121

Powered By Blogger

Friday, 27 March 2020

റബ്ബർ കെട്ടിക്കിടക്കുന്നു; വ്യാപാരികള്‍ക്ക് നഷ്ടം 400 കോടി

കോട്ടയം: കൊറോണബാധയിൽ മാർക്കറ്റ് നിശ്ചലമായതോടെ റബ്ബർ വിപണിയിൽ ഒരാഴ്ചത്തെ നഷ്ടം 400 കോടി. 4500 വ്യാപാരികളുടെ ചരക്കാണ് കെട്ടിക്കിടക്കുന്നത്. ധനകാര്യസ്ഥാപനങ്ങളിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്താണ് വ്യാപാരികൾ കച്ചവടം നടത്തുന്നത്. ഇതിന്റെ പലിശയിനത്തിലും വലിയ നഷ്ടമാണ് വരിക. ടയർ കമ്പനികൾ ചരക്കെടുപ്പ് നിർത്തിവെച്ചിട്ട് രണ്ടാഴ്ച പിന്നിടുകയുംചെയ്തു. ചരക്കും ഭൂമിയും ഈടുവെച്ചാണ് വ്യാപാരികൾക്ക് ഓവർഡ്രാഫ്റ്റ് തുക അനുവദിക്കുന്നത്. ചരക്ക് വിറ്റുകിട്ടുന്ന പണം തവണകളായി അടച്ചുതീർക്കാം. ബാക്കിനിൽക്കുന്ന തുകയ്ക്കുമാത്രമാണ് പലിശ നൽകേണ്ടത്. വ്യാപാരം മുടങ്ങിയതോടെ തിരിച്ചടവും മുടങ്ങി. പലിശയും തിരിച്ചടവ് മുതലുംകൂടി ബാധ്യതയായി. സാമ്പത്തികവർഷം അവസാനിക്കേ, ഓവർഡ്രാഫ്റ്റ് പുതുക്കിനൽകുന്നതിലും തീരുമാനമെടുക്കേണ്ടതുണ്ട്. വില മെച്ചപ്പെട്ടുവന്നതിനാൽ റബ്ബറെടുത്തത് ചെറുകിടക്കാർമുതലുള്ള വ്യാപാരികളുടെ ഗോഡൗണിൽ കിടക്കുകയാണ്. ശരാശരി 50 ടൺവരെ ഓരോ വ്യാപാരിയും എടുത്തുവെച്ചിട്ടുണ്ട്. വ്യാപാരം അടച്ചെങ്കിലും മേഖലയിൽ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ഇപ്പോഴും താമസിക്കുന്നുണ്ട്. അവരുടെ ചെലവടക്കം മിനിമംകൂലി നൽകേണ്ടതുണ്ട്.ഇപ്പോഴും ടാപ്പിങ്ങ് തുടരുന്ന കൃഷിക്കാരും പ്രശ്നത്തിലാണ്. കടകൾ അടഞ്ഞതോടെ ഷീറ്റ് അവരുടെ കൈയിൽത്തന്നെ ഇരിക്കുകയാണ്. ആഴ്ചതോറും ഷീറ്റ് വിറ്റ വരുമാനംകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നവർ ലോക്ഡൗൺ വന്നതോടെ പ്രശ്നത്തിലായി. ഈ ചരക്കുകൂടി ഒന്നിച്ച് വിപണിയിലെത്തുമ്പോൾ വില താഴുമോയെന്ന പേടിയും അവർക്കുണ്ട്.

from money rss https://bit.ly/33Yyl9q
via IFTTT