Story Dated: Sunday, April 5, 2015 02:02
മലപ്പുറം: എതിര്‍പ്പുകള്‍ അവഗണിച്ച് പി.വി. അബ്‌ദുള്‍ വഹാബിനെ മുസ്ലിംലീഗ് രാജ്യസഭാ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ പാണക്കാട്ടെ വസതിയില്‍വെച്ചു മുസ്ലിംലീഗ് സംസ്‌ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണു പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടി അഖിലേന്ത്യാപ്രസിഡന്റ് ഇ. അഹമ്മദ് എം.പി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ് എന്നിവര്‍ക്കൊപ്പം പി.വി. അബ്‌ദുള്‍ വഹാബും പ്രഖ്യാപന സമയത്ത് പാണക്കാട്ടെ വസതിയിലുണ്ടായിരുന്നു. പ്രഖ്യാപനത്തിനു മുമ്പ് ഉന്നതാധികാര സമിതിയോഗം ചേര്‍ന്നു അല്‍പസമയത്തിനു ശേഷമാണു ഹൈദരലി തങ്ങള്‍ വഹാബിന്റെ പേര് പ്രഖ്യാപിച്ചത്.
തീരുമാനം മാനിക്കുന്നതായി നേതാക്കള്‍ വ്യക്‌തമാക്കി. പാര്‍ട്ടി തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നതായി സ്‌ഥാനാര്‍ഥി പരിഗണനയിലുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു. പാര്‍ട്ടിയുടെ കീഴ്‌വഴക്കം അനുസരിച്ച് അന്തിമതീരുമാനം ഹൈദരലി തങ്ങളുടേതാണെന്നും ലീഗിന് ഇതു പുത്തരിയല്ലെന്നും മജീദ് പ്രതികരിച്ചു. സ്‌ഥാനാര്‍ഥി സംബന്ധിച്ചു ലീഗില്‍ അഭിപ്രായ വ്യത്യാസമില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് പാര്‍ട്ടി തീരുമാനമെടുത്തത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഇതുപോലെ പല പേരുകളും ഉയര്‍ന്നുവരും. തങ്ങള്‍ ഒരു തീരുമാനം കൈക്കൊണ്ടാല്‍ പിന്നീട് മറ്റ് പേരുകള്‍ക്കൊന്നും പ്രസക്‌തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനമാണു പാര്‍ട്ടിയുടേതെന്നു ഇ. അഹമ്മദ് പറഞ്ഞു. വെള്ളിയാഴ്‌ച കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതിയില്‍ സ്‌ഥാനാര്‍ഥി സംബന്ധിച്ച് സമവായമുണ്ടാകാത്തതിനെ തുടര്‍ന്നാണു അന്തിമ തീരുമാനമെടുക്കുന്നതിനും പ്രഖ്യാപിക്കുന്നതിനും ഹൈദരലി ശിഹാബ് തങ്ങളെ പ്രവര്‍ത്തകസമിതി യോഗം ചുമതലപ്പെടുത്തിയത്. സ്‌ഥാനാര്‍ഥിത്വത്തിന് രംഗത്തുള്ള ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സെക്രട്ടറി പി.വി. അബ്‌ദുല്‍ വഹാബ് എന്നിവരെക്കുറിച്ച് വ്യത്യസ്‌ത അഭിപ്രായങ്ങള്‍ പ്രവര്‍ത്തക സമിതിയിലുയര്‍ന്നിരുന്നു. ചര്‍ച്ചയുടെ തുടക്കത്തില്‍ കെ.പി.എ. മജീദിന് അനുകൂലമായാണ് കൂടുതല്‍ പേരുടെയും അഭിപ്രായമുയര്‍ന്നത്.
അതേസമയം, പി.വി. അബ്‌ദുല്‍ വഹാബിനെ സ്‌ഥാനാര്‍ഥിയാക്കുന്നതിനെതിരെ ലീഗ് മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ ഷിഹാബ് തങ്ങളുടെ മകന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടേതായി വന്ന ഫേസ്‌ബുക് പോസ്‌റ്റ് ലീഗ് നേതൃത്വത്തെയും പ്രവര്‍ത്തകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ഇതിനെതിരെ ലീഗ് നേതാക്കളുടെയും സുഹൃത്തുക്കളുടെയും കടുത്ത സമ്മര്‍ദമുയര്‍ന്നപ്പോള്‍ മണിക്കൂറിനുശേഷം പോസ്‌റ്റ് പിന്‍വലിച്ചെങ്കിലും ഇതുസംബന്ധിച്ചു പ്രതികരിക്കാന്‍ നേതാക്കള്‍തെയ്ാറായയിട്ടില്ല.
പണക്കാര്‍ക്ക് പാര്‍ട്ടി വഴങ്ങുന്നതിനെ വിമര്‍ശിച്ചായിരുന്നു മുനവറലിയുടെ പരാമര്‍ശം. മുമ്പ് പി.വി.അബ്‌്ദുള്‍ വഹാബിന് രാജ്യസഭാ സീറ്റ് നല്‍കിയത് തെറ്റായിരുന്നെന്നും ഇക്കാര്യത്തില്‍ തന്റെ പിതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വ്യസനിച്ചിരുന്നെന്നുമുള്ള മുനവറലിയുടെ വാക്കുകള്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും ആശയകുഴപ്പത്തിലാക്കിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നിരുന്ന പ്രവര്‍ത്തക സമിതിയോഗത്തില്‍ സ്‌ഥനാര്‍ഥി നിര്‍ണയം സംബന്ധിച്ചതീരുമാനമെടുക്കാന്‍ പാര്‍ട്ടി സംസ്‌ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു കഴിഞ്ഞ ദിവസം രാത്രിയും പാണക്കാട് ചര്‍ച്ചകള്‍ സജീവമായിരുന്നു. മുനവറലി ശിഹാബ് തങ്ങളെ അനുനയിപ്പിക്കാനും ശ്രമങ്ങള്‍ നടന്നു.
അതേസമയം തദ്ദേശതെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പം നടക്കാനിരിക്കേ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായിരിക്കുന്ന കെ.പി.എ. മജീദ് രാജ്യസഭയിലേക്ക് പോകുന്നത് പാര്‍ട്ടിക്ക് ഇന്നത്തെ സാഹചര്യത്തില്‍ ഗുണകരമാകില്ലെന്ന വിലയിരുത്തലും വഹാബിന്റെ സ്‌ഥാനാര്‍ഥിത്വത്തിന് സാധ്യതയേറി. 2004 മുതല്‍ 2010 വരെ രാജ്യസഭാംഗം എന്ന നിലയില്‍ പി.വി. അബ്‌ദുല്‍ വഹാബിന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്കുള്ളിലും യു.ഡി.എഫിനുള്ളിലും മെച്ചപ്പെട്ട അഭിപ്രായമാണ് വന്നിട്ടുള്ളതെന്നും പാര്‍ട്ടി നേതൃത്വം വ്യക്‌തമാക്കി.
എം.പി. ഫണ്ട് ചെലവഴിക്കുന്നതില്‍ അദ്ദേഹം കാണിച്ചിട്ടുള്ള കൃത്യതയും പാര്‍ട്ടിക്കുള്ളില്‍ മികച്ച അഭിപ്രായത്തിന് കാരണമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി, മഞ്ചേരി, ഏറനാട് മണ്ഡലങ്ങളില്‍ സാധ്യത പട്ടികയില്‍ വഹാബിന്റെ പേരുണ്ടായിരുന്നെങ്കിലും നിയമസഭയിലേക്ക് മത്സരിക്കുന്നതില്‍ അദ്ദേഹം താല്‍പര്യം കാണിച്ചിരുന്നില്ല.