കേരളത്തിലെ തൊഴിലും നൈപുണ്യവും (എംപ്ലോയ്മെന്റ്) വകുപ്പ് ഈയിടെ പുതിയൊരു സ്വയംതൊഴിൽ വായ്പാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്തവർക്കായാണ് ഈ പദ്ധതി. ഇതു സംബന്ധിച്ച് 2020 ഡിസംബർ 28-ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ സബ്സിഡിയോടു കൂടി വായ്പ അനുവദിക്കുന്നതാണ് പദ്ധതി. സ്വയംതൊഴിൽ വായ്പാ പദ്ധതി, മുതിർന്ന പൗരന്മാരുടെ പരിചയം സംബന്ധിച്ച ഡേറ്റാ ബാങ്ക് സൃഷ്ടിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പദ്ധതി ആനുകൂല്യങ്ങൾ • ഈ പദ്ധതിയുടെ കീഴിൽ ഓരോരുത്തരും സമർപ്പിക്കുന്ന പ്രോജക്ടുകൾക്ക് 50,000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കും. • വായ്പയുടെ 25 ശതമാനം (പരമാവധി 12,500 രൂപ) വരെ സബ്സിഡി അനുവദിക്കുന്നു. • സബ്സിഡി ആദ്യമേ ലഭിക്കും എന്നതിനാൽ ഇതിന് സമാനമായ തുകയ്ക്ക് പലിശ നൽകേണ്ടതില്ല. • ക്രെഡിറ്റ് ഗാരന്റി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാൽ പ്രത്യേക ജാമ്യം നൽകേണ്ടതില്ല. • മൂന്നു വർഷത്തിനു ശേഷം സബ്സിഡി തുക സംരംഭകന്റെ വായ്പക്കണക്കിലേക്ക് വരവുവയ്ക്കും. ഇതിനായി സ്ഥാപനത്തിന്റെ പ്രവർത്തനം കൂടി പരിശോധിക്കും. • മുതിർന്ന പൗരന്മാർക്ക് സാധാരണയായി ലഭിക്കുന്ന വായ്പയിന്മേലുള്ള പലിശ ഇളവും ലഭിക്കും. • സംയുക്ത സംരംഭങ്ങൾക്കും ആനുകൂല്യം ലഭിക്കും. യോഗ്യതകൾ • എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടും സ്ഥിരം ജോലി ലഭിക്കാത്ത 50-65 വയസ്സുള്ളവർ ആയിരിക്കണം (ജനുവരി ഒന്നിന് പ്രായം കണക്കാക്കും). • എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നിലവിൽ ഉണ്ടാകണം. • വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. • പ്രത്യേക വിദ്യാഭ്യാസ യോഗ്യത ഇല്ല. സാക്ഷരത മതി. • രജിസ്ട്രേഷൻ സീനിയോറിറ്റി, സ്ഥിരമായി പുതുക്കൽ, 55 വയസ്സ് കഴിഞ്ഞിട്ടുള്ള വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ്. • 25 ശതമാനം സ്ത്രീകൾക്കും 25 ശതമാനം ബി.പി.എൽ. വിഭാഗങ്ങൾക്കും മാറ്റിെവച്ചിരിക്കുന്നു. ഏതുതരം സംരംഭവും തിരഞ്ഞെടുക്കാം കച്ചവടം, സേവനം, വ്യവസായം, കൃഷി, ഫാമുകൾ തുടങ്ങി ഏതുതരം സംരംഭവും ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്. കാറ്ററിങ്, പലചരക്ക് കട, സ്റ്റേഷനറി കട, ഗാർമെന്റ്സ്, കുട നിർമാണം, മെഴുകുതിരി, സോപ്പ്, ഡി.ടി.പി., ഫോട്ടോസ്റ്റാറ്റ്, സ്പെയർ പാർട്സ്, ഇന്റർനെറ്റ്, റിെപ്പയറിങ്, സർവീസ് സെന്ററുകൾ തുടങ്ങി എല്ലാത്തരം ബിസിനസുകൾക്കും ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും. അപേക്ഷ ഇങ്ങനെ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സൗജന്യമായി ലഭിക്കും. employment.kerala.gov.in എന്ന സൈറ്റിൽ നിന്ന് ഫോറം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അപേക്ഷ സമർപ്പിക്കാം. വില്ലേജ് ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജില്ലാതല സമിതി അഭിമുഖം നടത്തിയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. പിന്നീട് ആവശ്യപ്പെടുന്ന ബാങ്കുകളിലേക്ക് ശുപാർശ ചെയ്യുന്നു. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സർക്കാർ സബ്സിഡി ലഭ്യമാക്കുന്നതാണ്. ഏതാനും ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടിയും പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. പരിഷ്കാരങ്ങൾ ആവശ്യം നവജീവൻ കൂടുതൽ ഉപകാരപ്രദമാകണമെങ്കിൽ ഇതിൽ നിരവധി പരിഷ്കാരങ്ങൾ ഇനിയും വേണം: • വായ്പത്തുക 50,000 രൂപയാണ്. ഒരു പശുവിനെ വാങ്ങാൻ പോലും തികയാത്ത തുക. ഏറ്റവും കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും ആയി ഉയർത്തണം. • ഒരു ലക്ഷം വാർഷിക വരുമാന പരിധി എടുത്തു കളയണം. സംരംഭം ചെയ്യുന്നവർക്ക് മതിയായ സാമ്പത്തിക ശേഷി ഉണ്ടാകണം. • 25 ശതമാനം സബ്സിഡി മതിയാകും. പരമാവധി സബ്സിഡി തുക ഒരു ലക്ഷം രൂപയെങ്കിലും നൽകാൻ കഴിയണം. • അപേക്ഷകൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽത്തന്നെ പ്രോസസ് ചെയ്ത് ബാങ്കുകളിലേക്ക് അയയ്ക്കാൻ കഴിയണം. പല ഓഫീസുകളും കയറി ഇറങ്ങാൻ അവസരം ഉണ്ടാക്കരുത്. • അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ഏകദിന ബോധവത്കരണ പരിപാടിയും വായ്പ അനുവദിച്ചു കഴിഞ്ഞാൽ സംരംഭകത്വ വികസന പരിപാടിയും ഏർപ്പാടാക്കി നൽകണം. • 50 വയസ്സ് തികഞ്ഞിട്ടും സ്ഥിരം ജോലി ലഭിക്കാത്തവർക്കായി ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത് അഭിനന്ദനാർഹമാണ്. എന്നിരുന്നാലും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയാൽ മാത്രമേ ഇതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.
from money rss https://bit.ly/37YHdin
via
IFTTT