121

Powered By Blogger

Sunday, 23 May 2021

എളുപ്പത്തിൽ റിട്ടേൺ ഫയൽ ചെയ്യാൻ പുതിയ പോർട്ടൽ: സവിശേഷതകൾ അറിയാം

എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ആദായ നികുതി ഇ ഫയലിങ് പോർട്ടർ ഐടി വകുപ്പ് പുറത്തിറക്കുന്നു. വൈകാതെ മൊബൈൽ ആപ്പും നികുതിദായകർക്കായി ലഭ്യമാക്കും. ജൂൺ എഴിന് പുതിയ പോർട്ടൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ വെബ്സൈറ്റായ https://bit.ly/3yB3UEY ജൂൺ ഒന്നുമുതൽ ആറുവരെ ലഭ്യമാകില്ല. https://bit.ly/3fg2l84 -എന്നായിരിക്കും പുതിയ പോർട്ടലിന്റെ പേര്. സവിശേഷതകൾ അറിയാം പുതിയ പോർട്ടലിലെ എല്ലാ സവിശേഷതകളും മൊബൈൽ ആപ്പിലുമുണ്ടാകും. പോർട്ടൽ ലഭ്യമായതിനുശേഷമാകും ആപ്പ് പുറത്തിറക്കുക. റീഫണ്ട് വേഗംനൽകുന്നതിന്റെ ഭാഗമായി റിട്ടേണുകൾ വേഗത്തിൽ പ്രൊസസ് ചെയ്യാൻ പോർട്ടിലിൽതന്നെ സൗകര്യമുണ്ടാകും. റിട്ടേൺ ഫയൽ ചെയ്തുകഴിഞ്ഞാൽ തീർപ്പാക്കാത്ത നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ഡാഷ്ബോർഡിൽ പ്രദർശിപ്പിക്കും. ആരുടെയും സഹായമില്ലാതെ ആദായ നികുതി കണക്കാക്കുന്നതിനും ഫയൽ ചെയ്യുന്നതിനും സോഫ്റ്റ് വെയർ ഉണ്ടാകും. ഓൺലൈനിലും ഓഫ് ലൈനിലും ഇത് ലഭ്യമാകും. വ്യക്തികളുടെ നികുതി സംബന്ധിച്ച വിവരങ്ങൾ നേരത്തെതന്നെ ഐടിആറിൽ നൽകിയിട്ടുണ്ടാകും. കോൾ സെന്റർ, ടൂട്ടോറിയലുകൾ, വീഡിയോകൾ, ചാറ്റ്ബോട്ട്, തത്സമയ സംശയനിവാരണം എന്നിവയ്ക്ക് സൗകര്യമുണ്ടാകും. എളുപ്പത്തിൽ പണമിടപാട് നടത്തുന്നതിന് നെറ്റ് ബാങ്കിങ്, യുപിഐ, ക്രിഡിറ്റ്കാർഡ്, ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങി ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകൾ പുതിയ സൈറ്റിൽ ഉണ്ടാകും. ഐടിആർ ഫയൽ ചെയ്യൽ മാത്രമല്ല, റീഫണ്ട് സംബന്ധിച്ചോ മറ്റോ പരാതികൾ ഉന്നയിക്കാൻ സൗകര്യമുണ്ടാകും. റിട്ടേൺ പരിശോധിക്കുന്നതിനും അതുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾക്ക് മറുപടി നൽകുന്നതിനുംകഴിയും. അപ്പീലുകൾ, ഇളവുകൾ, പിഴ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും പോർട്ടലിലുണ്ടാകും.

from money rss https://bit.ly/3wsbhwx
via IFTTT

എന്താണ് വേരിയബിൾ ഡി.എ, ആർക്കൊക്കെ ശമ്പളം കൂടും: വിശദാംശങ്ങൾ അറിയാം

വേരിയബിൾ ഡിഎ വർധന 2021 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിന്റെ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്, കോവിഡിന്റ് പശ്ചാത്തലത്തിൽ ആശ്വാസം നൽകുന്നതാണ് ഡിഎ വർധന. കേന്ദ്ര സർക്കാരിന്റെ റഗുലർ സർവീസിലുള്ളവർക്കല്ല ശമ്പല വർധന ലഭിക്കുക. 2021 ജനുവരി മുതലുള്ള ക്ഷാമബത്ത ഇവർക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂണിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ നാലുശതമാനം വർധന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർക്കൊക്കെ ഗുണംലഭിക്കും? കേന്ദ്ര സർക്കാരിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 1.5 കോടി ജീവനക്കാർക്ക് ഗുണകരമാകുന്നതാണ് തൊഴിൽമന്ത്രാലയത്തിന്റെ പ്രഖ്യാപനം. കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ അതോറിറ്റികൾ, റെയിൽവെ അഡ്മിനിസ്ട്രേഷൻ, ഖനി, ഓയിൽ ഫീൽഡ്, തുറമുഖങ്ങൾ, കേന്ദ്രത്തിന് കീഴിൽവരുന്ന വിവിധ കോർപറേഷനുകൾ എന്നിവിടങ്ങിളിലെ ജീവനക്കാർക്കാണ് വർധിപ്പിച്ച വിഡിഎ ലഭിക്കുക. ഇവിടങ്ങളിലെ കരാർ തൊഴിലാളികൾക്കും വർധന ബാധകമാണ്. വിഡിഎ വർധന എങ്ങനെ? ഇൻഡസ്ട്രിയൽ വർക്കേഴ്സിനുള്ള ഉപഭോക്തൃ വില സൂചികയുടെ ശരാശരി കണക്കാക്കിയാണ് വേരിയബിൾ ഡിഎ നിശ്ചയിക്കുന്നത്. ലേബർ ബ്യൂറോയാണ് ഇതിനായി കാലാകാലങ്ങളിൽ സൂചിക കണക്കാക്കുന്നത്. 2020 ജൂലായ്-ഡിസംബർ മാസങ്ങളിലെ സൂചികയിലെ ശരാശരിയാണ് പുതുക്കിയ ഡിഎ കണക്കാക്കുന്നതിന് പരിഗണിച്ചിട്ടുള്ളത്.

from money rss https://bit.ly/3fJqX7Q
via IFTTT

സെൻസെക്‌സിൽ 232 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,200ന് മുകളിൽ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,200ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്സ് 232 പോയന്റ് നേട്ടത്തിൽ 50,772ലും നിഫ്റ്റി 43 പോയന്റ് ഉയർന്ന് 15,218ലുമാണ് വ്യാപാരം ആരംഭിച്ചത്. എസ്ബിഐ ആണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില 3ശതമാനത്തിലേറെ ഉയർന്ന് 413 രൂപ നിലവാരത്തിലെത്തി. പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, സൺഫാർമ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക രണ്ടുശതമാനം ഉയർന്നു. അതേസമയം, നിഫ്റ്റി മെറ്റൽ സൂചിക ഒരുശതമാനം താഴുകയുംചെയ്തു. ഗ്രാസിം, ഇന്ത്യ സിമെന്റ്സ്, ജെ.കെ പേപ്പർ, മഹാനഗർ ഗ്യാസ് ഉൾപ്പടെ 33 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ulhUj6
via IFTTT

പെട്രോൾവിലസെഞ്ചുറി കടക്കുമ്പോൾ

2010 ഏപ്രിലിനുശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വിലവർധനയാണ് ഈ ഏപ്രിലിൽ രേഖപ്പെടുത്തിയത്. മാർച്ചിൽ വിലക്കയറ്റം 7.39 ശതമാനമായിരുന്നത് ഏപ്രിലിൽ 10.49 ശതമാനമായി ഉയർന്നു. ഇതിനുകാരണമറിയാൻ വലിയ ഗവേഷണമൊന്നും വേണ്ടാ. കേന്ദ്രസർക്കാർതന്നെ ഓരോ സാമ്പത്തികമേഖലയുടെയും വിലക്കയറ്റം പ്രത്യേകമായി നൽകാറുണ്ട്. ഏപ്രിലിൽ ഇന്ധനമേഖലയിലെ വിലക്കയറ്റനിരക്കാണ് ഏറ്റവും ഉയർന്നുനിന്നത്-20.9 ശതമാനം. അഥവാ പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ വിലവർധനയാണ് മൊത്തവിലസൂചികയിൽ റെക്കോഡ് ഉയർച്ച സൃഷ്ടിച്ചത്. കൂടാൻ ഓരോ കാരണങ്ങൾ, കൂട്ടാനും ക്രൂഡോയിലിന്റെ വില ഉയരുമ്പോൾ നഷ്ടം നികത്താൻവേണ്ടി എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർത്തുന്നു. പണ്ട് ഇങ്ങനെ വില ഉയർത്താനും താഴ്ത്താനുമുള്ള അവകാശം പെട്രോളിയം കമ്പനികൾക്ക് ഇല്ലായിരുന്നു. അടിസ്ഥാന അസംസ്കൃതവസ്തുവായ ഇന്ധനത്തിന്റെ വില സുസ്ഥിരമായി നിലനിർത്തണമെന്നായിരുന്നു നയം. ക്രൂഡോയിലിന്റെ വില ഉയരുന്നതുമൂലം എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രസർക്കാർ നികത്തിക്കൊടുക്കും. ഇതിന് ഓയിൽ പൂൾ അക്കൗണ്ട് എന്നൊരു ഫണ്ടുമുണ്ടായിരുന്നു. എണ്ണക്കമ്പനികളുടെയും എണ്ണഖനന കമ്പനികളുടെയും ലാഭത്തിൽനിന്നൊരു ഭാഗവും കേന്ദ്രസർക്കാർ വർഷംതോറും നൽകുന്ന സബ്സിഡിയുമായിരുന്നു ഈ ഫണ്ടിന്റെ വരുമാനം. അങ്ങനെ കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നപ്പോൾ ഒരു പുതിയ സംഭവവികാസമുണ്ടായി. റിലയൻസ് എണ്ണ മേഖലയിൽ പ്രവേശിച്ചു. പക്ഷേ, പൊതുമേഖലാ കമ്പനികൾക്കല്ലാതെ സ്വകാര്യ കമ്പനികൾക്ക് ഓയിൽ പൂൾ അക്കൗണ്ടിൽനിന്ന് സബ്സിഡി ലഭിക്കില്ല. അതുകൊണ്ട് റിലയൻസ് തുടങ്ങിയ പെട്രോൾ പമ്പുകളൊക്കെ അവർക്ക് പൂട്ടേണ്ടിവന്നു. ഈ പശ്ചാത്തലത്തിലാണ് 2010-നും 2014-നും ഇടയ്ക്ക് യു.പി.എ. സർക്കാർ പടിപടിയായി എണ്ണവില നിയന്ത്രണങ്ങളിൽനിന്ന് സ്വതന്ത്രമാക്കിയത്. ക്രൂഡോയിലിന്റെ വില കൂടിയാൽ എണ്ണക്കമ്പനികൾക്ക് ചില്ലറവില കൂട്ടാം. മറിച്ചാണെങ്കിൽ വില കുറയ്ക്കണം. എണ്ണവില പിരിവിനുള്ള അവസരം കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ക്രൂഡോയിലിന്റെ വിലകൾ ഉയർന്നു. പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവിലയും ഉയർന്നു. നരേന്ദ്രമോദിയടക്കം ബി.ജെ.പി. നേതാക്കൾ വലിയ വിമർശനവും പ്രക്ഷോഭവും വിലക്കയറ്റത്തിനെതിരേ ഉയർത്തിക്കൊണ്ടുവന്നു. ബി.ജെ.പി.യുടെ 2014-ലെ വിജയത്തിന് പെട്രോൾ, ഡീസൽ വിലവർധനയും സഹായിച്ചിട്ടുണ്ട്. എൻ.ഡി.എ. അധികാരത്തിൽവന്നശേഷം ക്രൂഡോയിൽ വില കുറയാൻ തുടങ്ങി. അമേരിക്ക ധ്രുവപ്രദേശത്തെ എണ്ണയടങ്ങുന്ന പാറകൾ പൊടിച്ച് സംസ്കരിച്ചെടുക്കുന്ന 'ഷെൽ ഓയിൽ' ഉത്പാദിപ്പിക്കാൻ തുടങ്ങിയതോടെ എണ്ണ ആവശ്യത്തിലധികമായി. വില പിടിച്ചുനിർത്താൻ അറബ് രാജ്യങ്ങൾ ഉത്പാദനം കുറയ്ക്കാൻ തയ്യാറായില്ല. ഫലമോ? 2014-ൽ ഒരു ബാരൽ ക്രൂഡോയിലിന്റെ വില 107 ഡോളർ 2020-ൽ 42 ഡോളറായി താഴ്ന്നു. എന്നാൽ, ഇന്ത്യയിൽ പെട്രോളിന്റെ വില ലിറ്ററിന് 8 രൂപയും ഡീസലിന്റേത് 24 രൂപയും കൂടുകയല്ലാതെ കുറഞ്ഞില്ല. എൻ.ഡി.എ. സർക്കാർ ഇതൊരു അവസരമാക്കി. എണ്ണവില കുറയുന്നതനുസരിച്ച് അവർ എക്സൈസ് നികുതി കൂട്ടിക്കൊണ്ടിരുന്നു. എൻ.ഡി.എ. സർക്കാർ അധികാരത്തിൽവന്ന 2014 മേയിൽ പെട്രോളിന്റെ കേന്ദ്രനികുതി ലിറ്ററൊന്നിന് 9.48 രൂപയായിരുന്നത് 2020 ജൂൺ ആയപ്പോഴേക്കും 32.89 രൂപയായി ഉയർത്തി. മൂന്നരമടങ്ങ് വർധന! ഡീസലിന്റെ കേന്ദ്രനികുതി ലിറ്ററൊന്നിന് 3.56 രൂപയായിരുന്നത് 31.83 രൂപയായി ഉയർത്തി. ഒൻപതരമടങ്ങ് വർധന! അഞ്ചുലക്ഷം കോടിയിൽപ്പരം രൂപ ഇങ്ങനെ ജനങ്ങളിൽനിന്ന് അധികമായി പിരിച്ചെടുത്തു. തൊടുന്യായവാദങ്ങൾ എന്തിനും ഒരു ന്യായം പറയണമല്ലോ. ഈ കൊള്ളയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ ന്യായം ഇതായിരുന്നു: എക്സൈസ് നികുതി വർധിപ്പിച്ചതുകൊണ്ട് ഡീസലിന്റെയും പെട്രോളിന്റെയും ചില്ലറ വിൽപ്പന വില ഉയരില്ല. കാരണം, ക്രൂഡോയിലിന്റെ വില ഇടിയുമ്പോൾ എണ്ണക്കമ്പനികൾക്ക് വലിയ ലാഭം കിട്ടും. ഈ ലാഭം നികുതിയായി ഈടാക്കുന്നതേയുള്ളൂ. കേരളത്തിൽനിന്നുള്ള ഒരു കേന്ദ്രമന്ത്രി പറഞ്ഞതുപോലെ കക്കൂസൊക്കെ നിർമിക്കുന്നതിന് കേന്ദ്രസർക്കാരിന് വരുമാനംവർധിക്കണ്ടേ? ജനങ്ങളുടെമേൽ പുതുതായി അധികഭാരമൊന്നും അടിച്ചേൽപ്പിക്കാതെ വിഭവസമാഹരണം നടത്താൻ പറ്റിയൊരു മാർഗമാണിത്. സ്വാഭാവികമായും ഇതിൽ പ്രതിഷേധമുയർന്നു. ക്രൂഡോയിൽ വില ഇടിഞ്ഞിട്ടും ചില്ലറവിൽപ്പനവില ഇടിയുന്നില്ല എന്നതായിരുന്നു വിമർശനം. കേന്ദ്രഭരണാധികാരികൾക്ക് ചെറിയ ചമ്മലുണ്ടായെങ്കിലും പ്രതിഷേധത്തെ അവഗണിച്ചു. എന്നാൽ, 2020 ജൂണിനുശേഷം സ്ഥിതിഗതികൾ മാറി. ക്രൂഡോയിൽ വില ഉയരാൻ തുടങ്ങി. കേന്ദ്രസർക്കാർ നികുതി കുറച്ചില്ല. എണ്ണക്കമ്പനികൾ വില വർധിപ്പിക്കാനും തുടങ്ങി. രണ്ടുമറുവാദങ്ങളാണ് കേന്ദ്രസർക്കാർ പ്രതിരോധത്തിനായി ഇറക്കിയത്. സംസ്ഥാനസർക്കാരുകളാണ് നികുതി കുറയ്ക്കേണ്ടത്. എന്നാൽ, സംസ്ഥാനസർക്കാരുകളല്ലല്ലോ നികുതി വർധിപ്പിച്ചത്. എന്നാൽപ്പിന്നെ എണ്ണക്കമ്പനികൾ വില വർധിപ്പിക്കുമ്പോൾ സംസ്ഥാനങ്ങൾക്കുകിട്ടുന്ന അധികനികുതി വരുമാനം വേണ്ടെന്നുവെക്കണമെന്നായി. കേന്ദ്രസർക്കാരിന്റെ നികുതി ലിറ്ററിന് ഇത്രരൂപ എന്നാണ് നിശ്ചയിക്കുക. എന്നാൽ, സംസ്ഥാനങ്ങളുടെ നികുതി വിലയുടെ ഇത്ര ശതമാനമെന്ന രീതിയിലാണ് നിശ്ചയിക്കുന്നത്. വില വർധിക്കുമ്പോൾ സംസ്ഥാനങ്ങളുടെ നികുതിവരുമാനവും കൂടും. ഈ അധികനികുതിവരുമാനം വേണ്ടെന്നുവെക്കണം. അതുകൊണ്ട് പ്രശ്നം തീരില്ലല്ലോ. കേന്ദ്രത്തിന്റെ വർധിപ്പിച്ച നികുതി കുറച്ചാൽ അപ്പോഴുണ്ടാകുന്ന വരുമാന ഇടിവ് നികത്താൻ സംസ്ഥാനങ്ങൾ നികുതി വർധിപ്പിക്കില്ലെന്നാണ് ഞാൻ കൊടുത്ത മറുപടി. എണ്ണ ജി.എസ്.ടി.യിൽ മുങ്ങിയാൽ ജി.എസ്.ടി.യിൽ പെട്രോളിയം ഉത്പന്നങ്ങൾ ഉൾപ്പെടുത്തുന്നതിന് സംസ്ഥാനങ്ങൾ എതിർക്കുന്നതുകൊണ്ടാണ് വിലവർധന എന്നായി വിതണ്ഡവാദം. സത്യത്തിൽ കേന്ദ്രസർക്കാരിന് ഇതിനു താത്പര്യമില്ലെന്നുള്ളതാണ്. ജി.എസ്.ടി.യിൽ ഉൾപ്പെടുത്തിയാൽ ഇന്ന് സംസ്ഥാനങ്ങളെക്കാൾ നഷ്ടം കേന്ദ്രസർക്കാരിനായിരിക്കും. ഇപ്പോൾ ഇന്ത്യയിലെ പെട്രോൾ നികുതി വരുമാനത്തിന്റെ 60 ശതമാനം കേന്ദ്രമാണ് പിരിക്കുന്നത്. മാത്രമല്ല, ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുമ്പോൾ വരുമാനയിടിവിന് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരവും നൽകേണ്ടിവരും. അവസാനം അങ്ങനെയൊരു പരിപാടിയില്ലെന്ന് പാർലമെന്റിൽതന്നെ കേന്ദ്രസർക്കാർ വ്യക്തമാക്കി. കോവിഡ് വന്നപ്പോൾ അന്താരാഷ്ട്ര ക്രൂഡോയിൽ വില ഇടിഞ്ഞു. അതുകൊണ്ട് കുറേക്കാലം പെട്രോളിയംവില വർധന സജീവപ്രശ്നമല്ലാതെ ഒതുങ്ങി. എന്നാൽ, ഇപ്പോൾ കോവിഡിൽനിന്ന് ലോകം പുറത്തുകടക്കുന്നുവെന്നൊരു തോന്നൽ ഉണ്ടായപ്പോൾത്തന്നെ ക്രൂഡോയിൽവില ഉയരാൻ തുടങ്ങി. പൊതുമേഖലാ എണ്ണക്കമ്പനികൾ കേന്ദ്രനിർദേശമനുസരിച്ച് ഇലക്ഷൻകാലത്ത് വില കൂട്ടിയില്ല. ഇലക്ഷൻ തീർന്നതോടെ ഓരോ ദിവസവും വില വർധിപ്പിക്കുകയാണ്. ഇതിന്റെ ഫലമായി രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങി ചില സംസ്ഥാനങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കടന്നു. കോർപ്പറേറ്റുകളുടെ തോഴർ കോവിഡുകാലത്ത് ഡീസലിന്റെയും പെട്രോളിന്റെയും വില വർധന ഒഴിവാക്കുന്നതിനുവേണ്ടി തങ്ങൾ നടത്തിയ നികുതി വർധനയുടെ ചെറിയൊരു ഭാഗംപോലും വേണ്ടെന്നുവെക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ല. ഇതിന്റെ ഫലം തുടക്കത്തിൽത്തന്നെ പറഞ്ഞു. ഈ മാന്ദ്യകാലത്തും വിലക്കയറ്റം രൂക്ഷമാവുകയാണ്. മാന്ദ്യത്തിന് സാമ്പത്തികശാസ്ത്രത്തിലുള്ള പ്രതിവിധി സർക്കാർ ചെലവ് ഉയർത്തുകയെന്നുള്ളതാണ്. എന്നാൽ, വിലക്കയറ്റത്തിനുള്ള പ്രതിവിധി സർക്കാർ ചെലവ് കുറയ്ക്കുകയെന്നുള്ളതാണ്. മാന്ദ്യവും വിലക്കയറ്റവുംകൂടി വന്നാലോ? സർക്കാർ നയങ്ങൾ സ്തംഭനത്തിലേക്കെത്തും. വിലക്കയറ്റം പേടിച്ച് റിസർവ് ബാങ്ക് ആറുമാസമായി പലിശനിരക്ക് കുറയ്ക്കാൻ വിസമ്മതിക്കുകയാണ്. സർക്കാരിന്റെ ചെലവുകുറയ്ക്കാനായി വാക്സിൻപോലും സൗജന്യമായി മുഴുവൻ പൗരൻമാർക്കും നൽകാൻ കേന്ദ്രസർക്കാർ തയ്യാറല്ല. ബജറ്റിൽ വകയിരുത്തിയ 35000 കോടി രൂപപോലും ചെലവഴിക്കാൻ മടിക്കുകയാണ്. കാരണം, വിലക്കയറ്റം ചരടുപൊട്ടിച്ചാലോ? എന്നാലും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാൻ തയ്യാറല്ല. കോർപ്പറേറ്റുകൾക്ക് ഒന്നരലക്ഷം കോടിരൂപ നികുതിയിളവ് രണ്ടുവട്ടം ആലോചിക്കാതെ നൽകിയവരാണ് ഇപ്പോൾ വരുമാനം കുറയുമെന്നുപറഞ്ഞ് നാടിനെ വിലക്കയറ്റത്തിന്റെയും മാന്ദ്യത്തിന്റെയും കത്രികപ്പൂട്ടിലേക്ക് തള്ളിനീക്കുന്നത്.

from money rss https://bit.ly/3hO9VYV
via IFTTT