കോവിഡ്19 ഭീതിയെതുടർന്ന് വിദേശ നിക്ഷേപകർ ഏകദേശം 70000 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽനിന്ന് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽപിൻവലിച്ചത്. 2019ന്റെ ആദ്യ പകുതിയിൽ ഇത്തരത്തിൽ തുടർച്ചയായ പിൻവലിയ്ക്കൽ നടത്തിയതിനെ തുടർന്നാണ് കൂടുതൽ നിക്ഷേപം ആകർഷിക്കുവാനും ഉത്പാദനം കൂട്ടുവാനും ലക്ഷ്യമിട്ട് ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ കോർപറേറ്റ് നികുതിയിളവുകൾ കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ ഗവണ്മെന്റ് പ്രഖ്യാപിച്ചത്. എന്നാൽ അപ്രതീക്ഷിതമായിവന്ന കൊറോണ സകല കണക്കു കൂട്ടലുകളും തെറ്റിച്ചു. സാമ്പത്തികരംഗം അതീവഗുരുതരാവസ്ഥയിലായി. ചില സ്വകാര്യ ഏജൻസികൾ നടത്തിയ പഠനപ്രകാരം കോവിഡ് 19 ന്റെ ഫലമായി ഈ സാമ്പത്തിക വർഷം രാജ്യത്തിന്റെ വളർച്ചാനിരക്ക് ഇതുവരെ കണക്കാക്കിയിരുന്ന 4.5%ൽ നിന്ന് 2.5% ആയും, 2020-21ൽ 5.2% ൽ നിന്ന് 3.5% ആയും കുറയും. ഒരുപക്ഷേ ആരോഗ്യ മേഖലയിൽ ഇപ്പോൾ നേരിടുന്ന കനത്ത വെല്ലുവിളി തൽക്കാലത്തേക്കെങ്കിലും സാമ്പത്തിക രംഗത്തെ ഗുരുതര പ്രതിസന്ധിയിൽ നിന്ന് ജനശ്രദ്ധ തിരിച്ചെന്നു മാത്രം. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 5.15% ൽ നിന്ന് 4.4% ആയും, ക്യാഷ് റിസർവ് റേഷ്യോ 4% ൽ നിന്നു 3% ആയും കുറച്ചു. ഇതു കൂടാതെ റിപ്പോ നിരക്കിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം കോടി രൂപ ബാങ്കുകൾക്ക് 3 വർഷം വരെ കാലാവധിയിൽ വായ്പ നൽകുവാനും തീരുമാനിച്ചു. മാർജിനൽ സ്റ്റാന്റിങ് സംവിധാനംവഴി ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ നിന്നെടുക്കാവുന്ന വായ്പയുടെ പരിധിയും കൂട്ടി. ഇങ്ങനെ മൊത്തം 3.73 ലക്ഷം കോടി രൂപ ബാങ്കിങ് സംവിധാനത്തിൽ അധികമായെത്തിക്കാനാണ് റിസർവ് ബാങ്ക് ശ്രമിക്കുന്നത്. അധികം വരുന്ന പൈസ വായ്പ കൊടുക്കുന്നതിനു പകരം റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്നതിൽനിന്ന് ബാങ്കുകളെ നിരുത്സാഹപ്പെടുത്താൻ അതിനുള്ള പലിശയും (റിവേഴ്സ് റിപ്പോ നിരക്ക്) കുറച്ചു. റിപ്പോ നിരക്ക്, ക്യാഷ് റിസർവ് റേഷ്യോ എന്നിവ കുറച്ചും മാർജിനൽ സ്റ്റാന്റിംഗ് ഫെസിലിറ്റിയിൽ നൽകുന്ന വായ്പയുടെ പരിധി കൂട്ടിയും ബാങ്കുകളുടെ കൈവശം കൂടുതൽ പണലഭ്യത ഉറപ്പുവരുത്തുക, അങ്ങനെ അവർ കൊടുക്കുന്ന വായ്പയുടെ പലിശനിരക്ക് കുറക്കാൻ പ്രേരിപ്പിക്കുക, അതുവഴി വ്യവസായങ്ങൾക്കും വ്യക്തികൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകി സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് റിസർവ് ബാങ്ക് ഇന്ന് പുറത്തിറക്കിയ ധനനയത്തിന്റെ ലക്ഷ്യം. മൂന്ന് വർഷം വരെ കാലാവധിയുള്ള ദീർഘകാല വായ്പകൾ (LTRO) റീപോ നിരക്കിൽ ബാങ്കുകൾക്ക് നൽകി തുടങ്ങുവാൻ കഴിഞ്ഞ ഫെബ്രുവരിയിലെ വായ്പാ നയത്തിൽ തന്നെ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ റിസർവ് ബാങ്കിന്റെ ഈ നടപടികൾ അപര്യാപ്തമാണെന്നതാണ് സത്യം. കുത്തഴിഞ്ഞ വായ്പ നയം 2008ൽ അമേരിക്കയിൽ വരുത്തിയ സാമ്പത്തിക മാന്ദ്യത്തിനു സമാനമായ സാഹചര്യമാണ് ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഏകദേശം 10 ലക്ഷം കോടിയുടെ കിട്ടാക്കടമാണ് ബാങ്കുകൾക്കുള്ളത്. ഇതോടെ വ്യവസായങ്ങൾക്കും പശ്ചാത്തല വികസനത്തിനുമുള്ള ദീർഘകാല വായ്പ നൽകുന്നതിൽ നിന്നും ബാങ്കുകൾ പിൻവലിയാൻ തുടങ്ങി. മാത്രമല്ല, റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായി കുറച്ചിട്ടും അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാൻ ബാങ്കുകൾ വിസ്സമ്മതിക്കുകയും ചെയ്യുന്നു. പകരം കിട്ടാക്കടം വരുത്തിവച്ച ഭീമമായ നഷ്ടം കുറച്ചെങ്കിലും നികത്താനായുള്ള അവസരമായാണ് ബാങ്കുകൾ കുറഞ്ഞ റിപ്പോ നിരക്കിനെ കണ്ടത്. കിട്ടാക്കടം പെരുകിയതോടെ പല ബാങ്കുകളും ഭവന വായ്പ, പേഴ്സണൽ ലോണുകൾ, ക്രെഡിറ്റ് കാർഡ്, മൈക്രോ ഫിനാൻസ് തുടങ്ങിയ ചെറുകിട വായ്പകളിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ തുടങ്ങി.റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2020 ജനുവരിയിൽ മൊത്തം ബാങ്ക് വായ്പ 8.5 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ ചെറുകിട വായ്പകൾ ശരാശരി 17% വളർച്ച നേടി. ഇതിൽ തന്നെ ഈട് ആവശ്യമില്ലാത്തതും അതിനാൽ തന്നെ തിരിച്ചടവ് മുടങ്ങാൻ സാധ്യത കൂടുതലുമായ ക്രെഡിറ്റ് കാർഡ്, പേഴ്സണൽ വായ്പകൾ യഥാക്രമം 32%, 21% വളർച്ചയാണ് നേടിയത്. കോവിഡിനെ തുടർന്നുള്ള അടച്ചിടലും മാന്ദ്യവും അസംഘടിത മേഖലയെ മാത്രമല്ല, സംഘടിത സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ശമ്പളവരുമാനക്കാരെയും സാരമായി ബാധിക്കും. ഇത് മേൽപ്പറഞ്ഞ വായ്പകളുടെ തിരിച്ചടവിനെ ബാധിക്കും. ചെറുകിട വായ്പ മേഖലയിലും അപ്പോൾ ഇനി കിട്ടാക്കടം പെരുകാനാണ് സാധ്യത. ഇക്കാരണങ്ങളാൽ ഇപ്പോഴത്തെ സാഹചര്യം റിസർവ് ബാങ്കിന്റെ വായ്പാ നയത്തിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നു. പലിശ നിരക്ക് കുറഞ്ഞതുകൊണ്ടു മാത്രം നിക്ഷേപം നടത്താൻ വ്യവസായികൾ തയ്യാറാവില്ല. ഉൽപ്പന്നങ്ങൾക്ക് വേണ്ടത്ര ഡിമാൻഡ് ഇല്ല എന്നതാണ് ഇപ്പോൾ രാജ്യം നേരിടുന്ന പ്രശ്നം. 2015 ജനുവരി മുതൽ തുടർച്ചയായി റിപ്പോ നിരക്ക് കുറച്ചിട്ടും രാജ്യത്തെ മൂലധന നിക്ഷേപം താഴേക്ക് പോകുന്നത് ഇത് ശരിവയ്ക്കുന്നു. മൊത്തം മൂലധന നിക്ഷേപം 2011-12 ൽ ദേശിയ വരുമാനത്തിന്റെ 39 ശതമാനം ആയിരുന്നെങ്കിൽ 2018-19 ൽ അത് 32 ശതമാനമായി കുറഞ്ഞു. മൂലധന നിക്ഷേപം കുറഞ്ഞത് തൊഴിലവസരങ്ങൾ കുറച്ചു. ഉദാഹരണമായി ഗ്രാമീണമേഖലയിലെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 2012 ലെ 1.7 % ൽ നിന്ന് 2018 ആയപ്പോഴേക്കും പുരുഷന്മാർക്കിടയിൽ 5.8 ശതമാനമായും സ്ത്രീകളുടേത് 3.8% ആയും ഉയർന്നു. നഗരമേഖലയിലാണ് തൊഴിലില്ലായ്മ കൂടുതൽ രേഖപ്പെടുത്തിയത്. പുരുഷന്മാർക്കിടയിൽ ഇത് 7.1 ശതമാനവും സ്ത്രീകളുടേത് 10.8 ശതമാനവുമാണ്. 2012 ൽ ഇത് യഥാക്രമം 3%, 5.2% എന്നിങ്ങനെ ആയിരുന്നു. റിസർവ് ബാങ്കിന്റെ വായ്പാനയം ഫലപ്രദമാകാതെ വന്നാൽ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം പൂർണമായും ഗവണ്മെന്റിന്റെ ധനനയത്തെ ആശ്രയിച്ചിരിക്കും. പ്രധാനമായും രണ്ട് മാർഗങ്ങളാണ് സ്വീകരിക്കാനാവുക, ഒന്ന്, നികുതി കുറക്കുക, രണ്ട്, ഗവണ്മെന്റ് ചെലവഴിക്കൽ വർധിപ്പിക്കുക. ഇതിൽ ആദ്യത്തെ മാർഗം ഭാഗികമായി കോർപറേറ്റ് നികുതി കുറച്ചതിലൂടെ നടപ്പിലാക്കിയെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. അതിനുള്ള കാരണം മുമ്പ് സൂചിപ്പിച്ചതുപോലെ ആവശ്യത്തിനുള്ള ഡിമാൻഡ് ഇല്ലാത്ത സാഹചര്യത്തിൽ നികുതി കുറച്ചതുകൊണ്ടോ അല്ലെങ്കിൽ പലിശയിൽ ഇളവ് വരുത്തിയതുകൊണ്ടോ ഒരു നിക്ഷേപകനും മുതൽ മുടക്കാൻ തയ്യാറാകില്ല എന്നതിനാലാണ്. ദേശീയ വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും സംഭാവന ചെയ്യുന്നത് സ്വകാര്യ മേഖലയാണ്. അതിൽ തന്നെ 60 ശതമാനവും വ്യക്തികളുൾപ്പെടെയുള്ള സ്വകാര്യ മേഖല നടത്തുന്ന ചെലവഴിക്കലും ബാക്കി സ്വകാര്യ മൂലധന നിക്ഷേപവുമാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി നാമമാത്ര വളർച്ചാ നിരക്കാണ് സ്വകാര്യ മേഖലയുടെ ചെലവഴിക്കലിൽ കാണുന്നത്. അതിനാൽ പ്രത്യക്ഷ പരോക്ഷ നികുതികളിൽ ഇളവ് വരുത്തിയും ഗവണ്മെന്റ് ചെലവ് വർധിപ്പിച്ചുകൊണ്ട് ജനങ്ങളുടെ പക്കൽ കൂടുതൽ പണം എത്തിച്ചും ഉപഭോഗം വർധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ഡിമാൻഡ് കൂടുമ്പോൾ കൂടുതൽ മുതൽ മുടക്കിന് സ്വകാര്യ മേഖല തയ്യാറാവുകയും തൽഫലമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കോവിഡിനെ തുടർന്ന് 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കഴിഞ്ഞ ദിവസം ഗവണ്മെന്റ് പ്രഖ്യാപിച്ചത്. മൂന്ന് മാസത്തെക്കുള്ള സൗജന്യ റേഷൻ, നേരിട്ട് പണം നൽകൽ, സൗജന്യ പാചക വാതകം, പിഎഫ് അടക്കുവാനുള്ള തീരുമാനം എന്നിവ താഴെ തട്ടിലുള്ള ജനങ്ങൾ മുതൽ ചെറുകിട കമ്പനികൾക്ക് വരെ വലിയൊരളവിൽ ആശ്വാസം നൽകുന്നു. എന്നാൽ കൊറോണ വരുത്തിവയ്ക്കുന്ന സാമ്പത്തിക മാന്ദ്യം മറികടക്കാൻ ദീർഘകാല പദ്ധതികൾ ആവശ്യമാണ്. 1. രാജ്യത്തെ മൊത്തം തൊഴിലാളികളിൽ 81 ശതമാനവും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇപ്പോഴത്തെ അടച്ചിടൽ അതുകൊണ്ടുതന്നെ ഇവരുടെ വരുമാന മാർഗംഇല്ലാതാക്കി. അതിനാൽ പിഎം കിസാൻ പദ്ധതി പോലെ നേരിട്ട് പണം നൽകുന്ന ഒന്ന് ആരംഭിക്കുകയും അതിന്റെ പ്രയോജനം സമൂഹത്തിന്റെ താഴെതട്ടിലുള്ള മുഴുവൻ കുടുംബങ്ങളിലേക്ക് എത്തിക്കുകയും വേണം. ജൻ ധൻ അക്കൗണ്ടുള്ള സ്ത്രീകൾക്ക് 500 രൂപ വീതം മൂന്ന് മാസത്തേക്ക് നൽകാനുള്ള തീരുമാനം ശ്ലാഘനീയമാണ്. എന്നാൽ തുക വർധിപ്പിക്കുന്നതോടൊപ്പം ഇതൊരു സ്ഥിരം സംവിധാനം ആക്കുകയും വേണം. 2. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ കൂട്ടണം. അതോടൊപ്പം ഈ പദ്ധതി നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും വേണം. നഗരങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള മാറ്റം പദ്ധതിയിൽ വരുത്തേണ്ടിവരുമെന്നുമാത്രം. ഇതുവരെയുള്ള കുടിശികയും ഉടൻ കൊടുത്തു തീർക്കണം. 3. വ്യക്തികളുടെ വരുമാന നികുതി നിരക്ക് കുറയ്ക്കണം. ഇത് ആളുകളിലേക്ക് കൂടുതൽ പണം എത്തിക്കുമെന്ന് മാത്രമല്ല, കൂടുതൽപേരെ സ്വമേധയാ നികുതി അടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. 4. കേരള ഗവണ്മെന്റ് പ്രഖ്യാപിച്ച 20000 കോടിയുടെ പാക്കേജിൽ 14000 കോടിയും ബാധ്യത കൊടുത്തു തീർക്കാനാണ് വകയിരുത്തിയത്. അതുപോലെ ചെറുകിട വ്യവസായങ്ങൾ ഉൾപ്പെടെയുള്ള മേഖലകൾക്ക് കൊടുക്കാനുള്ള ബാധ്യതകൾ ഗവണ്മെന്റ് ഉടൻ തീർക്കണം. 5. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തെ പൊതുമേഖല ആരോഗ്യ സംവിധാനം, വിദ്യാഭ്യാസം, മറ്റു സാമൂഹ്യ മേഖലകൾ എന്നിവ താഴെതട്ടിൽനിന്നു മുതൽ ശാക്തീകരിക്കാനുള്ള നടപടികൾ തുടങ്ങണം. സ്വകാര്യ ആരോഗ്യ മേഖലയും ഇൻഷുറൻസും ഒന്നും പൊതുജനാരോഗ്യ സംവിധാനത്തിന് പകരം ആവില്ലെന്ന് ബോധ്യപ്പെടുത്താൻ കൊറോണ വരേണ്ടിവന്നു. സ്വാഭാവികമായും ഇതിനുള്ള പണം കണ്ടെത്തേണ്ടതുണ്ട്. നികുതി വരുമാനത്തിലെ കുറവും ഓഹരി വിറ്റഴിക്കലിലൂടെ ഉദ്ദേശിച്ച വിഭവ സമാഹരണം നടത്താൻ കഴിയാതെ പോയതും കമ്പനികൾക്കുള്ള നികുതിയിളവിന്റെയുമൊക്കെ ഫലമായി ധനക്കമ്മി ഈ സാമ്പത്തിക വർഷം ബജറ്റിൽ കണക്കുകൂട്ടിയ 3.8% ൽ നിന്നുയർന്ന് 4.5%- 5.0% വരെ ആയേക്കാം. ഇപ്പോൾ വിപണിയിലുണ്ടായ തകർച്ച വരുന്ന വർഷത്തെ ഓഹരിവിൽപന സാധ്യതകളെയും ബാധിക്കും. സ്വാഭാവികമായും കൂടുതൽ കടമെടുക്കുക മാത്രമാണ് അപ്പോൾ ഗവണ്മെന്റിന് മുന്നിലുള്ള വഴി. അതു തന്നെയാണ് ഈ സാഹചര്യത്തിൽ ചെയ്യേണ്ടതും.
from money rss https://bit.ly/3dwmOCs
via
IFTTT