Story Dated: Saturday, March 21, 2015 07:35
പത്തനംതിട്ട: നിയമസഭയിലെ സംഭവത്തില്‍ ശിവദാസന്‍ നായര്‍ തന്നെ കടന്നു പിടിക്കുന്നത് ലോകം കണ്ടതില്‍ വിഷമമുണ്ടെന്ന് ജമീലാ പ്രകാശം. തന്നെ ബലമായി പിടിച്ചു നിര്‍ത്തി ശിവദാസന്‍ നായര്‍ കടി ഇരന്നുവാങ്ങുകയായിരുന്നെന്നും ജമീലാ പ്രകാശം പറഞ്ഞു. ആറന്മുളയില്‍ ഇടതുപക്ഷ വനിതാ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ജമീല പ്രകാശം.
ഒരു പുരുഷന്‍ പുറകില്‍ നിന്നും കടന്നു പിടിക്കുമ്പോള്‍ ഒരു സ്‌ത്രീ നടത്തുന്ന പ്രതിപ്രവര്‍ത്തനമാണ് ആ കടിയെന്നും ഇനിയും കടിക്കുമോ എന്നു ചോദിച്ചാല്‍ കഴിയില്ലെന്നും ജമീലാ പ്രകാശം പറഞ്ഞു. ആദ്യ അനുഭവമായിരുന്നു അത്. വിടാന്‍ ശിവദാസന്‍ നായരോടു പറഞ്ഞതാണ്. ഫലമുണ്ടായില്ല. കടിക്കുമെന്ന് ചിരിച്ചു കൊണ്ടു പറഞ്ഞപ്പോള്‍ കടിക്കെടീ എന്നായിരുന്നു മറുപടി. ഇതിലൂടെ ശിവദാസന്‍ നായര്‍ കടി ഇരന്നു വാങ്ങുകയായിരുന്നു. തള്ളിനിടയില്‍ ശിവദാസന്‍ നായര്‍ എന്റെ ദേഹത്തേക്കു വീണു. ഞാന്‍ മറ്റു വനിതാ അംഗങ്ങളുടെ മേലേക്കും വീണു.
വാച്ച് ആന്റ് വാര്‍ഡ് കാലില്‍ ചവുട്ടിയരച്ച വേദന സഹിക്കാന്‍ കഴിയാതെയാണ് എല്ലാം ചെയ്‌തുപോയത്. ശിവദാസന്‍ നായരെ കടിച്ചതു നാട്ടുകാര്‍ കണ്ടതില്‍ വിഷമമില്ലെന്നും എന്നാല്‍ തന്നെ പിന്നില്‍നിന്നു കടന്നു പിടിച്ചതു കണ്ടതിലാണു വിഷമമെന്നും ജമീല പ്രകാശം വ്യക്‌തമാക്കി. അഞ്ചു ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കിയെന്നു പറയുന്നവര്‍ തങ്ങള്‍ നേരിട്ട ആക്രമണത്തിന് എന്തു വിലയിടുമെന്നും നിയമസഭയില്‍നിന്നു മുന്‍പ് നഷ്‌ടമായ കംപ്യൂട്ടറുകളുടെ വില ആരില്‍നിന്ന് ഈടാക്കിയെന്നും ജമീല പ്രകാശം ചോദിച്ചു.
from kerala news edited
via IFTTT