'ഈ അപേക്ഷാഫോറം ഒന്ന് പൂരിപ്പിച്ചുതരാമോ' ബാങ്കിൽ നിൽക്കുകയായിരുന്ന എന്റെ അടുക്കൽവന്ന് ഒരു സ്ത്രീ കഴിഞ്ഞ ആഴ്ചയിൽ ചോദിച്ച ചോദ്യമാണ്. ഒരു അക്കൗണ്ട് തുടങ്ങാനായി എത്തിയതായിരുന്നു അവർ. കേരളം സമ്പൂർണ സാക്ഷരത നേടിയെന്ന് അവകാശപ്പെടുമ്പോഴും ഒരു അപേക്ഷാഫോറം പൂരിപ്പിക്കാൻ ചിലർക്കെങ്കിലും മറ്റുള്ളവരുടെ സഹായം വേണ്ടിവരുന്ന കാലവുംകൂടിയാണിത്. കഴിഞ്ഞ ആഴ്ചയിൽ കണ്ട മറ്റൊരു ദൃശ്യം അക്കൗണ്ട് ബാലൻസ് അറിയാനും തന്റെ മകൻ അയച്ച പണം എത്തിയോ എന്നറിയാനും വന്ന ഒരു മധ്യവയസ്കനായ വ്യക്തിയുമായി ബന്ധപ്പെട്ടായിരുന്നു. അക്കൗണ്ട് ബാലൻസ് എ.ടി.എം. വഴിയോ ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെയോ അറിയാമല്ലോ എന്നായി ജീവനക്കാരൻ. എന്നാൽ, ഇതിനൊന്നും ത്രാണിയില്ലാത്തവരും ഉണ്ടെന്ന വസ്തുതയും ഓർക്കേണ്ടതാണ്. ചെക്ക്, തീയതിക്ക് രണ്ടുദിവസം മുമ്പേ എത്തിയതിനാൽ പിഴയെടുത്ത് പണമുണ്ടായിട്ടും ചെക്ക് മടക്കിയ സമ്പ്രദായവും ഈ ദിവസങ്ങളിൽ ഒരു വ്യക്തിക്ക് അനുഭവപ്പെട്ടു. രണ്ടുദിവസം കൂടി ആ ചെക്ക്ലീഫ് സൂക്ഷിച്ചുവയ്ക്കാൻ ബാങ്കിന് പറ്റില്ലായെന്നാണ് അറിഞ്ഞത്. വേറിട്ടതും ഒറ്റപ്പെട്ടതുമായ ഈ അനുഭവങ്ങൾ ഉപഭോക്താക്കളും ബാങ്കും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു. സാമ്പത്തികശാസ്ത്രത്തിലെ ഒരു പ്രധാന പഠനശാഖയാണ് ബാങ്ക് സംവിധാനങ്ങൾ. സാമ്പത്തികശാസ്ത്രജ്ഞനായ പോൾ എ. സാമുവൽസൺ പണംകൊണ്ട് പണത്തെ സൃഷ്ടിക്കുന്ന സംവിധാനമെന്നാണ് ബാങ്കിനെ നിർവചിക്കുന്നത്. നിക്ഷേപങ്ങൾക്ക് കൊടുക്കുന്ന പലിശയും വായ്പകളിൽനിന്ന് ലഭിക്കുന്ന പലിശയും തമ്മിലുള്ള വ്യത്യാസത്തിൽ നിന്നാണ് ബാങ്കിന്റെ ലാഭം ഉണ്ടാവുന്നത്. മറ്റുള്ളവരുടെ പണംകൊണ്ട് ബിസിനസ് നടത്തുന്ന ഈ സംവിധാനത്തിന്റെ മുഖ്യഘടകമാണ് ഉപഭോക്താക്കൾ. 'ബാൻക്വി' എന്ന പ്രഞ്ച് പദവും 'ബാങ്കോ' എന്ന ഇറ്റാലിയൻ പദവും 'ബാങ്കെ' എന്ന ജർമൻ പദവും 'ബാങ്ക്' എന്ന പദത്തിന്റെ മുന്നോടിയായി പരിഗണിക്കപ്പെടുന്നു. ബാൻങ്കോ, ബാൻകസ്, എന്നീ പദങ്ങൾ മധ്യകാലഘട്ടത്തിലെ യൂറോപ്യൻ പണവിനിമയക്കാർ ഉപയോഗിച്ചിരുന്നു. ഈ പദങ്ങളെല്ലാം ഉപയോഗിക്കപ്പെട്ടത് സാമ്പത്തിക ഇടപാടുകൾ നടത്തപ്പെടുന്ന സംവിധാനമെന്ന നിലയിലാണ്. ആളുകൾ ബാങ്കിനെ സമീപിക്കുന്നത് അവരുടെ സാമ്പത്തിക ആവശ്യം നിറവേറ്റാനാണ്. അവരെ ശ്രവിക്കാനും അവരുടെ സാമ്പത്തികചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി കൊടുക്കാനും സാധിക്കുന്നിടത്താണ് ബന്ധം ശോഭനമാവുന്നത്. വിദ്യാഭ്യാസവും സാമ്പത്തികശേഷിയുമുള്ള ഉപഭോക്താക്കളെ മാത്രം പരിഗണിക്കുന്ന സാമ്പത്തികസ്ഥാപനങ്ങളുണ്ട്. എന്നാൽ, പാർശ്വവത്കരിക്കപ്പെട്ടവരെയും പേടിച്ചിട്ട് വ്യക്തമായി പറയാനാവാത്തവരെയും ഹൃദയംകൊണ്ട് ശ്രവിക്കുമ്പോഴാണ് ഉപഭോക്തൃബന്ധങ്ങൾ ദൃഢമാവുന്നത്. ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ ബാങ്കുകൾ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. കേന്ദ്രബാങ്കിന്റെ നിർദേശമനുസരിച്ച് വായ്പാപ്പണത്തിന്റെ വിതരണം നിയന്ത്രിക്കുകയും ചെയ്യുന്നു. കഴിഞ്ഞനാളുകളിലായി ഭാരതത്തിലെ ബാങ്കിങ്രംഗം വിപുലമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയിൽ ശാഖകൾ സ്ഥാപിച്ച് ജനങ്ങളുടെ ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുന്നു. ജനങ്ങളിൽ മിതവ്യയവും സമ്പാദ്യശീലവും വർധിപ്പിക്കാനും ബാങ്ക് സഹായിക്കുന്നു. ബാങ്കിടപാടുകൾ പൂർണമായും ഡിജിറ്റലാവണമെന്നതും പണമിടപാടുകൾ ഓൺലൈൻ ആവണമെന്നതും കാലഘട്ടത്തിന്റെ പ്രത്യേകതയായി മാറുകയാണ്. പണമിടപാടുകളിൽ സുതാര്യതയും വേഗവും കൊണ്ടുവരാൻ ഓൺലൈൻ സംവിധാനങ്ങൾ സഹായകരമാണ്. ഇടപാടുകളെല്ലാം യന്ത്രവത്കൃതമാവുമ്പോൾ വിനിമയത്തിന് ബാങ്കിനെ നേരിട്ട് സമീപിക്കുന്നത് ചില ജീവനക്കാർക്ക് ഇഷ്ടമാവുന്നില്ല. മാത്രവുമല്ല, ജീവനക്കാർക്ക് മറ്റ് ധാരാളം പണിയുമുണ്ട്. ഒരു മത്സരാധിഷ്ഠിത കമ്പോളവ്യവസ്ഥിതിയിൽ ബിസിനസ് ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സമ്മർദംമൂലം ബാങ്കുജോലിതന്നെ ഭാരമേറിയതായി പലർക്കും അനുഭവപ്പെടുകയാണ്. ന്യൂജനറേഷൻ ബാങ്കുകളുമായുള്ള മത്സരത്തിൽ പിന്തള്ളപ്പെട്ടുപോവാതിരിക്കാൻ പൊതുമേഖലാ ബാങ്കുകളും ആഞ്ഞ് പരിശ്രമിക്കുകയാണ്. ഉപഭോക്താക്കളുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്ന ധനകാര്യ സ്ഥാപനമാണ് ബാങ്ക്. അതിനാൽ ഉപഭോക്താവിനെ മനസ്സിലാക്കുന്നിടത്തുനിന്നാണ് ബന്ധങ്ങൾ സുതാര്യമാവുന്നത്. പലപ്പോഴും ധാരാളം പണിയുള്ളപ്പോൾ ബന്ധങ്ങൾ സ്ഥാപിക്കുന്നതും നിലനിർത്തുന്നതും വെല്ലുവിളിയാണ്, മടുപ്പ് ഉളവാക്കുന്നതുമാണ്. ജീവനക്കാരുടെ പിരിമുറുക്കം മുഖത്തുനിന്നും വാക്കുകളിൽനിന്നും വായിച്ചെടുക്കാനാവും. ഉപഭോക്താക്കൾ ചോദിക്കുന്ന വളരെ നിസ്സാരമായ ചോദ്യങ്ങൾക്കുനേരേ കളിയാക്കിച്ചിരിക്കുന്നതും തിരക്കില്ലാത്തപ്പോഴും ഉപഭോക്താക്കളുടെ ഫോൺപോലും എടുക്കാതിരിക്കുന്നതും പലരുടേയും അനുഭവമാണ്. അവരെ ഒഴിവാക്കുന്നുവെന്ന് തോന്നിപ്പിക്കാതെ മനസ്സിലാക്കിയെന്ന് അനുഭവിപ്പിക്കുന്നിടത്താണ് ബന്ധങ്ങൾ ഊഷ്മളമാവുന്നത്. അതിന് ഉദ്യോഗസ്ഥന് ശാന്തവും അതേസമയം പ്രൗഢവുമായ ശരീരഭാഷയും മനഃസാന്നിധ്യവും ആവശ്യമാണ്. എന്നാൽ, ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങളെ മുൻകൂട്ടിക്കണ്ട് വളരെ മനോഹരമായി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെയും കണ്ടുമുട്ടാറുണ്ട്. തങ്ങളുടെ പരിമിതികൾ വ്യക്തമായി പറഞ്ഞുമനസ്സിലാക്കുകയും എല്ലാവർക്കും എല്ലാം ചെയ്തുകൊടുക്കാനാവില്ല എന്ന യാഥാർത്ഥ്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നിടത്ത് ജീവനക്കാർ വിജയിക്കുന്നു. ഒരു കാലഘട്ടത്തിൽ ബാങ്കിങ് മേഖല തൊഴിൽ അന്വേഷകരെ ഏറെ ആകർഷിച്ചിരുന്ന തൊഴിൽരംഗമായിരുന്നു. ഉയർന്ന ശമ്പളസ്കെയിലും ആനുകൂല്യങ്ങളും ഐ.ടി. മേഖലയിലെ അനിശ്ചിതത്വവും ഉദ്യോഗാർഥികളുടെ എണ്ണത്തിലുള്ള ക്രമാതീതമായ വർധനയും അനേകം എൻജിനീയറിങ് ബിരുദധാരികളെ ഇന്ന് ബാങ്കിങ് മേഖലയിലേക്ക് എത്തിക്കുന്നു. ഏതൊരു തൊഴിലും പാഷനായി മാറ്റിയെടുക്കാനാവുന്നതിലാണ് തൊഴിലാഭിമുഖ്യവും വളർച്ചയും ഉണ്ടാവുന്നത്. 'സൂര്യപ്രകാശമുള്ളപ്പോൾ കുട തരികയും മഴപെയ്യുമ്പോൾ കുട തിരിച്ചുമേടിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ബാങ്ക്' എന്ന മാർക് ട്വയിനിന്റെ വാക്കുകൾ ബാങ്കിടപാടുകളുമായി ബന്ധപ്പെട്ട് ഏറെ ചിന്തിപ്പിക്കുന്നതാണ്.
from money rss http://bit.ly/2yRmhrx
via
IFTTT