121

Powered By Blogger

Monday, 6 January 2020

പണം എങ്ങനെ ഉപയോഗിക്കണം?

ജീവിതകാലം മുഴുവൻ കേസും കോടതിയുമായി നടന്ന ഒരു മനുഷ്യനെ എനിക്ക് പരിചയമുണ്ട്. തന്റെ അധീനതയിലുണ്ടായിരുന്ന അഞ്ചു സെന്റ് ഭൂമി നഷ്ടപ്പെടാതിരിക്കാൻ അമ്പതിലധികം സെന്റ് വിറ്റ് അദ്ദേഹം കേസ് നടത്തി. കേവലം ദുരഭിമാനമെന്നുപറഞ്ഞ് അതിനെ തള്ളിക്കളയാനാവില്ല. ആ ഭൂമിയോട് ഉണ്ടായിരുന്ന വൈകാരികമായ ബന്ധംമൂലം ഉത്സാഹം എതിർദിശയിലായിരുന്നു. ആ നാളുകളിൽ പലരും അദ്ദേഹത്തെ കേസിൽനിന്ന് മാറാൻ ഉപദേശിക്കുകയുണ്ടായി. അവസാനം പരാജയപ്പെട്ട് ദരിദ്രനായി മരിച്ചു. ഇത്തരത്തിലല്ലെങ്കിലും സമാനമായ അർഥത്തിൽ പണവും മറ്റു ധനാഗമ മാർഗങ്ങളും ഉപയോഗിക്കുന്നവരുണ്ട്. പണം അമൂല്യമായ ഒരു പദാർഥമാണ്. അതുകൊണ്ടുതന്നെ അത് ഉപയോഗിക്കുന്ന രീതിയും പ്രധാനപ്പെട്ടതാണ്. അതിനെ ഉപഭോഗം അഥവാ ചെലവ് എന്ന് വിളിക്കുന്നു. ചെലവാക്കുന്ന രീതിയെ 'പ്രേരിതച്ചെലവ്' എന്നും 'സ്വാഭാവികച്ചെലവ്'എന്നും രണ്ടായി പൊതുവേ വിഭജിക്കാറുണ്ട്. ബാഹ്യപ്രേരണയാൽ ചെലവാക്കുന്നതും ആന്തരികചേതനയാൽ ചെലവഴിക്കുന്നതും എന്നർഥത്തിലാണ് ഈ വിഭജനം. എപ്രകാരമാണ് ഓരോരുത്തരും പണം ചെലവാക്കുന്നതെന്നതുമായി ബന്ധപ്പെട്ട് രസകരമായ കാര്യങ്ങൾ കണ്ടെത്താനാവും. ഉദാഹരണത്തിന് ലോട്ടറി അടിച്ചവരിൽ പെട്ടെന്ന് പഴയതിലും മോശമായ സാമ്പത്തിക അവസ്ഥയിലേക്ക് മാറിയവരുണ്ട്. അധ്വാനിച്ചുണ്ടാക്കിയ പണം ഓഫറുകളുടെ പിന്നാലെ പാഞ്ഞ് ആവശ്യമുള്ളതും ഇല്ലാത്തതുമായ വിഭവങ്ങൾകൊണ്ട് വീട് അലങ്കോലമാക്കുന്നവരുണ്ട്. പട്ടണത്തിൽ താമസിക്കുന്നവർക്ക് ഹോട്ടൽഭക്ഷണം പോലുള്ള വിഭവങ്ങളുടെ കൂടുതലായുള്ള ലഭ്യതമൂലം ചെലവ് ഏറാറുണ്ട്. ചിലരുടെ സാമീപ്യംമൂലം അപകർഷതാബോധം ഉണ്ടായി ആടയാഭരണങ്ങൾക്ക് ധാരാളമായി പണം ചെലവാക്കുന്നവരുണ്ട്. സാമ്പത്തികശാസ്ത്രത്തിൽ ചെലവുരീതിയുമായി ബന്ധപ്പെട്ട വിവിധ സിദ്ധാന്തങ്ങളുണ്ട്. ഒന്നാമത്തേത് ഉപഭോഗത്തിന്റെ സ്ഥായിയായ വരുമാന സിദ്ധാന്തമാണ്. ഇതനുസരിച്ച് ഒരാളുടെ ചെലവ് അയാളുടെ ജീവിതചക്രത്തിലെ സ്ഥിരവരുമാനത്തിന്റെ അളവുമായി സ്ഥായിയായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമത്തേത് ആപേക്ഷിക വരുമാന സിദ്ധാന്തമാണ്. മറ്റുള്ളവരുടെ ചെലവുമായി ബന്ധപ്പെട്ട് സ്വന്തം ചെലവുകൾ നിജപ്പെടുത്തുന്ന ഈ രീതിയെ 'പ്രകടന ഇഫക്ട്' അല്ലെങ്കിൽ അതിന്റെ ഉപജ്ഞാതാവായ ജെയിംസ് ഡ്യൂസെൻബറിയുടെ പേരുമായി ബന്ധപ്പെടുത്തി 'ഡ്യൂസെൻബറി ഇഫക്ട്' എന്ന് വിളിക്കുന്നു. മൂന്നാമതായി ജീവിതത്തെ മൊത്തത്തിൽ കണക്കിലെടുക്കുന്ന ലൈഫ് സൈക്കിൾ സിദ്ധാന്തമാണ്. ബാല്യ-യൗവന-വാർധക്യകാലത്തെ വരവുചെലവിനെ കോർത്തിണക്കുന്ന ഈ സിദ്ധാന്തമനുസരിച്ച് ഭാവിയിൽ പ്രതീക്ഷിക്കുന്ന വരുമാനമനുസരിച്ച് ഇന്നത്തെ ചെലവിനെ സമീപിക്കുന്നു. ഇതിൽത്തന്നെ മറ്റൊരു പ്രധാന കാര്യം ഒരാളുടെ വരുമാനം കുറയുമ്പോൾ ചെലവ് കുറയ്ക്കാനാവുന്നില്ല എന്നതാണ്. 'റാച്ചറ്റ് ഇഫക്ട്' എന്നറിയപ്പെടുന്ന ഈ സിദ്ധാന്തത്തിന്റെ പിടിയിലകപ്പെട്ടവർ തങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഉയർന്ന ജീവിതനിലവാരം പുലർത്താൻ ഇപ്പോൾ കഴിയുന്നില്ല എന്ന കാര്യം മറ്റുള്ളവർ അറിയരുതെന്ന് ആഗ്രഹിക്കുന്നു. അതിനാൽ അവർ സമ്പാദ്യം കുറച്ചുകൊണ്ട് ഉപഭോഗ നിലവാരം നിലനിർത്തുന്നു. ജെയിംസ് ഹാംബളിൻ അഭിപ്രായപ്പെടുന്നതനുസരിച്ച് അനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്നവർക്ക് യാത്രാച്ചെലവ് ഏറെയായിരിക്കും. ആഭരണം വാങ്ങുന്നതിനേക്കാൾ അവർ യാത്രാ ടിക്കറ്റ് എടുക്കാനായിരിക്കും ശ്രമിക്കുന്നത്. ഇപ്രകാരമുള്ള വ്യത്യസ്തമായ സമീപനങ്ങളെ പൊതുവായി ക്രോഡീകരിക്കാനായി സൗഹൃദങ്ങൾക്ക് പ്രാധാന്യമുള്ളവരിൽ ഭക്ഷണം, സത്കാരം എന്നിവയ്ക്ക് ചെലവേറുന്നു. സമൂഹത്തിൽ സുസ്സമ്മതരും സ്വീകാര്യരുമാവാൻ ആഗ്രഹിക്കുന്നവർ ദാനധർമ പ്രവൃത്തികളിൽ ഏർപ്പെടുന്നത് കാണാം. കുശാഗ്ര ബിസിനസ് ബുദ്ധിയുള്ളവർ നിക്ഷേപമേഖലയിൽ പണം ചെലവാക്കുന്നു. ഭൗതികചിന്തകളാൽ അസ്വസ്ഥമാവുന്നവരിൽ ആടയാഭരണങ്ങൾക്ക് പ്രാധാന്യം നൽകുന്നവരുണ്ട്. ബൗദ്ധികമനസ്സുള്ളവർ പുസ്തകശേഖരണത്തിനും ഗവേഷണത്തിനും പണം നിർലോഭം ചെലവഴിക്കുന്നു. യഥാർഥത്തിൽ ഇതിന്റെ എല്ലാത്തിന്റെയും ഒരു സന്തുലിതാവസ്ഥയാണ് ആവശ്യമായിരിക്കുന്നത്. അപ്പോൾ, അദ്ധ്വാനിക്കുന്നതിൽ സന്തോഷവും നിക്ഷേപിക്കുന്നതിൽ ജാഗ്രതയും സമ്പാദിക്കുന്നതിൽ താത്പര്യവും ചെലവാക്കുന്നതിൽ ആനന്ദവും നൽകുന്നതിൽ ചാരിതാർഥ്യവും ജീവിക്കുന്നതിൽ ഉത്സാഹവുമുണ്ടാവുന്നു.

from money rss http://bit.ly/39JQqKL
via IFTTT