാതെയുള്ള ചികിൽസ ആവശ്യമുളള എല്ലാവർക്കും ഒപിഡി പരിരക്ഷയുള്ള ആരോഗ്യ ഇൻഷൂറൻസ് പോളിസികൾ ഗുണകരമാകും. വൈറൽ പനികൾ പോലുള്ള ചെറിയ രോഗങ്ങളുടെ ചികിൽസകൾക്കും പ്രമേഹം, ആർത്രൈറ്റീസ്, പുറംവേദന പോലുള്ള രോഗങ്ങളുടെ കാര്യത്തിലുമെല്ലാം ഇതു സഹായകമാകും. തുടർച്ചയായുള്ള രോഗങ്ങളുടെ ഫലമായി സ്ഥിരമായി ഡോക്ടറെ കാണേണ്ടി വരുമ്പോഴും ഒപിഡി പരിരക്ഷ ലഭിക്കും. സവിശേഷതകൾ ആശുപത്രിയിൽ കിടത്താതെയുള്ള ചികിൽസകൾക്കു വേണ്ടിവരുന്ന ചെലവുകൾ ക്ലെയിം ചെയ്യാൻ ഒപിഡി പരിരക്ഷ സഹായകമാകും. മരുന്നുകളുടെ ചെലവുകൾ, രോഗനിർണയം, ചെറിയ പ്രൊസീജിയറുകൾ തുടങ്ങിയവയെല്ലാം ഈ പോളിസി പ്രകാരം ക്ലെയിമിന് അർഹമാണ്. ഇതിനായി അടക്കുന്ന പ്രീമിയത്തിന് ആദായ നികുതി ആനുകൂല്യവും ലഭിക്കും. നെറ്റ് വർക്ക് ക്ലിനിക്കുകളിലും ആശുപത്രികളിലും മാത്രമേ ഒപിഡി ചികിൽസ സാദ്ധ്യമാകൂ എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. വലിയ കാത്തിരിപ്പില്ലാതെതന്നെ ഒരു വ്യക്തിക്ക് ഒപിഡി ക്ലെയിമുകൾ നൽകാനാവും. നിലവിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടാണെങ്കിൽ പോളിസി എടുത്ത് 90 ദിവസത്തിനുള്ളിൽ ഒപിഡി ചെലവുകൾ ക്ലെയിം ചെയ്യാം. നിലവിലില്ലാത്ത അസുഖങ്ങളുമായി ബന്ധപ്പെട്ടാണെങ്കിൽ ആദ്യദിവസംമുതൽ ക്ലെയിം ചെയ്യാനാവും. പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഒരേ വർഷത്തിൽതന്നെ വിവിധ ക്ലെയിമുകൾ നൽകാനും സാധിക്കും. എന്തെല്ലാം ഉൾപ്പെടും? ഒപിഡി ആനുകൂല്യങ്ങൾ വിവിധ രീതികളിൽ ലഭ്യമാണ്. കൺസൾട്ടേഷനും പരിശോധനകൾക്കും ആവശ്യമുള്ള ഫീസ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സ്റേ, സ്കാൻ, പതോളജി തുടങ്ങിയ രോഗനിർണയ പ്രക്രിയകൾക്കും ക്ലെയിം നൽകാം. പിഒപി പോലുള്ള ചെറിയ സർജിക്കൽ പ്രൊസീജിയറുകൾ, അപകടങ്ങൾക്കും മൃഗങ്ങളുടെ കടിയേറ്റുള്ള പരുക്കുകൾക്കും ശേഷമുള്ള ഡ്രസ്സിങ്, ഡോക്ടർ നടത്തുന്ന മറ്റ് പ്രക്രിയകൾ തുടങ്ങിയവയ്ക്കും പരിരക്ഷ ലഭിക്കും. പരിരക്ഷ ലഭിക്കാത്തവ ആശുപത്രിയിൽ പോകുമ്പോൾ നടത്തുന്ന എല്ലാ പ്രക്രിയകൾക്കും പരിരക്ഷ ലഭിക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതു കൊണ്ടു തന്നെ ഏതെല്ലാം ഇനങ്ങളാണ് പരിരക്ഷയ്ക്ക് അർഹമായത് എന്ന് ഇൻഷൂറൻസ് സേവന ദാതാവിനോട് മുൻകൂട്ടി അന്വേഷിക്കുന്നത് ഉചിതമായിരിക്കും. കണ്ണടകൾ, കോൺടാക്ട് ലെൻസുകൾ, സൗന്ദര്യ വർധക പ്രക്രിയകൾ, വാക്കറുകൾ, ബ്ലഡ് പ്രഷർ നിരീക്ഷണ ഉപകരണങ്ങൾ, ഗ്ലൂക്കോ മീറ്ററുകൾ, തെർമോ മീറ്ററുകൾ, ഡയറ്റീഷ്യനുള്ള ചാർജ്, വിറ്റമിനുകൾ, സപ്ലിമെന്റുകൾ എന്നിവയ്ക്കുള്ള ചെലവ് തുടങ്ങിയവയെല്ലാം പരിരക്ഷ ലഭ്യമല്ലാത്ത ഇനങ്ങളിൽ പെടും. അടിസ്ഥാന പോളിസികളുടെ ആഡ് ഓൺ ആയാണ് സാധാരണ ഇൻഷൂറൻസ് സ്ഥാപനങ്ങൾ ഒപിഡി പരിരക്ഷ നൽകുന്നത്. ഇവയുടെ ആനുകൂല്യങ്ങൾ കൂടുതലായി ഉപയോഗിക്കുവാൻ സാധ്യതയുള്ളതിനാൽ ഇവ ഉയർന്ന നിരക്കിലാവും സാധാരണ ലഭ്യമാക്കുക. ഓരോ വ്യക്തിയും ഇവയുടെ ആവശ്യകതയും തങ്ങളുടെ സവിശേഷതകളും വിശകലനം ചെയ്യണം. പലപ്പോഴും ഇവ ചെലവേറിയതും പ്രസക്തിയില്ലാത്തതുമാണെന്ന തെറ്റിദ്ധാരണ ഉണ്ടായേക്കാമെങ്കിലും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിൽ ഇവ ഏറെ ഗുണകരമായിരിക്കും. (സ്റ്റാർ ഹെൽത്ത് ആന്റ് അലൈഡ് ഇൻഷൂറൻസിന്റെ മാനേജിങ് ഡയറക്ടറാണ് ലേകഖൻ)

from money rss http://bit.ly/36nQca5
via IFTTT