കേന്ദ്രസർക്കാർ പണം ഒഴുകുന്ന ഒരു പൈപ്പ് ലൈൻ ഇട്ടുകൊണ്ടിരിക്കുകയാണ്. അതു പൂർത്തിയാകുന്നതോടെ സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം തീരുമെന്നാണു പ്രതീക്ഷിക്കുന്നത്. സാധാരണഗതിയിൽ സർക്കാരിന്റെ വരുമാന മാർഗങ്ങൾ നികുതി- നികുതിയിതര വരുമാനവും വായ്പകളുമാണ്. എന്നാൽ, നിയോലിബറൽ കാലഘട്ടത്തിൽ സർക്കാരുകളുടെ ഒരു മുഖ്യവരുമാനം പൊതുമേഖലയുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനമാണ്. ഇപ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു സ്വത്തുക്കളും മോണിറ്റൈസ് ചെയ്യാൻ അഥവാ പണവരുമാന മാർഗമാക്കാൻ പദ്ധതി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടു ചുവടുമാറ്റം? 1991 മുതൽ പൊതുമേഖലയുടെ സ്വകാര്യവത്കരണം മാറിമാറിവന്ന കേന്ദ്രസർക്കാരുകളുടെ അംഗീകൃത നയമാണ്. ഓരോ ബജറ്റിലും വലിയ ലക്ഷ്യമെല്ലാം പ്രഖ്യാപിക്കുമെങ്കിലും അവ കൈവരിക്കാറില്ല. ട്രേഡ് യൂണിയനുകളുടെ സംഘടിതമായ ചെറുത്തുനിൽപ്പാണു മുഖ്യകാരണം. നാളിതുവരെ അഞ്ചുലക്ഷം കോടി രൂപയിൽ താഴെ മാത്രമേ പൊതുമേഖലാ വിൽപ്പനയിലൂടെ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ട് കൂടുതൽ എളുപ്പം ട്രേഡ് യൂണിയൻ ഇടപെടൽ ശേഷി കുറഞ്ഞ മറ്റു പൊതുസ്വത്തുക്കളിലേക്ക് തിരിയുകയാണെന്ന നിഗമനത്തിൽ സർക്കാർ എത്തിയിരിക്കുകയാണ്. സർക്കാരും പൊതുസ്വത്തും രാജ്യത്തെ ഏറ്റവും വലിയ സ്വത്തുടമസ്ഥൻ സർക്കാരാണ്. കാട്, ഖനിജങ്ങൾ, തരിശുഭൂമികൾ, ജലാശയങ്ങൾ ഇവയെല്ലാം എടുത്താൽ ഭൂവിസ്തൃതിയുടെ പകുതിയിലേറെ സർക്കാരിന്റേതാണ്. ഇവയെ വരുമാനമാർഗങ്ങളായിട്ടല്ല കാണുന്നത്, മറിച്ച് പാരിസ്ഥിതികവും പൊതുനന്മയ്ക്കും ഭാവിക്കും വേണ്ടിയുള്ള കാത്തുസൂക്ഷിപ്പുകളായിട്ടാണ്. ഇവയെ വരുമാനമാർഗമാക്കി മാറ്റിയാൽ സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി തീരും. വായ്പയല്ലാതെ മോണിറ്റൈസേഷൻ എങ്ങനെ നിങ്ങൾക്കു കുറച്ചധികം ഭൂമി ഉണ്ടെന്നിരിക്കട്ടെ. കൃഷി ചെയ്യാത്തതുകൊണ്ട് അതിൽനിന്ന് വരുമാനമില്ല. എന്നാൽ, ഈ ഭൂമി പണയപ്പെടുത്തിയാൽ നിങ്ങൾക്കും പണം ലഭിക്കും. അതുപയോഗിച്ച് ഭൂമിയിൽ നിക്ഷേപം നടത്തിയാൽ വരുമാനം ഉണ്ടാവും. പക്ഷേ, ഇതിനെ ആരും മോണിറ്റൈസേഷൻ എന്നുവിളിക്കാറില്ല. നിങ്ങൾ വായ്പയെടുക്കുകയാണ്. എന്നാൽ, സർക്കാരിനു വായ്പയെടുക്കാൻ ഉദ്ദേശ്യമില്ല. എടുക്കാവുന്ന വായ്പയ്ക്കു പരിധി കല്പിച്ചിട്ടുണ്ട്. ആ പരിധിക്കു മുകളിലാണ് ഇപ്പോൾത്തന്നെ വായ്പ. അതുകൊണ്ട് സർക്കാരിന്റെ സ്വത്തിന്റെ മൂല്യത്തെ വായ്പരൂപത്തിൽ അല്ലാത്ത പണവരുമാനമാക്കി മാറ്റണം. അതിനെയാണു മോണിറ്റൈസേഷൻ എന്നു വിളിക്കുന്നത്. ആദ്യഡോസ് ആറുലക്ഷം കോടി ആറുലക്ഷം കോടി രൂപയുടെ നാടിന്റെ സ്വത്തുക്കളാണ് ആദ്യഗഡുവായി മോണിറ്റൈസേഷനു തിരഞ്ഞെടുത്തിട്ടുള്ളത്. ദേശീയപാത (1.6), റെയിൽവേ (1.5), വൈദ്യുതി വിതരണം (0.45), വൈദ്യുതി ഉത്പാദനം (0.40), ടെലികോം (0.35), ഖനനം (0.29), വെയർഹൗസ് (0.29), പ്രകൃതിവാതകം (0.25), ഇന്ധന പൈപ്പ് ലൈൻ (0.23), വ്യോമഗതാഗതം (0.21), റിയൽ എസ്റ്റേറ്റ് (0.15), തുറമുഖം (0.13), സ്റ്റേഡിയങ്ങൾ (0.11) -ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് ലക്ഷം കോടിയിലുള്ള വിലയാണ് -മൊത്തം ആറുലക്ഷം കോടി രൂപ. ഈ സ്വത്തുക്കളെ വിൽക്കുന്നില്ല. പണയപ്പെടുത്തി വായ്പയെടുക്കുന്നില്ല. മറിച്ച്, 30 വർഷമോ അതിലേറെ കാലമോ ഈ സ്വത്തുകളിൽ നിക്ഷേപം നടത്താനും ലാഭമുണ്ടാക്കാനുമുള്ള അവകാശം കൈമാറുകയാണ്. ഉടമസ്ഥൻ സർക്കാർ തന്നെ. കൈവശാവകാശക്കാരൻ മാത്രമാണു സ്വകാര്യസംരംഭകൻ. ഇതിനു പ്രതിഫലമായി സർക്കാരിന് എന്തു നൽകുമെന്നതു സംബന്ധിച്ചാണു ടെൻഡർ വിളിക്കുന്നത്. ഓരോ ഇനത്തിനും ഏറ്റവും കൂടുതൽ വില തരാൻ തയ്യാറാകുന്നവർക്ക് കൈവശാവകാശം നൽകും. ഉപഭോക്താവിനുമേൽ ഭാരം 1000 കോടി മൂല്യമുള്ള ഏതാനും റെയിൽവേ സ്റ്റേഷനുകളും അവയുടെ ഭൂമിയും 30 വർഷത്തേക്ക് ഇങ്ങനെ ടെൻഡർ ചെയ്യുന്നെന്നിരിക്കട്ടെ. ടെൻഡറിൽ 1000 കോടിയെക്കാൾ കൂടുതൽ വില തരാൻ തയ്യാറുള്ള സംരംഭകരുമായി ചർച്ചചെയ്ത് കരാർ ഉറപ്പിക്കുകയാണു ചെയ്യുക. അങ്ങനെ ഏൽപ്പിച്ചുകൊടുക്കുമ്പോൾ എന്തെല്ലാമാണ് നിബന്ധനകളെന്നുള്ളത് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. എന്തെല്ലാം പുതിയ നിക്ഷേപങ്ങൾക്കുള്ള അവകാശം സംരംഭകന് ഉണ്ടാകുമെന്നതും വ്യക്തമല്ല. പക്ഷേ, ഒരുകാര്യം വളരെ വ്യക്തം. 30 വർഷത്തിനുള്ളിൽ ഇപ്പോൾ സർക്കാരിനു നൽകുന്ന 1000 കോടി രൂപയും അതിന്റെ പലിശയും പുതിയ നിക്ഷേപത്തിന്റെ ലാഭത്തിലൂടെ മുതലാക്കാൻ കഴിയുമോയെന്ന് സംരംഭകൻ സ്വാഭാവികമായും കണക്കു കൂട്ടുമല്ലോ. റെയിൽവേസ്റ്റേഷനിലെ യൂസർഫീ വർധിപ്പിക്കാം. റെയിൽവേ ഭൂമിയിൽ ഹോട്ടലുകൾ പണിയാം. ലാഭമുണ്ടാക്കാൻ ഇങ്ങനെ പലതും ചെയ്യും. എന്നുെവച്ചാൽ റെയിൽവേ ഉപഭോക്താക്കളുടെമേൽ വമ്പിച്ചഭാരം ഇതുമൂലം വരും. സ്വകാര്യവത്കരണ റൂട്ട് ഇങ്ങനെ 30 വർഷം കഴിഞ്ഞാൽ സ്വത്തുക്കൾ തിരിച്ചു സർക്കാരിലേക്ക് ചെല്ലുമെന്നാണു ധനമന്ത്രി പറയുന്നത്. പക്ഷേ, സംരംഭകൻ മുതൽമുടക്കിയ പുതിയ ആസ്തികളുടെ വില സംരംഭകനു നൽകേണ്ടി വരില്ലേ? 1000 കോടി രൂപയുടെ മുതൽമുടക്കു വസൂലാകുന്ന രീതിയിൽ യൂസർഫീകൾ കുത്തനെ ഉയർത്താൻ അനുവദിക്കില്ലെന്നു നിബന്ധനവെച്ചാൽ സർക്കാരിനു കിട്ടിയ പണം തിരിച്ചുനൽകാൻ ബാധ്യതയുണ്ടാവില്ലേ? ഇങ്ങനെ സംരംഭകന് അയാൾ മുടക്കിയ ആസ്തികളുടെ വിലയും മറ്റും തിരിച്ചുനൽകണമെങ്കിൽ അതിനുള്ള പണം സർക്കാരിന് എവിടെനിന്നുണ്ടാകും? മൂന്നു മാർഗങ്ങളുണ്ട്. ഒന്നുകിൽ ഈ സംരംഭകനുതന്നെ കാലാവധി നീട്ടിക്കൊടുക്കുക. ഉദാഹരണത്തിന് 30 വർഷമെന്നുള്ളത് 90 വർഷം ആക്കിക്കൊടുക്കാം. അതോടെ സർക്കാരിനു പണം തിരിച്ചുകൊടുക്കാനുള്ള ഏടാകൂടത്തിൽ നിന്നെല്ലാം രക്ഷപ്പെടാം. രണ്ടാമത്തെ മാർഗം ഈ സ്വത്ത് വീണ്ടും ലേലം വിളിക്കാം. അങ്ങനെ കിട്ടുന്ന പണംകൊണ്ട് സംരംഭകൻ മുടക്കിയ പണം തിരിച്ചുനൽകാം. അതുമല്ലെങ്കിൽ നടത്തിപ്പുകാരനു സ്വത്ത് വിൽക്കാം. മോണിറ്റൈസേഷൻ പലതരം മേൽവിവരിച്ചത് ഡയറക്ട് കോൺട്രാക്ച്വൽ അപ്രോച്ച് അഥവാ നേരിട്ടുള്ള കരാർ സമ്പ്രദായമാണ്. മുമ്പ് വിവരിച്ചതുപോലെ മുഴുവൻ പണവും ഒറ്റയടിക്ക് ആദ്യം തന്നെ വാങ്ങാം അല്ലെങ്കിൽ തവണകളായി വാങ്ങാം. അതുപോലെ 'സ്ട്രക്ചേർഡ് ഫിനാൻസ് അപ്രോച്ച്' എന്നൊരു രീതിയുമുണ്ട്. ഇവിടെ ആസ്തിയുടെ മൂല്യം സെക്യൂരിറ്റികളാക്കി വിൽക്കുന്നു. ആ പണം ഉപയോഗിച്ച് സർക്കാർ അല്ലെങ്കിൽ സംയുക്ത സംരംഭം നിക്ഷേപം നടത്തുന്നു. -മൂല്യവർധന ഉണ്ടാകുമ്പോൾ അതിന്റെ നേട്ടം സെക്യൂരിറ്റികളുടെ ഉടമസ്ഥർക്കു ലഭിക്കും. കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതു നേരിട്ടുള്ള കരാർ സമ്പ്രദായത്തെയാണ്. പണം ബാങ്കുകളിൽനിന്ന് ഇങ്ങനെ കേന്ദ്രസർക്കാരിന് ആറുലക്ഷം കോടി രൂപ മുൻകൂറായി നൽകാൻ പോകുന്ന മുതലാളിമാർക്ക് ഇതിനുള്ള പണം എവിടെനിന്ന് ലഭിക്കും? ചെറിയൊരു ഭാഗം അവരുടെ സമ്പാദ്യത്തിൽ നിന്നാകാം. ബാക്കി ബാങ്കിൽനിന്ന് വായ്പയെടുക്കുന്നതാണ്. ബാങ്കുകളിൽനിന്ന് ഭീമമായ തുക സർക്കാരിന്റെ സ്വത്തിന്റെ തന്നെ ഈടിൽ വായ്പയെടുത്ത് സർക്കാരിനു കൊടുക്കുന്നു. അവസാനം സ്വത്ത് പ്രയോഗത്തിൽ അവരുടേതാകുന്നു. ഇതു സർക്കാരിനും ചെയ്യാമല്ലോ. സർക്കാരിനു ബാങ്കിൽനിന്ന് വായ്പയെടുത്ത് അടിസ്ഥാനസൗകര്യ നിക്ഷേപം നടത്താം. എന്നാൽ, അങ്ങനെ ചെയ്യുമ്പോൾ കണക്കെഴുത്തിൽ ചില അസൗകര്യങ്ങളുണ്ടാകും. ബജറ്റിൽ ഇതു സർക്കാരിന്റെ വായ്പയായിട്ടു വരും. ധനക്കമ്മി കൂടും. അതു വിദേശമൂലധനത്തിന് ഒട്ടും ഇഷ്ടമാകില്ല. അവർ പിണങ്ങിയാൽ സമ്പദ്ഘടന പ്രതിസന്ധിയിലാകാം. എന്നാൽ, സ്വകാര്യസംരംഭകർ വായ്പയെടുത്തു സർക്കാരിനു കൊടുക്കുകയാണെങ്കിലോ? അത് വായ്പയായിട്ടല്ല, മിസലേനിയസ് മൂലധന വരുമാനമായിട്ടാണു കാണിക്കുക. ധനക്കമ്മിയെ ബാധിക്കില്ല. വിദേശമൂലധനത്തെ പ്രീതിപ്പെടുത്തുകയുമാവാം. വികസനതന്ത്രം കേന്ദ്രസർക്കാരിന്റെ വികസനതന്ത്രം ഇതാണ്. വിദേശമൂലധനത്തെ ആശ്രയിച്ച് സാമ്പത്തികവളർച്ചയുടെ വേഗം കൂട്ടുക. അതിനുവേണ്ടി എന്തെല്ലാം നിബന്ധന പാലിക്കണമോ അതെല്ലാം സ്വീകരിക്കുക. അതോടൊപ്പം ഇന്ത്യൻ മുതലാളിമാർക്കും വളരെ സന്തോഷമാണ്. പൊതുമേഖലാ കമ്പനികളുടെയും രാഷ്ട്രത്തിന്റെ പൊതുസ്വത്തും ചുളുവിലയ്ക്ക് അവരുടെ കൈകളിൽ വന്നുചേരുമല്ലോ. നിയോലിബറൽ കാലത്തെ പ്രാകൃത മൂലധന സഞ്ചയനം അഥവാ പൊതുസ്വത്ത് വെട്ടിപ്പിടിക്കലാണ് നടന്നുകൊണ്ടിരിക്കുന്നത്.
from money rss https://bit.ly/2XhTigx
via
IFTTT