Story Dated: Sunday, April 5, 2015 02:02
ചാവക്കാട്: അഞ്ചങ്ങാടിയില്‍ അസമയത്ത് യുവതിയുടെ വീട്ടിലെത്തിയ യുവാവ് മര്‍ദനമേറ്റ് മരിച്ച കേസില്‍ യുവതിയുടെ ബന്ധുവടക്കം രണ്ടുപേരെ പോലീസ് അറസ്‌റ്റുചെയ്‌തു. അഞ്ചങ്ങാടി ചതാലില്‍ ചിന്നക്കല്‍ ഷാഹിത് (26), പണ്ടാരത്തില്‍ കറുത്ത റംഷാദ് (24) എന്നിവരെയാണ് ഇന്നലെ രാവിലെ ചാവക്കാട് സി.ഐ. പി. അബ്‌ദുള്‍മുനീറിന്റെ നേതൃത്വത്തില്‍ അറസ്‌റ്റുചെയ്‌തത്.
വ്യാഴാഴ്‌ച രാത്രി ഒമ്പതരയോടെയാണ് അഞ്ചങ്ങാടി മൂസ റോഡില്‍ പുത്തന്‍പുരയില്‍ ബഷീറിന്റെ വീട്ടുപറമ്പില്‍ അഞ്ചങ്ങാടി ആശുപത്രി റോഡിനു സമീപം പുതിയകത്ത് മാമുട്ടി മകന്‍ സവാഹിര്‍ (27) കൊല്ലപ്പെടുന്നത്. ഗുരുതരമായി പരുക്കേറ്റ നിലയില്‍ സവാഹിറിനെ വ്യാഴാഴ്‌ച രാത്രി പത്തരയോടെ ചിലര്‍ പെട്ടി ഓട്ടോയില്‍ മുതുവട്ടൂര്‍ രാജാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. ഡോക്‌ടറെത്തി സവാഹിറിന്റെ മരണം സ്‌ഥിരീകരിച്ചതോടെ വന്നവര്‍ രക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരമറിയിച്ച് ചാവക്കാട് പോലീസ് എത്തി അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് സവാഹിറിനെ തിരിച്ചറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്. പുത്തന്‍പുരയില്‍ ബഷീര്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ബഷീറിന്റെ ഭാര്യ ഫാത്തിമ, അനിയത്തി, രണ്ട് വൃദ്ധകള്‍ എന്നിവരാണ് വീട്ടില്‍ താമസിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങിനെ: കൊല്ലപ്പെട്ട സവാഹിറും ഫാത്തിമയും മുമ്പേ പരിചയക്കാരായിരുന്നു. എന്നാല്‍ ഈ ബന്ധം വീട്ടുകാര്‍ക്ക് താല്‌പര്യമില്ലാത്തതിനെ തുടര്‍ന്ന് ഇരുവരും വേറെ വിവാഹങ്ങള്‍ കഴിച്ചു. സവാഹിര്‍ വിവാഹിതനായശേഷം താമസം എടക്കഴിയൂരിലെ ഭാര്യവീട്ടിലക്കു മാറ്റി. ഫാത്തിമയെ വിവാഹം ചെയ്‌തത് ബന്ധുവായ ബഷീറാണ്. ഏഴ് വര്‍ഷമായി ഇവരുടെ വര്‍ഷം കഴിഞ്ഞിട്ട്. സവാഹിര്‍ താമസം എടക്കഴിയൂരിലേക്ക് മാറ്റിയെങ്കിലും ഇടക്കിടെ അഞ്ചങ്ങാടിയില്‍ എത്താറുണ്ട്.
ഫാത്തിമയെ കാണാറുമുണ്ട്. സംഭവദിവസം സവാഹിര്‍ വീട്ടുമുറ്റത്തെത്തിയത് ജനല്‍വഴി കണ്ട ഫാത്തിമ ഭര്‍ത്താവിന്റെ സഹോദരി പുത്രനും അടുത്ത സ്‌ഥലത്ത് താമസക്കാരനുമായ ഒന്നാംപ്രതി ഷാഹിദിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. ഷാഹിദിന്റെ നേതൃത്വത്തില്‍ റംഷാദും മറ്റുചിലരും വീട്ടിലെത്തി. സംഘത്തെ കണ്ടതോടെ സവാഹിര്‍ വീടിനു പുറകിലെ വിറകുപുരയില്‍ കയറി ഒളിച്ചു. ഇവിടെവച്ചാണ് സവാഹിറിന് മര്‍ദനമേല്‍ക്കുന്നത്. തലയ്‌ക്ക് മാരകമായി പരുക്കേറ്റ് താഴെ വീണ സവാഹിറിനെ പ്രതികള്‍ തന്നെയാണ് മുതുവട്ടൂര്‍ രാജാ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞ് അറസ്‌റ്റിലേക്ക് വഴിവച്ചത്. മരിച്ച സവാഹിര്‍ കൂലിപ്പണിക്കാരനാണ്. ചാവക്കാട് സെന്ററിലുള്ള ചില കേസുകളില്‍ പ്രതിയുമാണ്.
സംഭവശേഷം പോലീസ് ബഷീറിന്റെ വിറകുപുരയില്‍ നടത്തിയ പരിശോധനയില്‍ രക്‌തം പുരണ്ട മുളവടി, ഇരുമ്പുകൊണ്ട് നിര്‍മിച്ച പുല്‍ചെത്തി, സിഗററ്റ്, ഏതാനും രൂപ എന്നിവ കണ്ടെടുത്തു. ഫോറന്‍സിക് വിദഗ്‌ധന്‍ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി തെളിവ് ശേഖരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം അഞ്ചങ്ങാടി ജുമാ അത്ത് പള്ളി കബര്‍സ്‌ഥാനില്‍ കബറടക്കി. ഷാഹിദയാണ് സവാഹിറിന്റെ ഭാര്യ. മകള്‍: സഹല. മാതാവ്: ആമിനു. അറസ്‌റ്റിലായ പ്രതികളെ സ്‌ഥലത്ത് കൊണ്ടുപോയി പോലീസ് തെളിവെടുപ്പ് നടത്തി. ചാവക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
കുന്നംകുളം ഡിവൈ.എസ്.പി. കെ.കെ. രവീന്ദ്രന്‍, സി.ഐ. പി. അബ്‌ദുള്‍മുനീര്‍, എസ്.ഐ.മാരായ എം. മഹേന്ദ്രസിംഗന്‍, അശോക്കുമാര്‍, എ.എസ്.ഐ. മാധവന്‍, സീനിയര്‍ സി.പി.ഒ. എ.കെ. സുരേന്ദ്രന്‍, സി.പി.ഒ.മാരായ സന്ദീപ്, സുനില്‍, ബിനുരാജ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
from kerala news edited
via IFTTT