Story Dated: Sunday, April 5, 2015 02:02
തിരുവല്ല: ബാറുകള്‍ അടച്ചുപൂട്ടിയതോടെ ഈസ്‌റ്റര്‍ പൊടിപൊടിക്കാന്‍ നഗരത്തിലെ ബിവറേജ് ചില്ലറ വില്‍പന ശാലകള്‍ക്ക് മുന്നില്‍ ഇന്നലെ വന്‍തിരക്ക്. അതിരാവിലെ മുതലേ വള്ളംകുളം, ടൗണ്‍, പൊടിയാടി എന്നീ വില്‍പന ശാലകള്‍ക്ക് മുമ്പില്‍ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.
പൊരിയുന്ന വെയിലില്‍ പൊറുതിമുട്ടിയ പലരും നീണ്ട നിരയില്‍ കുത്തിയിരുന്നെങ്കിലും പുറത്തു പോകുവാന്‍ തയാറായില്ല. ബിവറേജുകള്‍ക്ക് മുന്നിലുള്ള തിക്കുംതിരക്കും ജനങ്ങള്‍ ശ്രദ്ധിച്ച് തുടങ്ങിയതോടെ മാനം രക്ഷിക്കാന്‍ വെയിലിനെ മറപിടിച്ച് ചിലര്‍ തലയില്‍ തുണിയിടുന്നത് കാണാമായിരുന്നു. ഹെല്‍മെറ്റിനും കുടയ്‌ക്കും മുഖം മറയ്‌ക്കുവാനുള്ള ഉപയോഗം ഉണ്ടെന്ന് കണ്ടെത്തിയതും ഈ നിരയിലൂടെയാണ്.
മണിക്കൂറുകള്‍ നിരങ്ങിനീങ്ങി കൗണ്ടറിലെത്തിയവരില്‍ പലരും ഇഷ്‌ട ബ്രാന്‍ഡുകള്‍ ലഭിക്കാതെ വന്നപ്പോള്‍ ആദ്യം പ്രതിഷേധിച്ചെങ്കിലും പിന്നീട് കിട്ടിയതും വാങ്ങി മടങ്ങുന്നതും കാണാമായിരുന്നു. മടിയന്മാരായ കുടിയന്മാരില്‍ പലര്‍ക്കും ആശ്രയമായത് ക്യൂ നില്‍പ്പ് തൊഴിലാളികളാണ്. മൂന്നു വില്‍പന ശാലകളിലും ഒരോ കൗണ്ടര്‍ മാത്രമാണ് ഇന്നലെയും തുറന്നു പ്രവര്‍ത്തിച്ചത്.
from kerala news edited
via IFTTT